പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹസ്മുഖ് അധിയ
നരേന്ദ്ര മോദിയുടെ കീഴില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലങ്ങളിലെ വിവിധ ചുമതലകളില്‍ രണ്ടു പതിറ്റാണ്ടോളം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് 2004 -2006ൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചപ്പോഴാണ്. അദ്ദേഹത്തിന്‍റെ അപാരമായ ദാര്‍ശനിക മികവും ഭാവി മുന്‍കൂട്ടി കാണാനുള്ള വൈഭവവും പ്രസിദ്ധമാണെങ്കിലും, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഒരു വലിയ സംഘത്തെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ള കഴിവും നിർവഹണ കലയും വളരെക്കുറച്ചുമാത്രമേ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളൂ.
ഒരു മാനെജ്മെന്‍റ് വിദ്യാർഥിയെന്ന നിലയില്‍, ഞാനിതു സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. മാനെജ്മെന്‍റ് തത്വങ്ങളെക്കുറിച്ചുള്ള ഔപചാരിക ജ്ഞാനമില്ലാതെ തന്നെ അദ്ദേഹം അതിന്‍റെ ചില തത്വങ്ങള്‍ അവബോധപൂർവം ഉപയോഗിക്കുന്നുണ്ട്. ഓരോ ജോലിക്കും അനുയോജ്യനായ വ്യക്തിയെ തിരിച്ചറിയാനുള്ള ശേഷിയാണ് അദ്ദേഹത്തിന്‍റെ മികവ്. ഒരു വ്യക്തിയിലെ പ്രതിഭ തിരിച്ചറിയാനുള്ള നൈസർഗികശേഷി അദ്ദേഹത്തിനുണ്ട്. വ്യക്തികളെ ഉന്നതമായ ചുമതലകളിലേക്ക് അദ്ദേഹം തെരഞ്ഞെടുത്ത് നിയോഗിക്കുന്നു. ഇക്കാര്യത്തില്‍ വളരെ അപൂര്‍വമായി മാത്രമേ അദ്ദേഹത്തിനു തെറ്റു പറ്റൂ. ഒരു ജോലിക്ക് അനുയോജ്യ വ്യക്തിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവർക്ക് സ്ഥിരതയാര്‍ന്ന കാലാവധി അനുവദിക്കും. ഭരണത്തില്‍ അതാണ് ആവശ്യം.
തുടര്‍ന്ന് ഓരോ കാര്യത്തിന്‍റെയും വിശദാംശങ്ങളിലേക്കു കടക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ശീലം. ഏതൊരു യോഗത്തിലും അദ്ദേഹത്തിന്‍റെ മുന്നിലുള്ള എല്ലാം അവതരണങ്ങളും അദ്ദേഹം ക്ഷമയോടെ ശ്രദ്ധിക്കുന്നു. വിഷയം മനസിലാക്കാന്‍ അദ്ദേഹം കൃത്യതയോടെ ചോദ്യങ്ങള്‍ ചോദിക്കുന്നു. അതിനുശേഷം ചില അസാധാരണ ബദല്‍ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. അത് പങ്കെടുക്കുന്നവരെ ആവേശഭരിതരാക്കുക മാത്രമല്ല അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. എന്തുകൊണ്ട് ഈ ആശയങ്ങള്‍ നമുക്ക് മുമ്പ് തോന്നിയില്ലെന്നു നമുക്ക് സ്വയം തോന്നും. ഭാവി സന്നദ്ധമായ ആശയങ്ങളുള്ള ഉന്നത നിലവാരമുള്ള കണ്‍സള്‍ട്ടന്‍റുമാരെ അവര്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഞെട്ടിക്കുന്നതിന് ഞാന്‍ സാക്ഷിയാണ്.
മോദി ഓരോ സര്‍ക്കാര്‍ മന്ത്രാലയത്തിന്‍റെയും അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കായിക മന്ത്രാലയം, ആയുഷ് മന്ത്രാലയം, സാമൂഹിക നീതി മന്ത്രാലയം അങ്ങനെ പോകുന്നു യോഗങ്ങള്‍. ഈ അവലോകന യോഗങ്ങളാണ് വകുപ്പുകളെ ഊർജസ്വലമാക്കി നിലനിര്‍ത്തുന്നത്. 2014 -2018ൽ ധന മന്ത്രാലയത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന നാല് വര്‍ഷ കാലയളവില്‍ ഓരോ മന്ത്രാലയത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ ഒന്നിലധികം തവണ അദ്ദേഹം അവലോകനം ചെയ്യുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
വസ്തുതകള്‍ ശ്രദ്ധാപൂർവം കേട്ട് മനസ്സിലാക്കുന്നതില്‍ അദ്ദേഹം പ്രകടമാക്കുന്ന ക്ഷമ മോദിയെ നേരിട്ട് കാണുന്നവരില്‍ അദ്ഭുതം ജനിപ്പിക്കും. പത്ത് മിനിറ്റായാലും മണിക്കൂറുകള്‍ നീണ്ടാലും, അദ്ദേഹം നിങ്ങളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കും. ശ്രദ്ധ അൽപ്പം പോലും പാളിപ്പോകാറില്ല. അദ്ദേഹം തിരക്കിലാണെന്ന് തോന്നിപ്പിക്കുകയുമില്ല. ഇത്രയധികം ജോലിഭാരമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഇത് ഒരു അത്ഭുതകരമായ ഗുണമാണ്. ഓഫിസിലെ മേശപ്പുറത്ത് ഒരു കടലാസ് കഷണം പോലും അദ്ദേഹം അവശേഷിപ്പിക്കാറില്ല. സ്വന്തം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വര്‍ത്തമാനകാലത്ത് ജീവിക്കാനുള്ള അദ്ദേഹത്തിന്‍റെ ശേഷി ശ്രദ്ധേയമാണ്.
പേരും മുന്‍കാല ഇടപഴകലും ഓര്‍ത്തെടുക്കാനുള്ള ബൂദ്ധികൂർമത പ്രകടമാക്കുമ്പോള്‍ അദ്ദേഹത്തെ കണ്ടുമുട്ടുന്ന എല്ലാവരും സ്തബ്ധരാകുന്നു. പേര് ചൊല്ലി വിളിക്കുന്ന ഈ കല ഒരാളെ പെട്ടെന്ന് തന്നെ അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ പ്രേരിപ്പിക്കുന്നു.
ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ഇത്രയധികം പേരുകള്‍ എങ്ങനെയാണ് ഓര്‍ക്കുന്നതെന്ന് ചോദിച്ചു. പേരുകള്‍ ഓര്‍ക്കാന്‍ ശ്രമിച്ചാല്‍ 50 പേരുകള്‍ പോലും ഓര്‍ത്തെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം എന്നോട് തുറന്നു പറഞ്ഞു. പക്ഷേ, ഒരു മുഖം കാണുമ്പോള്‍, അയാളുടെ പേര് മനസില്‍ ഒരു മിന്നായം പോലെ തെളിഞ്ഞു വരുന്നു. അത് ഈശ്വരന്‍ തനിക്ക് നല്‍കിയ വരദാനമാണെന്ന് അദ്ദേഹം സമ്മതിച്ചു.
മോദി ഒരിക്കൽപ്പോലും ശബ്ദമുയര്‍ത്തുകയോ ഒരാളെയും ശകാരിക്കുകയോ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പുരോഗമിക്കാത്തപ്പോള്‍, ഒരു വ്യക്തിയുടെ പേര് പറയാതെ, ഒരു കൂട്ടം ആളുകളോടുള്ള തന്‍റെ നിരാശ അദ്ദേഹം ചിലപ്പോള്‍ പ്രകടിപ്പിച്ചേക്കും. മോദിയിലേക്ക് എപ്പോഴും ഒട്ടേറെ ആളുകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. എന്നാൽ, ചുറ്റുമുള്ള ഒരു ചെറിയ കൂട്ടം ആളുകളില്‍ മാത്രം അദ്ദേഹം ഒതുങ്ങിനില്‍ക്കുന്നില്ല. അതിനാല്‍ ആര്‍ക്കും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുകയുമില്ല.
പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ഓഫിസില്‍ ജോലി നോക്കുന്ന വ്യക്തി എന്ന നിലയില്‍, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു നീണ്ട പട്ടിക അദ്ദേഹം നല്‍കാറുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള അരമണിക്കൂറിനുള്ളില്‍, നമ്മുടെ ഡയറിയിലെ 'ചെയ്യേണ്ട കാര്യങ്ങളുടെ' ലിസ്റ്റ് രണ്ട് പേജുകള്‍ കവിയും. അദ്ദേഹത്തിന്‍റെ നിർദേശങ്ങള്‍ എഴുതി വച്ചാലും, ചിലപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഞങ്ങള്‍ മറന്നു പോകാറുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഓർമിപ്പിക്കും. അദ്ദേഹത്തിന്‍റെ മൂന്നാമത്തെ ഓർമപ്പെടുത്തല്‍ പോലും അങ്ങേയറ്റം മാന്യമായിരിക്കും- "ഹസ്മുഖ്ഭായ്, ഇന്ന കാര്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടോ?" സൗമ്യമായ ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നതിനാല്‍ പെട്ടെന്ന് തന്നെ ഞങ്ങള്‍ കാര്യങ്ങള്‍ നടപ്പാക്കുമായിരുന്നു. ദേഷ്യമോ അക്ഷമയോ ഇല്ലാതെ കാര്യങ്ങള്‍ നടപ്പിലാക്കുന്ന കലയില്‍ അദ്ദേഹം അതിനിപുണനാണ്.
(കേന്ദ്ര ധനകാര്യ, റവന്യൂ സെക്രട്ടറിയായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ലോഖകൻ)