വെള്ളിത്തിരയില്‍ നിന്ന് രാഷ്‌ട്രീയത്തിരയിലേക്ക്

 
Special Story

വെള്ളിത്തിരയില്‍ നിന്ന് രാഷ്‌ട്രീയത്തിരയിലേക്ക്

എംജിആറും ജയലളിതയും തമിഴരായിരുന്നില്ല, അവരുടെ മാതൃഭാഷ തമിഴായിരുന്നില്ല!

MV Desk

വിജയ് ചൗക്ക് |സുധീര്‍ നാഥ്

തെരഞ്ഞെടുപ്പു രംഗത്ത് സിനിമാ താരങ്ങളും സാഹിത്യ പ്രവര്‍ത്തകരും എത്തിച്ചേരുന്ന സാഹചര്യം പലപ്പോഴും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അത് കൂടുതലായിരുന്നു. പക്ഷേ, കോൺഗ്രസുകാരനായ നടനും സംവിധായകനുമായ രമേശ് പിഷാരടി മാത്രമാണ് വിജയം കണ്ടത്. പിഷാരടി തെരഞ്ഞെടുപ്പു രംഗത്തു വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ കോണ്‍ഗ്രസിന്‍റെ വേദികളില്‍ സ്ഥിരമായി വരുകയും രാഷ്‌ട്രീയം പറയുകയും ചെയ്ത വ്യക്തിയാണ്.

വർത്തമാനം, വിലാപങ്ങൾക്കപ്പുറം, ദൈവനാമത്തിൽ, പാഠം ഒന്ന് ഒരു വിലാപം എന്നീ മികച്ച ചിത്രങ്ങൾക്കു തിരക്കഥയെഴുതുകയും വിലാപങ്ങൾക്കപ്പുറം, ദൈവനാമത്തിൽ, പാഠം ഒന്ന് ഒരു വിലാപം എന്നീ ചിത്രങ്ങൾ നിർമിക്കുകയും ചെയ്തെങ്കിലും ആര്യാടന്‍ ഷൗക്കത്ത് സിനിമ പ്രവര്‍ത്തകൻ എന്നതിനേക്കാള്‍ ഉപരിയായി ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസിന്‍റെ അതികായനായിരുന്ന ആര്യാടന്‍ മുഹമ്മദിന്‍റെ മകനാണ്. കുട്ടിക്കാലം മുതല്‍ രാഷ്‌ട്രീയം വീട്ടില്‍ നിന്ന് കാണുകയും അത് പിന്തുടരുകയും ചെയ്ത വ്യക്തിയാണ്. ഇക്കുറി ജയിച്ച ഇവര്‍ രണ്ടുപേരും രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിത്തന്നെയാണ് ജയിച്ചത്.

സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തൃശൂരില്‍ നിന്ന് ലോക്സഭയില്‍ എത്തി കേന്ദ്രമന്ത്രിയായി. രാഷ്‌ട്രീയ മോഹം അദ്ദേഹത്തിന് വളരെ നാള്‍ മുമ്പേ ഉണ്ടായിരുന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് വഴി രാഷ്‌ട്രീയത്തില്‍ കയറുവാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ നടന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ തണലില്‍ ഇടതു രാഷ്‌ട്രീയം പരീക്ഷിക്കാനും സുരേഷ് ഗോപി ശ്രമിച്ചു. അതും പരാജയമായിരുന്നു ഫലം. ഒടുവിലാണ് ബിജെപിയിലെത്തുകയും വിജയിച്ച് കേന്ദ്രമന്ത്രി വരെയാകുകയും ചെയ്തത്. അത് കേരള രാഷ്‌ട്രീയ ചരിത്രത്തിലെ വേറിട്ട അധ്യായം.

തൊട്ടടുത്ത തമിഴ്നാട്ടിലും കര്‍ണാടകത്തിലും ആന്ധ്രയിലും തെലങ്കാനയിലും സിനിമ താരങ്ങള്‍ക്ക് വലിയ ജനപ്രീതി തെരഞ്ഞെടുപ്പു രംഗത്തും നല്‍കാറുണ്ട്, അല്ലെങ്കില്‍ ലഭിക്കാറുണ്ട്. എന്നാല്‍ കേരളത്തിന്‍റെ സ്ഥിതി മറിച്ചാണ്. കേരളത്തില്‍ രാഷ്‌ട്രീയത്തിലെത്തിയ പ്രമുഖ താരങ്ങള്‍ പോലും പരാജയം അറിഞ്ഞു. വിജയിച്ച പല താരങ്ങളും തുടര്‍ന്ന് രാഷ്‌ട്രീയം നിലനിര്‍ത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കണം. അവിഭക്ത ആന്ധ്ര പ്രദേശില്‍ എൻ.ടി. രാമറാവുവും, തമിഴ്നാട്ടില്‍ എം.ജി.ആറും ജയലളിതയും ഒടുവില്‍ വിജയിയും മുഖ്യമന്ത്രിയായപ്പോള്‍ കേരളത്തില്‍ ഒരു ചലച്ചിത്ര താരവും മുഖ്യമന്ത്രിയായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രിയ കവി ഒ.എന്‍.വി. കുറുപ്പും സംവിധായകൻ ലെനിന്‍ രാജേന്ദ്രനും നടൻ ഭരത് മുരളിയും പരാജയം ഏറ്റുവാങ്ങി..!

തോപ്പില്‍ ഭാസ്കരപിള്ള എന്ന തോപ്പില്‍ ഭാസി പ്രമുഖ നാടകകൃത്തും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകവും സിനിമയും കലാചരിത്രത്തില്‍ അവിസ്മരണീയമാണ്. പത്തനംതിട്ട മണ്ഡലത്തിന്‍റെ പ്രതിനിധിയായാണ് തോപ്പില്‍ ഭാസി സഭയിലെത്തിയത്. തിരക്കഥ എന്ന പ്രയോഗം മലയാള സിനിമയില്‍ വരും മുമ്പു തന്നെ കഥ, സംഭാഷണം എന്ന ടൈറ്റില്‍ കാര്‍ഡില്‍ പേര് തെളിഞ്ഞിട്ടുള്ള വ്യക്തിയാണ്. ഭാസി അടക്കമുള്ള ആദ്യകാലങ്ങളിലെ പല കലാപ്രവര്‍ത്തകരും ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരായിരുന്നു. വെള്ളിത്തിരയില്‍ നിന്ന് ജനപ്രതിനിധിയായ ആദ്യ കലാകാരനാണ് തോപ്പില്‍ ഭാസി.

നടന്‍ മുകേഷ് രണ്ടു തവണ ജയിച്ചെങ്കിലും ഇക്കുറി അവസരം ഉണ്ടായില്ല. കാളിദാസ കലാകേന്ദ്രത്തിന്‍റെ ഉടമയും പ്രശസ്ത നാടക പ്രവര്‍ത്തകനുമായ ഇടതുപക്ഷക്കാരൻഒ. മാധവന്‍റെ മകനാണ് മുകേഷ്. മാധവന് വ്യക്തമായ രാഷ്‌ട്രീയ നിലപാടുണ്ടായിരുന്നു. അദ്ദേഹം 16 വർഷം കൊല്ലം വടക്കേവിള പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. എസ്എഫ്ഐയുടെ ആദ്യ രൂപമായ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. മുകേഷും ക്യാംപസ് കാലം മുതല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തി.

കേരള രാഷ്‌ട്രീയത്തിലെ അതികായനായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ മകനും നടനുമായ കെ.ബി. ഗണേഷ് കുമാര്‍ രാഷ്‌ട്രീയത്തിലെത്തി എംഎല്‍എയും മന്ത്രിയുമായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. നടന്‍ ഇന്നസെന്‍റ് സിനിമയിലെത്തും മുമ്പ് ഇടതു രാഷ്‌ട്രീയത്തിലുണ്ടായിരുന്നു. 16ാം ലോക്സഭയില്‍ (2014- 2019) ചാലക്കുടിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്‍റംഗമായി. 1979ല്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യമായി കേരളത്തില്‍ നിന്ന് പാര്‍ലമെന്‍റിലെത്തുന്ന നടനാണ് ഇന്നസെന്‍റ്. രണ്ടാം തവണ 2019ല്‍ മത്സരിച്ചെങ്കിലും തോറ്റു. കേരളത്തില്‍ ചലച്ചിത്ര താരങ്ങള്‍ അത്രയൊന്നും പച്ചതൊടാത്ത ചരിത്രമാണ് രാഷ്‌ട്രീയ ചരിത്രത്തിലുള്ളത്. ശോഭിച്ചവരാകട്ടെ ശക്തമായ രാഷ്‌ട്രീയ പാരമ്പര്യമുള്ളവരുമാണ്. അവരെ മാത്രമേ ജനങ്ങള്‍ വിജയിപ്പിച്ചുള്ളൂ.

കെപിഎസി എന്ന നാടക സംഘം ശക്തമായ കമ്യൂണിസ്റ്റ് രാഷ്‌ട്രീയ ചായ്‌വുള്ളതാണ്. അവിടെ നിന്നാണ് കെപിഎസി ലളിതയും കെപിഎസി. സണ്ണിയും എസ്.എല്‍. പുരം സദാനന്ദനും കാമ്പിശേരി കരുണാകരനും വി. സാംബശിവനും തുടങ്ങി ഒട്ടേറെ പേര്‍ നാടകപ്രവര്‍ത്തനവും രാഷ്‌ട്രീയവും സിനിമയും കഥാപ്രസംഗവും കലയുമൊക്കെ ഒരുമിച്ചു കൊണ്ടുപോയവരാണ്. ഇവരില്‍ കാമ്പിശേരിയും കാഥികൻ സാംബശിവനും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി. പക്ഷെ വിജയിച്ചില്ല എന്നത് എടുത്തുപറയണം.

മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകനായ പ്രേം നസീർ ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പര്‍ താരമായിരുന്നു. 1980ല്‍ രാഷ്‌ട്രീയത്തിലിറങ്ങാന്‍ നസീറിന് വലിയ സമ്മര്‍ദമുണ്ടായെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. 83ല്‍ കരുണാകരന്‍റെ നിര്‍ദേശപ്രകാരം ഇന്ദിര ഗാന്ധി നസീറിനെ നേരിട്ട് വിളിച്ച് സംസാരിച്ചപ്പോഴും അദ്ദേഹം വഴങ്ങിയില്ല. എന്നാല്‍ 87ല്‍ ഡല്‍ഹിയില്‍ വച്ച് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാജീവ് ഗാന്ധി കോണ്‍ഗ്രസില്‍ ചേരണമെന്ന് പ്രേംനസീറിനോട് അഭ്യർഥിച്ചു. അങ്ങനെ അദ്ദേഹം അംഗത്വമെടുത്തു. ഐക്യ മുന്നണിക്കു വേണ്ടി പ്രചാരണം നടത്തുമെന്ന് രാജീവിന് ഉറപ്പു കൊടുത്തു. പക്ഷേ സ്ഥാനാഥിയാകാനില്ലെന്നു തീര്‍ത്തു പറഞ്ഞു. 87ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യ മുന്നണിയുടെ പ്രചാരകനായി ഒരു ദിവസം 42 വേദികളില്‍ വരെ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്.

ഇ.എം.എസും കടമിനിട്ട രാമകൃഷ്ണനും പ്രൊഫ. എം.കെ. സാനുവും ജോസഫ് മുണ്ടശേരിയും മറ്റും സാഹിത്യ ലോകത്തു നിന്നെത്തി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ വിജയിച്ചവരാണ്. സിനിമകളില്‍ രാഷ്‌ട്രീയം പറയുന്നതു ജനങ്ങള്‍ക്ക് ഏറെ ഇഷ്ടമാണ്. ശ്രീനിവാസന്‍റെ പ്രശസ്തമായ രാഷ്‌ട്രീയ വിമർശന സിനിമയായ "സന്ദേശ'ത്തെ മലയാളികള്‍ സ്വീകരിച്ചു. ലാല്‍സലാം എന്ന സിനിമ യഥാർഥ രാഷ്‌ട്രീയ ചരിത്രമാണ് പറഞ്ഞത്. അതും ജനങ്ങള്‍ വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

പഞ്ചവടിപ്പാലം, പിറവി, കബനീ നദി ചുവന്നപ്പോള്‍, രാജന്‍ പറഞ്ഞ കഥ, കമ്മീഷണർ, ദി കിങ്, ഏകലവ്യൻ, നയം വ്യക്തമാക്കുന്നു, തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യൻസ്, വെള്ളിമൂങ്ങ തുടങ്ങിയവയൊക്കെ രാഷ്‌ട്രീയം സംസാരിക്കുന്നവയായിരുന്നു. ആ സിനിമകളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തങ്ങളുടെ രാഷ്‌ട്രീയം ജനങ്ങളിലേക്ക് എത്തിക്കാന്‍ സിനിമയെ ഒരു ആയുധമാക്കി എന്നുതന്നെ പറയാം. സിനിമയിലൂടെ ശക്തമായ രാഷ്‌ട്രീയം പറയുക മാത്രമല്ല അതിന്‍റെ അണിയറക്കാര്‍ ചെയ്തത്, ഇടതു രാഷ്‌ട്രീയത്തോടൊപ്പം പരസ്യമായി ചേര്‍ന്നുനില്‍ക്കുകയും ചെയ്തു.

രസകരമായ ഒരു സംഭവം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. സിനിമയിലൂടെ പ്രശസ്തരായ ശേഷം തമിഴക രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്ന് വന്‍ വിജയം നേടിയ എംജിആറും ജയലളിതയും തമിഴരായിരുന്നില്ല, അവരുടെ മാതൃഭാഷ തമിഴായിരുന്നില്ല! രാഷ്‌ട്രീയത്തിൽ ഒരുകൈ നോക്കാനിറങ്ങി പിൻവാങ്ങിയ സൂപ്പർ സ്റ്റാർ രജനീകാന്ത് തമിഴനല്ല. ഇപ്പോൾ ബിജെപി നേതാവായിരിക്കുന്ന പ്രശസ്ത നടി ഖുശ്ബുവും തമിഴ്നാട്ടുകാരിയല്ല. എന്നാൽ ഇപ്പോള്‍ വിജയിച്ചിരിക്കുന്ന സൂപ്പര്‍താരം വിജയിയുടെ മാതൃഭാഷ തമിഴാണ്. ഉലകനായകൻ എന്നു വിളിക്കുന്ന കമൽഹാസന് രാഷ്‌ട്രീയത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. സംവിധായകനും നിർമാതാവും നടനുമായ സെന്തമിഴൻ സീമാന്‍റെ നാം തമിഴർ കക്ഷി ഇത്തവണ ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും വിജയിന്‍റെ പ്രഭാവത്തിനിടെ കാര്യമായ ചലനമൊന്നും ഉണ്ടാക്കാനായില്ല.

മുഖ്യമന്ത്രിയെ തീരുമാനിച്ചാലും കസേരകളി തീരില്ല; കെപിസിസി പ്രസിഡന്‍റ് മാറും

കാലവർഷം വരുന്നു; മേയ് അവസാനത്തോടെ മഴ ശക്തമാകും

സെക്രട്ടേറിയറ്റിലെ ഫയലുകൾ മുക്കിയത് അന്വേഷിക്കും

ചർച്ച കഴിഞ്ഞു; മുഖ്യമന്ത്രി തീരുമാനമായില്ല

അബുദാബിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു