നരേന്ദ്രമോദി

 
Special Story

മോദിയും നവ ആരോഗ്യ സംരക്ഷണ പദ്ധതികളും

നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയുടെ ആരോഗ്യ സംരക്ഷണനയം ക്ഷേമത്തിന്‍റെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നു വളരെയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു

ഡോ. ദേവി പ്രസാദ് ഷെട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയുടെ ആരോഗ്യ സംരക്ഷണനയം ക്ഷേമത്തിന്‍റെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നു വളരെയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു. 2047ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്ന തന്ത്രത്തിന്‍റെ കാതലായാണ് ഇതു നിലകൊള്ളുന്നത്. ആരോഗ്യത്തെ ചെലവായി കണക്കാക്കുന്നതിനു പകരം നിക്ഷേപമായി പരിഗണിക്കുന്നതിലൂടെ, ആരോഗ്യ മേഖലയിലെ മെച്ചപ്പെട്ട ഭരണം മികച്ച സാമ്പത്തിക നയം കൂടിയാണെന്ന് ഈ സംരംഭങ്ങള്‍ തെളിയിച്ചു. അവ രോഗഭാരം കുറയ്ക്കുകയും കുടുംബങ്ങളുടെ സമ്പാദ്യം സംരക്ഷിക്കുകയും സുസ്ഥിര വളര്‍ച്ചയുടെ യഥാര്‍ഥ ചാലകശക്തിയായ മാനുഷിക മൂലധനം പുറത്തു കൊണ്ടുവരികയും ചെയ്യുന്നു.

രോഗപ്രതിരോധ

നടപടികളുടെ വേരുകള്‍

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തേ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ മോദി താത്പര്യം കാട്ടിയിരുന്നു. അവിടെ അദ്ദേഹം സമയബന്ധിതമായ ഇടപെടലുകള്‍ക്കും എളുപ്പത്തില്‍ പ്രാപ്യമാക്കാവുന്ന സേവനങ്ങള്‍ക്കും ഊന്നല്‍ നല്‍കി. 108 എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്, ഗ്രാമീണ- നഗര ജനതയ്ക്കു ദ്രുതഗതിയില്‍ വൈദ്യസഹായം എന്നിവ ലഭ്യമാക്കി. അതിലൂടെ മരണനിരക്കു കുറച്ചു. രോഗത്തെത്തുടര്‍ന്നു ജോലിക്കു പോകാതിരിക്കുന്ന അവസ്ഥയ്ക്കും മാറ്റം കൊണ്ടുവന്നു.

ഒപ്പം, ഗോത്രവര്‍ഗ, ഗ്രാമീണ കുട്ടികള്‍ക്കായുള്ള "പോഷണ്‍' പോഷകാഹാര പരിപാടി സൂക്ഷ്മ പോഷകങ്ങളുടെ കുറവുകള്‍ പരിഹരിക്കുകയും പഠനശേഷി മെച്ചപ്പെടുത്തുകയും ചെയ്തു. പ്രതിരോധത്തില്‍ നിക്ഷേപിക്കുന്നത് ഉത്പാദനക്ഷമതയിലും സമൃദ്ധിയിലും മെച്ചമേകുമെന്ന തത്വം ആ ആദ്യകാല പരീക്ഷണങ്ങള്‍ വെളിവാക്കി. ഇതു പിന്നീടു ദേശീയ പരിഷ്‌കാരങ്ങള്‍ക്കു രൂപം നല്‍കി.

ദേശീയ തലത്തിലേക്ക്

ദേശീയ നേതൃത്വം ഏറ്റെടുത്തപ്പോള്‍, മോദി ഈ പാഠങ്ങള്‍ അഭൂതപൂര്‍വമായ വ്യാപ്തിയുള്ള പരിപാടികളിലേക്കു വിപുലീകരിച്ചു. 2018ല്‍ ആരംഭിച്ച "ആയുഷ്മാന്‍ ഭാരത്' പൊതുജന ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായി മാറി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 കോടിയിലധികം പൗരന്മാരെ ഇത് ഉള്‍ക്കൊള്ളുന്നു. ദുരന്തസമാനമായ ചികിത്സാ ബില്ലുകളില്‍ നിന്നു കുടുംബങ്ങളെ സംരക്ഷിക്കുന്നതിലൂടെ, രോഗം കാരണം ദാരിദ്ര്യത്തിലേക്കു പതിക്കുന്നത് ഒഴിവാക്കാന്‍ ദശലക്ഷക്കണക്കിനു പേരെ ഇതു സഹായിച്ചു. ഈ പദ്ധതി രോഗികളെ പട്ടികപ്പെടുത്തിയിട്ടുള്ള ആശുപത്രികളിലേക്കു നയിക്കുന്നു. ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും ദ്വിതീയ- ത്രിതീയ പരിചരണത്തില്‍ മത്സരാധിഷ്ഠിത ആവാസവ്യവസ്ഥ വളര്‍ത്തുകയും ചെയ്യുന്നു.

2018ല്‍ ആരംഭിച്ച "പോഷണ്‍ അഭിയാന്‍' ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൊച്ചുകുട്ടികള്‍ എന്നിവരിലെ പോഷകാഹാരക്കുറവു പരിഹരിക്കുന്നു. അനുബന്ധ പോഷകാഹാരം, വളര്‍ച്ചാ നിരീക്ഷണം, പെരുമാറ്റ വ്യതിയാനത്തിനായുള്ള പ്രചാരണങ്ങള്‍ എന്നിവ ആരോഗ്യമുള്ള അമ്മമാരെയും ശക്തരായ കുഞ്ഞുങ്ങളെയും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ശൈശവത്തിലെ മികച്ച പോഷകാഹാരം വൈജ്ഞാനിക വികാസവും ഭാവിയിലെ വരുമാന ശേഷിയും നേരിട്ടു മെച്ചപ്പെടുത്തുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ സാധാരണക്കാര്‍ക്കു താങ്ങാനാകുന്ന നിരക്കില്‍ ലഭ്യമാക്കാൻ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വലിയ ഉത്തേജനമാണു നല്‍കിയത്. 16,900ലധികം ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ വലിയ വിലക്കുറവില്‍ വിതരണം ചെയ്യുന്നതിനാല്‍ ഉയര്‍ന്ന വിലയുള്ള ബ്രാന്‍ഡഡ് മരുന്നുകള്‍ക്കായി ചെലവഴിച്ചിരുന്ന പണം ഭക്ഷണം, വിദ്യാഭ്യാസം, ചെറുകിട വ്യാപാര നിക്ഷേപങ്ങള്‍ എന്നിവയ്ക്കായി മാറ്റിവയ്ക്കാന്‍ കുടുംബങ്ങള്‍ക്കിപ്പോള്‍ സാധിക്കുന്നു.

ശുചിത്വ ഭാരത യജ്ഞം പൊതുജനാരോഗ്യ വിപ്ലവം കൂടിയാണ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിര്‍മിച്ച ദശലക്ഷക്കണക്കിനു ശൗചാലയങ്ങള്‍ തുറന്ന സ്ഥലത്തെ മലമൂത്ര വിസര്‍ജനം ഗണ്യമായി കുറയ്ക്കുകയും ജലജന്യ രോഗങ്ങള്‍ കുറയ്ക്കുകയും പ്രതിവര്‍ഷം 60,000- 70,000 ശിശുക്കളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു.

"ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പോലുള്ള സ്ത്രീകേന്ദ്രീകൃത സംരംഭങ്ങള്‍ ലിംഗാനുപാതം മെച്ചപ്പെടുത്തുകയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഡിജിറ്റല്‍ ആരോഗ്യ ഉപകരണങ്ങളും ആയുഷ്മാന്‍ ഭാരത് ആരോഗ്യ മന്ദിരങ്ങളും ഏറ്റവും ചെറിയ ജനവിഭാഗങ്ങളിലേക്കു പോലും സ്‌ക്രീനിങ്, ടെലികണ്‍സള്‍ട്ടേഷന്‍, ഇലക്‌ട്രോണിക് ആരോഗ്യ രേഖകള്‍ എന്നിവ എത്തിക്കുന്നു.

പ്രതിരോധത്തിന്‍റെ

സാമ്പത്തിക ശാസ്ത്രം

ശുചിത്വഭാരത യജ്ഞത്തിലൂടെ ഓരോ ഗ്രാമീണ കുടുംബത്തിനും പ്രതിവര്‍ഷം 50,000 രൂപ ലാഭിക്കാനാകുമെന്നു യുണിസെഫിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ പരിഷ്‌കാരങ്ങള്‍ക്കു പിന്നിലെ സാമ്പത്തിക യുക്തി ശ്രദ്ധേയമാണ്. 2013-14 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ആരോഗ്യരംഗത്തെ മൊത്തം ചെലവിന്‍റെ 64% വ്യക്തികളുടെ കീശയില്‍ നിന്നായിരുന്നു, അതു വലിയ വെല്ലുവിളിയായിരുന്നു. 2021-22ഓടെ ഇത് 39% ആയി കുറഞ്ഞു. ഇന്‍ഷ്വറന്‍സ് പരിരക്ഷ വര്‍ധിപ്പിച്ചതും മരുന്നുകള്‍ക്കു സബ്‌സിഡി നല്‍കിയതും ശുചിത്വം മെച്ചപ്പെടുത്തിയതുമാണ് ഈ മാറ്റത്തിനു പ്രധാന കാരണം. അസുഖങ്ങള്‍ക്കായി വ്യക്തിഗതമായി ചെലവഴിക്കുന്ന പണം കുറയുന്നതു കുടുംബങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കാനും സമ്പാദ്യം കൂട്ടാനും സാമ്പത്തിക മേഖലയിലെ പങ്കാളിത്തം ശക്തമാക്കാനും സഹായിക്കുന്നു.

ശുദ്ധമായ കുടിവെള്ളം, മെച്ചപ്പെട്ട ശൗചാലയങ്ങള്‍, മാതൃ- ശിശു പോഷകാഹാരം തുടങ്ങിയ പ്രതിരോധ ഇടപെടലുകളും സാമ്പത്തിക വിദഗ്ധര്‍ "ബാഹ്യ കാര്യങ്ങള്‍' എന്നു വിളിക്കുന്ന നേട്ടങ്ങള്‍ക്കു കാരണമാകുന്നു; അതായത്, നേരിട്ടുള്ള ഗുണഭോക്താവിന് അപ്പുറത്തേക്കു വ്യാപിക്കുന്ന ആനുകൂല്യങ്ങള്‍. അസുഖം കാരണം ജോലിയില്‍ നിന്ന് അവധിയെടുക്കുന്നതു കുറയുമ്പോള്‍, അതു ഫാക്റ്ററികളിലും കൃഷിയിടങ്ങളിലും ഓഫിസുകളിലും സ്ഥിര ജോലി ഉറപ്പാക്കുന്നു. പോഷകാഹാര കുറവ് ഇല്ലാതാകുന്ന കുട്ടികള്‍ സ്‌കൂളില്‍ മികച്ച വിജയം നേടുകയും ഉയര്‍ന്ന വരുമാനമുള്ള മുതിര്‍ന്നവരായി മാറുകയും ചെയ്യുന്നു. ആരോഗ്യമുള്ള കുടിയേറ്റ തൊഴിലാളികള്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും പരിശീലനച്ചെലവുകളും കുറയ്ക്കുന്നു, അതിലൂടെ തൊഴിലുടമകള്‍ക്കും ലാഭമുണ്ടാകുന്നു.

ആയുഷ്മാന്‍ ഭാരതിലൂടെയുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ രണ്ടാംനിര, മൂന്നാംനിര ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളില്‍ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിച്ചു. രോഗികള്‍ക്കു പണം ചെലവാക്കല്‍ ശേഷി കുറവായതിനാല്‍ ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന ജില്ലകളില്‍ ഇപ്പോള്‍ ആശുപത്രികള്‍, ലാബുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ കച്ചവട സാധ്യതകള്‍ കാണുന്നു. അതിലൂടെ ആരോഗ്യ സംരംഭകത്വത്തിന്‍റെ പുതിയ തരംഗത്തിനു പൊതു ധനസഹായം വിത്തു പാകുന്നു, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സേവന ലഭ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഉപസംഹാരം

2014 മുതല്‍ ഇന്ത്യയുടെ ആരോഗ്യ മേഖലയിലുണ്ടായ പരിവര്‍ത്തനം എങ്ങനെയാണു ഗവണ്മെന്‍റിനു പൊതുനയങ്ങള്‍ ഉപയോഗിച്ചു തുല്യതയും സാമ്പത്തിക മുന്നേറ്റവും ഒരുമിച്ചു കൈവരിക്കാന്‍ കഴിയുന്നതെന്നു കാണിച്ചുതരുന്നു. ആരോഗ്യ സംരക്ഷണത്തെ ഉത്പാദനക്ഷമതയുടെ സ്തംഭമായി പുനര്‍നിര്‍മിച്ച്, മോദി ഈ മേഖലയിലെ കാഴ്ചപ്പാടിനെ കാരുണ്യത്തില്‍ നിന്നു നിക്ഷേപത്തിലേക്കു മാറ്റി. രോഗവും കടക്കെണിയും കാരണം കുടുങ്ങിപ്പോയ കുടുംബങ്ങള്‍ ഇപ്പോള്‍ വരുമാനം നിലനിര്‍ത്താനും, കുട്ടികളെ പഠിപ്പിക്കാനും ഔദ്യോഗിക വിപണികളില്‍ സംഭാവന നല്‍കാനും തുടങ്ങി. ഒരുകാലത്തു വൈദ്യസുരക്ഷ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഗ്രാമങ്ങളില്‍ സംരംഭകര്‍ പുതിയ ഉപയോക്താക്കളെ കണ്ടെത്തുന്നു. മെച്ചപ്പെട്ട ആരോഗ്യത്താലും ശുചിത്വത്താലും ശാക്തീകരിക്കപ്പെട്ട ദശലക്ഷക്കണക്കിനു സ്ത്രീകള്‍ തൊഴില്‍ ശക്തിയിലും പൊതുജീവിതത്തിലും സ്ഥാനം ഉറപ്പിക്കുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങള്‍ക്കു മോദിയെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം, നടപ്പാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പരിഷ്‌കാരമാണിത്. 387 മെഡിക്കല്‍ കോളെജുകള്‍ നിര്‍മിക്കാന്‍ നാം എടുത്തത് 60 വര്‍ഷത്തിലേറെയാണ്. എന്നാല്‍, വെറും 10 വര്‍ഷത്തിനുള്ളില്‍ ഇത് 780 മെഡിക്കല്‍ കോളെജുകളായി ഉയര്‍ന്നു. അതുപോലെ 2014ല്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളെ പരിശീലിപ്പിക്കാൻ 28,500 ബിരുദാനന്തര സീറ്റുകളാണു നമുക്കുണ്ടായിരുന്നത്. ഇന്ന് 75,092 ബിരുദാനന്തര സീറ്റുകളുണ്ട്. ഇന്ന് ഇന്ത്യയില്‍ ഓരോ വര്‍ഷവും 1,18,000ലധികം ഡോക്റ്റര്‍മാര്‍ പുറത്തിറങ്ങുന്നു. ഇതു ലോകത്തെ ഏറ്റവും വലിയ സംഖ്യയാണ്. ഡോക്റ്റര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരിലാണ് ആരോഗ്യസേവനത്തിന്‍റെ അടിത്തറ. ഇന്ന് ഇന്ത്യ സ്വന്തം രാജ്യത്തിനു മാത്രമല്ല, ലോകത്തെ മറ്റു ഭാഗങ്ങള്‍ക്കും കൂടി ആരോഗ്യസേവനം നല്‍കാന്‍ കഴിവുള്ള ഏറ്റവും വലിയ വിദഗ്ധ തൊഴിലാളിസംഘത്തെ സൃഷ്ടിക്കുന്നു.

ഇന്ത്യ 2047ലേക്കു മുന്നേറുമ്പോള്‍ ഈ ആരോഗ്യ പരിഷ്‌കാരങ്ങളുടെ ഗുണഫലങ്ങള്‍ വര്‍ധിക്കും. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, വര്‍ധിച്ച വരുമാനം, സ്വന്തം ഭാവി നിര്‍ണയിക്കാന്‍ കഴിവുള്ള ജനത എന്നിവ ഇതിന്‍റെ ഫലമായി സൃഷ്ടിക്കപ്പെടും. ഏവരെയും ഉള്‍ക്കൊള്ളുന്ന പ്രതിരോധപരമായ ആരോഗ്യ സംരക്ഷണം ഇനി ചെറിയ വിഷയമല്ല; അതു ദേശീയ ശക്തിയുടെ നട്ടെല്ലും സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള നിര്‍ണായക ഉപകരണവുമാണ്.

പാക്കിസ്ഥാനെതിരേ പൊരുതി കാമിന്ദു മെൻഡിസ്; 134 റൺസ് വിജയലക്ഷ‍്യം

ബെൻ സ്റ്റോക്സും മാർക്ക് വുഡും തിരിച്ചെത്തി; ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമായി

1983 ലോകകപ്പ് ഫൈനൽ ഉൾ‌പ്പടെ നിരവധി മത്സരങ്ങൾ നിയന്ത്രിച്ചു; അംപയർ ഡിക്കി ബേർഡിന് വിട

ഓപ്പറേഷൻ നുംഖോർ: പരിവാഹൻ സൈറ്റിലുൾപ്പടെ തിരിമറി നടത്തി, 36 വാഹനങ്ങൾ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മിഷണർ

ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറത്ത് വെടിവയ്പ്പ്; പൊലീസ് അന്വേഷണം ആരംഭിച്ചു