പിറ്റേന്ന് വിധവയാവുമെന്നറിഞ്ഞിട്ടും ഭാര്യമാരാവാൻ അവരെത്തും...; ഇതാണ് തമിഴ്നാട്ടിലെ ആ വിചിത്രമായ ആചാരം
വിചിത്രമായ ആചാരങ്ങൾ, വിശ്വാസങ്ങൾ, മിത്തുകൾ... ഇതിനെല്ലാം ഏറെ പ്രാധാന്യം നൽകുന്ന ചരിത്രമാണ് തമിഴ്നാടിന്‍റേത്. കാലാകലാങ്ങളായി പിന്തുടർന്നു പോരുന്ന നിരവധിയായ ആചാരഅനുഷ്ഠാനങ്ങൾ മാറ്റങ്ങളില്ലാതെ ഇന്നും അവിടെ നടക്കുന്നുണ്ട്.
ട്രാൻസ്ജെൻഡർ സ്ത്രീകളെ കേന്ദ്രീകരിച്ച് നീളുന്ന ഒരു ആഘോഷം ഇത്തരത്തിലൊന്നാണ്... ട്രാൻസ്ജെൻഡറുകളായ ആളുകളുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ആഘോഷമാണിത്. ചിത്രപൗർണമി ഉത്സവമെന്നാണ് ഇത് അറിയപ്പെടുന്നത്.
വില്ലുപുരത്ത് സ്ഥിതി ചെയ്യുന്ന കൂവാഗം കൂത്താണ്ടവർ ക്ഷേത്രത്തിലാണ് ഈ ഉത്സവം നടക്കുന്നത്. ചിത്രപൗർണമി ദിനത്തിൽ ട്രാൻസ് സ്ത്രീകളുടെ വിവാഹാഘോഷങ്ങളാണ് ഈ ചടങ്ങിന്‍റെ പ്രത്യേകത. ഹൈന്ദവ വിശ്വാസ പ്രകാരം നിരവധി പ്രത്യേകതകൾ കൂടിയുള്ള ദിവസം കൂടിയാണിത്. 18 ദിവസമാണ് ഈ ആഘോഷം നീണ്ടു നിൽക്കുന്നത്.
koovagam festival
മഹാഭാരത കഥയുമായും കുരുക്ഷേത്ര യുദ്ധവുമായും ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് ഈ ഉത്സവത്തിന്‍റെ കാതൽ. പാണ്ഡവരിൽ മൂന്നാമനായ അർജുനന് നാഗസ്ത്രീയായ ഉലൂപിയിൽ പിറന്ന മകനായ ഇരാവാനെ ചുറ്റിപ്പറ്റി നീളുന്നതാണ് ഈ ഐതിഹ്യം.
മഹാഭാരത യുദ്ധം നടക്കുമ്പോൾ പാണ്ഡവർ യുദ്ധത്തിൽ തോൽക്കുമെന്നൊരു പ്രവചനമുണ്ടായി. ഈ പ്രവചനം ഫലിക്കാതിരിക്കാൻ ഭദ്രകാളിക്ക് മനുഷ്യക്കുരുതി നടത്തണമെന്നു ജ്യോതിഷികൾ പറഞ്ഞു. എന്നാൽ, ആരെയെങ്കിലും കുരുതി നൽകിയാൽ പോരാ, എല്ലാം തികഞ്ഞ ഒരു പുരുഷനെ ആയിരിക്കണം ബലി കൊടുക്കേണ്ടത്.
ഇരാവാൻ
അത്തരത്തിൽ എല്ലാം തികഞ്ഞ പുരുഷനായി കൃഷ്ണനും അർജുനനും ഇരാവാനും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, അർജുനനും കൃഷ്ണനും ഒരിക്കലും കൊല്ലപ്പെടാൻ പാടില്ലെന്ന തീരുമാനത്തോടെ ഇരാവാൻ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
താനിതിനു തയാറാണെന്നും, എന്നാൽ കുരുതിക്കു മുൻപ് തനിക്ക് വിവാഹിതനാവണമെന്നും ഇരാവാൻ അറിയിച്ചു. പക്ഷേ, ഒറ്റ ദിവസത്തേക്ക് ഭാര്യയായി പിറ്റേന്ന് വിധവയാവാൻ തയാറായി ഒരു സ്ത്രീയും മുന്നോട്ടു വന്നില്ല. അതോടെ നിരാശനായ ഇരാവാന്‍റെ ആഗ്രഹം സഫലമാക്കാൻ ശ്രീകൃഷ്ണൻ തന്നെ മോഹിനീരൂപം പൂണ്ട് ഇരവാനെ ഭർത്താവായി സ്വീകരിക്കുകയായിരുന്നു. അങ്ങനെ തന്‍റെ ആഗ്രഹം പൂർത്തിയാക്കിയ ഇരാവാൻ തൊട്ടടുത്ത ദിവസം ബലി കൊടുക്കപ്പെട്ടു.
പിറ്റേന്ന് വിധവയാവുമെന്നറിഞ്ഞിട്ടും ഭാര്യമാരാവാൻ അവരെത്തും...; ഇതാണ് തമിഴ്നാട്ടിലെ ആ വിചിത്രമായ ആചാരം
ഇത്തരത്തിൽ ഇരവാന്‍റെ ഭാര്യയാവാനായാണ് എല്ലാ വർഷവും ട്രാൻസ് സ്ത്രീകൾ കൂത്താണ്ടവർ ക്ഷേത്രത്തിലെത്തുന്നത്. ഇവിടെയെത്തുന്ന ഓരോ സ്ത്രീയും ഇരാവാന്‍റെ വധുക്കളാണ്. ചിത്രാപൗർണമി ദിനത്തിൽ ഇവർ ഇരാവാനെ വിവാഹം കഴിക്കുകയും പിറ്റേന്ന് വിധവകളാവുകയും ചെയ്യും.
ഏപ്രിൽ അവസാനം ആരംഭിച്ച് മേയ് ആദ്യ വാരം വരെ നീണ്ടു നിൽക്കുന്ന ആഘോഷമാണിത്. ഏപ്രിൽ 22 മുതൽ മേയ് 6 വരെയാണ് ഇത്തവണ ഈ ഉത്സവം നടക്കുന്നത്.
ആദ്യ 16 ദിവസങ്ങളിൽ പാട്ടും നൃത്തവും മത്സരങ്ങളും സെമിനാറുകളുമായി കടന്നു പോകും. അവസാനത്തെ രണ്ട് ദിവസങ്ങളിലാണ് പ്രധാന ചടങ്ങുകൾ.
17-ാം ദിനം ഇവിടെയെത്തുന്ന എല്ലാ ട്രാൻസ് സ്ത്രീകളും വിവാഹവേഷത്തിൽ അണിഞ്ഞൊരുങ്ങും. ഇവർക്കെല്ലാം പുരോഹിതൻ പൂജിച്ച താലി നൽകും. ഇതോടെ അവർ ഇരാവാന്‍റെ ഭാര്യമാരായി മാറുന്നു എന്നാണ് സങ്കൽപ്പം.
അവസാന ദിനമായ 18-ാം നാൾ ഇരാവാൻ കൊല്ലപ്പെട്ടതിന്‍റെ ഓർമയ്ക്കായി, വിധവകളാവുന്ന ഓരോ ട്രാൻസ് സ്ത്രീകളുടെയും താലി പുരോഹിതർ തന്നെ അറുത്തുമാറ്റും. തുടർന്ന് അവർ തന്നെ സ്വന്തം കൈകളിലെ കുപ്പിവളകൾ അടിച്ചു പൊട്ടിക്കുകയും ആഭരണങ്ങളെല്ലാം വലിച്ചെറിഞ്ഞ് കരഞ്ഞും നിലവിളിച്ചും വെള്ളവസ്ത്രം ധരിക്കുകയും ചെയ്യുന്നു. ഇതോടെ ചടങ്ങുകൾ അവസാനിക്കുന്നു.