ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

 

File photo

Special Story

രാഷ്ട്രനിർമാണത്തിലെ അതുല്യ വ്യക്തിപ്രഭാവം

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന് ഇന്ന് 75 വയസ്- പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതുന്നു...

നരേന്ദ്ര മോദി, പ്രധാനമന്ത്രി

ഇന്ന് സെപ്റ്റംബർ 11. രണ്ടു വ്യത്യസ്ത ഓർമകൾ ഉണർത്തുന്നതാണ് ഈ ദിനം. ഇതിൽ ആദ്യത്തേത് 1893ലാണ്. സ്വാമി വിവേകാനന്ദൻ ഐതിഹാസികമായ ചിക്കാഗോ പ്രസംഗം നടത്തിയ ദിനം. ""അമെരിക്കയിലെ സഹോദരീസഹോദരന്മാരേ'' എന്ന ചുരുക്കം ചില വാക്കുകളിലൂടെ അദ്ദേഹം സദസിലുണ്ടായിരുന്ന ആയിരക്കണക്കിനു പേരുടെ ഹൃദയം കീഴടക്കി. ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകവും സാർവത്രിക സാഹോദര്യത്തിനു നൽകുന്ന ഊന്നലും അദ്ദേഹം അന്നു ലോകവേദിക്കു പരിചയപ്പെടുത്തി. രണ്ടാമത്തേത്, ഭീകരതയുടെയും തീവ്രവാദത്തിന്‍റെയും ഭീഷണിയുടെ ഫലമായി, ഈ തത്വം തന്നെ ആക്രമിക്കപ്പെട്ട ഭയാനകമായ 9/11 ആക്രമണമാണ്.

ശ്രദ്ധേയമായ മറ്റൊന്നു കൂടിയുണ്ട് ഈ ദിനത്തിന്‍റെ പ്രത്യേകതയായി. "വസുധൈവ കുടുംബകം' എന്ന തത്വത്താൽ പ്രചോദിതനായി, തന്‍റെ ജീവിതം മുഴുവൻ സാമൂഹ്യ പരിവർത്തനത്തിനും ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഭാവം ശക്തിപ്പെടുത്തുന്നതിനു വേണ്ടി സമർപ്പിച്ച ഒരു വ്യക്തിയുടെ ജന്മദിനം കൂടിയാണിന്ന്. രാഷ്‌ട്രീയ സ്വയംസേവക് സംഘവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനു പേർ അദ്ദേഹത്തെ പരമപൂജ്യ സർസംഘചാലക് എന്ന് ആദരപൂർവം വിളിക്കുന്നു. അതെ; ഞാൻ പരാമർശിച്ചത് മോഹൻ ഭാഗവത് ജിയെക്കുറിച്ചാണ്. അദ്ദേഹത്തിന്‍റെ 75ാം ജന്മദിനം ആർ‌എസ്‌എസ് നൂറാം വാർഷികം ആഘോഷിക്കുന്ന അതേ വർഷം തന്നെയാണ്. അദ്ദേഹത്തെ എന്‍റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു. ഒപ്പം, അദ്ദേഹത്തിന്‍റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു.

വളരെ ആഴമേറിയതാണു മോഹൻജിയുടെ കുടുംബവുമായുള്ള എന്‍റെ ബന്ധം. മോഹൻജിയുടെ പിതാവ് പരേതനായ മധുകർ റാവു ഭാഗവത് ജിയുമായി വളരെയടുത്തു പ്രവർത്തിക്കാൻ എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്‍റെ പുസ്തകമായ "ജ്യോതിപുഞ്ചി'ൽ അദ്ദേഹത്തെക്കുറിച്ചു ഞാൻ ധാരാളം എഴുതിയിട്ടുണ്ട്. നിയമ ലോകവുമായുള്ള ബന്ധത്തിനു പുറമേ, അദ്ദേഹം രാഷ്‌ട്ര നിർമാണത്തിനായും സ്വയം സമർപ്പിച്ചു. ഗുജറാത്തിലുടനീളം ആർ‌എസ്‌എസിനെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു. രാഷ്‌ട്രനിർമാണത്തോടുള്ള മധുകർ റാവു ജിയുടെ അഭിനിവേശം അത്രയും വലുതായിരുന്നു. അത് അദ്ദേഹത്തിന്‍റെ പുത്രൻ മോഹൻ റാവുവിനെ ഇന്ത്യയുടെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കാൻ സജ്ജമാക്കി. പാരസ്മണി മധുകർ റാവു മറ്റൊരു പാരസ്മണി മോഹൻ റാവുവിനെ രൂപപ്പെടുത്തുകയായിരുന്നു.

മോഹൻജി 1970കളുടെ മധ്യത്തിലാണു "പ്രചാരക്' ആയത്. "പ്രചാരക്' എന്ന വാക്കു കേൾക്കുമ്പോൾ, അതു പ്രചാരകനോ പ്രചാരണം നടത്തുന്നതോ ആശയങ്ങൾ പ്രചരിപ്പിക്കുന്നതോ ആയ ഒരാളെയാണ് സൂചിപ്പിക്കുന്നതെന്ന് ആരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ, ആർ‌എസ്‌എസിന്‍റെ പ്രവർത്തനത്തെക്കുറിച്ച് അറിയാവുന്നവർക്ക് പ്രചാരക പാരമ്പര്യമാണു സംഘടനയുടെ പ്രവർത്തനത്തിന്‍റെ കാതലെന്നു മനസിലാകും. കഴിഞ്ഞ നൂറു വർഷത്തിനിടെ ദേശസ്നേഹത്താൽ പ്രചോദിതരായി ആയിരക്കണക്കിനു ചെറുപ്പക്കാർ വീടും കുടുംബവും ഉപേക്ഷിച്ച് "ഇന്ത്യ ആദ്യം' എന്ന ദൗത്യം സാക്ഷാത്കരിക്കുന്നതിനായി ജീവിതം സമർപ്പിച്ചു.

ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലായിരുന്നു ആർ‌എസ്‌എസിലെ അദ്ദേഹത്തിന്‍റെ പ്രാരംഭ കാലം. അന്നത്തെ കോൺഗ്രസ് ഗവണ്മെന്‍റ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ സമയമായിരുന്നു അത്. ജനാധിപത്യ തത്വങ്ങളെ വിലമതിക്കുകയും ഇന്ത്യ അഭിവൃദ്ധി പ്രാപിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഓരോ വ്യക്തിയിലും, അടിയന്തരാവസ്ഥാ വിരുദ്ധ പ്രസ്ഥാനത്തിനു കരുത്തു പകരുക എന്ന തോന്നൽ ശക്തമായിരുന്നു. മോഹൻജിയും അസംഖ്യം ആർ‌എസ്‌എസുകാരും നിർവഹിച്ചത് ഈ ദൗത്യമാണ്. മഹാരാഷ്‌ട്രയിലെ ഗ്രാമപ്രദേശങ്ങളിലും പിന്നാക്ക മേഖലകളിലും, പ്രത്യേകിച്ച് വിദർഭയിൽ, അദ്ദേഹം വലിയ തോതിൽ പ്രവർത്തിച്ചു. ദരിദ്രരും അധഃസ്ഥിതരും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം അദ്ദേഹത്തിൽ സൃഷ്ടിക്കാൻ ഇതു സഹായിച്ചു.

വർഷങ്ങളായി, ഭാഗവത്‌ജി ആർ‌എസ്‌എസിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചു. ഓരോ കടമയും അദ്ദേഹം അദ്ഭുതകരമായ വൈദഗ്ധ്യത്തോടെ നിർവഹിച്ചു. 1990കളിൽ അഖില ഭാരതീയ ശാരീരിക് ശിക്ഷൺ പ്രമുഖ് എന്ന പദവിയിൽ മോഹൻജി പ്രവർത്തിച്ച വർഷങ്ങൾ ഇപ്പോഴും നിരവധി സ്വയം സേവകർ സ്നേഹപൂർവം ഓർക്കുന്നു. ആ കാലയളവിൽ, ബിഹാറിലെ ഗ്രാമങ്ങളിൽ അദ്ദേഹം ഏറെ സമയം ചെലവഴിച്ചു. ആ അനുഭവങ്ങൾ അടിസ്ഥാന പ്രശ്നങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം കൂടുതൽ ശക്തമാക്കി. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ അദ്ദേഹം അഖില ഭാരതീയ പ്രചാർ പ്രമുഖ് ആയി. 2000ൽ അദ്ദേഹം സർ കാര്യവാഹായി (ജനറൽ സെക്രട്ടറി). അവിടെയും, ഏറ്റവും സങ്കീർണമായ സാഹചര്യങ്ങളെ അനായാസമായും കൃത്യതയോടെയും കൈകാര്യം ചെയ്യുന്നതിനുള്ള അതുല്യമായ പ്രവർത്തന രീതി അദ്ദേഹം കൊണ്ടുവന്നു. 2009ൽ അദ്ദേഹം സർസംഘചാലക് ആയി ഊർജസ്വലതയോടെ പ്രവർത്തനം തുടർന്നു.

സർസംഘചാലക് എന്നത് സംഘടനാ മേധാവി എന്ന ഉത്തരവാദിത്വത്തിനും അപ്പുറമാണ്. വ്യക്തിപരമായ ത്യാഗം, ലക്ഷ്യത്തിലെ വ്യക്തത, ഭാരത മാതാവിനോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത എന്നിവയിലൂടെ മഹദ്‌വ്യക്തികൾ ആ ചുമതല നിർവചിച്ചിട്ടുണ്ട്. മഹത്തായ ആ ഉത്തരവാദിത്വത്തോടു പൂർണനീതി പുലർത്തുന്നതിനൊപ്പം, സ്വന്തം ശക്തിയും ബൗദ്ധിക ആഴവും സഹാനുഭൂതി നിറഞ്ഞ നേതൃത്വവും മോഹൻജി അതിലേക്കു സമന്വയിപ്പിച്ചു. "രാഷ്‌ട്രം ആദ്യം' എന്ന തത്വത്താൽ പ്രചോദനം ഉൾക്കൊണ്ടതാണ് ഇവയെല്ലാം.

മോഹൻജി തന്‍റെ ഹൃദയത്തോടു ചേർത്തുവച്ചിരിക്കുന്നതും തന്‍റെ പ്രവർത്തന ശൈലിയിൽ ഉൾക്കൊണ്ടിരിക്കുന്നതുമായ രണ്ടു ഗുണങ്ങളെക്കുറിച്ചു ഞാൻ പറയുകയാണെങ്കിൽ, തുടർച്ചയും സാഹചര്യങ്ങളോടു പൊരുത്തപ്പെടലുമാണ്. നാമെല്ലാം അഭിമാനിക്കുന്ന കാതലായ പ്രത്യയശാസ്ത്രത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ, അതോടൊപ്പം, സമൂഹത്തിന്‍റെ വികസിച്ചുവരുന്ന ആവശ്യങ്ങൾ അഭിസംബോധന ചെയ്ത്, വളരെ സങ്കീർണമായ പ്രവാഹങ്ങളിലൂടെ അദ്ദേഹം എല്ലായ്പ്പോഴും സംഘടനയെ നയിച്ചു. യുവാക്കളുമായി അദ്ദേഹത്തിനു സ്വാഭാവികമായ ബന്ധമുണ്ട്. അതിനാൽ, കൂടുതൽ യുവാക്കളെ സംഘപരിവാറുമായി സംയോജിപ്പിക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതു ചർച്ചകളിലും ജനങ്ങളുമായി നേരിട്ടുള്ള ഇടപഴകലുകളിലും അദ്ദേഹത്തെ നിരന്തരം കാണാറുണ്ട്. ചലനാത്മകവും ഡിജിറ്റലുമായ ഇന്നത്തെ ലോകത്ത് അത് ഏറെ ഗുണം ചെയ്തിട്ടുമുണ്ട്.

വിശാലമായി പറഞ്ഞാൽ, ആർ‌എസ്‌എസിന്‍റെ 100 വർഷത്തെ യാത്രയിലെ ഏറ്റവും പരിവർത്തനാത്മകമായ കാലഘട്ടമായി ഭാഗവത്‌ജിയുടെ കാലം കണക്കാക്കപ്പെടും. യൂണിഫോമിലെ മാറ്റം മുതൽ "ശിക്ഷാ വർഗി'ലെ (പരിശീലന ക്യാംപുകളിലെ) മാറ്റങ്ങൾ വരെ, അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുണ്ടായതു നിരവധി സുപ്രധാന മാറ്റങ്ങളാണ്.

മാനവരാശി ജീവിതത്തിൽ ഒരിക്കൽ മാത്രം അനുഭവിക്കുന്ന മഹാമാരിയായ കൊവിഡിന്‍റെ കാലത്തെ മോഹൻജിയുടെ ശ്രമങ്ങൾ ഞാൻ ഓർക്കുകയാണ്. ആ കാലഘട്ടത്തിൽ പതിവ് ആർ‌എസ്‌എസ് പ്രവർത്തനങ്ങൾ നടത്തുന്നതു വെല്ലുവിളി നിറഞ്ഞതായി മാറി. സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കാൻ മോഹൻജി നിർദേശിച്ചു. ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, സ്ഥാപനപരമായ ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിനൊപ്പം ആഗോള കാഴ്ചപ്പാടുകളുമായി അദ്ദേഹം മുന്നോട്ടുപോയി.

അക്കാലത്ത് എല്ലാ സ്വയം സേവകരും തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കി ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. നിരവധി ഇടങ്ങളിൽ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചു. കഠിനാധ്വാനികളായ നിരവധി സ്വയംസേവകരെ അക്കാലത്തു നമുക്കു നഷ്ടപ്പെട്ടു. പക്ഷേ മോഹൻജിയുടെ പ്രചോദനം അത്രത്തോളം ശക്തമായതിനാൽ അവരുടെ ദൃഢനിശ്ചയത്തിന്‍റെ കരുത്ത് ഒരിക്കലും ചോർന്നുപോയില്ല.

ഈ വർഷം ആദ്യം, നാഗ്പുരിൽ മാധവ് നേത്ര ചികിത്സാലയത്തിന്‍റെ ഉദ്ഘാടനവേളയിൽ ആർ‌എസ്‌എസ് "അക്ഷയ്‌ വട്' പോലെയാണെന്നും, നമ്മുടെ രാജ്യത്തിന്‍റെ ദേശീയ സംസ്കാരത്തെയും കൂട്ടായ അവബോധത്തെയും ഊർജസ്വലമാക്കുന്ന ശാശ്വതമായ ആൽമരമാണെന്നും ഞാൻ അഭിപ്രായപ്പെട്ടു. ഈ "അക്ഷയ്‌ വടി'ന്‍റെ വേരുകൾ ആഴമേറിയതും ശക്തവുമാണ്. കാരണം അവ മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഈ മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും മോഹൻ ഭാഗവത്‌ജിയുടെ സ്വയംസമർപ്പണം ശരിക്കും പ്രചോദനാത്മകമാണ്.

മോഹൻജിയുടെ വ്യക്തിത്വത്തിലെ പ്രശംസനീയമായ മറ്റൊരു ഗുണം അദ്ദേഹത്തിന്‍റെ മൃദുഭാഷണ സ്വഭാവമാണ്. കേൾക്കാനുള്ള അസാധാരണമായ കഴിവിനാൽ അദ്ദേഹം അനുഗൃഹീതനാണ്. ഈ സ്വഭാവം അദ്ദേഹത്തെ കാര്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്നു. ഇത് അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലും നേതൃപാടവത്തിലും സംവേദനക്ഷമതയും ആദരവും കൂട്ടിച്ചേർക്കുന്നു.

വിവിധ ബഹുജന പ്രസ്ഥാനങ്ങളോട് അദ്ദേഹം കാട്ടിയ അതീവ താത്പര്യത്തെക്കുറിച്ചും ഇവിടെ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു. ശുചിത്വ ഭാരത യജ്ഞം മുതൽ "ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' വരെയുള്ള യജ്ഞങ്ങളിൽ ഊർജം പകരാൻ അദ്ദേഹം മുഴുവൻ ആർ‌എസ്‌എസ് കുടുംബത്തെയും എപ്പോഴും പ്രേരിപ്പിക്കുന്നു. സാമൂഹ്യക്ഷേമം മെച്ചപ്പെടുത്താനായി, സാമൂഹ്യ ഐക്യം, കുടുംബ മൂല്യങ്ങൾ, പരിസ്ഥിതി അവബോധം, ദേശീയ സ്വത്വം, പൗര കർത്തവ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന "പഞ്ച പരിവർത്തൻ' എന്ന ആശയം മോഹൻജി നൽകി. ഇവയ്ക്ക് ജീവിതത്തിന്‍റെ നാനാ തുറകളിലുമുള്ള ഇന്ത്യക്കാരെ പ്രചോദിപ്പിക്കാനാകും. കരുത്തുറ്റതും സമ്പന്നവുമായ രാഷ്‌ട്രത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ഓരോ സ്വയംസേവകന്‍റെയും സ്വപ്നം. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ, വ്യക്തമായ കാഴ്ചപ്പാടും നിർണായകമായ പ്രവർത്തനവും ആവശ്യമാണ്. ഈ രണ്ടു ഗുണങ്ങളും മോഹൻജിയിലുണ്ട്.

ഭാഗവത്‌ജി എല്ലായ്പ്പോഴും "ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്നതിന്‍റെ കരുത്തുറ്റ വക്താവായിരുന്നു. ഇന്ത്യയുടെ വൈവിധ്യത്തിലും നമ്മുടെ നാടിന്‍റെ ഭാഗമായ നിരവധി വ്യത്യസ്ത സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ആഘോഷത്തിലും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

തിരക്കേറിയ സമയക്രമത്തിലും സംഗീതം, ഗാനാലപനം തുടങ്ങിയ ഇഷ്ടങ്ങൾ പിന്തുടരാൻ മോഹൻജി എപ്പോഴും സമയം കണ്ടെത്തി. വിവിധ ഇന്ത്യൻ സംഗീത ഉപകരണങ്ങളിൽ വൈദഗ്ധ്യമുള്ള വ്യക്തിയാണ് അദ്ദേഹം എന്നു ചുരുക്കം ചിലർക്കു മാത്രമേ അറിയൂ. വായനയോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം അദ്ദേഹത്തിന്‍റെ നിരവധി പ്രസംഗങ്ങളിലും ഇടപെടലുകളിലും കാണാൻ കഴിയും.

ഈ വർഷം, ഏതാനും ദിവസങ്ങൾക്കുള്ളിൽ, ആർ‌എസ്‌എസിനു 100 വയസ് തികയുകയാണ്. ഈ വർഷം വിജയദശമി, ഗാന്ധി ജയന്തി, ലാൽ ബഹാദൂർ ശാസ്ത്രി ജയന്തി, ആർ‌എസ്‌എസ് ശതാബ്ദി ആഘോഷങ്ങൾ എന്നിവ ഒരേ ദിവസമാണ് എന്നതു സന്തോഷകരമായ യാദൃച്ഛികതയാണ്. ഇന്ത്യയിലും ലോകമെമ്പാടും ആർ‌എസ്‌എസുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനുപേർക്ക് ഇതു ചരിത്രപരമായ നാഴികക്കല്ലായിരിക്കും. ഈ കാലഘട്ടത്തിൽ സംഘടനയെ നയിക്കുന്ന ബുദ്ധിമാനും കഠിനാധ്വാനിയുമായ സർസംഘചാലക് മോഹൻജിയിലുണ്ട്. "വസുധൈവ കുടുംബക'ത്തിന്‍റെ ജീവിക്കുന്ന ഉദാഹരണമാണു മോഹൻജി എന്നു വ്യക്തമാക്കി ഞാൻ ഉപസംഹരിക്കട്ടെ.

നാം അതിരുകൾക്കപ്പുറത്തേക്ക് ഉയർന്നുവന്ന് എല്ലാവരെയും നമ്മുടേതായി കണക്കാക്കുമ്പോൾ, അതു സമൂഹത്തിൽ വിശ്വാസവും സാഹോദര്യവും സമത്വവും ശക്തിപ്പെടുത്തുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. ഭാരത മാതാവിനെ സേവിക്കുന്നതിനായി, ‌ഒരിക്കൽകൂടി ഞാൻ, മോഹൻജിക്ക് ദീർഘായുസും ആരോഗ്യ സമൃദ്ധമായ ജീവിതവും ആശംസിക്കുന്നു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്