സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിൽ സംസ്ഥാനങ്ങളുടെ പുരോഗതി സംബന്ധിച്ച സെഷനിൽ സിഎസ്ഇ ഡയറക്റ്റർ സുനിത നരെയ്ൻ സംസാരിക്കുന്നു. രജിത് സെൻ ഗുപ്ത, കിരൺ പാണ്ഡെ എന്നിവർ സമീപം.
ജിബി സദാശിവൻ
നിംലി (രാജസ്ഥാൻ): ഐക്യരാഷ്‌ട്ര സഭ നിർദേശിച്ച 16 നിർബന്ധിത സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളവും തമിഴ്നാടും ഏറെ മുന്നിലെന്ന് കണക്കുകൾ. എന്നാൽ രാജ്യവ്യാപകമായ കണക്കുകൾ പരിശോധിക്കുമ്പോൾ ഒൻപത് സൂചികകളിൽ ഇന്ത്യ പിന്നിലാണ്.
രാജസ്ഥാനിലെ നിംലിയിൽ നടക്കുന്ന അനിൽ അഗർവാൾ ഡയലോഗ് 2025 ൽ പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 36 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 16 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ നാലെണ്ണത്തിൽ മാത്രമേ ലക്ഷ്യത്തിന്‍റെ പകുതിയെങ്കിലും നേടിയിട്ടുള്ളൂ. പൗരന്മാർക്ക് അന്തസായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ കേരളവും തമിഴ്നാടും 80.2 ശതമാനം ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. ബിഹാറാണ് ഏറ്റവും പിന്നിൽ, 43.2 ശതമാനം.
പൗരൻമാർക്ക് മാന്യമായ സമൂഹം സൃഷ്ടിക്കുന്നതിൽ ഗോവയാണ് മുന്നിൽ. കേരളത്തിന് നാലാം സ്ഥാനമാണുള്ളത്. ആരോഗ്യ രംഗത്ത് കേരളം ഒന്നാമതാണെങ്കിലും അടിസ്ഥാന സൗകര്യ കാര്യത്തിൽ കേരളത്തിന് പതിനാറാം സ്ഥാനമാണുള്ളത്. ഡൗൺ ടു എർത്ത് അസോസിയറ്റ് എഡിറ്റർ രജിത് സെൻ ഗുപ്തയും സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റ് പരിസ്ഥിതി റിസോഴ്സസ് പ്രോഗ്രാം ഡയറക്റ്റർ കിരൺ പാണ്ഡെയും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.
സൗരോർജം ധാരാളം ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഇന്ത്യയാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തിക്തഫലം കൂടുതൽ അനുഭവിക്കുന്നതെന്ന് അതിരൂക്ഷ കാലാവസ്ഥയെ കുറിച്ചുള്ള സെഷനിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടി.
പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയായ റോക്സി മാത്യു കോൾ, ഇന്ത്യാ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റിന്‍റെ മുൻ അഡീഷണൽ ഡയറക്റ്റർ ജനറൽ ആനന്ദ് ശർമ, സിഎസ്‌ഇയിലെ സുസ്ഥിര നഗരവൽക്കരണ പ്രോഗ്രാം ഡയറക്ടർ രജനീഷ് സരീൻ, ഭക്ഷ്യ സംവിധാനങ്ങളുടെ പ്രോഗ്രാം ഡയറക്റ്റർ അമിത് ഖുറാന, എന്നിവർ പങ്കെടുത്തു.
കാർഷിക മേഖലയിൽ കേരളത്തിലെ 8 ജില്ലകൾ അതിരൂക്ഷ കാലാവസ്ഥ നേരിടുന്നു. തിരുവനന്തപുരമാണ് ഏറ്റവും അപകടകരമായ സാഹചര്യം നേരിടുന്ന ജില്ല, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കാസർഗോഡ്, കൊല്ലം, പത്തനംതിട്ട ജില്ലകൾ തൊട്ടുപിന്നിലുണ്ട്.
നഗരങ്ങൾ രാത്രിയിൽ തണുക്കുന്നില്ലന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉറക്കത്തെ തടസപ്പെടുത്താൻ ചൂടുള്ള രാത്രികൾക്ക് കഴിയുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഉറക്ക രീതി തടസപ്പെടുന്നത് രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ, മാനസികാരോഗ്യ അവസ്ഥകൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ഇന്ത്യയിലെ മണ്ണിന്‍റെ ആരോഗ്യം അപകടത്തിലാണെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. പരിസ്ഥിതി, ശാസ്ത്ര, വികസന ഉച്ചകോടി ഇന്ന് സമാപിക്കും.