യാത്ര മുടങ്ങുമെന്നു മാത്രമല്ല, കേസെടുക്കുകയും ചെയ്യും.

 
Special Story

'രണ്ടെണ്ണം വീശി' ട്രെയ്നിൽ കയറിയാൽ പിടിവീഴും

യാത്ര മുടങ്ങുമെന്നു മാത്രമല്ല, കേസെടുക്കുകയും ചെയ്യും | മദ്യപിച്ച് ട്രെയ്‌നിലും പ്ലാറ്റ്ഫോമിലും കയറിയവർ പിടിയിൽ

Thrissur Bureau

തൃശൂർ: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ മദ്യപൻ ട്രെയ്‌നില്‍ നിന്നു ചവിട്ടി വീഴ്ത്തിയ സംഭവത്തിനു പിന്നാലെ പരിശോധനകളും നടപടികളും കര്‍ശനമാക്കി റെയ്‌ൽവേ പൊലീസും ലോക്കൽ പൊലീസും. 'ഓപ്പറേഷന്‍ രക്ഷിത' എന്ന പേരില്‍ ആരംഭിച്ച പരിശോധനയില്‍ മദ്യപിച്ചു ട്രെയ്‌നില്‍ കയറിയ 72 പേരെ തിരുവനന്തപുരത്തു പിടികൂടി. ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ കേസെടുത്ത് വിട്ടയച്ചു. വെള്ളവും കോളയുമൊക്കെ മിക്സ് ചെയ്ത് കുടിക്കാന്‍ പാകത്തില്‍ മദ്യം കൊണ്ടുവന്നവരും പിടിയിലായി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും.

ട്രെയ്‌നുകളില്‍ സ്ത്രീകളടക്കമുള്ളവരില്‍ സുരക്ഷാ ബോധം ഉറപ്പിക്കാനാണ് ഈ ഓപ്പറേഷനുമായി പൊലീസ് എത്തിയത്. പ്രവേശന കവാടങ്ങളിലും പ്ലാറ്റ്ഫോമുകളിലും ട്രെയ്‌നുകളിലും മദ്യപരെ കണ്ടെത്താൻ 38 റെയ്‌ല്‍വേ സ്റ്റേഷനുകളില്‍ ആല്‍ക്കോമീറ്റര്‍ പരിശോധന ആരംഭിച്ചു. മദ്യപിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരേ റെയ്‌ല്‍വേ ആക്റ്റ് സെക്‌ഷന്‍ 145 (എ), കേരള പൊലീസ് ആക്റ്റ് 118 എ എന്നീ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കും.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പല സുരക്ഷാ നിയമങ്ങളും റെയ്ൽവേയിലുണ്ട്. 1989ലെ റെയ്ൽവേ ആക്റ്റിലെ സെക്‌ഷന്‍ 165 പ്രകാരം മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച ശേഷം ട്രെയ്‌നില്‍ യാത്ര ചെയ്യാൻ പാടില്ല. അങ്ങനെ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ ഉടനടി ടിക്കറ്റ് റദ്ദാക്കി അടുത്ത പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും.

സ്റ്റേഷനുകളിലും ട്രെയ്‌നുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുക, അനധികൃത പ്രവര്‍ത്തനങ്ങളും മദ്യപിച്ച് യാത്ര ചെയ്യലും ലഹരിക്കടത്തും സ്ത്രീ യാത്രികരോടുള്ള അശ്ലീല പെരുമാറ്റവുമൊക്കെ തടയുക എന്നീ ലക്ഷ്യത്തോടെയാണ് 'ഓപ്പറേഷന്‍ രക്ഷിത' പദ്ധതി. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ നാലു മേഖലകളായി തിരിച്ചാണിത്. ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സേനാംഗങ്ങളെ വിന്യസിച്ച് പട്രോളിങ് ശക്തമാക്കി. സ്ത്രീകള്‍ കൂടുതലുള്ള കംപാര്‍ട്ട്മെന്‍റുകളില്‍ പ്രത്യേക പരിശോധനയുമുണ്ട്.

എല്ലാ ദിവസവും സേനകൾ സംയുക്തമായി കര്‍ശന പരിശോധന നടത്തുമെന്നു റെയ്‌ൽവേ പൊലീസ് സൂപ്രണ്ട് ഷഹൻഷാ പറഞ്ഞു. മഫ്തിയിലും അല്ലാതെയും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമായും മദ്യപിച്ച് പ്ലാറ്റ്ഫോമുകളിലും ട്രെയ്‌നുകളിലും പ്രവേശിക്കുന്നവർക്കെതിരേ കർശന നിയമ നടപടിയുണ്ടാകും. ലഹരി ഉപയോഗിച്ചവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. അവരുടെ യാത്ര മുടങ്ങുമെന്നു മാത്രമല്ല, കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. സുരക്ഷാ ഭാഗമായി ആര്‍പിഎഫിന്‍റെ ജോലി സമയം 8 മണിക്കൂര്‍ 12 മണിക്കൂറാക്കി. ആര്‍പിഎഫ് ഉദ്യോഗസ്ഥർ ജനറല്‍ കോച്ചുകളിലും റിസര്‍വേഷന്‍ കോച്ചുകളിലും പരിശോധിക്കുന്നുണ്ട്.

ട്രെയ്‌ൻ യാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊലീസുകാരോടു സംസ്ഥാന പൊലീസ് മേധാവി കർശന നിർദേശം നൽകിയിരുന്നു. റെയ്‌ൽവേ പൊലീസിനു പുറമേ ആവശ്യമെങ്കിൽ ലോക്കൽ സ്റ്റേഷനുകളിലെ പൊലീസുകാരെയും സ്റ്റേഷനുകളിലേക്ക് നൽകി സുരക്ഷ കർശനമാക്കും. ‌സ്‌റ്റേഷനുകളില്‍ സിസിടിവി ക്യാമറകളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രവര്‍ത്തിക്കാത്തവ മാറ്റി സ്ഥാപിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.

അതിവിപുലമായ സുരക്ഷാ സംവിധാനങ്ങൾ

ട്രെയ്‌നുകള്‍ക്ക് കല്ലെറിയുന്നവരെയും ട്രാക്കുകളില്‍ കല്ലും മറ്റു വസ്തുക്കളും ഉപയോഗിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെയും കണ്ടെത്താന്‍ 38 റെയ്ൽവേ സ്റ്റേഷനുകളില്‍ പ്രൊട്ടക്‌ഷന്‍ ഫോഴ്‌സും (ആര്‍പിഎഫ്) പൊലീസും നിരീക്ഷണം വര്‍ധിപ്പിച്ചു. ബോംബ് സ്‌ക്വാഡിന്‍റെയും നര്‍ക്കോട്ടിക് വിഭാഗത്തിന്‍റെയും സഹായത്തോടെ ലഹരി മരുന്നുകള്‍, നിരോധിത പുകയില ഉത്പന്നങ്ങള്‍, ഹവാലാ പണം എന്നിവ കണ്ടെത്താൻ പരിശോധന ശക്തമാക്കി. സംശയകരമായ വസ്തുക്കളോ, ഉപേക്ഷിക്കപ്പെട്ട ബാഗുകളോ കണ്ടെത്തിയാലുടന്‍ ബോംബ് സ്‌ക്വാഡ്, കെ- 9 സ്‌ക്വാഡ് എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. സ്ഥിരം കുറ്റവാളികളെ കാപ്പ പ്രകാരം കരുതല്‍ തടങ്കലിലാക്കും.

റെയ്ൽവേ പാസഞ്ചര്‍ അസോസിയേഷനുകളും പോര്‍ട്ടര്‍മാരും കച്ചവടക്കാരും സുരക്ഷാ സംവിധാനത്തിന്‍റെ ഭാഗമായി 'ഐസ് ആൻഡ് ഇയര്‍' (കണ്ണും കാതും) എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ബോധവത്കരണങ്ങള്‍ സംഘടിപ്പിക്കും. കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് നിയമ സഹായത്തിന് ബന്ധപ്പെടാനുള്ള സുരക്ഷാ ആപ്പ് ഉടൻ പ്രവര്‍ത്തനക്ഷമമാകും. സംശയാസ്പദ വസ്തുക്കളോ, വ്യക്തികളെയോ കണ്ടാല്‍ യാത്രക്കാര്‍ക്ക് റെയ്‌ല്‍ അലര്‍ട്ട് കണ്‍ട്രോള്‍ നമ്പരായ 9846200100‌ലോ, എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ്) കണ്‍ട്രോള്‍ റൂം 112ലോ, റെയ്ൽവേ ഹെല്‍പ്പ് ലൈനായ 139ലോ വിവരം നല്‍കാമെന്ന് പാലക്കാട് റെയ്ൽവേ പൊലീസ് ഡിവൈഎസ്പി അറിയിച്ചു.

ശ്രീക്കുട്ടിയുടെ നിലയിൽ കാര്യമായ മാറ്റമില്ല

കേരള എക്സ്പ്രസ് ട്രെയ്‌നിൽ നിന്ന് മദ്യപനായ സുരേഷ് കുമാർ എന്ന വ്യക്തി വർക്കലയ്ക്കു സമീപം വച്ച് തള്ളിയിട്ട തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടിയുടെ (19) നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ഐസിയുവിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. സർജറി, ന്യൂറോ, ക്രിട്ടിക്കൽ കെയർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്റ്റർമാർ അടങ്ങിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.

നിലവിലെ സ്ഥിതി വിലയിരുത്താൻ തുടർച്ചയായി സിടി സ്കാൻ എടുത്ത് പരിശോധിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും. എന്നാൽ എത്ര നാൾ ഇങ്ങനെ അബോധാവസ്ഥയിൽ തുടരുമെന്നു വ്യക്തമല്ല. അതേസമയം, എല്ലുകൾക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്നങ്ങളില്ലെന്നും ഡോക്റ്റർമാർ പറയുന്നു.

പ്രതി സുരേഷ്‌ കുമാർ മദ്യപിച്ച കോട്ടയത്തെ ബാറിലെയും ട്രെയ്‌ൻ കംപാർട്ട്മെന്‍റുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഉടൻ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാൽ സംഭവം നടന്ന അയന്തി മേൽപ്പാലത്തിനു സമീപമെത്തിച്ച് തെളിവെടുപ്പ് നടത്തും.

ആക്രമണത്തിനിടെ പെൺകുട്ടിയുടെ സുഹൃത്തായ അർച്ചനയെ രക്ഷിക്കുകയും പ്രതിയെ ബലമായി കീഴ്പ്പെടുത്തുകയും ചെയ്ത യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിനു പാരിതോഷികം നൽകി അഭിനന്ദിക്കാൻ റെയ്‌ൽവേ തീരുമാനിച്ചിട്ടുണ്ട്.

എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച മുതൽ

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ സമരത്തിലേക്ക്

റേഷൻ കാർഡ് തരം മാറ്റാൻ അപേക്ഷിക്കാം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം