അഡ്വ. ജി. സുഗുണന്
സ്പെയിനിന്റെ അധീനതയിലായിരുന്ന ഉറുഗ്വേയെ 1820ല്‍ ബ്രസീല്‍ കൈവശപ്പെടുത്തി. ഉറുഗ്വേ സ്വതന്ത്രമായത് 1825 ഓഗസ്റ്റ് 25നാണ്. 1973 മുതല്‍ 12 വര്‍ഷക്കാലം പട്ടാളഭരണമായിരുന്നു ആ രാജ്യത്ത്. യൂറോപ്യന്‍ സ്വഭാവം കൂടുതലുള്ള ആ തെക്കേ അമെരിക്കന്‍ രാജ്യം രാഷ്ട്രീയമായും സാമ്പത്തികമായും ഏറ്റവും സുസ്ഥിരമായ രാജ്യങ്ങളിലൊന്നാണ്. ക്ഷേമരാജ്യമെന്ന ആശയം ലാറ്റിൻ അമെരിക്കയില്‍ നടപ്പിലാക്കിയ ആദ്യ രാജ്യങ്ങളിലൊന്നാണ് ഉറുഗ്വേ. ബഹുകക്ഷി ജനാധിപത്യ സമ്പ്രദായമാണ് ഉറുഗ്വേയില്‍ നിലവിലുള്ളത്. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുപക്ഷ നേതാവും ജനകീയനുമായിരുന്ന തബാരെ വാസ്കൂസ് നീണ്ടകാലം അവിടെ പ്രസിഡന്റായിരുന്നു. പട്ടാള ചെലവിനേക്കാള്‍ കൂടുതല്‍ പണം വിദ്യാഭ്യാസത്തിനു വേണ്ടി ചെലവാക്കുന്ന ഏക ലാറ്റിനമേരിക്കന്‍ രാജ്യമാണ് ഉറുഗ്വേ.
അമെരിന്റ്യന് ഭാഷയായ ഗ്വോറാനിയില് നിന്നാണ് ഉറുഗ്വേ എന്ന വാക്കുണ്ടായത്. ചെറുപക്ഷികളുടെ നദി അഥവാ വര്‍ണപ്പക്ഷികളുടെ നദി എന്ന അർഥവും ഉറുഗ്വേ എന്ന വാക്കിനുണ്ട്. ലോകത്തെ ഏറ്റവും ജനപ്രീയ കളികളിലൊന്നായ ഫുട്ബോളിന്റെ ആദ്യ ലോകകപ്പ് മത്സരം നടന്നത് ഉറുഗ്വേയിലാണ് (1930). അര്‍ജന്റീനയെ 4-2ന് തോല്‍പ്പിച്ച് ആദ്യ ലോക കപ്പ് ഫുട്ബോള്‍ കിരീടം ഉറുഗ്വേ സ്വന്തമാക്കി.
ഉറുഗ്വേയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലോകമൊട്ടാകെ ഉറ്റുനോക്കിയ ഒന്നായിരുന്നു. ലാറ്റിൻ അമെരിക്കന്‍ ഭൂഖണ്ഡത്തിലെ തെരഞ്ഞെടുപ്പുകള്‍ എക്കാലവും രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. കഴിഞ്ഞ ദിവസം നടന്ന ഉറുഗ്വേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാർഥി യമാന്‍ഡൂ ഒര്‍സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കടുത്ത മത്സരത്തിനൊടുവിലാണ് യമാന്‍ഡൂ യാഥാസ്ഥിതിക ഭരണസഖ്യത്തെ പുറത്താക്കിയത്. മധ്യ-വലതു ഭരണ സഖ്യ പ്രസിഡന്റ് സ്ഥാനാർഥി അല്‍വാരൊ ഡെല്ഗാഡൊയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സമ്മതിദാനാവകാശം നിര്‍ബന്ധമാക്കിയ ഉറുഗ്വേയിലെ ഭൂരിഭാഗം വോട്ടുകളും എണ്ണികഴിഞ്ഞപ്പോള്‍ ഒര്‍സി 49%വും ഡെല്‍ഗാഡൊ 46%വും വോട്ടുകളാണ് നേടിയത്. ഇടതുപക്ഷ സഖ്യത്തിലെ മുന്‍മന്ത്രി കൂടിയായ കരോലിനി കോസെ വൈസ് പ്രസിഡന്റാകും.
തൊഴിവര്ഗ മുന്‍ ചരിത്ര അധ്യാപകനും ഉറുഗ്വോയിലെ വിശാല സഖ്യത്തില്‍ നിന്നും രണ്ടുതവണ മേയറുമായ നേതാവാണ് യമാന്‍ഡൂ ഒര്‍സി. അദ്ദേഹം അധികാരത്തിലേറുമെന്ന് സര്‍വെകളില്‍ ഭൂരിഭാഗവും പ്രവചിച്ചിരുന്നു.
ഗൂഗിള്‍ പോലുളള കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് ബിസിനസ് മേഖലകളെ സൗഹാര്‍ദമാക്കാന്‍ നികുതിയിളവുകള്‍ പോലുളള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട്. നികുതി ഇളവു നല്കി നിക്ഷേപകരെ ആകര്‍ഷിക്കുന്ന തരത്തിലേക്ക് തൊഴില്‍ വിപണിയെ നയിക്കുമെന്നും തൊഴിലാളികളെ നൈപുണ്യമുളളവരാക്കി തീര്‍ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒക്ടോബര്‍ 27ലെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 44% വോട്ട് യമാന്‍ഡൂ ഒര്‍സിക്ക് ലഭിച്ചപ്പോള്‍ ഡെല്‍ഗാഡോ 27%ത്തില്‍ ഒതുങ്ങി എന്നാല്‍ മറ്റൊരു യാഥാസ്ഥിതിക പാര്‍ട്ടിയായ കൊളറാഡോ പാര്‍ട്ടി 20% വോട്ടു നേടിയതും രാജ്യത്തെ 10%ത്തോളം വോട്ടര്‍മാര്‍ തീരുമാനമെടുക്കാതെ തുടര്‍ന്നതും തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാക്കിയിരുന്നു.
രാജ്യത്തിന്റെ ഭാവി മാറ്റേണ്ടതുണ്ടെന്ന് ഫലം പുറത്തുവന്ന ശേഷം നിയുക്ത പ്രസിഡന്റ് യമാന്‍ഡൂ ഓര്‍സി പ്രതികരിച്ചു. 34 ലക്ഷം മാത്രം ജനങ്ങളുളള സമ്പന്ന രാജ്യമായ ഉറുഗ്വേയില്‍ സൗഹാര്‍ദ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ലാറ്റിൻ അമെരിക്കയിലെ ഏറ്റവും സുസ്ഥിരമായ രാജ്യമായി ഉറുഗ്വേയെ മാറ്റിയ ഇടതുപക്ഷ പ്രസിഡന്റ് ഹൊസെ പെപ്പെ മുഹീക്കയുടെ പിന്‍ഗാമിയായി മാധ്യമങ്ങള്‍ യമാന്‍ഡൂ ഓര്‍സിയെ വിലയിരുത്തുന്നു. 2019 വരെ 15 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്ന ഇടതു സഖ്യം ഇദ്ദേഹത്തിലൂടെ വീണ്ടും ഉറുഗ്വേയുടെ സാരഥ്യത്തിലേക്ക് വരികയാണ്.
ലോകത്തൊട്ടാകെ നടപ്പുവര്‍ഷം തെരഞ്ഞെടുപ്പുകളുടെ കാലമാണ്. ഏഷ്യയിലും യൂറോപ്പിലും അമെരിക്കന്‍ ഭൂഖണ്ഡത്തിലുമെല്ലാം വിവിധ രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. പലരും തെരഞ്ഞെടുപ്പുകളുടെ തയാറെടുപ്പിലുമാണ്. പല രാജ്യങ്ങളിലും തീവ്ര വലതുപക്ഷ കക്ഷികളും, വലതുപക്ഷവും അധികാരത്തിലെത്തി. പല രാജ്യങ്ങളിലും വലതുപക്ഷത്തിന്റെ കൈയില്‍ നിന്ന് ഇടതുപക്ഷം അധികാരം തിരിച്ചു പിടിച്ചിട്ടുമുണ്ട്. യൂറോപ്പില്‍ ഫ്രാന്‍സ്, യുകെ അടക്കമുള്ള ചില രാജ്യങ്ങളിലുമെല്ലാം ഏഷ്യയില്‍ ശ്രീലങ്കയടക്കമുള്ള ചില രാജ്യങ്ങളിലും ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ മേല്‍ക്കോയ്മ നേടി. നേരത്തേ തന്നെ അര ഡസനോളം ലാറ്റിൻ അമെരിക്കന്‍ രാജ്യങ്ങളില്‍ ഇടതുകക്ഷികള്‍ അധികാരത്തില്‍ വന്നു. തെക്കേ അമെരിക്കയടക്കമുള്ള ലാറ്റിൻ അമെരിക്കന്‍ ഭൂഖണ്ഡത്തില്‍ ഇടതുപക്ഷം വിജയം നേടുന്നത് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള സംഭവമാണ്.
സാമ്രാജ്യത്വത്തിനെതിരായ ലോക ജനതയുടെ പോരാട്ടത്തില്‍ ലാറ്റിൻ അമെരിക്കന്‍ രാജ്യങ്ങള്‍ സുപ്രധാനമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. ഉറുഗ്വേയിലെ ഇടതുപക്ഷത്തിന്റെ വിജയം സാമ്രാജ്യത്വ ശക്തികള്ക്കുളള പ്രഹരവും ലോകത്തൊട്ടാകെയുളള ഇടതുപക്ഷത്തിന് വലിയ ആവേശം നല്കുന്ന ഒന്നാണെന്നുമുളള കാര്യത്തില്‍ സംശയമില്ല.
(ലേഖകന്‍ കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റ് അംഗമാണ് . ഫോണ്‍: 9847132428)