ആചാര്യൻ ദേവതുല്യനാണെന്ന് പഠിപ്പിക്കുന്ന നാട്ടിലാണ് ഇത്തരം കോപ്രായങ്ങൾ
അഡ്വ. ചാർളി പോൾ
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ഭാഗമാണ്. എന്നാൽ പ്രതിഷേധത്തിന്‍റെ രൂപം വ്യക്തിയെ അപമാനിക്കുന്നതിലേക്കോ ശാരീരിക സംഘർഷത്തിലേക്കോ നീങ്ങുന്നതിലെ രാഷ്‌ട്രീയ ധാർമികത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. നയങ്ങളോടോ ഭരണാധികാരികളുടെ സമീപനങ്ങളോടൊ എതിർപ്പുണ്ടെങ്കിൽ മാന്യതയുടെ സമരമാർഗങ്ങൾ സ്വീകരിക്കണം. ക്രിമിനൽ കുറ്റകൃത്യങ്ങളെ സമരമാർഗമായി സ്വീകരിച്ചു കൊണ്ടുള്ള പോരാട്ടങ്ങൾ ആരും നടത്തിയാലും അത് ഹീനവും നീചവുമാണ്. ഇത്തരം സമരമാർഗങ്ങൾ ആശങ്കാജനകവും പൊതുസമൂഹത്തെ ആകുലപ്പെടുത്തുന്നതുമാണ്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ. സിസ തോമസിനെ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു വച്ചു. വൈസ് ചാൻസലറെ കാറിലേക്ക് എത്തിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലും വൈസ് ചാൻസലർക്ക് സമരക്കാരുടെ കൈ കൊണ്ട് ചെറിയ പരിക്കേറ്റു. ഓടിയടുത്ത സമരക്കാരിൽ ചിലർ മുടിക്കുത്തിനു പിടിച്ച് വലിക്കുകയും മാന്തുകയും ചെയ്തുവെന്നും ദേഹത്ത് പോറലും മുറിവും ഉണ്ടായി എന്നുമാണ് വിസി വ്യക്തമാക്കിയത്. വൈസ് ചാൻസലർ സഞ്ചരിച്ചിരുന്ന സാങ്കേതിക സർവകലാശാലയുടെ കാറിനും നാശനഷ്ടമുണ്ട്. തുടർന്ന് സമരക്കാർ വൈസ് ചാൻസലറുടെ ശവസംസ്കാര ചടങ്ങുകൾ പ്രതീകാത്മകമായി നടത്തി. മരണവീട്ടിലേതു പോലെ വിലാപവും രോദനവുമെല്ലാം ഉണ്ടായി എന്നാണ് പത്ര വാർത്തകൾ. സംസ്കാരച്ചടങ്ങിന്‍റെ ഫോട്ടൊയും പത്രങ്ങളിൽ വന്നിട്ടുണ്ട്. എന്നാൽ എസ്എഫ്ഐ ഇക്കാര്യങ്ങൾ നിഷേധിക്കുകയാണ്.
വൈസ് ചാൻസലറെ ആക്രമിക്കുകയും പോലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിസിയുടെ പരാതിയിൽ 19 പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
ഒരു വനിത കൂടിയായ കാലടി സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർക്കെതിരേ എസ്എഫ്ഐ നടത്തിയ സമരത്തിനെതിരേ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലെയും വിസിമാർ രംഗത്തെത്തി. സമരത്തിന്‍റെ പേരിൽ നടന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും അതിൽ ആശങ്കയുണ്ടെന്നും കാണിച്ച് ചാൻസലറായ ഗവർണർക്കും മുഖ്യമന്ത്രിക്കും അവർ കത്തു നൽകി. ഇത്തരം പ്രവർത്തികൾ സർവകലാശാലകളിലെ അക്കാദമിക് വിദഗ്ധരിൽ ആശങ്കയുണ്ടാക്കുക മാത്രമല്ല, സംസ്ഥാനത്തിന്‍റെ സാംസ്കാരിക പ്രശസ്തിയെക്കുറിച്ച് തെറ്റായ സൂചന നൽകുമെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു.
കേരള സർവകലാശാല ആസ്ഥാനത്തേക്ക് ഓണാഘോഷ റാലി നടത്തിയ എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെ കഴിഞ്ഞ ദിവസം പ്രതീകാത്മകമായി പാതാളത്തിലേക്ക് "ചവിട്ടിത്താഴ്ത്തി'! പരീക്ഷാ നിർണയത്തിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് നിയമ വിദ്യാർഥികളുടെ സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴാണ് ഇവർ ഇപ്രകാരം പ്രതിഷേധിച്ചത്.
പ്രിൻസിപ്പലിന്‍റെ കസേര കത്തിക്കൽ, പ്രിൻസിപ്പലിന് കുഴിമാടമൊരുക്കൽ, ആദരാജ്ഞലികൾ അർപ്പിക്കൽ, കരി ഓയിൽ പ്രയോഗം, ചാപ്പ കുത്തൽ, പ്രതീകാത്മക നാടുകടത്തൽ തുടങ്ങിയ സമരങ്ങൾ നിന്ദയുടെയും ധാർമിക ഭ്രംശത്തിന്‍റെയും സാംസ്കാരിക അധഃപതനത്തിന്‍റെയും സമര മാർഗങ്ങളാണ്. ആശയം കൊണ്ടും ബുദ്ധികൊണ്ടും പ്രവൃത്തി കൊണ്ടും സമരം ചെയ്യേണ്ടതിനു പകരം അപരിഷ്‌കൃത സമര മാർഗങ്ങൾ ഒരു പരിഷ്‌കൃത സമൂഹത്തിൽ ഒട്ടും സ്വീകാര്യമല്ല. ആശയതലം പരാജയപ്പെടുന്നിടത്താണ് മർക്കട മുഷ്‌ടികൾ (ഗൂണ്ടായിസം) പ്രയോഗിക്കുന്നത്. ഇതിനെ ബൗദ്ധികവും ധാർമികവുമായ പാപ്പരത്തം എന്നേ വിളിക്കാനാവൂ.
2017 ജനുവരി 19നാണ് എറണാകുളം മഹാരാജാസ് കോളെജിൽ വിദ്യാർഥികൾ പ്രിൻസിപ്പലിന്‍റെ കസേര പ്രധാന ഗേറ്റിനു മുന്നിലിട്ട് കത്തിച്ചത്. അന്ന് ഡോ. എം. ലീലാവതി പറഞ്ഞു "പ്രിൻസിപ്പലിന്‍റെ ഇരിപ്പിടം ഭസ്‌മമാക്കുക എന്നത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള കാടത്തമാണ്, ആ വ്യക്തിയെ തന്നെ കത്തിക്കുന്നതിനു തുല്യമാണ്'.
തുടർന്ന് പാലക്കാട് വിക്റ്റോറിയ കോളെജിൽ പ്രിൻസിപ്പലിന്‍റെ റിട്ടയർമെന്‍റ് ദിനത്തിൽ ഒരു സംഘം വിദ്യാർഥികൾ അവർക്ക് കുഴിമാടം ഒരുക്കി റീത്ത് വച്ച് പ്രതിഷേധിച്ചു. അത് ആർട്ട് ഇൻസ്റ്റലേഷനായി (പ്രതിഷ്ഠാപന കല) കാണണമെന്ന് ചില മുതിർന്ന നേതാക്കൾ തന്നെ പറഞ്ഞു. ഗുരുനിന്ദയുടെ മറ്റൊരു രൂപമായിരുന്നു അത്.
പിന്നീട് കാസർഗോഡ് നീലേശ്വരം പടന്നക്കാട് നെഹ്രു കോളെജിലെ വനിതാ പ്രിൻസിപ്പലിനുള്ള യാത്രയയപ്പു ചടങ്ങിനിടെ അവർക്ക് ആദരാഞ്ജലി അർപ്പിച്ച് ക്യാംപസിൽ പോസ്റ്റർ പതിപ്പിച്ചു. "വിദ്യാർഥി മനസിൽ മരിച്ച പ്രിൻസിപ്പലിന് ആദരാഞ്ജലികൾ, ദുരന്തം ഒഴിയുന്നു, ക്യാംപസ് സ്വതന്ത്രമാകുന്നു, നെഹ്റുവിന് ശാപമോക്ഷം'. ഇത്രയുമാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. 31 വർഷം നെഹ്റു കോളെജിൽ അധ്യാപികയും രണ്ടുവർഷം പ്രിൻസിപ്പലുമായിരുന്ന വ്യക്തിയുടെ യാത്രയയപ്പ് ചടങ്ങിനിടയിലാണ് ഈ സംഭവം. പോസ്റ്റർ പതിപ്പിച്ചതിനു പുറമേ യാത്രയയപ്പു യോഗം നടക്കുമ്പോൾ പടക്കവും പൊട്ടിച്ചിരുന്നു. മക്കളെപ്പോലെ സ്നേഹിച്ച വിദ്യാർഥികളിൽ ചിലരുടെ കാടത്തം നിറഞ്ഞ പ്രതിഷേധം ഏറെ വേദനിപ്പിച്ചെന്ന് അന്ന് പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആചാര്യൻ ദേവതുല്യനാണെന്ന് പഠിപ്പിക്കുന്ന നാട്ടിലാണ് ഇത്തരം കോപ്രായങ്ങൾ അരങ്ങേറുന്നത്. നന്മയുടെയും പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്‍റെയും സർഗാത്മകതയുടെയും വിളനിലമായിരുന്ന കലാലയങ്ങളിലെ ഇന്നത്തെ സമരമാർഗങ്ങളിലെ താളപ്പിഴകൾ നമ്മെ ഏറെ വേദനിപ്പിക്കുന്നു. ചിലരുടെ സ്വാർഥമോഹങ്ങളുടെ താത്പര്യത്തിനായി വിദ്യാർഥികളെ കരുക്കളാക്കുന്നതിന്‍റെ പ്രകടനങ്ങളാണിവ. ഗുരുവിന്‍റെ ഇരിപ്പിടത്തിന്‍റെ പ്രതീകാത്മ ഹത്യയും ഗുരുവിന് ചിതയൊരുക്കലും ആദരാജ്ഞലി അർപ്പിക്കലും ഒരു തരം പിതൃ- മാതൃ ഹത്യയാണ്. മാതാ പിതാ ഗുരു ദൈവം എന്ന പവിത്ര സങ്കല്പത്തെ തച്ചുടച്ച് ഗുരുത്വക്കേട് ഇരന്നുവാങ്ങുകയാണ് ചില വിദ്യാർഥികൾ.
ജീവിച്ചിരിക്കുന്നവരുടെ രൂപം തെരുവിൽ കത്തിച്ച് സായൂജ്യമടയുന്ന അപരിഷ്കൃത രീതി സംസ്കാര ശൂന്യതയാണ്. അതിൽ നിന്നുണ്ടാകുന്ന ആനന്ദം പൈശാചികമാണ്. ഗുരുവിനെ കത്തിക്കുന്ന നെറികെട്ടവരുടെ നെറികേടിനെ പിന്തുണയ്ക്കുന്ന ചുരുക്കം ചിലരുണ്ടാകാം. കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് മാന്തിക്കുന്ന അക്കൂട്ടർ നികൃഷ്ട മനസുള്ളവരാണ്. എല്ലാ പ്രതിഷേധ സമരങ്ങൾക്കും മാന്യതയുണ്ടാകണം. പ്രാകൃത വഴികൾ ഇന്നത്തെ പൊതുസമൂഹം അംഗീകരിക്കില്ല. എതിർപ്പിന് ജനാധിപത്യം അനുവദിച്ചിട്ടുള്ള മാർഗങ്ങളുടെ ലംഘനമാണിത്. എന്ത് കാരണത്തിന്‍റെ പേരിലായാലും പൊതുസമൂഹത്തിന്‍റെ അന്തസിനെ, ജനാധിപത്യ ബോധത്തെ, ക്ഷമാശീലത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾ ഒരിക്കലും ആവർത്തിച്ചു കൂടാ.