പിടിപ്പുകേടിലും നമ്പർ വൺ

 
Kerala

പിടിപ്പുകേടിലും നമ്പർ വൺ

കെടുകാര്യസ്ഥതയുടെ ക്ലാസിക് ഉദാഹരണമായി ആരോഗ്യ മന്ത്രി വീണ ജോർജ് വിമർശനശരങ്ങൾക്കു നടുവിൽ നിൽക്കുന്നുണ്ട്, അപമാനഭാരങ്ങളൊന്നുല്ലാതെ.

അജയൻ

പൊതുജനാരോഗ്യ മേഖലയുടെയും വിദ്യാഭ്യാസരംഗത്തിന്‍റെയും കരുത്തിനു മേൽ പതിറ്റാണ്ടുകൾ കൊണ്ട് പടുത്തുയർത്തി ആകാശം തൊട്ട കേരളത്തിന്‍റെ മാനവ വികസന സൂചികകൾ അന്താരാഷ്ട്ര നിലവാരത്തോടാണു മത്സരിച്ചുകൊണ്ടിരുന്നത്. എങ്കിലിന്ന് ആ അഭിമാന സ്തംഭത്തിൽ വിള്ളലുകൾ വീണു തുടങ്ങിയിരിക്കുന്നു. കപ്പൽ ആടിയുലയുമ്പോഴും കപ്പിത്താന് കുലുക്കവുമില്ല. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഗുരുതര വീഴ്ചകളെക്കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് മുതൽ, കോട്ടയം മെഡിക്കൽ കോളെജിലെ കെട്ടിടം ഇടിഞ്ഞു വീണതു വരെയുള്ള സംഭവങ്ങളോടു സർക്കാർ നടത്തിയത് പതിവ് പ്രതികരണങ്ങൾ മാത്രം. കേരളത്തിന്‍റെ പ്രശസ്തമായ പൊതുജനാരോഗ്യ സംവിധാനത്തിലുണ്ടായ വീഴ്ചയല്ല ഇതെങ്കിൽ പിന്നെന്താണെന്ന് ആ പ്രതികരണങ്ങളിലൊന്നും വ്യക്തമാകുന്നുമില്ല.

ജനപ്രിയമായ സർക്കാർ ആശുപത്രികളെക്കുറിച്ച് ഊറ്റം കൊണ്ട മുഖ്യമന്ത്രി പിണറായി വിജയനു മറുപടി കൊടുക്കാൻ പ്രതിപക്ഷത്തിന്‍റെ ആവശ്യമൊന്നും വന്നില്ല. ഡെങ്കിപ്പനി ബാധിച്ച തന്‍റെ ജീവൻ രക്ഷപെട്ടത് സർക്കാർ ആശുപത്രി വിട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണെന്ന മന്ത്രി സജി ചെറിയാന്‍റെ സാക്ഷ്യം പറച്ചിലിൽ എല്ലാമുണ്ടായിരുന്നു. മുഖ്യമന്ത്രി യുഎസിൽ ചികിത്സയ്ക്കു പോയതിനെ ന്യായീകരിക്കാൻ മന്ത്രി ഡെങ്കിക്കഥ എടുത്തിട്ടമ്പോൾ, കോട്ടയം മെഡിക്കൽ കോളെജിൽ ഒരു കെട്ടിടം തകർന്നു വീണ കാര്യം അദ്ദേഹം ഓർത്തുകാണില്ല!

കെടുകാര്യസ്ഥതയുടെ ക്ലാസിക് ഉദാഹരണമായി ആരോഗ്യ മന്ത്രി വീണ ജോർജ് വിമർശനശരങ്ങൾക്കു നടുവിൽ നിൽക്കുന്നുണ്ട്, അപമാനഭാരങ്ങളൊന്നുല്ലാതെ. മന്ത്രിയെ സംബന്ധിച്ച് ഇതൊന്നും തന്‍റെ കുഴപ്പമല്ല, സംവിധാനത്തിന്‍റെ കുഴപ്പമാണ്. നാലു വർഷമായി ആ സംവിധാനത്തിന്‍റെ തലപ്പത്തിരിക്കുന്നത് താനാണെന്ന് ഈ മന്ത്രിക്കും ഓർമയില്ല! ഏതായാലും, പരിശോധിച്ചു പരിഹരിക്കുമെന്ന വാഗ്ദാനം ആവർത്തിക്കാൻ മറന്നില്ല.

ബില്ലുകൾ മാറാതെ കിടക്കുമ്പോൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ സർക്കാർ ആശുപത്രികൾക്കു മരുന്ന് നൽകാൻ മടിക്കുകയാണ്. കാരുണ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ആശുപത്രികൾക്ക് 1200 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. മെഡിക്കൽ കോളെജ് ആശുപത്രികളെ മാത്രം പ്രതിവർഷം 13 കോടി ജനങ്ങൾ ആശ്രയിക്കുന്ന സംസ്ഥാനത്താണിതൊക്കെ! സർക്കാർ സംവിധാനത്തിലുള്ള അചഞ്ചലമായ വിശ്വാസമൊന്നുമല്ല, വെറും ഗതികേടാണ് അവരെ അവിടങ്ങളിലേക്കു നയിക്കുന്നത്. കാരണം, സ്വകാര്യ ആശുപത്രികൾ അവരെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും സർക്കാർ ആശുപത്രികൾ സന്ദർശിക്കുന്നവരുടെ എണ്ണത്തെ 'നമ്പർ വൺ പ്രവഹസനം' ഉദാഹരിക്കാനാണ് അധികാരികൾ ഉപയോഗിച്ചുവരുന്നത്. സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവോ തകർന്ന അടിസ്ഥാനസൗകര്യങ്ങളോ അടഞ്ഞുകിടക്കുന്ന ലബോറട്ടറികളോ ശൂന്യമായ മരുന്ന് ഷെൽഫുകളോ അവർക്കൊരു പ്രശ്നമേയല്ല!

കെടുകാര്യസ്ഥതയുടെ

മകുടോദാഹരണം

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം നേരിടുന്ന കെടുകാര്യസ്ഥതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കീം പരീക്ഷാ ഫലത്തിലുണ്ടായ പ്രശ്നങ്ങൾ. പത്തു വർഷമായി തുടരുന്ന പ്രശ്നം പരിഹരിക്കാൻ പ്രവേശന പരീക്ഷയുടെ പ്രോസ്പെക്റ്റസ് പുറത്തിറങ്ങിയ ശേഷം മാത്രം നടപടിയെടുത്ത സർക്കാരിന്‍റെ കാര്യക്ഷമത അവർണനീയം! മാനദണ്ഡത്തിൽ വരുത്തിയ മാറ്റം നിയമവിരുദ്ധമാണെന്നു ഹൈക്കോടതി വിധിച്ചിട്ടു പോലും ഉന്നത വിദ്യാഭ്യാസ മന്ത്രി പഴിച്ചത്, ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരെ.

ആദ്യം ഉയർന്ന റാങ്കുകൾ ഉണ്ടായിരുന്ന വിദ്യാർഥികൾക്ക് കോടതി വിധിക്കു പിന്നാലെ അവ നഷ്ടപ്പെട്ടത് അവരുടെ വിധി എന്ന മട്ടിലായിരുന്നു മന്ത്രിയുടെ പ്രതികരണം. അതിൽ സർക്കാരിനു പങ്കൊന്നുമില്ലത്രെ! അവസാന സമയത്ത് വരുത്തിയ മാറ്റം വിദഗ്ധ സമിതി റിപ്പോർട്ടിൽ പോലുമുണ്ടായിരുന്നതല്ലെന്ന വസ്തുതയ്ക്കു നേരേ കണ്ണടയ്ക്കുകയാണ് മന്ത്രി ചെയ്തത്. സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർഥികളെ സഹായിക്കാൻ സ്വീകരിച്ച നടപടി എന്ന രീതിയിൽ ന്യായീകരിക്കാനായിരുന്നു ശ്രമം. എന്നാൽ, ആ നടപടി സ്വീകരിച്ച സമയത്തെക്കുറിച്ച് ഒന്നും പറയാനുമില്ല.

സർവകലാശാലകൾ മാസങ്ങളായി നാഥനില്ലാക്കളരികളായി തുടരുകയാണ്. ഇതിനിടയിലാണ് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണറുടെ രാഷ്ട്രീയവും അതിനെതിരായ വിദ്യാർഥി പ്രക്ഷോഭവും തെരുവുകളെ ഇളക്കിമറിക്കുന്നത്. എന്നിട്ടും എല്ലാം ശാന്തമാണെന്ന പല്ലവി ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ. ബിരുദ കോഴ്സുകളിലെ സീറ്റുകൾ വലിയ തോതിൽ ഒഴിഞ്ഞു കിടക്കുമ്പോഴും കേരളത്തിലെ വിദ്യാർഥികൾ ഉപരിപഠനത്തിനു സംസ്ഥാനമോ രാജ്യം തന്നെയോ വിട്ടുപോകുന്ന പ്രവണത കൂടുതൽ ശക്തമാകുകയും ചെയ്യുന്നു.

സർക്കാർ സ്കൂളുകളും

ആശങ്കയിൽ

സർക്കാർ സ്കൂളുകളുടെ അവസ്ഥയും ശോചനീയമാണ്. ഒരുവശത്ത് ചരടുവലിച്ചുകൊണ്ടിരിക്കുന്ന സാമുദായിക പാവകളിക്കാർ, മറുവശത്ത് സംഭാഷണം മറന്ന നടനെപ്പോലെ ചുറ്റിത്തിരിയുന്ന മന്ത്രി. ക്ലാസ് മുറികളിൽ കുറഞ്ഞു വരുന്നത് വിദ്യാർഥികൾ മാത്രമല്ല, നിലവാരവും ആത്മാർഥതയും കൂടിയാണ്. സർക്കാരിന്‍റെ ആത്മപ്രശംസയിൽ വീഴാത്ത മാതാപിതാക്കൾ കുട്ടികളെ സ്വകാര്യ സ്കൂളുകളിലേക്കു മാറ്റുന്നു. സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറയുന്നത്, ഒരിടവേളയ്ക്കു ശേഷം പതിവായിരിക്കുന്നു. അതിനെക്കുറിച്ച് വകുപ്പ് മന്ത്രിയോടൊന്നു ചോദിച്ചു നോക്കൂ, ഒരു പ്രശ്നവുമില്ലെന്ന് ഉത്തരം കിട്ടും.

പിടിപ്പില്ലായ്മയുടെ നടുക്കടലിൽ വട്ടം തിരിയുകയാണ് സർക്കാരിന്‍റെ കപ്പൽ. ഇതെല്ലാം വലിയൊരു യാത്രയുടെ ഭാഗമാണെന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്ന കപ്പിത്താനും കപ്പൽ ജീവനക്കാരും. ലക്ഷ്യത്തിലേക്ക് കപ്പലോടിക്കുകയല്ല, കാറ്റിന്‍റെ വഴിയേ അതിനെ അലയാൻ വിടുകയാണവർ. നിയന്ത്രണം നഷ്ടപ്പെട്ടു കഴിയുമ്പോൾ, ഈ പോകുന്നതു തന്നെയാണ് ഞങ്ങളുദ്ദേശിച്ച ദിശയെന്ന് അഭിനയിക്കുന്നതാണല്ലോ എളുപ്പം! സിസ്റ്റത്തെ കുറ്റം പറഞ്ഞാൽ കുറച്ചുകൂടി നന്നായി, അതാവുമ്പോൾ ഈ ഭരണം പോലെ ഒരു അമൂർത്ത സങ്കൽപ്പം മാത്രമാണല്ലോ...

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഭീകരർ ആഹ്ളാദ പ്രകടനം നടത്തി; നിർണായക വിവരങ്ങൾ പുറത്തുവിട്ട് എന്‍ഐഎ

മൂന്നാം ടെസ്റ്റിൽ ജയിച്ചിട്ടും ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പട്ടികയിൽ ഇംഗ്ലണ്ടിന് തിരിച്ചടി

മഴ മുന്നറിയിപ്പിൽ മാറ്റം: 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെലോ

ട്രാക്‌റ്റർ യാത്ര: അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ, ഡ്രൈവർക്കെതിരേ കേസ്

'മേയർ ആര‍്യ രാജി വയ്ക്കണം'; തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി യുവമോർച്ച, സംഘർഷം