മമ്മൂട്ടി, വേടൻ

 
Special Story

മമ്മൂട്ടിയും വേടനും

കാലടി സംസ്കൃത സർവകലാശാലാ മുൻവൈസ് ചാൻസലറും പിഎസ്‌സി മുൻ ചെയർമാനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്. രാധാകൃഷ്ണൻ എഴുതുന്നു

MV Desk

ഡോ. കെ.എസ്. രാധാകൃഷ്ണൻ

ഇങ്ങനെ ഒരു തലവാചകം എഴുതേണ്ടി വരുമെന്ന് ഞാൻ സ്വപ്നേപി വിചാരിച്ചിരുന്നില്ല. ജീവിതത്തിലെ സൂക്ഷ്മമായ അന്തർസംഘർഷങ്ങൾക്ക് ഭാവവും രൂപവും നൽകി അഭിനയിച്ചു ഫലിപ്പിച്ച നടനാണു മമ്മൂട്ടി. ആ നടന വൈഭവം കണ്ട് നമ്മൾ ചിരിക്കുകയും കരയുകയും ചെയ്തു.

നടൻ മമ്മൂട്ടി അവാർഡുകൾക്കും മേലേയാണ്. ഇക്കാര്യം പക്ഷേ, മമ്മൂട്ടിക്ക് അറിയില്ല എന്ന് തോന്നുന്നു. മമ്മൂട്ടി എന്ന നടന്‍റെ നടന വിസ്മയ ഭാവങ്ങൾ ആവിഷ്കരിക്കപ്പെട്ട ഒരു സിനിമയാണ് "ഭ്രമയുഗം' എന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, ഏത് അവാർഡും അർഹിക്കുന്ന നടനാണ് മമ്മൂട്ടി എന്നതു മാത്രമാണ് ഇക്കൊല്ലത്തെ അവാർഡ് ദാനത്തെ നീതീകരിക്കുന്ന ഏക കാര്യം.

ആരാണ് അവാർഡ് നിശ്ചയിച്ചത് എന്നു കാണുമ്പോഴാണ് നാണക്കേട് തോന്നുന്നത്. ഒരുപാട് പരിമിതികളുള്ള ഒരു മൂന്നാംകിട നടനാണ് പ്രകാശ്‌ രാജ്. അഭിനയ മികവുകൊണ്ടല്ല, താൻ പറയുന്ന രാഷ്‌ട്രീയ അഭിപ്രായങ്ങൾ കൊണ്ട് ശ്രദ്ധ നേടുന്ന സിനിമാക്കാരനാണ് പ്രകാശ് രാജ്. ഒരേ ഭാവത്തിൽ ആടിഒപ്പിക്കുന്ന വില്ലൻ വേഷങ്ങളാണ് സിനിമയിൽ അദ്ദേഹത്തിന്‍റെ സ്ഥാനം ഉറപ്പിച്ചത്. വില്ലന് അഭിനയ മികവല്ല പേശീബലമാണ് കരുത്തായി തീരുന്നത്. അദ്ദേഹം അധ്യക്ഷനായ സമിതിയാണ് മമ്മൂട്ടിയടെ അഭിനയ മികവു നിശ്ചയിച്ചത്. കഷ്ടകാലം വരുമ്പോൾ ഇതിനപ്പുറവും സഹിക്കേണ്ടി വരും..!

ഇക്കൊല്ലത്തെ സംസ്ഥാന സിനിമാ പുരസ്കാരങ്ങൾ, സിനിമാക്കാർക്ക് പാർട്ടി നൽകിയ ഇലക്‌ഷൻ കിറ്റാണ്. ആർക്ക് അവാർഡ് നൽകണമെന്ന പട്ടിക സിപിഎം ഉണ്ടാക്കി. ആ പട്ടിക വള്ളിപുള്ളി വിസർഗ വ്യത്യാസമില്ലാതെ പ്രഖ്യാപിക്കുന്ന ഒരു സമിതി വേണമെന്നു തോന്നി. ആ ഹീനകൃത്യം സന്തോഷത്തോടെ പ്രകാശ് രാജ് ഏറ്റെടുത്തു. തന്‍റെ പാർട്ടിക്കൂറ് ഉറപ്പിക്കാനായി പത്രസമ്മേളനത്തിൽ ജൂറി ചെയർപേഴ്സൺ എന്ന നിലയ്ക്കുള്ള കീഴ്‌വഴക്കങ്ങളും സാമാന്യ മര്യാദകളും ലംഘിച്ച് കേന്ദ്ര സർക്കാരിനെ കുറ്റം പറയുകയും ചെയ്തു.

മമ്മൂട്ടിയോടൊപ്പം മികച്ച ഗാനരചയിതാവായി വേടൻ എന്ന ഒരു വിവാദ കഥാപാത്രത്തെയാണ് പ്രകാശ്‌ രാജ് വാഴിച്ചത്. ആരാണീ വേടൻ? മയക്കുമരുന്നു കേസിലും സ്ത്രീപീഡന കേസിലും വിചാരണ നേരിടുന്ന ഒരു പ്രിഡേറ്റർ. അയാൾക്ക് സംസ്ഥാന അവാർഡ് നൽകി ആദരിക്കുന്നതിനെ ഒരു "സ്ത്രീശാക്തീകരണ സംഘവും' ഇതേവരെ എതിർത്തു കണ്ടില്ല. നടൻ ദിലീപിന്‍റെ കാര്യത്തിൽ രോഷം കൊണ്ട, വിലാപം കൊണ്ട സിനിമയിലെ സ്ത്രീശാക്തീകരണക്കാർ ഇക്കാര്യത്തിൽ പക്ഷേ, ഒന്നും പറഞ്ഞതായി കേട്ടില്ല. നടൻ ദിലീപിനെ ദൂരെ കാണുന്നതു പോലും അപരാധമാണെന്നു പറഞ്ഞ വിപ്ലവകാരികളാണ് വേടന്‍റെ കാര്യത്തിൽ നിശബ്ദരായിരിക്കുന്നത്. ദിലീപിന് ഒരു നീതി, വേടന് മറ്റൊരു നീതി. അതാണു മലയാള സിനിമയിലെ സമകാലിക രാഷ്‌ട്രീയം.

മലയാള ഗാനസാഹിത്യത്തിന്‍റെ ചരിത്രം പ്രകാശ് രാജിന് അറിയണമെന്നില്ല. പി. ഭാസ്കരൻ, വയലാർ രാമവർമ, ഒ.എൻ.വി. കുറുപ്പ്, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, പൂവച്ചൽ ഖാദർ, ഗിരീഷ് പുത്തഞ്ചേരി, റഫീഖ് അഹമ്മദ്, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നു തുടങ്ങി പ്രതിഭാ സമ്പന്നരായ ഒട്ടേറെ ഗാനരചയിതാക്കൾ ഭാവനാപൂർണവും അർഥസമ്പന്നവുമായ വരികൾ എഴുതി മലയാളിയുടെ ഗാനാസ്വാദനത്തെ മികവുറ്റതാക്കി. കെ. രാഘവൻ, ജി. ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ മാസ്റ്റർ എന്നു തുടങ്ങിയ ജീനിയസുകൾ ഈണം നൽകിയ വരികൾ കേട്ടു വളർന്ന മലയാളി. എ.എം. രാജയും കമുകറ പുരുഷോത്തമനും എ.പി. ഉദയഭാനവും ജയചന്ദ്രനും ബ്രഹ്മാനന്ദനും എം ജി ശ്രീകുമാറും മുതൽ ദൈവത്തിന്‍റെ സ്വരം മലയാളിയെ കേൾപ്പിച്ച യേശുദാസ് വരെ; ഒപ്പം പി. ലീല, എസ്. ജാനകി, പി. സുശീല, മാധുരി, ചിത്ര, സുജാത എന്നിങ്ങനെ അസംഖ്യം ഗായകർ പാടി പതിപ്പിച്ച ഗാനങ്ങൾ കേട്ടു വളർന്ന മലയാളികൾ. രവീന്ദ്രൻ, ജോൺസൺ, ഔസേപ്പച്ചൻ, മോഹൻ സിത്താര, വിദ്യാധരൻ മാഷ് എന്നിങ്ങനെ എത്ര പേരാണ് നമ്മുടെ സംഗീത സംസ്കാരത്തെ തുടർന്നും പരിപോഷിപ്പിച്ചത്.

ആ മഹത്തായ ഗാനസംസ്കാരത്തെ ഒറ്റുകൊടുക്കുക എന്ന ദ്രോഹമാണ് ഗാനരചനയ്ക്ക് വേടൻ എന്ന വ്യക്തിക്ക് സംസ്ഥാന അവാർഡ് നൽകുന്നതിലൂടെ പ്രകാശ് രാജ് നിർവഹിച്ചത്. വേടൻ എഴുതിയതാണ് ഗാനം എന്നു കരുതുന്ന പ്രകാശ് രാജിനെക്കുറിച്ച് അല്പം പോലും അസൂയയില്ല; പക്ഷേ, അവജ്ഞയുണ്ട്. മമ്മൂട്ടിയെപ്പോലെയുള്ള ഒരു മഹാനടൻ വേടനോടൊപ്പം ഒരേ വേദിയിൽ ഇരുന്ന് അവാർഡ് വാങ്ങണോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി