നീതു ചന്ദ്രൻ
ആനന്ദ് (ഗുജറാത്ത്): ലോക പ്രശസ്ത പാൽ ബ്രാൻഡായ അമുലിന്‍റ വിജയത്തിൽ കേരളത്തിന്‍റ പങ്ക് നിർണായകമാണെന്ന് അമുൽ ഡിഎം (എച്ച്ആർ ആൻഡ് സിഎസ്ആർ) ഡോ. പ്രീതി ശുക്ല. വയനാട്ടിൽ നിന്നുള്ള കൊക്കോ കുരുക്കളിലൂടെ അമുലിന്‍റ ചോക്ലേറ്റ് ഉൽപ്പാദനത്തിൽ കേരളവും സംഭാവന നൽകുന്നു. ഇത് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നു- തിരുവനന്തപുരം പിഐബിയുടെ നേതൃത്വത്തിലുള്ള വനിതാ മാധ്യമ സംഘവുമായി സംവദിക്കുന്നതിനിടെ അവർ പറഞ്ഞു.
ത്രിതല സഹകരണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന അമുൽ മോഡൽ, ദശലക്ഷക്കണക്കിന് ക്ഷീരകർഷകരെ പിന്തുണയ്ക്കുന്നു. പ്രതിദിനം 30 ലക്ഷം ലിറ്റർ പാൽ സംസ്കരിച്ച് ആഗോളതലത്തിൽ 50 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. മലയാളിയായ ഡോ. വർഗീസ് കുര്യന്‍റെ ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിന് സാക്ഷ്യം വഹിക്കാനാണ് മാധ്യമ സംഘം എത്തിയത്.
ആനന്ദിലെ അമുൽ ഡയറി സന്ദർശിച്ച സംഘം രാജ്യത്തിന്‍റെ ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയ്ൻ പദ്ധതിയും നേരിൽ കണ്ടു. ഗുജറാത്തിന്‍റ അടിസ്ഥാന സൗകര്യത്തിലും നവീകരണത്തിലുമുള്ള മുന്നേറ്റങ്ങൾ അടുത്തറിയുക, സംസ്ഥാനത്തിന്‍റെ ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ വേരുകൾ തിരിച്ചറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളത്തിൽ നിന്നുള്ള 10 മാധ്യമ പ്രവർത്തകരടങ്ങുന്ന ഈ സമ്പൂർണ വനിതാ പ്രതിനിധി സംഘത്തിന്‍റെ പര്യടനം.
12 പ്രഖ്യാപിത സ്റ്റേഷനുകളുള്ള 508 കിലോമീറ്റർ ദൈർഘ്യമുള്ള ബുള്ളറ്റ് ട്രെയ്‌ൻ പദ്ധതി സൂറത്ത്, വഡോദര, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും 2 മണിക്കൂറായി കുറയ്ക്കും. പരമ്പരാഗത ട്രെയിനുകളേയും റോഡ് ഗതാഗതത്തേയും ആശ്രയിക്കുന്ന യാത്രക്കാർക്ക് വേഗത്തിലുള്ള ബദൽ മാർഗമാണ് ബുള്ളറ്റ് ട്രെയ്ൻ വാഗ്ദാനം ചെയ്യുന്നതെന്ന് മാധ്യമ പ്രവർത്തകരുമായി സംവദിക്കുന്നതിനിടെ പദ്ധതിയുടെ ചീഫ് പ്രൊജക്റ്റ് മാനെജർ രാജേഷ് അഗർവാൾ പറഞ്ഞു.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ 2026 ജനുവരിയോടെ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന ബുള്ളറ്റ് ട്രെയ്ൻ പദ്ധതിയിൽ നാളിതുവരെ ഒരു അപകടവും രേഖപ്പെടുത്തിയിട്ടില്ല. മെട്രൊ, ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനങ്ങൾ ഉൾപ്പെടെ ഒന്നിലധികം ഗതാഗത സംവിധാനങ്ങൾ സംയോജിപ്പിക്കുന്ന അത്യാധുനിക സബർമതി ഹൈ സ്പീഡ് റെയിൽ മൾട്ടിമോഡൽ ഹബ്ബിൽ നടന്നുകൊണ്ടിരിക്കുന്ന വികസനത്തിന് പ്രതിനിധി സംഘം സാക്ഷ്യം വഹിച്ചു.
ഗിഫ്റ്റ് സിറ്റി, റാണി കി വാവ്, മൊധേരയിലെ സൂര്യക്ഷേത്രം, വദ്‌നഗർ തുടങ്ങിയ സാംസ്‌കാരികവും വികസനപരവുമായ സ്ഥലങ്ങളും സംഘം വരും ദിവസങ്ങളിൽ സന്ദർശിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയുമായി അവർ വികസന സംരംഭങ്ങളെ കുറിച്ച് ചർച്ച ചെയ്യും. കച്ച് സന്ദർശിച്ച് ധോർദോയിലെ റൺ ഉത്സവിൽ പങ്കെടുക്കും. 23 വരെ ഗുജറാത്ത് പര്യടനം തുടരും.