സ്വകാര്യ സർവകലാശാലകൾ കേരളത്തിൽ ആരംഭിക്കുന്നതിന് സംസ്ഥാന മന്ത്രിസഭ അനുവാദം നൽകിയത് വളരെ ശ്രദ്ധേയമായ ഒരു തീരുമാനമായി. കേരളത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി വളരെയധികം വിദ്യാർഥികളാണ് മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്നത്. അതോടൊപ്പം കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച്, കോളെജുകളിൽ വിദ്യയ്ക്ക് പകരം ഗുണ്ടായിസവും രാഷ്‌ട്രീയ പകപോക്കലും ആണ് നടക്കുന്നതെന്നും, കോളെജുകളിലോ, സർവകലാശാലകളിലോ യുജിസി സ്കെയിലിൽ ശമ്പളം വാങ്ങിക്കുന്ന അധ്യാപകർക്ക് പഠിപ്പിക്കുന്ന കാര്യത്തിൽ യാതൊരു താത്പര്യവുമില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.
സ്വകാര്യ സർവകലാശാലകൾ കേരളത്തിൽ ആരംഭിക്കുന്നതിനുള്ള തീരുമാനം നീണ്ടുപോകാൻ കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തന്നെ നേതൃത്വം കൊടുത്ത വിദ്യാഭ്യാസ സമരങ്ങളാണ്. ഉമ്മൻചാണ്ടിയുടെ കാലഘട്ടത്തിൽ (2016 ജനുവരി 29 ന് ) കോവളത്ത് നടത്തിയ ആഗോള വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനും ഡിപ്ലോമാറ്റുമായിരുന്ന ടി.പി. ശ്രീനിവാസനെ എസ്എഫ്ഐക്കാർ അടിച്ചുവീഴ്ത്തിയത് നമ്മൾ കണ്ടതാണ്.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് എല്ലാ പരിധിയും വിട്ട് ബിസിനസ് നടക്കുന്നു. വിദ്യാർഥികൾ ഉണ്ടാക്കുന്ന ഏറ്റുമുട്ടൽ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടപ്പെടുന്നു. ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ക്രമസമാധാനത്തിന് പൊലീസിന് ഇടപെടാം എന്ന സമീപനം കേരളത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നു.
പലരംഗത്തും സ്വകാര്യമേഖലയെ അന്ധമായി എതിർത്തിരുന്ന സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അടുത്തകാലത്തായി അവരുടെ കാഴ്ചപ്പാടുകൾക്ക് മാറ്റം വരുത്തിയിട്ടുള്ളത് സ്വാഗതാർഹമാണ്.
ഉന്നത വിദ്യാഭ്യാസരംഗത്ത് അറിവും അനുഭവവും പക്വതയുമുള്ള അധ്യാപകരും സ്വകാര്യസ്ഥാപനങ്ങളും സമാധാനപരമായ അന്തരീക്ഷവും ഉണ്ടാകേണ്ടത് ആവശ്യമാണ്. സർക്കാർ നേരിട്ട് അധ്യാപകർക്കുള്ള ശമ്പളം കൊടുക്കുന്ന രീതി വന്നപ്പോൾ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷ അവകാശങ്ങൾ ദുരുപയോഗം ചെയ്ത് വിദ്യാഭ്യാസ മേഖലയെ കച്ചവടമാക്കി മാറ്റി.
വിദ്യാർഥികൾക്ക് വ്യത്യസ്ത രാഷ്‌ട്രീയ കാഴ്ചപ്പാടുകൾ ഉണ്ടാകാം. എന്നാൽ രാഷ്‌ട്രീയ പാർട്ടികൾ കാണിക്കുന്ന അഭ്യാസങ്ങൾ ഉണ്ടാകരുത്. സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭരണത്തിൽ രാഷ്‌ട്രീയം കലർത്തുന്നത് വിദ്യാർഥികളുടെ ഭാവിയെ തകർക്കും എന്നതിൽ സംശയമില്ല.
കേരളത്തിലെ വളർന്നുവരുന്ന യുവ തലമുറയുടെ ഉന്നമനത്തിനു വേണ്ടി സർക്കാരും പൊതുസമൂഹവും കഴിവിനും സത്യസന്ധതയ്ക്കും മുൻതൂക്കം നൽകി സ്വകാര്യ സർവകലാശാലകളെ സ്വീകരിക്കാനും അതുമായി മുന്നോട്ടു പോകാനുമുള്ള സാഹചര്യം ഒരുക്കണം. കേംബ്രിജ്, ഓക്സ്ഫഡ് തുടങ്ങി വിദേശ സർവകലാശാലകൾക്കൊപ്പം തലയുയർത്തി നിൽക്കാൻ കേരളത്തിലെ സർക്കാർ-സ്വകാര്യ സർവകലാശാലകൾക്കും കഴിയണം എന്നാണ് ജോത്സ്യന്‍റെ പ്രാർഥന.