പ്രൊഫ. കെ.വി. തോമസ്
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ അന്ത്യോപചാര ചടങ്ങുകളിൽ പങ്കെടുത്തപ്പോൾ അദ്ദേഹവുമായി എനിക്കുണ്ടായിരുന്ന നീണ്ട 40 വർഷകാലത്തെ ബന്ധം മനസിലൂടെ കടന്നുപോയി.
1984ൽ ഞാന് ആദ്യം പാർലമെന്‍റ് അംഗമായി ചെല്ലുമ്പോൾ അദ്ദേഹം റിസർവ് ബാങ്ക് ഗവർണറായിരുന്നു. പാർലമെന്‍റിലെ ഫിനാൻസ് കമ്മറ്റി മെംബർ എന്ന നിലയിൽ അദ്ദേഹവുമായി പലപ്പോഴും ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹം പ്ലാനിങ് കമ്മീഷൻ ചെയർമാനായി. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ സംസ്ഥാനത്തിന്‍റെ സാമ്പത്തിക കാര്യങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തിരുന്നു. ആ ചർച്ചയിൽ ഞാനും പങ്കെടുത്തിരുന്നു.
1991ൽ നരസിംഹ റാവു കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ച സന്ദർഭത്തിൽ തികച്ചും അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം ധനകാര്യമന്ത്രിയായത്. പ്രണബ്കുമാർ മുഖർജിയെ പോലുള്ള പ്രഗത്ഭരായ പല നേതാക്കളെയും മാറ്റി നിർത്തിക്കൊണ്ടാണ് മൻമോഹൻ സിങ്ങിനെ രാജ്യത്തിന്‍റെ സാമ്പത്തിക നൗകയുടെ ചുക്കാൻ പിടിക്കേണ്ട ഉത്തരവാദിത്വം നരസിംഹറാവു ഏൽപ്പിച്ചത്. ആ സന്ദർഭത്തിൽ അദ്ദേഹം ലൈസൻസ് രാജിൽ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തി, സ്വകാര്യവത്കരണത്തിനും ഉദാരവൽക്കരണത്തിനും ആഗോളവത്കരണത്തിനും വേദിയൊരുക്കി. അന്ന് അദ്ദേഹത്തിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരേ പല വിമർശനങ്ങളും ഉയർന്നുവെങ്കിലും കൊവിഡ് പോലുള്ള വെല്ലുവിളികൾക്കു ശേഷം ലോകം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോയപ്പോൾ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനായത് അദ്ദേഹത്തിന്‍റ സാമ്പത്തിക കാഴ്ചപ്പാട് കൊണ്ടാണെന്ന് എല്ലാവരും അംഗീകരിക്കുകയുണ്ടായി.
2009ൽ മൻമോഹൻ സിങ് സർക്കാർ മന്ത്രിസഭയിൽ സീനിയർ നേതാവായ ശരദ് പവാറിനൊപ്പം ഞാൻ കൃഷി, ഭക്ഷ്യവിതരണ, ഉപഭോക്തൃ സംരക്ഷണം, സഹകരണം തുടങ്ങിയ പ്രധാനപ്പെട്ട 4 വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സഹമന്ത്രിയായി. 2010ൽ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ ആ ചുമതല എനിക്കാണ് വന്നുചേർന്നത്. കോൺഗ്രസ് പാർട്ടിയുടെയും കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെയും വളരെ പ്രിയപ്പെട്ട വിഷയമായിരുന്നു ഭക്ഷ്യസുരക്ഷ. ബില്ലിനെക്കുറിച്ച് ക്യാബിനറ്റിനകത്തു തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം എന്ന നിലയിലും ബില്ല് നടപ്പാക്കണമെന്ന സോണിയ ഗാന്ധിയുടെ നിശ്ചയദാർഢ്യം കൊണ്ട് ഭക്ഷ്യസുരക്ഷ നടപ്പാക്കേണ്ട വലിയൊരു ഉത്തരവാദിത്വം ഡോ. മൻമോഹൻ സിങ് എന്നെയാണ് ഏൽപ്പിച്ചത്. ഈ ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാജ്യസഭയിലും ലോക്സഭയിലും നടന്ന ചർച്ചകളിൽ പൂർണസമയവും മൻമോഹൻ പങ്കെടുത്തിരുന്നു. ഭക്ഷ്യഉത്പാദനം, സംഭരണം, വിതരണം എന്നീ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റമാണ് രാജ്യത്തുണ്ടായത്.
അദ്ദേഹം കേരളത്തോടും പ്രത്യേകിച്ച് കൊച്ചിയോടും കാണിച്ച സ്നേഹം മറക്കാനാവില്ല. കേരളത്തിന്‍റെ വികസന കുതിപ്പിന് അദ്ദേഹത്തിന്‍റെ കൈയൊപ്പ് കിട്ടിയിട്ടുള്ള ധാരാളം പദ്ധതികളുണ്ട്. അതിലൊന്നാണ് 2005 ഫെബ്രുവരിയിൽ അദ്ദേഹം തുടക്കം കുറിച്ച കൊച്ചി വല്ലാർപാടം അന്തർദേശീയ കണ്ടെയ്നർ ടെർമിനൽ. ഈ പദ്ധതി രാജ്യത്തിന് സമർപ്പിച്ചത് 2011 ഫെബ്രുവരി 11ന് ഞാൻ കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരുന്ന സമയത്താണ്. ടെർമിനലിന്‍റെ ഉദ്ഘാടന ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നത് വല്ലാർപാടം തീർഥാടന കേന്ദ്രത്തിന് സമീപമായിരുന്നു. അതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കുകയും അദ്ദേഹം വരുമ്പോൾ പള്ളിയിൽ കയറ്റുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിരുന്നു. പക്ഷെ, അവസാന നിമിഷത്തിൽ ഉദ്ഘാടന ചടങ്ങ് വെല്ലിങ്ടൺ ഐലൻഡിലേക്ക് മാറ്റേണ്ടി വന്നു. ഏങ്കിലും എറണാകുളം ഗോശ്രീ റോഡിൽ നിന്നും പള്ളിയിലേക്കുള്ള ഇടറോഡിന്‍റെ പണി ഉപേക്ഷിക്കാതെ തന്നെ പൂർത്തീകരിച്ചു.
2012 സെപ്റ്റംബർ 12ന് എമെർജിങ് കേരള നിക്ഷേപ സംഗമ ഉദ്ഘാടനത്തിന് അദ്ദേഹം കൊച്ചിയിലെത്തുകയും വ്യാവസായിക അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ കേരളത്തെ സഹായിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. അന്ന് ഉമ്മൻ ചാണ്ടിയാണ് മുഖ്യമന്ത്രി. അദ്ദേഹം പ്രധാനമന്ത്രിയെന്ന നിലയിൽ നൽകിയ ഉറപ്പുകൾ കേരളത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസം പകർന്നു.
കൊച്ചിയുടെ വികസനത്തിനുള്ള മറ്റൊരു പ്രധാനപ്പെട്ട പദ്ധതിയാണ് കൊച്ചി മെട്രൊ. ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രീ- ഇൻ- വൺ പദ്ധതിയായ (വാട്ടർ- റെയിൽ- റോഡ്) മെട്രൊ പദ്ധതി 2012 സെപ്റ്റംബർ 13ന് ശിലാസ്ഥാപനം അദ്ദേഹം നടത്തി. തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ എല്ലാ പ്രധാന പദ്ധതികൾക്കും കേന്ദ്രം പെട്ടെന്ന് അനുമതി നൽകി. മെട്രൊ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രമുഖ മാധ്യമങ്ങൾ പ്രത്യേകം പതിപ്പുകൾ ഇറക്കി. എന്‍റെ സാന്നിധ്യത്തിലാണ് ഈ പതിപ്പുകൾ അദ്ദേഹത്തിന് കൈമാറിയത്.
2013 ജനുവരി 7ന് ഭാരത് പെട്രോളിയം- കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതിയുടെ(ഐആർഇപി)ശിലാസ്ഥാപനം അദ്ദേഹം നടത്തി. പിറ്റേദിവസം പ്രവാസി ഭാരതീയ ദിവസിന്‍റെ ഉദ്ഘാടനവും നിർവഹിച്ചു. അന്ന് ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് വയലാർ രവിയായിരുന്നു.
പിന്നീട് 2014 ജനുവരി 4ന് എറണാകുളം പുതുവൈപ്പിൽ എൽഎൻജി (ഗെയ്ൽ) ടെർമിനലിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഗെയ്ൽ പദ്ധതിയുടെ ഫയൽ ക്യാബിനറ്റിൽ വന്നപ്പോൾ ഗുജറാത്തിന് മാത്രമായിരുന്നു അംഗീകാരം കൊടുത്തിരുന്നത്. എന്നാൽ രണ്ടാമതൊരു ഗെയ്ൽ ടെർമിനൽ ദക്ഷിണേന്ത്യയിൽ കൊച്ചിയിലെ വൈപ്പിനിൽ വേണമെന്ന എന്‍റെ നിർദേശം എ.കെ. ആന്‍റണിയുടെയും വയലാർ രവിയുടെയും പിന്തുണയോടെ അംഗീകരിക്കപ്പെട്ടു. പക്ഷെ ഗുജറാത്ത് പദ്ധതി പൂർത്തീകരിച്ചിട്ടും കൊച്ചി പദ്ധതി യാഥാർഥ്യമാക്കാൻ വർഷങ്ങളെടുത്തു. പിന്നീട് പിണറായി വിജയൻ സർക്കാരാണ് ഈ പദ്ധതി നടപ്പാക്കിയത്. കേരളത്തിൽ നിന്ന് ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രിമാരോടും നേതാക്കന്മാരോടും അദ്ദേഹം ഈ പദ്ധതിയെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു.
2009ലും 2014ലും എന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഡോ. മൻമോഹൻ സിങ് എത്തിയിരുന്നു. 2009ൽ പള്ളുരുത്തി വെളിയിലും 2014 ൽ തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിലുമാണ് എത്തിയത്. രണ്ട് സമ്മേളനങ്ങളിലും യുപിഎ ഭരണകാലത്ത് കേരളത്തിന് ലഭിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം ദീർഘമായി സംസാരിച്ചു.
പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനുശേഷം 2014 നവംബർ 28ന് കുമ്പളങ്ങിയിൽ പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്‍റെ 5 വിദ്യാഭ്യാസ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. തേവര സേക്രട്ട് ഹാർട്ട് കോളെജിൽ സംഘടിപ്പിച്ച സെന്‍റ് ചാവറ സെമിനാറും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
6 മാസം മുൻപ് ആരോഗ്യസ്ഥിതി മോശമാകുന്നതു വരെ ഞാൻ അദ്ദേഹത്തെ പോയി കാണുമായിരുന്നു. ഞങ്ങൾ തമ്മിൽ വലിയ ആത്മബന്ധമായിരുന്നു. 2019ൽ പാർലമെന്‍റ് സീറ്റ് നിഷേധിച്ചപ്പോൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയിൽ എനിക്കുവേണ്ടി വാദിച്ചത് സോണിയ ഗാന്ധിയും മൻമോഹൻസിങ്ങും അഹമ്മദ് പട്ടേലും ആയിരുന്നു. കാണുന്ന സന്ദർഭങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ ഭാര്യ ഗുർശരൺ കൗർ കൂടെയുണ്ടാകുമായിരുന്നു. കേരളത്തിലെ പ്രത്യേക ചായപ്പൊടിയും ചിപ്സും കശുവണ്ടിയും ഞാൻ അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.
റിസർവ് ബാങ്ക് ഗവർണർ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, ധനമന്ത്രി, പിന്നീട് പ്രധാനമന്ത്രി എന്നീ നിലകളിൽ ഞാൻ പരിചയപ്പെട്ട മൻമോഹൻ സിങ് ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ തീനാളങ്ങളിൽ അലിഞ്ഞ് ചേരുന്നതും ഞാൻ നേരിട്ട് കണ്ടു.
(മുൻ കേന്ദ്ര മന്ത്രിയും ഇപ്പോൾ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയുമാണ് ലേഖകൻ)