ഓണവും സഹകരണ മേഖലയും

 
Special Story

ഓണവും സഹകരണ മേഖലയും

വിലനിർണയത്തെ അതിരുകളില്ലാത്ത മാത്സര്യ കമ്പോളത്തിന്‍റെ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുക്കുന്ന ഈ കാലത്ത് വിപണി ഇടപെടലുകളിൽ സഹകരണ പ്രസ്ഥാനം വേറിട്ട ശ്രമങ്ങളാണ് നടത്തുന്നത്

MV Desk

പി.എച്ച്. സാബു

ഓണം മലയാളിക്ക് ഭൂത സ്മൃതികളുടെ അയവിറക്കലാണ്. സമഭാവനയുടെ മാവേലി സങ്കൽപ്പത്തെ മലയാളി ലോകത്തെവിടെയും ആഘോഷമാക്കും. പൂവും പൂവിളിയും പുത്തനുടുപ്പും ഓണക്കാലവും ഓണക്കളിയും ഓണസദ്യയും എല്ലാം ചേരുമ്പോൾ സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും കാലത്തെ മലയാളി ഇന്നിലേക്കാവാഹിക്കും.

സമകാലികതയിൽ മാവേലി കാലത്തെ താരതമ്യം ചെയ്യുക ഈ കുറിപ്പിന്‍റെ ലക്ഷ്യമല്ല. സഹകരണ മേഖല മലയാളിയുടെ ഓണോത്സവത്തിൽ ചെലുത്തുന്ന സ്വാധീനം ക്രമപ്പെടുത്തുകയാണ് ഉദ്യേശ്യം. സഹകരണം സമഭാവനയുടെ വിശാല ദർശനമാണ്. സഹകരണ തത്വങ്ങൾ കുരുപ്പിടിപ്പിച്ചത് സമഭാവനയുടെ നിലപാട്‌ തറയിലാണ്. "ഒരുവൻ എല്ലാവർക്കും, എല്ലാവരും ഒരുവന് 'എന്നതിൽ അന്തർലീനമായ മഹത്തായ സന്ദേശത്തിൽ മാവേലി സങ്കൽപ്പത്തെ നമുക്ക് വായിച്ചെടുക്കാം. "സാമൂഹ്യ പ്രതിബദ്ധത' ഏഴു സഹകരണ തത്വങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ഓരോ സഹകരണ സ്ഥാപനവും അത് പ്രവർത്തിക്കുന്ന സാമൂഹ്യ പരിസരത്തിന്‍റെ പൊതുവികാസത്തിൽ എന്തു സംഭാവന ചെയ്യുന്നു എന്നതാണു പ്രധാനം. അങ്ങനെ നോക്കുമ്പോൾ, കേരളീയസമ്പദ് വ്യവസ്ഥയിലും മലയാളിയുടെ സാമൂഹ്യജീവിതത്തിലും സഹകരണം അനിവാര്യ സാന്നിധ്യമായി മാറി.

പൊതുവിപണിയും വിലക്കയറ്റവും വീക്ഷിക്കുന്നവരാണ് നമ്മൾ. വിലനിർണയത്തെ അതിരുകളില്ലാത്ത മാത്സര്യ കമ്പോളത്തിന്‍റെ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുക്കുന്ന ഈ കാലത്ത് വിപണി ഇടപെടലുകളിൽ സഹകരണ പ്രസ്ഥാനം വേറിട്ട ശ്രമങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്ത് കൺസ്യൂമർഫെഡ് 2,000 ഓണം വിപണികളാണ് ആരംഭിച്ചത്. അവ ഗ്രാമ - നഗര വ്യത്യാസമില്ലാതെ സംഘടിപ്പിക്കുന്നത് ഓരോ പ്രദേശത്തെയും സഹകരണ സംഘങ്ങളാണ്. ഈ വിപണികളിലൂടെ നിത്യോപയോഗ സാധനങ്ങൾ ഉയർന്ന സബ്സിഡി നിരക്കിൽ സഹകാരികൾക്കു ലഭ്യമാക്കുകയാണ്. "കാണം വിറ്റും ഓണം ഉണ്ണുന്ന' ഒരു കാലത്തെ, വരവേൽക്കാൻ സഹകരണത്തിന്‍റെ കരുതലായി ഓണച്ചന്തകൾ നാടാകെ നിറഞ്ഞിരിക്കുന്നു. ഇതിനൊപ്പം പച്ചക്കറി വിപണിയിലും വിപുലമായ ചന്തകളാണ് സഹകരണ മേഖല ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ തുറന്നു വയ്ക്കുന്ന സഹകരണ വിപണിയെ ഭേദിച്ച്‌ വലിയ ഒരു വിലക്കയറ്റത്തിലേക്ക് പോകാൻ പൊതു മാർക്കറ്റിന് കഴിയാത്ത സാഹചര്യം സഹകരണ ഇടപെടലുകളിലൂടെ സൃഷിടിക്കപ്പെട്ടു.

ഓണം കൂടാൻ ഉത്സവ വായ്പകൾ അനുവദിക്കുന്ന നിരവധി സഹകരണ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. ചെറിയ പലിശ നിരക്കിൽ 25,000 രൂപ വരെ ഫെസ്റ്റിവൽ വായ്പ നൽകുന്നു. ഓണക്കോടി വാങ്ങാനും കുടുംബത്തിലേക്കാവശ്യമായ സാധന സാമഗ്രികൾ വാങ്ങാനും സഹകരണത്തിന്‍റെ കൈത്താങ്ങായി ഈ വായ്‌പകൾ മാറുകയാണ്. മുതിർന്ന സഹകാരികൾക്ക് സഹകരണ സംഘങ്ങൾ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അംഗത്വത്തിൽ നിശ്ചിത വർഷം പൂർത്തിയായ സീനിയർ സിറ്റിസൻസിനാണ് പല സംഘങ്ങളും പെൻഷൻ അനുവദിച്ചുവരുന്നത്. വർഷത്തിൽ 3,000 രൂപ വരെ സഹകാരി പെൻഷൻ നൽകുന്ന സംഘങ്ങളുമുണ്ട്. ഓണക്കാലത്താണ് പല സംഘങ്ങളും ഈ പെൻഷൻ വിതരണം ചെയ്യുക. സർക്കാരിന്‍റെ പെൻഷനൊപ്പം സഹകരണ പെൻഷൻ കൂടി ലഭിക്കുമ്പോൾ മുതിർന്ന സഹകാരികൾ ഹാപ്പിയാകും. വാർധക്യത്തിൽ ചേർത്തുപിടിക്കുന്ന സഹകരണ കേരളം ലോകത്തിന് മാതൃകയായി മാറുകയാണ്.

ചില സംഘങ്ങൾ ഓണക്കാലത്ത് ടെക്സ്റ്റൈൽ ഷോപ്പുകൾ തുറക്കുന്നു. കുറഞ്ഞ വിലയിൽ ഓണക്കോടി ലഭ്യമാക്കി സഹകരണ ഹസ്തം നീട്ടുന്നു. മലയാളി ഗൃഹോപകരണങ്ങൾ വാങ്ങിക്കൂട്ടുക ഓണത്തിനാണ്. പല സംഘങ്ങളിലും ഗൃഹോപകരണ മേളകൾ നടന്നുവരുന്നു. മുൻനിര കമ്പനികൾ പലതും സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചു ഹയർ പർച്ചേസ് സ്കീമുകൾ ആവിഷ്കരിക്കുന്നത് ഓണക്കാലത്താണ്. പലിശരഹിത വായ്പ നടപ്പാക്കുന്ന സംഘങ്ങളുമുണ്ട്.

സഹകരണ സംഘങ്ങളുടെ പൊതുനന്മ ഫണ്ട് സാമൂഹ്യ ഇടപെടലുകൾക്കുള്ള ഒരു വലിയ സാധ്യതയാണ്. ലാഭത്തിൽ നിന്നും ബൈലോ വ്യവസ്ഥ പാലിച്ചു രൂപീകരിക്കുന്ന ഇത്തരം ഫണ്ടുകൾ സഹകരണ വകുപ്പിന്‍റെ അനുവാദം വാങ്ങി വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ഉപയോഗപ്പെടുത്താം. ഓണക്കാലത്ത് ഈ ഫണ്ട് ഉപയോഗിച്ച്‌ വിവിധ പദ്ധതികൾ നടപ്പാക്കുന്ന സ്ഥാപനങ്ങളെ ചുറ്റിലും കാണാം. പൊതു നന്മ ഫണ്ട് ഉപയോഗിച്ച് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിൽ എത്തിക്കുന്നതിൽ വ്യാപൃതരായ സംഘങ്ങളുമുണ്ട്. പൊതു ഫണ്ട് ഉപയോഗിച്ച്, സാമൂഹ്യ സേവനരംഗത്ത് ഇടപെടുന്നത് ആശാസ്യമായ രീതിയല്ല. ലാഭത്തിൽ നിന്നും മാറ്റിവയ്ക്കുന്ന പ്രത്യേക കരുതലുകളാണ് ഈ ആവശ്യത്തിന് ഉപയോഗിക്കാവുന്ന സുരക്ഷിത ഫണ്ട് എന്ന് പറയാം.

സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ സഹകരണ മേഖലയുടെ സ്വാധീനം വലുതാണ്. കേരളത്തിന്‍റെ ജിഡിപിയിൽ മികച്ച സംഭാവന നൽകുന്ന സഹകരണ മേഖലയിൽ മൂന്നരലക്ഷം കോടി രൂപയുടെ വാർഷിക ബിസിനസ് നടക്കുന്നതായി വാർത്തകൾ വന്നിരിക്കുന്നു. രാജ്യത്തെ സഹകരണ മേഖലയുടെ 60 ശതമാനവും ഈ കൊച്ചു കേരളത്തിലാണ്.

സഹകരണ മേഖല സേവന മേഖലയാണ്. സാധാരണക്കാരന്‍റെ ബാങ്കായി അവ മാറി. സഹകരണ പ്രസ്ഥാനം ഭരണ സമിതിയുടെയും ജീവനക്കാരുടെയും സഹകാരികളുടെയും ഒരു കൂട്ടായ്മയാണ്. വഴിതെറ്റിപ്പോകുന്നത് തടയാനാണ് ഇപ്പോൾ സഹകരണ നിയമവും ചട്ടവും കർക്കശമാക്കിയത്. സംസ്ഥാനത്തെ 17,000ത്തിൽ താഴെ വരുന്ന സഹകരണ സംഘങ്ങളിൽ രണ്ടേകാൽ ലക്ഷത്തോളം സംഘം ഭരണ സമിതി അംഗങ്ങളും ഒരു ലക്ഷത്തിലധികം ജീവനക്കാരുമുണ്ട്. സഹകരത്തിന്‍റെ ടാസ്ക് ഫോഴ്സാണവർ. മെച്ചപ്പെട്ട ശമ്പള ഘടനയുള്ള വിഭാഗമാണ് ഇന്ന് സഹകരണ ജീവനക്കാർ. ജീവനക്കാർക്ക് മെച്ചപ്പെട്ട ബോണസും ഉത്സവ ബത്തയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ ഭരണ സമിതി അംഗങ്ങൾക്കു കൂടി ഉത്സവ ബത്ത അനുവദിക്കാൻ സർക്കാർ തയാറായി എന്നത് സന്തോഷകരമാണ്. നിസ്വാർഥ സേവകർക്ക്‌ സഹകരണ വകുപ്പ് നൽകിയ അംഗീകാരമായി ഈ പ്രഖ്യാപനത്തെ സഹകാരി സമൂഹം കാണുകയാണ്.

സഹകരണ പ്രസ്ഥാനം മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമാണിന്ന്. കോർപ്പറേറ്റുകളും പുതുതലമുറ ബാങ്കുകളും എൻബിഎഫ്സികളും അരങ്ങു തകർക്കുമ്പോൾ മലയാളിക്കിന്നും വിശ്വാസപൂർവം ഓടിച്ചെല്ലാൻ കഴിയുന്ന വാതിലുകളാണ് സഹകരണ സംഘങ്ങളുടേത്. എല്ലാവരേയും ഉൾകൊള്ളുന്ന പൊതു ഇടങ്ങൾ കുറയുന്ന കാലമാണിത്. നാട്ടിൽ വിഭജനത്തിന്‍റെ ശബ്ദങ്ങൾ അങ്ങിങ്ങായി ഉയരുന്നത് നാമറിയുന്നു. ഇവിടെ ആശ്വാസം പകരാനും എല്ലാവരെയും ചേർത്തു പിടിക്കാനും കഴിയുന്ന പരിതമായ മാതൃകകളിൽ പ്രധാനപ്പെട്ട ഒന്നായി സഹകരണം മാറിക്കഴിഞ്ഞു.

ഇത് ഓണോത്സവങ്ങളുടെ പൂക്കാലം. വർണപ്പകിട്ടണിഞ്ഞു മലയാളി ഓണത്തെ വരവേൽക്കുമ്പോൾ, കേരളത്തിന്‍റെ സഹകരണ പ്രസ്ഥാനത്തെ നമുക്ക് മറക്കാതിരിക്കാം. "സഹകരണത്തിലൂടെ സമൃദ്ധി' എന്നത് ഇന്നൊരു ദേശീയ മുദ്രവാക്യമാണ്. അതിനു സാർവദേശീയ മാനവുമുണ്ട്. കടക്കെണിയിൽപ്പെട്ട മലയാളിക്ക് ആശ്വാസം പകരാൻ "ആശ്വാസ് 2026' പദ്ധതി ഈ ഓണകാലത്ത് സർക്കാർ നടപ്പാക്കിയിരുന്നു. വലിയ ഇളവുകൾ നേടി, ജപ്തി നടപടികളിൽ നിന്നും മോചനം നേടാൻ അവസരം ഒരുക്കിയിരിക്കുകയാണ് സർക്കാർ. പലിശ കയറി പ്രതിസന്ധിയിലായ സമൂഹത്തെ രക്ഷപ്പെടുത്തി നിലനിർത്തുകയാണ് ഈ ജനകീയ നടപടിയിലൂടെ ലക്ഷ്യം. സഹകരണത്തിൽ ഒരു ക്ലീൻ സ്ലേറ്റ് വേണം. ദൗർബല്യങ്ങൾ മുറിച്ചുകടന്ന്, നാടിനെയും സഹകാരികളെയും കാക്കുന്ന കരുത്തുറ്റ സഹകരണ പ്രസ്ഥാനം ഉയർന്നുവരട്ടെ. ഓണത്തിന് സഹകരണത്തിന്‍റെ ഗന്ധമുണ്ട്. മാനുഷരെല്ലാരും ഒന്നുപോലുള്ളൊരു മാവേലിക്കാലം ഒരു സുന്ദര സ്വപ്നമാണ്. അതിലേക്കുള്ള സാമൂഹ്യ സുരക്ഷാ ചുവടുവയ്പുകളിൽ, സഹകരണ പ്രസ്ഥാനത്തെ ചേർത്തു വയ്ക്കാം, മുന്നോട്ടു നടക്കാം.

(എറണാകുളം ജില്ലയിലെ മുപ്പത്തടം സഹകരണ ബാങ്ക് സെക്രട്ടറിയാണ് ലേഖകൻ- 9744190734)

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം