കാശ് വാങ്ങി ശാപ്പിട്ട ജനങ്ങൾ പിറപ്പുകേട് കാണിച്ചെന്നാണ് എം.എം. മണി പറയുന്നത്...!

 
Special Story

പിറപ്പുകേട് കാണിച്ചത് ജനങ്ങളല്ല മണിയാശാനേ...

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിന്‍റെ വിശകലനം

MV Desk

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിന്‍റെ വിശകലനം. ഭരണവിരുദ്ധ വികാരം, സർക്കാരിനെതിരായ ആരോപണങ്ങൾ, പ്രാദേശിക ഭരണത്തിലെ പാളിച്ചകൾ, സംഘടനാപരമായ ദൗർബല്യം എന്നിവയാണ് തിരിച്ചടിക്കു പ്രധാന കാരണങ്ങളായത്. യുഡിഎഫിന്‍റെ ശക്തമായ തിരിച്ചുവരവും ബിജെപി വോട്ട് വർധനയും എൽഡിഎഫിന് നിർണായക സീറ്റുകൾ നഷ്ടപ്പെടുത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ താക്കീത് എൽഡിഎഫ് നേതൃത്വം വിശദമായി വിലയിരുത്തേണ്ടിവരും.

റാക്കിന്‍റെ ഏകാധിപതിയായിരുന്നു സദ്ദാം ഹുസൈൻ. പക്ഷേ, വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നതിനു തൊട്ടു മുൻപും അദ്ദേഹം പറഞ്ഞത്, ''ജനങ്ങളുടെ അധികാരത്തിനു മുന്നിലേ ഞാൻ തല കുനിക്കൂ, അല്ലാതെ, അധികാരത്തിലിരിക്കുന്നവർക്കു മുന്നിൽ തലകുനിക്കില്ല'' എന്നാണ്. ഇപ്പോൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടത്തിയ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർന്നടിഞ്ഞതിനു പിന്നാലെ, സിപിഎമ്മിന്‍റെ നാടൻ താത്വികാചാര്യൻ സാക്ഷാൽ ശ്രീമാൻ എം.എം. മണി ഒരു വിലയിരുത്തൽ നാട്ടുഭാഷയിൽ നീട്ടിത്തുപ്പി- ''സർക്കാരിന്‍റെ ആനുകൂല്യങ്ങളെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങൾ പിറപ്പുകേടു കാണിച്ചു!''

ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന്‍റെ ജനാധിപത്യബോധം പോലും, ഇന്ത്യൻ ജനാധിപത്യത്തിന്‍റെ സംരക്ഷണത്തിന്‍റെ അട്ടിപ്പേറവകാശം ഏറ്റെടുത്തിരിക്കുന്ന സിപിഎമ്മിന്‍റെ 'സമുന്നത' നേതാവിന് ഇല്ലാതെ പോയി. തെരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും തകർന്നടിഞ്ഞതിനു കാരണം വേറേ തേടേണ്ടതില്ല. ഭരണവിരുദ്ധ വികാരം തിരിച്ചറിയുന്നതിൽ ഭരണവർഗം പരാജയപ്പെട്ടു. പാർട്ടിക്കു കിട്ടിയ അധികാരം ജനങ്ങളുടെ അധികാരത്തിനു മീതെയല്ല എന്നു ചില നേതാക്കളെങ്കിലും തെറ്റിദ്ധരിച്ചു.

എൽഡിഎഫ് നേരിട്ട തിരിച്ചടി എന്നാൽ സിപിഎമ്മിനു കിട്ടുന്ന തിരിച്ചടി തന്നെയാണ്. അതിനു പിന്നിൽ പ്രാദേശികവും സംസ്ഥാനതലത്തിലുമുള്ള നിരവധി ഘടകങ്ങളുമുണ്ട്. പക്ഷേ, മണിയാശാന്‍റെ ജൽപ്പനം അതിന്‍റെയെല്ലാം ആകെത്തുകയായി മാറുകയായിരുന്നു.

ഭരണവിരുദ്ധ വികാരം

സംസ്ഥാന സർക്കാർ അധികാരത്തിൽ തുടരുന്ന സാഹചര്യത്തിൽ, സ്വാഭാവികമായുണ്ടാകുന്ന ഭരണവിരുദ്ധ വികാരം ഒരു പ്രധാന ഘടകമായി. ‌പിഎം ശ്രീ വിഷയത്തിൽ സ്വീകരിച്ച കേന്ദ്രാനുകൂല നിലപാട്, എസ്ഐആർ വിഷയത്തിലെ തണുപ്പൻ സമീപനം, മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള സംശയങ്ങൾ, ഏറ്റവുമൊടുവിൽ ശബരിമല സ്വർണക്കൊള്ള എന്നിവ സാധാരണ ജനങ്ങൾക്കിടയിൽ സർക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. ഈ ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ പാർട്ടിക്കു കഴിഞ്ഞില്ല.

പ്രാദേശിക ഭരണത്തിലെ പാളിച്ചകൾ

വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം അധികാരത്തിലിരുന്ന ഭരണസമിതികൾക്കെതിരേയുണ്ടായ പ്രാദേശിക വികാരങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. മാലിന്യ സംസ്കരണം, റോഡ് വികസനം, അടിസ്ഥാന സൗകര്യ വികസനങ്ങളിലെ അലംഭാവം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു.

ദുർബലമായ സംഘടനാ സംവിധാനം

തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടങ്ങളിൽ സിപിഎം നേരിട്ട സംഘടനാപരമായ ദൗർബല്യം തിരിച്ചടിയായി. സ്ഥാനാർഥി നിർണയത്തിലെ പിഴവുകൾ, പാർട്ടിക്കുള്ളിലെ വിഭാഗീയത എന്നിവ ചില നിർണായക സീറ്റുകളിൽ പരാജയം ഉറപ്പിച്ചു.

യുഡിഎഫിന്‍റെ തിരിച്ചുവരവും ഐക്യവും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത പരാജയത്തിനു ശേഷം യുഡിഎഫ് കൂടുതൽ ഐക്യത്തോടെയും ഊർജസ്വലതയോടെയും ഈ തെരഞ്ഞെടുപ്പിനെ സമീപിച്ചു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രചാരണം എൽഡിഎഫ് വോട്ടുകൾ ചോർത്തുന്നതിൽ വിജയിച്ചു.

ബിജെപി വോട്ട് വർധന

ചില നഗരസഭകളിലും കോർപ്പറേഷനുകളിലും ബിജെപി നേടിയ വോട്ട് വർധന ശ്രദ്ധേയമാണ്. പലയിടങ്ങളിലും ത്രികോണ മത്സരം ശക്തമായത് എൽഡിഎഫിനു ദോഷമാവുകയും യുഡിഎഫിനു നേട്ടമാവുകയും ചെയ്തു. ബിജെപിക്കു കിട്ടിയ അധിക വോട്ടുകൾ എൽഡിഎഫിന്‍റെ വിജയസാധ്യതകളെ തകർത്തു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി