നഗരങ്ങളെ പുനർനിർമിക്കുന്ന "അർബൻ ചലഞ്ച് ഫണ്ട് '
file photo
ശ്രീനിവാസ് കതികിതാല
ഇന്ത്യയുടെ നഗരവത്കരണ ചരിത്രം നിർണായക ഘട്ടത്തിലേക്കു കടക്കുകയാണ്. രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്‍റെ സിംഹഭാഗവും സംഭാവന ചെയ്യുന്ന നഗരങ്ങള്‍ ഏറ്റവും ചലനാത്മകമായ സാമ്പത്തിക മേഖലകളെ ഉള്‍ക്കൊള്ളുകയും ദശലക്ഷക്കണക്കിന് പേരുടെ ജീവിതനിലവാരം നിർണയിക്കുകയും ചെയ്യുന്നു. എങ്കിലും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികളും സാമ്പത്തിക പരിമിതികളും ഭരണപരമായ ഏകോപനമില്ലായ്മയുമെല്ലാം നഗരങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇന്ത്യ നഗരവത്കരിക്കപ്പെടുമോ എന്നതല്ല ചോദ്യം; മറിച്ച്, ഉല്പാദനക്ഷമവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായി എത്രത്തോളം മികച്ച രീതിയിൽ നഗരവത്കരണം സാധ്യമാകും എന്നതാണ്.
ഈ ചോദ്യത്തിന് ഉത്തരം നൽകാന്‍ രാജ്യം നടത്തുന്ന നീക്കങ്ങളിൽ വലിയൊരു മാറ്റത്തെയാണ് അടുത്തിടെ അംഗീകരിച്ച "അർബൻ ചലഞ്ച് ഫണ്ട് ' പ്രതിനിധീകരിക്കുന്നത്. 2025-26 മുതൽ 2030-31 സാമ്പത്തിക വർഷം വരെ ഒരുലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായവും ഏകദേശം 4 ലക്ഷം കോടിയുടെ ആകെ നിക്ഷേപവും ലക്ഷ്യമിടുന്നതാണ് ഈ ഫണ്ട്. ഗ്രാന്‍റ് അടിസ്ഥാനത്തിലെ പരമ്പരാഗത ധനസഹായ രീതിയിലല്ല ഇതിന്‍റെ രൂപകല്പന.വിപണിബന്ധിതവും പരിഷ്കാരങ്ങളിലധിഷ്ഠിതവും കൃത്യമായ ഫലങ്ങൾ ലക്ഷ്യമിടുന്നതുമായ നഗര അടിസ്ഥാന സൗകര്യ ചട്ടക്കൂടിലേക്കുള്ള മാറ്റമാണിത്.
സാമ്പത്തിക അച്ചടക്കത്തിലേക്ക്
മുൻ പദ്ധതികളിൽ നിന്ന് "അർബൻ ചലഞ്ച് ഫണ്ടി'നെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ ഘടനയാണ്. പദ്ധതിച്ചെലവിന്‍റെ പരമാവധി 25% മാത്രമാണ് കേന്ദ്ര സഹായമായി നൽകുക. ബാക്കി തുകയുടെ കുറഞ്ഞത് 50% എങ്കിലും മുനിസിപ്പൽ ബോണ്ടുകൾ, ബാങ്ക് വായ്പകൾ, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയ വിപണി സ്രോതസുകളിൽ നിന്ന് നഗരങ്ങൾ സമാഹരിക്കണം. ശേഷിക്കുന്ന വിഹിതം സംസ്ഥാന സർക്കാരുകളോ നഗര തദ്ദേശ സ്ഥാപനങ്ങളോ വഹിക്കണം. അല്ലെങ്കിൽ മറ്റ് ധനസമാഹരണ മാർഗങ്ങൾ വഴി കണ്ടെത്താം.
ഈ നിബന്ധന സാമ്പത്തിക അച്ചടക്കത്തെ പദ്ധതിയുടെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നു. നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇനി പൊതു ബജറ്റുകളെ മാത്രം ആശ്രയിക്കാനാവില്ലെന്ന സൂചനയാണിത്. കൃത്യമായ വരുമാനം ഉറപ്പാക്കുന്നതും ലാഭകരവുമായ പദ്ധതികളിലൂടെ മൂലധന വിപണിയെ ഉപയോഗപ്പെടുത്താൻ നഗരങ്ങൾ ശീലിക്കണം. കൃത്യമായ സാമ്പത്തിക ആസൂത്രണത്തെ അടിസ്ഥാന സൗകര്യ വികസന ലക്ഷ്യങ്ങളുമായി കൂട്ടിയിണക്കാനാണ് ഈ ഫണ്ട് ശ്രമിക്കുന്നത്.
നഗരഹൃദയങ്ങളുടെ പുനരാവിഷ്കാരം
ഇന്ത്യൻ നഗരങ്ങളുടെ മാറുന്ന മുൻഗണനകളെ പ്രതിഫലിപ്പിക്കുന്ന 3 പ്രധാന സ്തംഭങ്ങളിലൂന്നിയാണ് ഫണ്ട് വിഭാവനം ചെയ്തിരിക്കുന്നത്.
"നഗരങ്ങൾ വളർച്ചാ കേന്ദ്രങ്ങള്‍' എന്ന ആദ്യ സ്തംഭത്തില്‍ നഗരപ്രദേശങ്ങൾ സാമ്പത്തിക ചാലകശക്തികളാണെന്ന് തിരിച്ചറിയുന്നു. സംയോജിത സ്ഥല- ഗതാഗത ആസൂത്രണം, സാമ്പത്തിക ഇടനാഴികൾക്ക് അനുബന്ധമായ അടിസ്ഥാന സൗകര്യങ്ങൾ, വ്യാവസായിക- വിനോദസഞ്ചാര- ചരക്കുനീക്ക മേഖലകളെ കേന്ദ്രീകരിച്ചുള്ള വികസനം എന്നിവയ്ക്ക് ഇത് പിന്തുണ നൽകുന്നു. കേവലം ആസ്തി വികസനത്തിനപ്പുറം നഗരങ്ങളുടെ മത്സരക്ഷമതയും ഉല്പാദനക്ഷമതയും വർധിപ്പിക്കുകയാണ് ലക്ഷ്യം.
"നഗരങ്ങളുടെ സർഗാത്മക പുനർവികസനം' എന്ന രണ്ടാമത്തെ സ്തംഭം നഗരവത്കരണത്തില്‍ കാലങ്ങളായി നിലനിൽക്കുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നു. പ്രത്യേകിച്ച്, നഗരഹൃദയങ്ങളിലെ അമിതമായ തിരക്കും ചരിത്ര പ്രാധാന്യമേറിയ സ്ഥലങ്ങളുടെയും പ്രധാന വാണിജ്യ കേന്ദ്രങ്ങളുടെയും തകര്‍ച്ചയും. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയുടെ പുനരുപയോഗം, ഗതാഗത കേന്ദ്രീകൃത വികസനം, പൊതുഭൂമിയുടെ ശാസ്ത്രീയ പുനഃക്രമീകരണം എന്നിവയിലൂടെ നിലവിലെ നഗരപരിധിയിലെ മൂല്യവര്‍ധന ഫണ്ടിലൂടെ ലക്ഷ്യമിടുന്നു. ഭൂമിയുടെ മൂല്യം വീണ്ടെടുക്കുന്ന പ്രവര്‍ത്തനശൈലിയും ചിട്ടയായ പുനർവികസന മാതൃകകളും ഇത് പരിചയപ്പെടുത്തുന്നു. പൈതൃക സ്വഭാവം നിലനിർത്തി പഴയ ആസ്തികളെ നഗര നവീകരണത്തിന്‍റെ ചാലകശക്തികളാക്കി മാറ്റാൻ ഇത് നഗരങ്ങളെ പ്രാപ്തമാക്കുന്നു.
ജലവിതരണത്തിലും ശുചിത്വത്തിലുമാണ് മൂന്നാം സ്തംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ മേഖലകളിലേക്കും സേവന വിപുലീകരണം, മലിനജല പുനരുപയോഗം, പ്രളയ നിയന്ത്രണം, പഴയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ വീണ്ടെടുപ്പ് എന്നിവയ്ക്കാണ് ഇവിടെ മുൻഗണന. കാലാവസ്ഥാ വ്യതിയാനങ്ങളും പാരിസ്ഥിതിക സമ്മർദങ്ങളും നഗരങ്ങളെ കൂടുതൽ ദുർബലമാക്കുന്നു എന്ന തിരിച്ചറിവോടെ കാലാവസ്ഥാ അതിജീവന ശേഷിയും ഈ ചട്ടക്കൂടിന്‍റെ ഭാഗമാക്കിയിട്ടുണ്ട്.
ചെറു നഗരങ്ങള്‍ മുഖ്യധാരയിലേക്ക്
അർബൻ ചലഞ്ച് ഫണ്ടിന്‍റെ ഏറ്റവും നൂതന ഘടകങ്ങളിലൊന്ന് 5,000 കോടി രൂപയുടെ വായ്പാ തിരിച്ചടവ് ഉറപ്പുനൽകുന്ന പദ്ധതിയാണ്. ഇതാദ്യമായി ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ചെറുകിട നഗരസഭകൾക്കും മലയോര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നഗരങ്ങൾക്കും കേന്ദ്ര ഗ്യാരണ്ടിയോടെ വിപണിയിൽ നിന്ന് വായ്പകൾ സ്വീകരിക്കാൻ പദ്ധതി വഴി സാധിക്കുന്നു.
ചെറുകിട മുനിസിപ്പാലിറ്റികൾക്ക് വിപണി പ്രവേശനം സുഗമമാക്കുന്ന പദ്ധതിക്ക് പ്രാരംഭഘട്ടത്തിലെ വായ്പാ ബാധ്യത കുറയ്ക്കുന്നു. അതിലൂടെ വായ്പ നൽകുന്നവർക്ക് ആത്മവിശ്വാസം പകരുന്നു. നഗര തദ്ദേശ സ്ഥാപനങ്ങളെ കേവലം സർക്കാർ ഫണ്ട് കൈപ്പറ്റുന്നവർ എന്ന നിലയിൽ നിന്ന് മൂലധന വിപണിയെ ഉപയോഗപ്പെടുത്താൻ ശേഷിയുള്ള വിശ്വസനീയ സാമ്പത്തിക സ്ഥാപനങ്ങളാക്കി മാറ്റുന്നു.
അടിത്തറയായി പരിഷ്കാരങ്ങൾ
ഭരണനിർവഹണം, സാമ്പത്തിക ഭദ്രത, ആസൂത്രണം എന്നീ മേഖലകളിൽ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾക്ക് വിധേയമായി മാത്രമേ അർബൻ ചലഞ്ച് ഫണ്ടിന് കീഴിലെ കേന്ദ്ര സഹായം ലഭ്യമാകൂ. അതുവഴി നഗരങ്ങൾ അവരുടെ വായ്പാ യോഗ്യത മെച്ചപ്പെടുത്തും, ആസ്തി പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തും, സേവനങ്ങൾ ഡിജിറ്റലാക്കും, പ്രവർത്തനക്ഷമത വർധിപ്പിക്കും, ഭൂവിനിയോഗവും ഗതാഗതവും സമന്വയിപ്പിച്ച ആസൂത്രണ രീതികൾ അവലംബിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത ഘട്ടത്തിലെ തുക അനുവദിക്കാന്‍ പരിഷ്കാരങ്ങൾ തുടരേണ്ടത് നിർബന്ധിത വ്യവസ്ഥയാണ്. കൃത്യമായ ലക്ഷ്യങ്ങളും നിശ്ചിത ഫലങ്ങളുമായി ധനസഹായത്തെ ബന്ധിപ്പിച്ചിരിക്കുന്നു. കേവലം അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക എന്നതിലുപരി അവ ശരിയായി പരിപാലിക്കപ്പെടുന്നുവെന്നും ദുർബല പദ്ധതി നിര്‍വഹണത്തിലൂടെ ആസ്തികൾ നശിച്ചുപോകുന്നില്ലെന്നും ഉറപ്പാക്കാൻ ഈ സമീപനം സഹായിക്കുന്നു.
നഗര വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്കിനെയും അർബൻ ചലഞ്ച് ഫണ്ട് പുനർനിർവചിക്കുന്നു. വിപണി ധനസമാഹരണം നിർബന്ധമാക്കിയും സാമ്പത്തിക ബാധ്യതകള്‍ പങ്കിടുന്ന രീതി പ്രോത്സാഹിപ്പിച്ചും പദ്ധതികളുടെ രൂപകല്പനയിലും ധനസമാഹരണത്തിലും പ്രവർത്തനത്തിലും കൂടുതൽ സ്വകാര്യ പങ്കാളിത്തത്തിന് ഇത് വഴിതുറക്കുന്നു.
പദ്ധതി ആസൂത്രണ പിന്തുണ, ഉപദേശക സേവനങ്ങൾ, ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ പദ്ധതികളുടെ വിശ്വാസ്യതയും നിക്ഷേപകരുടെ ആത്മവിശ്വാസവും വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇത് ഫലപ്രദമായി നടപ്പാക്കുന്നപക്ഷം രാജ്യത്തെ മുനിസിപ്പൽ ബോണ്ട് വിപണി കൂടുതൽ ശക്തമാകും, നഗര വികസനത്തിന്‍റെ സാമ്പത്തിക സ്രോതസുകൾ വിപുലീകരിക്കപ്പെടും.
സഹകരണാധിഷ്ഠിത നിര്‍വഹണ മാതൃക
ഭവന- നഗരകാര്യ മന്ത്രാലയം ഈ ഫണ്ടിനെ വിപുലമായ പങ്കാളിത്ത ആവാസ വ്യവസ്ഥയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. സന്നദ്ധതയും നൂതനാശയങ്ങളും കണക്കിലെടുത്ത് പ്രതിഫലം നൽകുന്ന മത്സരാധിഷ്ഠിത പ്രക്രിയയിലൂടെ സംസ്ഥാനങ്ങളും നഗര തദ്ദേശ സ്ഥാപനങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും ക്രെഡിറ്റ് റേറ്റിങ് ഏജൻസികളും സ്വകാര്യ ഡവലപ്പർമാരും ഇതിന്‍റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.
സാമ്പത്തിക ലഭ്യതയ്‌ക്കൊപ്പം സാങ്കേതികവും ഭരണപരവുമായ പ്രാവീണ്യവും ആവശ്യമാണ്. അതിനാൽ ദേശീയ, സംസ്ഥാന, നഗര തലങ്ങളിൽ ശേഷി വികസന വ്യവസ്ഥകളും ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങള്‍ സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുകയും ഫലപ്രാപ്തിയിലധിഷ്ഠിതമായ ഭരണനിർവഹണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഭാവിസജ്ജമായ നഗരങ്ങളിലേക്ക്
വരും ദശകങ്ങളിൽ ഇന്ത്യയിലെ നഗര ജനസംഖ്യ ഗണ്യമായി വർധിക്കും. അതിനാല്‍ അടിസ്ഥാന സൗകര്യ ആവശ്യകതയും ഗണ്യമായി ഉയരും. ഈ ദീർഘകാല ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് അർബൻ ചലഞ്ച് ഫണ്ടിന്‍റെ രൂപകല്പന. സാമ്പത്തിക വളർച്ച, കാലാവസ്ഥാ അതിജീവന ശേഷി, ധനപരമായ സുസ്ഥിരത എന്നിവയെ ഒരു ചട്ടക്കൂടിന് കീഴിൽ സമന്വയിപ്പിക്കാനാണ് ഇത് ശ്രമിക്കുന്നത്.
ഇന്ത്യയുടെ നഗരവത്കരണ പാതയെ ഇത് എത്രത്തോളം മാറ്റിമറിക്കും എന്നത് പദ്ധതിനിര്‍വഹണത്തെ ആശ്രയിച്ചിരിക്കും. എങ്കിലും പദ്ധതിലക്ഷ്യം വ്യക്തമാണ്. നഗരവത്കരണത്തെ കേവലം നിയന്ത്രിക്കപ്പെടേണ്ട സാമ്പത്തിക ഭാരമായി കാണുന്നതിന് പകരം ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ട നിക്ഷേപ അവസരമായാണ് ഫണ്ട് പുനർനിർവചിക്കുന്നത്.
നഗരങ്ങൾ പ്രതിരോധാത്മകവും മത്സരക്ഷമവും ഭാവി സജ്ജവുമായ വളർച്ചാ കേന്ദ്രങ്ങളായി മാറുന്ന വലിയ പരിവർത്തനത്തിന്‍റെ അടുത്ത ഘട്ടത്തിന് നേതൃത്വം നൽകാന്‍ ഇത് ലക്ഷ്യമിടുന്നു.
(കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയ സെക്രട്ടറിയാണ് ലേഖകൻ)