ബൈക്ക് ടാക്‌സി: വേണം വ്യക്തത

 
Special Story

ബൈക്ക് ടാക്‌സി: വേണം വ്യക്തത

രാത്രി യാത്ര ചെയ്യുന്നവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ബൈക്ക് ടാക്‌സിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.

MV Desk

സമീപദിവസങ്ങളിൽ വലിയ തോതിൽ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വിധേയമായൊരു വാർത്തയായിരുന്നു ബൈക്ക് ടാക്‌സികൾക്ക് എതിരേ മോട്ടോർ വാഹന വകുപ്പ് രംഗത്തുവന്നത്. ഈ വിഷയത്തിൽ വിവിധ അഭിപ്രായങ്ങൾ ഉണ്ട്. സുരക്ഷ, ഇൻഷ്വറൻസ് എന്നിവയാണ് എംവിഡി ഉയർത്തിക്കാണിക്കുന്നത്. എന്നാൽ ഒരു ബൈക്ക് കൊമേഴ്‌സ്യലാക്കി മാറ്റിയാല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം, റോഡ് ടാക്‌സ്, ഫിറ്റ്‌നസ് ഫീസ് എന്നിവ മൂന്ന് മടങ്ങ് വരെ കൂടുമെന്നതാണ് മറ്റൊരു വശം. ഇൗയൊരു ഘടകമാണ് ബൈക്ക് ടാക്‌സിയാക്കാൻ പലരെയും പിന്തിരിപ്പിക്കുന്ന ഘടകം.

അഡ്വ. സി.എല്‍. എബനേസര്‍

കേരളത്തില്‍ ബൈക്ക് ടാക്‌സികള്‍ക്ക് എതിരേ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനയും പിഴ ഈടാക്കലും ഒരു 'നിയമ-നയ പ്രശ്‌നത്തിന്‍റെ' (Regulatory Policy Issue) ഭാഗമാണ്. ഗിഗ് തൊഴിലാളികളുടെ ഉപജീവനവും സാധാരണ യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് രാത്രി യാത്ര ചെയ്യുന്നവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ബൈക്ക് ടാക്‌സിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.

എംവിഡി (മോട്ടോര്‍ വാഹന വകുപ്പ്) ചൂണ്ടിക്കാണിക്കുന്ന നിയമപരമായ തടസങ്ങള്‍. നിലവിലെ മോട്ടോര്‍ വാഹന നിയമം 1988 പ്രകാരം എംവിഡി ഉന്നയിക്കുന്ന 3 പ്രധാന ആശങ്കകള്‍ ഇവയാണ്:

1. പ്രൈവറ്റ് വാഹനവും കൊമേഴ്‌സ്യല്‍ ഉപയോഗവും

നമ്പര്‍ പ്ലേറ്റ് വൈറ്റ് ബോര്‍ഡിലുള്ള സ്വകാര്യ ബൈക്കുകള്‍ പണം വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. ഇതിനായി കൊമേഴ്‌സ്യല്‍ പെര്‍മിറ്റും മഞ്ഞ ബോര്‍ഡും നിര്‍ബന്ധമാണ്. ഇത് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും എംവിഡിക്ക് അധികാരമുണ്ട്.

2. ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ ചോദ്യം

യാത്രക്കാര്‍ക്ക് അപകടം സംഭവിച്ചാല്‍ സ്വകാര്യ വാഹനത്തിന്‍റെ ഇന്‍ഷ്വറന്‍സ് കമ്പനി ക്ലെയിം നിഷേധിക്കാന്‍ സാധ്യതയുണ്ട്. കാരണം പോളിസിയില്‍ 'കമേഴ്സ്യൽ യൂസ് ' അനുവദിച്ചിട്ടുണ്ടാകില്ല. ഇതാണ് യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അധികൃതര്‍ പ്രധാനമായി ഉന്നയിക്കുന്ന വാദം.(ഇതുവരെ ഇത്തരത്തില്‍ ക്ലെയിം നിഷേധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ഇല്ല. കേസിന്‍റെ സാഹചര്യം അനുസരിച്ച് കോടതിക്ക് വ്യാഖ്യാനിക്കാം.)

3. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍റെ സാമ്പത്തിക ബാധ്യത

ഒരു ബൈക്ക് കൊമേഴ്‌സ്യലാക്കി മാറ്റിയാല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം, റോഡ് ടാക്‌സ്, ഫിറ്റ്‌നസ് ഫീസ് എന്നിവ മൂന്ന് മടങ്ങ് വരെ കൂടും. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇത് താങ്ങാനാവില്ല. അതേസമയം ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സ്വിഗ്ഗി, സൊമാറ്റോ, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള കമ്പനികളുടെ ഭക്ഷണങ്ങളും, ലോജിസ്റ്റിക്‌സും ഡെലിവറി ചെയ്യുന്നവരും ബൈക്ക് ടാക്‌സിക്ക് സമാനമായ കാര്യം തന്നെയാണ് ചെയ്യുന്നത്. ഒരു തരത്തില്‍ പറഞ്ഞാൽ അതും കമേഴ്‌സ്യല്‍ യൂസ് തന്നെയാണ്. പക്ഷേ അവര്‍ക്ക് നിയന്ത്രണങ്ങളൊന്നും എംവിഡി ഏര്‍പ്പെടുത്തിയിട്ടില്ല.

'ഡെലിവറി'ക്കും 'ബൈക്ക് ടാക്‌സി'ക്കും ഇരട്ട നീതിയോ ?

ഇവിടെയാണ് ഏറ്റവും വലിയ വൈരുദ്ധ്യം. സൊമാറ്റോ, സ്വിഗ്ഗി, ആമസോൺ, ‌ഫ്ളിപ്കാർട്ട് എന്നിവയുടെ ഡെലിവറി ജോലിക്കും ഇന്ന് പ്രൈവറ്റ് ബൈക്കുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. നിയമപരമായി 'സാധനങ്ങള്‍ കൊണ്ടുപോകുന്നതും' കൊമേഴ്‌സ്യല്‍ ഉപയോഗമാണ്. എന്നാല്‍ എംവിഡി ഇപ്പോള്‍ 'ബൈക്ക് ടാക്‌സി' മാത്രം ലക്ഷ്യമിടുന്നു. 'പിക് ആൻഡ് ചൂസ് ' (Pick & Choose) നിയമം നല്ല നിയമമല്ല. നിയമം ബാധകമാണെങ്കില്‍ ഡെലിവറി ബൈക്കുകള്‍ക്കും ബാധകമാകണം. അല്ലെങ്കില്‍ രണ്ടിനും ഒരേ ഇളവ് നല്‍കണം. ഇതാണ് 'Equal Parity' എന്ന തത്വം.

നയം വരുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടോ?

ഈ പ്രശ്‌നത്തിന് പരിഹാരം 'കടുത്ത പിഴ' അല്ല, 'വ്യക്തമായ നയം' ആണ്.

1. നയപരമായ വ്യക്തത വേണം

കേന്ദ്ര സര്‍ക്കാരിന്‍റെ 'Aggregator Guidelines 2020' ബൈക്ക് ടാക്‌സിക്ക് അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാന തലത്തില്‍ അതിന് അനുസരിച്ചുള്ള ചട്ടങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല.

കേരള സര്‍ക്കാരിന് മോട്ടോർ വാഹന നിയമം 94 പ്രകാരം 'ബൈക്ക് ടാക്‌സി'ക്ക് പ്രത്യേക ഇളവുകളോടെ നിയമം ഉണ്ടാക്കാം. ഡെലിവറി ടാക്‌സിക്ക് നല്‍കിയതു പോലെ ലളിതമായ പെര്‍മിറ്റ് സംവിധാനം കൊണ്ടുവരാം.

2. തൊഴിലും ഗതാഗതവും

കേരളം കടുത്ത പൊതുഗതാഗത ക്ഷാമം നേരിടുകയാണ്. ആവശ്യത്തിന് സര്‍വീസ് നടത്താന്‍ ഇല്ലാത്ത സാഹചര്യമുണ്ട്. ഈ സമയത്ത് ബൈക്ക് ടാക്‌സി മൂന്ന് പ്രധാന കാര്യങ്ങള്‍ ചെയ്യുന്നു:

a. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നു - ഒരു കാറിന് പകരം ഒരു ബൈക്ക്

b. കുറഞ്ഞ ചെലവില്‍ യാത്ര - സാധാരണക്കാര്‍ക്ക് ആശ്വാസം

c. സ്വയം തൊഴില്‍ - ആയിരക്കണക്കിന് യുവാക്കള്‍ക്ക് വരുമാനം

3. സര്‍ക്കാരിന്‍റെ ഇടപെടല്‍

ഗതാഗത നയവും വൈറ്റ് പേപ്പറും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. അപ്പോള്‍ പെട്ടെന്ന് കടുത്ത നടപടി എടുത്ത് ഗിഗ് തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കുന്നതിന് പകരം, അവര്‍ക്ക് നയം വരുന്നതു വരെ 'ഗ്രേസ് പിരീഡ്' നല്‍കുകയും, ന്യായമായ ഫീസില്‍ പെര്‍മിറ്റ് നല്‍കാനുള്ള എളുപ്പവഴി ഒരുക്കുകയുമാണ് വേണ്ടത്.

ചുരുക്കത്തില്‍ എന്താണ് പരിഹാരം?

ഈ പ്രശ്‌നം 'നിയമം v/s ജനജീവിതം' എന്നതല്ല. പഴയ നിയമം v/s പുതിയ സാങ്കേതികവിദ്യ എന്നതാണ്.

സര്‍ക്കാര്‍ ചെയ്യേണ്ടത്:

1. പരമ്പരാഗത ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുക

2. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഇന്‍ഷ്വറന്‍സ്, ഡ്രൈവര്‍ പരിശോധന നിര്‍ബന്ധമാക്കുക

3. പുതിയ കാലത്തെ ഡിജിറ്റല്‍ തൊഴിലവസരങ്ങളെ ഇല്ലാതാക്കാതിരിക്കുക

ഇതിനായി 'Kerala Bike Taxi Policy 2026' എന്ന പേരില്‍ വ്യക്തമായ ഒരു ചട്ടക്കൂട് കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ നിയമത്തിന്‍റെ പേരില്‍ ഒരു പുതിയ തൊഴില്‍ മേഖല തന്നെ ഇല്ലാതാകും. അതേസമയം ജനങ്ങള്‍ക്ക് താങ്ങാവുന്ന യാത്രാമാര്‍ഗവും നഷ്ടമാകും.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്