എകെജി സെന്‍ററിൽ മാത്രം ലഭ്യമാകുന്ന പ്രത്യേകതരം കാൽക്കുലേറ്ററുമായാണ് എം.വി. ഗോവിന്ദൻ തെരഞ്ഞെടുപ്പിനു ശേഷം രംഗപ്രവേശം ചെയ്തത്!
അജയൻ
നിലമ്പൂരിലെ വോട്ടർമാർക്കു പറയാനുള്ളത് അവർ ശക്തമായും വ്യക്തമായും പറഞ്ഞുകഴിഞ്ഞു. ഏതു തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷവും പുറത്തെടുക്കാറുള്ള പ്രത്യയശാസ്ത്ര ന്യായീകരണങ്ങൾ തുന്നിച്ചേർക്കുന്ന തിരക്കിൽ, പിണറായി സർക്കാരിനെതിരായ ജനവിധി അംഗീകരിക്കാൻ എൽഡിഎഫ് പതിവുപോലെ വിസമ്മതിക്കുകയും ചെയ്യുന്നു. വികസനത്തിന്‍റെ മേലങ്കിയണിഞ്ഞവർ യഥാർഥ പ്രശ്‌നങ്ങളെ ചവിട്ടിമെതിക്കുന്നതിനെതിരായ ജനവിധി. വോട്ടർമാർ നിശബ്ദരല്ല, വോട്ടിങ് മെഷീൻ അവരുടെ ശബ്ദമാണ്. പിണറായി സർക്കാരിന്‍റെ ഭരണകാലത്തെ ഉപതെരഞ്ഞെടുപ്പുകളിലൊക്കെ ഉയർന്നു കേട്ട ശബ്ദം!
കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് സിപിഎം പ്രതിനിധി എം. സ്വരാജിനെ 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത് നിസാര കാര്യമല്ല, പ്രത്യേകിച്ച് രണ്ടു വട്ടം എൽഡിഎഫ് എംഎൽഎ ആയിരുന്ന പി.വി. അൻവർ കലഹിച്ചൊഴിഞ്ഞതു കൂടി കണക്കിലെടുക്കുമ്പോൾ. സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് പടിയിറങ്ങിയ അൻവർ സ്വതന്ത്രനായി മത്സരിച്ചു നേടിയ 19,760 വോട്ടും നിസാരമല്ല. യുഡിഎഫിൽ പ്രവേശനം നിഷേധിക്കപ്പെടുകയും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടുള്ള വിദ്വേഷം പരസ്യമാക്കുകയും ചെയ്തിട്ടും, വെറുമൊരു വിമതനല്ല താനെന്നു തെളിയിക്കുക തന്നെ ചെയ്തു അൻവർ.
ആര്യാടനും അൻവറിനും കിട്ടിയ വോട്ടുകൾ ചേർത്തുവച്ചാൽ, 97,497 വോട്ടാണ് ഭരണമുന്നണിക്കെതിരേ ബാലറ്റിൽ വീണത്. 2021ൽ അൻവർ ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായി ജയിച്ചപ്പോൾ നേടിയത് 81,227 വോട്ടുകൾ മാത്രമായിരുന്നു. ഇപ്പോൾ സിപിഎം സ്ഥാനാർഥി എം. സ്വരാജിനു കിട്ടിയതോ, വെറും 66,660 വോട്ട് മാത്രം! സർക്കാർ വിരുദ്ധ വികാരം അതിശക്തമായ പ്രതിഫലിക്കുന്ന വോട്ടിങ് ഘടന!
എന്നാൽ, എകെജി സെന്‍ററിൽ മാത്രം ലഭ്യമായ പ്രത്യേകതരം കാൽക്കുലേറ്ററുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗപ്രവേശം ചെയ്യുന്നു; പാർട്ടിയുടെ പരാജയത്തിന് 'മതമൗലികവാദ ശക്തികളെ' കുറ്റപ്പെടുത്തുന്നു; യുഡിഎഫിന്‍റെ വോട്ട് വിഹിതം കുറഞ്ഞെന്ന് അവകാശപ്പെടുന്നു. എന്നാൽ, യുഡിഎഫിനു കുറഞ്ഞത് വെറും 790 വോട്ട് മാത്രമാണെന്ന് അദ്ദേഹം മറന്നുപോകുന്നു. എൽഡിഎഫിന്‍റെ ജനപ്രീതിയെക്കാൾ വേഗത്തിൽ കുറയുന്ന ഒരേയൊരു കാര്യം അതിന്‍റെ ഒഴിവുകഴിവുകളുടെ ഗുണനിലവാരമാണെന്ന് സിപിഎം നേതാക്കൾ ഉന്നയിക്കുന്ന വാദങ്ങൾ ഒരിക്കൽക്കൂടി തെളിയിച്ചു!
സ്ഥാനാർഥിനിർണയത്തിന്‍റെ ആദ്യ ഘട്ടത്തിലുണ്ടായ ചെറിയ ആശയക്കുഴപ്പത്തിനിടയിലും, പ്രചാരണരംഗത്ത് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാനായി കോൺഗ്രസിന്. ഈ ആശയക്കുഴപ്പമാകട്ടെ, നിരന്തരം യുഡിഎഫിന്‍റെ വാതിലിൽ മുട്ടിക്കൊണ്ടിരുന്ന പി.വി. അൻവറിന്‍റെ സൃഷ്ടിയുമായിരുന്നു. പക്ഷേ, അൻവറിന്‍റെ വിലപേശലിന് യുഡിഎഫ് വഴങ്ങിക്കൊടുത്തില്ല. തന്ത്രപരവും പ്രതീകാത്മകവുമായൊരു നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് അവർ മുന്നണിയുടെ വാതിൽ അൻവറിനു മുന്നിൽ ഭദ്രമായി പൂട്ടിയിട്ടു.
വ്യവസ്ഥാപിതമായ കേഡർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിലമ്പൂരിൽ കാര്യങ്ങൾ നിസാരമാകേണ്ടതായിരുന്നു, പ്രത്യേകിച്ച് പിണറായി വിജയൻ നേരിട്ട് തന്നെ പ്രചാരണം നയിക്കാനിറങ്ങുകയും മന്ത്രിപ്പട അപ്പാടെ അകമ്പടിയാകുകയും ചെയ്തപ്പോൾ. പക്ഷേ, അവർ അവതരിപ്പിച്ച പരിപാടി വല്ലാതെ പാളിപ്പോയി- ദേശീയപാത അക്ഷരാർഥത്തിൽ ഇടിഞ്ഞുതാഴുമ്പോൾ വികസന കഥകൾക്ക് പഞ്ച് കിട്ടിയില്ല. ഇതിനിടെ ആശാ വർക്കർമാർ ന്യായമായ വേതനത്തിനു വേണ്ടി പോരാട്ടം തുടരുന്നുണ്ടായിരുന്നു; മനുഷ്യ - വന്യജീവി സംഘർഷങ്ങൾ പരിഹരിക്കപ്പെടുന്നത് പ്രസംഗങ്ങളിൽ മാത്രമായിപ്പോയിരുന്നു. ഇതിനെല്ലാം പുറമേ, ക്ഷേമ പെൻഷൻ കുടിശിക തീർക്കാനുള്ള നെട്ടോട്ടവും, ജനങ്ങളുടെ വർധിച്ചുവരുന്ന അസംതൃപ്തികളും, മുഖ്യമന്ത്രിയുടെ കുടുംബത്തെ ചൂഴ്ന്നു നിൽക്കുന്ന വിവാദങ്ങളുമെല്ലാം നിലമ്പൂരിന്‍റെ അന്തരീക്ഷത്തിൽ തങ്ങിനിന്നു.
നേട്ടങ്ങളായി അവതരിപ്പിച്ച പലതും പിഴവുകളുടെ ഘോഷയാത്രയായിരുന്നു. നിലമ്പൂർ അതു കേൾക്കുക മാത്രമല്ല, പ്രതികരിക്കുകയും ചെയ്തു. ആ പ്രതികരണം സിപിഎം പ്രതീക്ഷിച്ചതുപോലെയായിരുന്നില്ലെന്നു മാത്രം.
സ്വരാജിനു വേണ്ടി സിപിഎം അവതരിപ്പിച്ച തിരക്കഥ പരിചിതമായിരുന്നു - എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും സ്തുതിപാഠക സംഘത്തെ അണിനിരത്തി വോട്ട് പിടിക്കുന്ന പരിപാടി. എന്നാൽ, സാംസ്കാരിക രംഗത്തിന് ആര്യാടൻ ഷൗക്കത്ത് അന്യനല്ലെന്ന കാര്യം അവർ മറന്നുപോയി. അവാർഡ് നേടിയ സിനിമയുടെ നിർമാതാവും എഴുത്തുകാരനുമായ ഷൗക്കത്തിനെതിരേ സാംസ്കാരിക മേഖല പക്ഷഭേദം കാണിച്ചെന്ന് ബുദ്ധിജീവികളിലെ മറ്റൊരു വിഭാഗം ആരോപണമുയർത്തി.
നിലമ്പൂരിലെ വോട്ടർമാരുടെ വിധി തിരുത്താൻ പേനയ്ക്കും പുസ്തകത്തിനുമൊന്നും സാധിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമാവുകയും ചെയ്തു. ഇടതു ബുദ്ധിജീവികളെക്കാൾ യാഥാർഥ്യബോധമുള്ളവരാണു തങ്ങളെന്നു കൂടിയാണ് അവർ അതിലൂടെ തെളിയിച്ചത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വെറും ചുവരെഴുത്തല്ല, കല്ലിൽ കൊത്തിവച്ച സന്ദേശം തന്നെയാണത്. എൽഡിഎഫ് സർക്കാരിനെതിരേ ശക്തമായ ജനവികാരമാണ് നിലമ്പൂരിൽ കണ്ടത്. ധാർഷ്ട്യവും നിഷേധവും മുഖമുദ്രയാക്കിയ സർക്കാരിനു കിട്ടിയ ശക്തമായ പ്രഹരം, പ്രത്യേകിച്ച് പിണറായി 3.0 എന്ന സ്വപ്നം പലരും കണ്ടുകൊണ്ടിരിക്കുന്ന സമയത്ത്.
യുഡിഎഫിനാകട്ടെ, ഇതു വെറുമൊരു വിജയമല്ല, വിളിച്ചുണർത്തൽ കൂടിയാണ്. ആഭ്യന്തര കലഹങ്ങൾ മാറ്റിവച്ച്, ഇപ്പോൾ കിട്ടിയ ജനവിധിക്ക് യഥാർഥത്തിൽ അർഹരാണെന്നു തെളിയിക്കാനുള്ള അവസരം. നിലമ്പൂരിലെ ജനങ്ങൾ നൽകിയ സന്ദേശം വ്യക്തമാണ്, ഇനി ആ വ്യക്തത നിലനിർത്താനുള്ള ചുമതല പ്രതിപക്ഷത്തിന്‍റേതും.