മുന്നേറാൻ ഇനിയുമേറെ ദൂരം...
ഒക്റ്റോബർ 20- മെട്രൊ വാർത്ത പ്രസാധനത്തിന്‍റെ 18ാം വർഷത്തിലേക്കു കടക്കുന്ന ദിവസം. മുന്നേറാൻ ഇനിയുമേറെ ദൂരം. ഈ പ്രയാണത്തിലൂടെ സമൂഹത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് മെട്രൊ വാർത്തയുടെ ലക്ഷ്യം.
ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുകയും അതിനുവേണ്ടി അധികാരികളുമായി സംവദിക്കുകയുമാണ് മാധ്യമ ധർമം എന്നിരിക്കെ, മെട്രൊ വാർത്തയ്ക്ക് കൂടുതൽ ഉത്തരവാദിത്വങ്ങളുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ എല്ലാവരുടെയും സഹകരണo അഭ്യർഥിക്കുന്നു.
2008ൽ കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രത്തിന് ഇന്ന് ആലപ്പുഴ, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ എഡിഷനുകളുണ്ട്. രണ്ട് പതിറ്റാണ്ടിന്‍റെ പടിവാതിലിൽ എത്തി നിൽക്കുമ്പോൾ, വാർത്തകൾക്കും വാർത്താചിത്രങ്ങൾക്കും രൂപകൽപ്പനയ്ക്കും അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. മലയാള മാധ്യമങ്ങൾക്കിടയിൽ മികച്ച സ്ഥാനം അലങ്കരിക്കാൻ ഈ കുറഞ്ഞ കാലംകൊണ്ട് സാധിച്ചു.
പതിനെട്ടിന്‍റെ പ്രതിജ്ഞ
2018ലെ മഹാപ്രളയത്തിനു ശേഷം ഇന്നുവരെ പ്രകൃതി ശാന്തത അറിഞ്ഞിട്ടില്ല. കാലാവസ്ഥ താളക്രമം വീണ്ടെടുത്തിട്ടില്ല. പുനർനിർമാണം ഊർജിതമായി നടക്കേണ്ട സമയമാണെങ്കിലും അതിനുള്ള സാവകാശം അനുവദിക്കാതെ പ്രകൃതി കോപാകുലയായി തുടരുന്നു. കാലവർഷവും തുലാവർഷവും ഇതുവരെ ഒരു ഇടവേള പോലും നൽകിയില്ല എന്നതും ഓർമിക്കണം. പ്രകൃതിയുമായി യുദ്ധത്തിൽ ഏർപ്പെടുകയല്ല, പ്രകൃതിയുടെ താളം തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾക്കു ശ്രമിക്കുകയാണു വേണ്ടത്. അതിൽ ഏറ്റവും പ്രധാനം നമ്മുടെ സമ്പത്തും സവിശേഷതയുമായ ജലസ്രോതസുകളെ വീണ്ടെടുക്കുക എന്നതു തന്നെ. വിവിധ ജനകീയ കൂട്ടായ്മകൾ പുഴകളുടെ അകാല മരണത്തിനെതിരേ അതതു പ്രദേശങ്ങളിൽ ശബ്ദമുയർത്തുന്നുണ്ടെങ്കിലും അവയെല്ലാം ബധിരകർണങ്ങളിലാണ് പതിക്കുന്നത്. അത്തരം ശബ്ദങ്ങൾ പ്രതിദ്ധ്വനിപ്പിക്കാനും എത്തേണ്ടിടത്ത് എത്തിക്കാനും ഈ ജന്മവാർഷികത്തിൽ മെട്രൊ വാർത്ത പ്രതിജ്ഞയെടുക്കുന്നു.
പ്രതിസന്ധികളിലൂടെ മുന്നോട്ട്
രാജ്യത്ത് ആരോഗ്യരംഗം ആകെ തകർന്ന അവസ്ഥയിലാണ്. വിവിധ സാംക്രമിക രോഗങ്ങൾ ജനതയെ കാർന്നു തിന്നുന്നു. ഒപ്പം അവശ്യസാധനങ്ങളുടെ വിലക്കയറ്റം കൂടിയായപ്പോൾ ജനങ്ങൾക്ക് പെടാപ്പാട് മാത്രം. പ്രസിദ്ധീകരണ രംഗത്താകട്ടെ, കടലാസ് അടക്കമുള്ള പ്രിന്‍റിങ് സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം ഈ മേഖലയെയും അനുദിനം പ്രതിസന്ധിയിലേക്കു തള്ളിയിടുകയാണ്. ഇതെല്ലാം തരണം ചെയ്താണ് മെട്രൊ വാർത്ത പ്രസാധനത്തിന്‍റെ പതിനെട്ടാം വർഷത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ഈ കാലയളവിൽ ഞങ്ങളോടു സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു, ഒപ്പം, തുടർന്നും അകമഴിഞ്ഞ പിന്തുണയും പ്രതീക്ഷിക്കുന്നു.