നിരന്തരം തോൽപ്പിക്കുന്ന പ്രകൃതിയോടുള്ള ഭരതന്‍റെ പോരാട്ടവും അതിജീവനവും വരച്ചു കാണിക്കുന്ന സുന്ദരമായ ഒരു കൃതിയാണ് രാമായണം
രാമായണത്തിലെ ഏറ്റവും മഹത്തായ കഥാപാത്രങ്ങളിൽ ഒരാളാണ് ഭരതൻ. അയോധ്യാ രാജാവായ ദശരഥന്‍റെയും കൈകേയിയുടെയും പുത്രനാണ് അദ്ദേഹം. ശ്രീരാമന്‍റെ അനുജനായ ഭരതൻ സഹോദര സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ധർമനിഷ്ഠയുടെയും ഉത്തമ മാതൃകയായി ഭാരത സംസ്കാരത്തിൽ ഇന്നും ആദരിക്കപ്പെടുന്നു. അധികാരത്തേക്കാൾ ധർമത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകിയ വ്യക്തിത്വമാണ് ഭരതന്‍റേത്. അതുകൊണ്ടു തന്നെ രാമായണത്തിൽ ഭരതന്‍റെ സ്ഥാനം വളരെ ഉയർന്നതാണ്.
ദശരഥന് മൂന്നു ഭാര്യമാരായിരുന്നുവല്ലോ- കൗസല്യ, കൈകേയി, സുമിത്ര. കൗസല്യയ്ക്കു മകൻ രാമൻ, കൈകേയിക്ക് ഭരതൻ, സുമിത്രയ്ക്ക് ലക്ഷ്മണനും ശത്രുഘ്നനും. കൈകേയി ദശരഥനിൽ നിന്ന് നേടിയ വരങ്ങളുടെ ഫലമായി കൗസല്യാ പുത്രനായ ശ്രീരാമന് പതിനാലു വർഷത്തെ വനവാസവും സ്വന്തം മകനായ ഭരതന് രാജാഭിഷേകവും വാങ്ങിക്കൊടുത്തു. എന്നാൽ ഈ സംഭവത്തിൽ ഭരതന് യാതൊരു പങ്കുമുണ്ടായിരുന്നില്ല. ഈ വിവരം അറിഞ്ഞപ്പോൾ അദ്ദേഹം അതിയായ ദുഃഖത്തിലായി. സ്വന്തം അമ്മയുടെ പ്രവൃത്തിയെ അദ്ദേഹം ശക്തമായി എതിർക്കുകയും ശ്രീരാമനെ തിരികെ കൊണ്ടുവന്ന് രാജ്യം ഏൽപ്പിക്കാൻ വനത്തിലേക്ക് പോകുകയും ചെയ്തു.
രാമായണത്തിലെ ഭരതൻ
പിതാവിന്‍റെ വാക്കു പാലിക്കേണ്ടത് തന്‍റെ ധർമമാണെന്ന് പറഞ്ഞ് വനവാസം അവസാനിക്കും വരെ അയോധ്യയിലേക്കു മടങ്ങാൻ ശ്രീരാമൻ തയാറായില്ല. അപ്പോൾ ഭരതൻ ശ്രീരാമന്‍റെ പാദുകങ്ങൾ സ്വീകരിച്ച് സിംഹാസനത്തിൽ പ്രതിഷ്ഠിച്ചു. താൻ രാജാവല്ലെന്നും രാമന്‍റെ പ്രതിനിധിയായി മാത്രമാണ് രാജ്യം ഭരിക്കുന്നതെന്നും പ്രഖ്യാപിച്ചു. നന്ദിഗ്രാമത്തിൽ ലളിതമായ ജീവിതം നയിച്ചുകൊണ്ട് പതിനാലു വർഷം രാമന്‍റെ തിരിച്ചുവരവിനായി കാത്തിരുന്നു. ഈ പ്രവൃത്തി ഭരതന്‍റെ വിനയത്തിന്‍റെയും ഭക്തിയുടെയും ധർമബോധത്തിന്‍റെയും തെളിവാണ്.
ഭരതന്‍റെ ജീവിതം നമുക്ക് നിരവധി നല്ല പാഠങ്ങൾ നൽകുന്നു. സത്യസന്ധത, കർത്തവ്യനിഷ്ഠ, സഹോദരസ്നേഹം, ത്യാഗമനോഭാവം, അധികാരമോഹമില്ലായ്മ എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന ഗുണങ്ങളാണ്. സ്വന്തം നേട്ടങ്ങളെക്കാൾ ധർമത്തെ ഉയർത്തിപ്പിടിച്ച വ്യക്തിയാണ് ഭരതൻ. അതുകൊണ്ട് രാമായണത്തിലെ ഏറ്റവും ആദരണീയനായ കഥാപാത്രമാണ് ഭരതൻ.
രാമായണത്തിലെ ഭരതന്‍റെ മനോവ്യാപാരങ്ങൾ ചർച്ച ചെയ്യുമ്പോൾ സ്വന്തം മാതാവായ കൈകേയി ഭരതനോട് ചെയ്ത ചതിയുടെ വ്യാപ്തി കൂടി നമുക്ക് പരിഗണിക്കേണ്ടിവരും. മന്ധരയുടെ കുബുദ്ധിയിൽ വീണുപോയ കൈകേയി രാമന്‍റെ പട്ടാഭിഷേകത്തെ തടഞ്ഞതും സിംഹാസനം ഭരതനായി കാത്തുവച്ചതും ഏവർക്കും അറിയാവുന്നതാണല്ലോ. ദശരഥന് ഏറ്റവും പ്രിയപ്പെട്ട പത്നിയായിരുന്നു കൈകേയി. എന്നാൽ രാജാവായി രാമൻ വന്നാൽ തന്‍റെ സ്ഥാനം നഷ്ടപ്പെട്ടുപോകും എന്ന ഭയം കൈകേയിക്ക് ഉണ്ടായിരുന്നു. ദശരഥന്‍റെ അവിഹിതമായ സ്നേഹം അനുഭവിച്ചുവന്നിരുന്ന കൈകേയി ആ സ്നേഹം നഷ്ടമാകുമോ എന്ന വിഷയത്തിൽ അസ്വസ്ഥയായിരുന്നു. ആ അസ്വസ്ഥതയാണ് രാമ പട്ടാഭിഷേകം തടയാനും സ്വന്തം മകനെ രാജാവാക്കാനും ഏതു മാർഗവും സ്വീകരിക്കാൻ അവരെ പ്രേരിപ്പിച്ചത്. ഒരുപക്ഷേ സ്വന്തം മകൻ രാജാവാകുന്നതിലല്ല മറിച്ച് സ്വന്തം സ്ഥാനം നഷ്ടപ്പെട്ടു പോകുന്നതിലാണ് അവർ ആശങ്കപ്പെട്ടത്. മനുഷ്യ മനസിന്‍റെ ഏറ്റവും സങ്കീർണമായ, സാന്ദ്രമായ അവസ്ഥകളെ വിവരിക്കുന്നതിൽ രാമായണം എത്രത്തോളം മികച്ചു നിൽക്കുന്നു എന്ന് ഭരതന്‍റെയും കൈകേയിയുടെയും ഈ കഥ നമ്മോട് പറയുന്നു.
മനുഷ്യൻ നേരിടുന്ന എല്ലാ വെല്ലുവിളികളെയും രാമായണം ചർച്ചചെയ്യുന്നു. 14 വർഷവും രാമന്‍റെ കിരീടം ഒരു കാവലാളായി സംരക്ഷിച്ചു സൂക്ഷിച്ച ഭരതൻ സമാനതകളില്ലാത്ത ആദർശ ശുദ്ധിയുടെ ആൾരൂപമാണ്. ഒരുപക്ഷേ ദൈവത്തേക്കാൾ ശക്തരായ സംശുദ്ധരായ ഭക്തരെ സൃഷ്ടിക്കാൻ പറ്റും എന്ന് തെളിയിച്ച ഒരു മഹദ് ഗ്രന്ഥം കൂടിയാണ് രാമായണം. ആ നിലയ്ക്ക് ഭരതന്‍റെ സ്ഥാനം രാമായണത്തിന്‍റെ മധ്യസ്ഥാനമാണ് എന്ന് നിസംശയം പറയാം. പരാജയത്തെ, നിരാസത്തെ ഏറ്റെടുത്ത് ഭരതൻ മുന്നോട്ടുവയ്ക്കുന്ന വിട്ടുവീഴ്ചയുടെ സങ്കല്പം മാനവരാശിയുടെ പുരോഗതിക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമായ ഒരു മന്ത്രമാണ് എന്ന് പറയാം. സ്വന്തം സ്ഥാനം തുലാസിൽ ആവുന്ന ഏതു മനുഷ്യനും ആദർശങ്ങളും സ്നേഹവും കൈവിടുകയും തന്നെ മാത്രം കാണുന്ന ഒരു ലോകത്ത് തളച്ചിടപ്പെടുകയും ചെയ്യുമെന്ന് രാമായണം നമ്മോട് പറയുന്നു. അസൂയയും അത്യാഗ്രഹവും മനുഷ്യനെ ഭ്രാന്തൻ മാത്രമല്ല ദുഷ്ടനോ രാക്ഷസനോ ആക്കിമാറ്റും എന്നും രാമായണം നമ്മോട് വ്യക്തമാക്കുന്നു.
രാമായണം രാമന്‍റെ ദുഃഖത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥയാണ് എന്നു പറയുമ്പോൾ പോലും അത് ഭരതന്‍റെ വിട്ടുവീഴ്ചയുടെയും സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും കഥയാണ് എന്നും കൂടി പറയുന്നതാണ് പലപ്പോഴും ശരിയെന്ന് തോന്നാം. മുൾകിരീടം ആയ രാജ സിംഹാസനം ഉപേക്ഷിച്ച് ധർമത്തിന്‍റെ പാതയിലേക്ക് യാത്ര ചെയ്യുന്ന പവിത്രമായ മനസ് കാനനയാത്രയേക്കാൾ കഠിനമായ ജീവിതതപസ്യ ചെയ്യേണ്ട രംഗങ്ങളാണ് രാമായണം നമുക്ക് മുന്നിൽ വരച്ചു കാണിക്കുന്നത്. കാലത്തിന്‍റെ മഹാപ്രയാണത്തിൽ രാമായണത്തിൽ ആരാണ് വില്ലൻ ആകുന്നത് എന്ന് നമുക്ക് പലപ്പോഴും സംശയം തോന്നാം. രാമായണ കഥയിലെ യഥാർഥ വില്ലത്തി കൈകേയിയെന്നും യഥാർഥ ഇര ഭരതനാണ് എന്നും നമുക്ക് മനസിലാക്കാം. നിരന്തരം തോൽപ്പിക്കുന്ന പ്രകൃതിയോടുള്ള ഭരതന്‍റെ പോരാട്ടവും അതിജീവനവും വരച്ചു കാണിക്കുന്ന സുന്ദരമായ ഒരു കൃതിയാണ് രാമായണം എന്നും വിശദീകരിക്കാം. രാമന്‍റെ കഥയായ രാമായണം സീതയുടെ കഥയായ രാമായണം വായനയിലൂടെ വിശകലനത്തിലൂടെ ഭരതന്‍റെയും ലക്ഷ്മണന്‍റെയും ഊർമിളയുടെയും മണ്ഡോദരിയുടെയും ശൂർപ്പണഖയുടെയും കഥകളായി മാറുന്നു എന്നിടത്താണ് അതിനെ ഒരു മികച്ച ഇതിഹാസമായി കാവ്യലോകം കണക്കാക്കുന്നത്.
സൂക്ഷ്മമായ വായന കൊണ്ട് സാന്ദ്രമായ കഥയിലെ കഥാപാത്രങ്ങൾ ചുരുളഴിച്ച് വരുന്ന പുതിയ മുഖങ്ങളും നിറങ്ങളും ഈ അത്ഭുത കഥയിലെ കിരീടം ഇല്ലാത്ത കിരീടം ചൂടിയ മഹാരാജാക്കന്മാരാണ് എന്നു നിസംശയം പറയാം. കാലം തോൽപ്പിക്കാൻ പിണഞ്ഞു പരിശ്രമിച്ചിട്ടും മനസിന്‍റെ ഉള്ളിലെ നന്മയുടെ ഇത്തിരി വെളിച്ചം കൊണ്ട് ആ ശ്രമങ്ങളെ തല്ലിക്കെടുത്തിയ മഹാദ്ഭുതമാണ് രാമായണത്തിലെ ഭരതൻ. ഒരു സഹനടനായി മാത്രം അഭിനയിച്ച് നന്മ കൊണ്ട് നായകനു തുല്യമായ മേനി കിട്ടിയ അദ്ഭുതവും ഭരതൻ.