#അഡ്വ. ജി. സുഗുണന്
ഏഷ്യയിലെ ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നാണ് മ്യാന്മര്. 1989 വരെ ബര്‍മ എന്നാണ് ഈ രാജ്യം അറിയപ്പെട്ടിരുന്നത്. 1824 മുതല്‍ 1856 വരെയുളള കാലഘട്ടങ്ങളില്‍ നടന്ന 3 ആംഗ്ലോ- ബര്‍മീസ് യുദ്ധങ്ങളിലൂടെ ബര്‍മ ബ്രട്ടീഷ് ഇന്ത്യയുടെ പ്രവിശ്യയായിത്തീര്‍ന്നു. 1937ല്‍ ബര്‍മയെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തി.
1942ല്‍ ജപ്പാന് ബര്‍മയെ കീഴടക്കിയെങ്കിലും 1945ല്‍ ബ്രിട്ടന് അധികാരം തിരിച്ചു പിടിച്ചു. 1948 ജനുവരി 4ന് ബര്‍മ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും സ്വതന്ത്ര്യം നേടി. യുതു ആദ്യ പ്രധാനമന്ത്രിയായി. 1958ലുണ്ടായ ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് യുതു സൈന്യാധിപന് നെവിന് അധികാരം കൈമാറി. അതോടെ ബര്‍മയില്‍ പട്ടാള ഭരണത്തിന് തുടക്കമായി. 1962ല്‍ ജനറല്‍ നെവിന് രക്തരഹിതമായ ഒരു വിപ്ലവത്തിലൂടെ എല്ലാ അധികാരങ്ങളും സ്വായത്തമാക്കി. 1989ല്‍ ജനറല്‍ സോമോങ് മ്യാന്മറില് അധികാരം പിടിച്ചെടുക്കുകയും, പട്ടാള നിയമം നടപ്പാക്കുകയും ചെയ്തു. ജനാധിപത്യത്തിനു വേണ്ടിയുളള എല്ലാ പ്രക്ഷാഭണങ്ങളേയും സൈന്യം അടിച്ചമര്‍ത്തി.
തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാന്മര്. ബംഗ്ലാദേശ്, ചൈന, ഇന്ത്യ, തായ്ലന്ഡ്, ലാവോസ് എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ തേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് മ്യാന്മര്. മൊത്തം തേക്ക് കയറ്റുമതിയില്‍ 80 ശതമാനവും മ്യാന്മറില് നിന്നാണ്.
മ്യാന്മറിന്റെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയിരുന്ന അങ്സാനിന്റെ മകളാണ് അങ്സാന് സു ചി. 1988ല്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമൊക്രസി എന്ന പാര്‍ട്ടി രൂപീകരിച്ചു കൊണ്ടായിരുന്നു സു ചിയുടെ രാഷ്ട്രീയ പ്രവേശനം. 1989ല്‍ പട്ടാള ഭരണകൂടം അവരെ വീട്ടുതടങ്കലിലാക്കി. 1990ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ അവരുടെ പാര്‍ട്ടി ബഹുഭൂരിപക്ഷം സീറ്റും നേടി. എന്നാല്‍ നിയമസഭ വിളിച്ചു കൂട്ടാനോ, അധികാരം കൈമാറാനോ പട്ടാളം തയാറായില്ല. വീണ്ടും തെരഞ്ഞെടുപ്പില്‍ക്കൂടി അവര്‍ അധികാരത്തില്‍ വന്നെങ്കിലും 2021ല്‍ പട്ടാള ഭരണം ആ ഗവണ്‍മെന്റെിനെ അട്ടിമറിക്കുകയും അങ്സാന് സു ചിയെ വിവിധ കേസുകളില്‍പ്പെടുത്തി തടവിലാക്കുകയും ചെയ്തിരിക്കുകയാണ്.
മ്യാന്മറിലെ കിരാതമായ പട്ടാള ഭരണത്തിനെതിരായി ശക്തമായ പ്രതിഷേധമാണ് രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്നത്. സ്വന്തം ജനതയെ കൊന്നൊടുക്കിക്കൊണ്ടാണ് പട്ടാള ഭരണകൂടം ഇതിനെ നേരിടുന്നത്. വിമത മേഖലയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. പട്ടാള ഭരണത്തെ എതിര്‍ക്കുന്ന വടക്കു പടിഞ്ഞാറന്‍ സാഗിങ് മേഘലയിലെ ഒരു ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്ന ആക്രമണം. സ്കൂള്‍ വിദ്യാർഥികളും സ്ത്രീകളും റിപ്പോര്‍ട്ടര്‍മാരുമടക്കം 50നും 100നും ഇടയിലുളള ആളുകള്‍ കൊല്ലപ്പെട്ടന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 20നും 30നും ഇടയില്‍ വരും കുട്ടികളുടെ മരണ സംഖ്യ. നിരവധി പ്രതിപക്ഷ സംഘടനകളുടെ നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. മരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ല. മധ്യ സാഗിങ് മേഖലയിലെ ഒരു കമ്യൂണിറ്റി ഹാളില്‍ ആക്രമണം നടത്തിയായി മ്യാന്മര് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. സമീപ കാലത്ത് സൈന്യം രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
അടുത്തിടെയാണ് പ്രാദേശികമായി പട്ടാള മേധാവികളുടെ സര്‍ക്കാരിനെതിരെ പോരാടാന്‍ പീപ്പിള്‍സ് ഡിഫെന്‍സ് ഫോഴ്സ് (പിഡിഎഫ്) എന്ന സായുധ സംഘം രൂപികരിച്ചത്. സംഘത്തിന്റെ ഓഫിസ് ഉദ്ഘാടനത്തിനായി ആളുകള്‍ ഒത്തുകൂടിയ സമയത്താണ് വ്യോമാക്രമണം നടത്തിയത്. ആദ്യം ഗ്രാമത്തിനു മുകളില്‍ 2 ബോംബുകള്‍ വര്‍ഷിക്കുകയും, പിന്നാലെ ഹെലികോപ്റ്ററില്‍ നിന്ന് വെടി ഉതിര്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ചിലര്‍ യൂണിഫോം ധരിച്ച സൈനിക അട്ടിമറി വിരുദ്ധ പോരാളികളാണ്. സാധാരണ ജനങ്ങളും ചടങ്ങിനെത്തിയിരുന്നു. ഛിന്നഭിന്നമായ മൃതദേഹങ്ങള്‍ കിടക്കുന്നതും നിരവധി കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചതുമായ കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിഡിഎഫ് എന്നറിയപ്പെടുന്ന ഗ്രൂപ്പുകള്‍ കുഴിച്ച ഖനികളാണ് ചില മരണങ്ങള്‍ക്ക് കാരണമായതെന്നും സൈനിക വക്താവ് സോമിന് ടൂനിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
നാഷണല്‍ യൂണിറ്റി സര്‍ക്കാരിന്റെ സായുധ വിഭാഗമാണ് പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സ്. തങ്ങളാണ് രാജ്യത്തെ യഥാർഥ സര്‍ക്കാര്‍ എന്നാണ് ഇവർ അവകാശപ്പെടുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ആക്രമണത്തെ ശക്തമായി അപലപിച്ചു. മ്യാന്മര് സൈന്യം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയതെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. നൃത്തം ചെയ്തുകൊണ്ടിരുന്ന സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ആക്രമണത്തിനിരയായി. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരും- വോള്‍ക്കര്‍ ടുര്‍ക്ക് പറഞ്ഞു.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേലും ആക്രമണത്തിനെതിരെ രംഗത്തെത്തി. മ്യാന്മര് സൈന്യം മനുഷ്യ ജീവന് വിലകല്‍പ്പിക്കുന്നില്ലെന്നും പട്ടേല്‍ അരോപിച്ചു. ആക്രമണത്തെ യൂറോപ്യന്‍ യൂണിയനും അപലിപിച്ചിട്ടുണ്ട്. മ്യാന്മറില് പട്ടാള ഭരണം വീണ്ടും അധികാരത്തില്‍ വന്ന 2021 ഫെബ്രുവരിക്കും, 2023 ജനുവരിക്കുമിടയില്‍ 600ലധികം വ്യോമാക്രമണങ്ങള്‍ മ്യാന്മര് സൈന്യം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പട്ടാളം നടത്തുന്ന മനുഷ്യക്കുരുതിക്കെതിരേ അന്താരാഷ്ട്ര സമൂഹം രംഗത്തു വരണമെന്ന് മ്യാന്മറിലെ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാന്മറിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള നാഷണല്‍ യൂണിറ്റി കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സിലും രാജ്യത്തെ വംശീയ ഗ്രൂപ്പുകളുടെ നേതൃത്വവും ഇതേ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.
മ്യാന്മറിലെ തന്ത്ര പ്രധാനമായ പല പ്രദേശങ്ങളുടെയും നിയന്ത്രണം ഇപ്പോള്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വംശീയ ഗ്രൂപ്പുകള്‍ക്കുമാണ്. അധികാരത്തിലുളള പട്ടാള ഭരണകൂടത്തിന് ഈ പ്രദേശങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ല.
കൊല ചെയ്യപ്പെട്ട നിരപരാധികള്‍ക്ക് നീതി ലഭ്യമാക്കാനും, ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് അനുസൃതമായി ഒരു ജനാധിപത്യ ഭരണകൂടം രാജ്യത്ത് സ്ഥാപിക്കാനും വേണ്ടിയാണ് തങ്ങള്‍ നിലകൊളളുന്നതെന്ന് നാഷണല്‍ യൂണിറ്റി കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ (എന്യുസിസി) വ്യക്തമാക്കി.
എല്ലാ സ്വേച്ഛാധിപത്യ- പട്ടാള ഭരണകൂടങ്ങളും ചെയ്യുന്നതു പോലെ മ്യാന്മറിലെ കൂട്ടക്കുരുതിയെ മിലിട്ടറി ജൂണ്ട ന്യായീകരിച്ചിരിക്കുകയാണ്. പാരലല്‍ സര്‍ക്കാരുണ്ടാക്കി നിലവിലുളള ഗവണ്മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് പട്ടാളത്തിന് ബലം പ്രയോഗക്കേണ്ടി വന്നതെന്ന് മിലിട്ടറി ജൂണ്ട വക്താവ് സാമിന് ടന്‍ പറയുന്നു. സര്‍ക്കാരിനെതിരേ കലാപം നടത്തുന്നതിനു വേണ്ടി മാരകായുധങ്ങള്‍ ഇക്കൂട്ടര്‍ സംഭരിച്ചു വച്ചിരുന്നതായും ഇദ്ദേഹം പറഞ്ഞു. വെടിയേറ്റ് മരിച്ചവരില്‍ പലര്‍ക്കും പട്ടാള യൂണിഫോം ഉണ്ടായിരുന്നെന്നും വക്താവ് ആരോപിച്ചു.
മ്യാന്മറില് മനുഷ്യത്വരഹിതമായി കുഞ്ഞുകുട്ടികളും സ്ത്രീകളുമടക്കമുളള നിരപരാധികളെ കൊന്നൊടുക്കുന്ന മിലിട്ടറി ജൂണ്ടയുടെ നിഷ്ഠൂര നടപടിക്കെതിരേ ലോക ബഹുജന അഭിപ്രായം ഉയര്‍ന്നു വരേണ്ടിയിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ പല രാജ്യങ്ങളും ഈ വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഈ രാജ്യങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നത്. മ്യാന്മറിലെ കിരാതമായ സ്വേച്ഛാധിപത്യത്തിനും, ഭരണകൂട കൂട്ടക്കുരുതിക്കുമെതിരായി ലോകത്തൊട്ടാകെയുളള മനുഷ്യസ്നേഹികള്‍ ശക്തമായിത്തന്നെ പ്രതികരിക്കുമെന്നതില്‍ സംശയമില്ല.