.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഐക്യവും അഖണ്ഡതയും തകർക്കാൻ അനുവദിക്കരുത്
Metro Vaartha
ഗ്രഹനില | ജ്യോത്സ്യൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി നാമകരണം ചെയ്ത ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക നടപടി പാക്കിസ്ഥാന്‍റെ പിന്തുണയോടു കൂടി ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്തുന്ന തീവ്രവാദി സംഘടനകൾക്ക് വലിയൊരു താക്കീതായിരുന്നു. സുപ്രധാനമായ സൈനിക ഓപ്പറേഷന് സിന്ദൂർ എന്ന് പേരിട്ടപ്പോൾ ശക്തമായ ചില സന്ദേശങ്ങളാണ് ഇന്ത്യ നൽകിയത്. സ്നേഹിച്ചാൽ കൂടെ നിൽക്കും, ദ്രോഹിച്ചാൽ തിരിച്ചടിക്കും.
ഇന്ത്യൻ സംസ്കാരവും കാഴ്ചപ്പാടുകളുമായി സിന്ദൂർ ബന്ധപ്പെട്ടിരിക്കുന്നു. വിവാഹ വേദിയിൽ വധുവിനെ താലി അണിയിച്ച ശേഷം വരൻ വധുവിന്‍റെ നെറ്റിയിൽ അണിയിക്കുന്ന സിന്ദൂരം ശക്തമായ സ്നേഹബന്ധത്തോടു കൂടി പുതിയ ജീവിതം തുടങ്ങുന്നതിനുള്ള മുന്നോടിയാണ്. തന്‍റെ പ്രിയതമ ആദ്യം വേർപെടുകയാണെങ്കിൽ ഭർത്താവ് തന്നെയാണ് ആ വ്യക്തിയിൽ നിന്ന് സിന്ദൂരം മായ്ച്ചുകളയുന്നതും.
1947ൽ സ്വാതന്ത്ര്യം നേടിയ സന്ദർഭത്തിൽ ഭാരതം, ഇന്ത്യയും പാക്കിസ്ഥാനുമായി രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ തുടങ്ങിയ രക്തചൊരിച്ചിൽ ഇന്നും തുടരുകയാണ്. 1947നു ശേഷം 8 പ്രാവശ്യമാണ് ഇരുരാജ്യവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുള്ളത്.
ആദ്യത്തേത് 1947ലെ കാശ്മീർ യുദ്ധമാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കശ്മീർ എന്ന നാട്ടുരാജ്യം സ്വതന്ത്ര്യമായി നിലനിൽക്കുകയായിരുന്നു. എന്നാൽ പഠാൻ ഗിരിവർഗക്കാരെ മുന്നിൽ നിർത്തി 1947 ഒക്ടോബറിൽ പാക്കിസ്ഥാൻ കശ്മീർ ആക്രമിച്ചു. ഈ സന്ദർഭത്തിൽ കശ്മീരിനെ സഹായിക്കാൻ ഇന്ത്യ ഇടപെടുകയായിരുന്നു. 438 ദിവസത്തെ ഏറ്റുമുട്ടലിനു ശേഷം ഐക്യരാഷ്‌ട്ര സഭയുടെ ഇടപെടലിനെത്തുടർന്ന് 1948 ഡിസംബർ 31ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. അന്ന് ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയും സർദാർ വല്ലഭായ് പട്ടേൽ ആഭ്യന്തര മന്ത്രിയും ആയിരുന്നു.
രണ്ടാമത്തെ ഏറ്റുമുട്ടൽ 1965 കാലഘട്ടത്തിലാണ്. തിത്വാർ, ഉറി, പൂഞ്ച് മേഖലകളിലേക്കു പാക്കിസ്ഥാൻ കടന്നു കയറി ഹാജിപിർ പ്രദേശം പിടിച്ചടക്കിയപ്പോൾ ഇന്ത്യ അതിശക്തമായി തിരിച്ചടിച്ചു. ഓഗസ്റ്റ് 5ന് ഏറ്റുമുട്ടൽ ആരംഭിച്ചെങ്കിലും സെപ്റ്റംബർ ഒന്നു മുതൽ പൂർണയുദ്ധമായി മാറി. ഇന്ത്യൻ സേന ലാഹോർ നഗരത്തിനടുത്ത് വരെ എത്തി. 50 ദിവസത്തിനുശേഷം വെടിനിർത്തൽ കരാർ നടപ്പിലാക്കി. ഈ ഏറ്റുമുട്ടലിൽ 18 ഓഫീസർമാർ ഉൾപ്പെടെ 3,264 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. അന്ന് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയായിരുന്നു.
സോവിയറ്റ് യൂണിയനും അമെരിക്കയും മധ്യസ്ഥരായി നിന്ന് താഷ്കന്‍റ് പ്രഖ്യാപനം നടത്തുകയും യുദ്ധത്തിന് ഒത്തുതീർപ്പുണ്ടാവുകയും ചെയ്തു. താഷ്കന്‍റ് കരാറിൽ ഒപ്പുവച്ചതിന് പിറ്റെ ദിവസം ലാൽ ബഹാദൂർ ശാസ്ത്രി ഹൃദയാഘാതം മൂലം അന്തരിക്കുകയും ചെയ്തു. ശാസ്ത്രിയുടെ മരണത്തെക്കുറിച്ച് ധാരാളം ദുരൂഹതകൾ പിന്നീട് പുറത്ത് വരികയുണ്ടായി.
അടുത്ത ഏറ്റുമുട്ടലുണ്ടായത് 1971ൽ ബംഗ്ലാദേശിന്‍റെ വിമോചനത്തിന് വേണ്ടിയായിരുന്നു. ഷെയ്ഖ് മുജീബുർ റഹ്‌മാന്‍റെ നേതൃത്വത്തിൽ കിഴക്കൻ പാക്കിസ്ഥാന്‍റെ (ബംഗ്ലാദേശ്) സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ശക്തമാവുകയും സമരക്കാർക്കെതിരായി പാക്കിസ്ഥാൻ നടപടികൾ തുടങ്ങുകയും ചെയ്തപ്പോൾ ഇന്ത്യയുടെ ഭാഗമായ ബംഗാളിലേക്ക് വലിയ അഭയാർഥിപ്രവാഹമുണ്ടായി. ഈ സാഹചര്യത്തിൽ കിഴക്കൻ ജനതയെ പിന്തുണച്ച് ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. പാക്കിസ്ഥാനെ സഹായിക്കാൻ അമെരിക്ക ഏഴാം കപ്പൽപ്പടയെ അയച്ചുകൊണ്ട് ഇന്ത്യയെ ഭീഷണിപ്പെടുത്തിയെങ്കിലും ഉരുക്കു വനിതയായ ഇന്ദിര ഗാന്ധി അമെരിക്കയുടെ ഭീഷണിക്ക് മുന്നിൽ തലകുനിച്ചില്ല. 13 ദിവസത്തെ യുദ്ധത്തിനു ശേഷം ബംഗ്ലാദേശ് രൂപം കൊണ്ടു. 195 ഓഫിസർമാർ ഉൾപ്പെടെ 3,843 ഇന്ത്യൻ സൈനികരെ യുദ്ധത്തിൽ ഇന്ത്യക്ക് നഷ്ടപ്പെട്ടു.
1984 ലാണ് പിന്നീട് ഇന്ത്യ- പാക് ഏറ്റുമുട്ടലുണ്ടായത്. വളരെ തന്ത്രപ്രധാനമായ സിയാച്ചിൻ മേഖല സൈനിക നീക്കത്തിലൂടെ പാക്കിസ്ഥാൻ സ്വന്തമാക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഇന്ത്യൻ സൈന്യം എല്ലാ പ്രതിസന്ധികളും നേരിട്ട് സിയാച്ചിനു മുകളിലുള്ള സാൾട്ടോറോ മലനിരകൾ നിയന്ത്രണത്തിലാക്കി. ഇന്ദിരയായിരുന്നു അന്ന് പ്രധാനമന്ത്രി.
1999ലാണ് ചരിത്ര പ്രസിദ്ധമായ കാർഗിൽ യുദ്ധം. 85 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലായിരുന്നു അത്. 1999 മെയ് മാസം ഓപ്പറേഷൻ വിജയ് ലൂടെ കാർഗിൽ മേഖലയിൽ നുഴഞ്ഞുകയറിയ പാക്കിസ്ഥാൻ സൈനികരെ ഇന്ത്യ തൂത്തെറിഞ്ഞു. അന്ന് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ആയിരുന്നു. 500ലധികം സൈനികരെയാണ് ഇന്ത്യക്ക് ഈ യുദ്ധത്തിൽ നഷ്ടപ്പെട്ടത്.
2016ൽ ഉറിയിലെ ഇന്ത്യൻ സൈനിക താവളത്തിൽ പാക്കിസ്ഥാൻ ഭീകരാക്രമണം നടത്തിയതിന് മറുപടിയായി ഇന്ത്യൻ കമാൻഡോകൾ നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള പാക് നിയന്ത്രിത ക്യാംപുകൾ തകർത്തു.
2019 ലെ ബാലാക്കോട്ട് ആക്രമണമായിരുന്നു അടുത്തത്. പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹനത്തിനു നേരെ പാക്കിസ്ഥാൻ നടത്തിയ ചാവേറാക്രമണമത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ബാലക്കോട്ട് ഭീകര പരിശീലനത്താവളം ഇന്ത്യൻ വ്യോമസേന നശിപ്പിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ കാലഘട്ടത്തിലാണ് ഈ രണ്ട് ഏറ്റുമുട്ടലും നടന്നത്.
ഇപ്പോൾ അടുത്ത കൂട്ടക്കൊലയുണ്ടായത് ജമ്മു കശ്മീരിലെ പഹൽഗാമിലാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 26 വിനോദ സഞ്ചാരികളായ പുരുഷന്മാരെ അവരുടെ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും മുന്നിൽ വച്ചാണ് പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ വെടിവച്ച് കൊന്നത്.
തുടർന്നുണ്ടായ സൈനിക ദൗത്യത്തിലൂടെ ഇന്ത്യൻ കര- നാവിക- വ്യോമ സേനകൾ സംയുക്തമായി പാക്കിസ്ഥാനിലെ 3 സ്ഥലങ്ങളിലായി 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. കോട്‍ലി, മുരിദികെ, ബഹാവൽപുര്‍, മുസഫറബാദ്, സവായ് നല്ല, സർജൽ, കോട്‌ലി ഗുൽപുർ, മെഹ്‌മൂന ജോയ, ഭീംബർ എന്നീ കേന്ദ്രങ്ങളാണ് മിസൈൽ ആക്രമണത്തിൽ തകർന്നത്. പാക് പൗരൻമാരെ സംരക്ഷിച്ചുകൊണ്ടും ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടും നടത്തിയ അതിവിദഗ്ധമായ ആക്രമണമായിരുന്നു ഇത്. കാശ്മീരിൽ 26 ഇന്ത്യക്കാരുടെ ജീവനൊടുക്കിയ ഭീകരരോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് ഇന്ത്യ വ്യക്തമായിട്ടുണ്ട്.
പാക്കിസ്ഥാന്‍റെ ഏത് ആക്രമണവും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു. സൈനിക നടപടി ആരംഭിക്കുന്നതിന് മുമ്പ് അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ ലോക രാജ്യങ്ങളോടും ഐക്യരാഷ്‌ട്ര സഭയോടും തീവ്രവാദ ആക്രമണത്തിന്‍റെ ഭയാനകത ഫലപ്രദമായി വിശദീകരിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞിരുന്നു.
പാക്കിസ്ഥാനോടൊപ്പം നിലകൊള്ളുന്ന ചൈന തികച്ചും മിതസ്വതന്ത്രമായ സമീപനം എടുത്തപ്പോൾ അമെരിക്ക പതിവു പോലെ ഒരു കച്ചവട സമീപനമാണ് കാണിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തായ റഷ്യ നമ്മോടൊപ്പമുണ്ടായിരുന്നു. ഡൽഹിക്കു മിസൈൽ കവചം സൃഷ്ടിച്ചുകൊണ്ട് ഇസ്രയേൽ നമ്മുക്കൊപ്പം നിലകൊണ്ടിരുന്നു.
ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ ഭീകരപ്രവർത്തകർക്ക് അഴിഞ്ഞാടാനുള്ള ഒരു താവളമായി ഇന്ത്യയെ ആരും കാണരുത് എന്നതും ഈ സൈനിക നടപടിക്കു പിന്നിലുണ്ടായിരുന്നു. ഇന്നത്തെ ഇന്ത്യ ഒരു രാജ്യങ്ങളുടെയും മുന്നിൽ തലകുനിക്കുന്ന രാജ്യമല്ല. സ്വന്തം കാലിൽ നിൽക്കാനും ജനങ്ങൾക്ക് സംരക്ഷണം നൽകാനും ഇന്ത്യയ്ക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു.
മെയ് 7ന് ആരംഭിച്ച് 10ന് ഏറ്റുമുട്ടലിന് വിരാമം പ്രഖ്യാപിച്ച 4 ദിവസത്തെ ഏറ്റുമുട്ടലുകൾ ഇന്ത്യയുടെ കരുത്തും കഴിവും പ്രകടമാക്കി. ഭീകരരുമായുള്ള ഏറ്റുമുട്ടൽ പരഹരിക്കാൻ മറ്റൊരു രാജ്യത്തിന്‍റെ മധ്യസ്ഥത ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും സൈനിക നേതൃത്വമാണ് യുദ്ധത്തിലേക്ക് കടന്ന ഏറ്റുമുട്ടൽ നിർത്തിവയ്ക്കുന്നതിന് മുൻകൈയെടുത്തത് എന്ന് വ്യക്തമായെങ്കിലും അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സ്വയം പ്രഖ്യാപിത മധ്യസ്ഥനായി മാറി.
ഇന്ത്യയും പാക്കിസ്ഥാനും കൂടി നടന്ന യുദ്ധസമാനമായ ഈ ഏറ്റുമുട്ടലിന് ചില പ്രത്യേകതകളുണ്ട്, പാക്കിസ്ഥാൻ യുദ്ധാവസനത്തിന് തയാറായപ്പോൾ ഇന്ത്യ അടുത്ത യുദ്ധത്തിനുള്ള ഒരുക്കത്തിലായിരുന്നു. ലൈൻ ഓഫ് കൺട്രോളും അന്താരാഷ്‌ട്ര അതിർത്തിയും ആകാശ മേഖലയും കടക്കാതെ ഇന്ത്യ നടത്തിയ ഒരു യുദ്ധമാണിത്. പാക്കിസ്ഥാന്‍റെ സൈനിക സ്വത്തുക്കൾ നശിപ്പിക്കാതെയാണ് ഭീകരരെ നേരിട്ടത്. പാക്കിസ്ഥാന്‍റെ പൗരന്മാർക്കും അവരുടെ സ്വത്തിനും നാശനഷ്ടങ്ങൾ ഉണ്ടാകരുതെന്ന സമീപനവും ഇന്ത്യയെടുത്തു.
ഇന്ത്യയിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾക്ക് കാരണം കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതു കെണ്ടാണെന്നായിരുന്നു പാക്കിസ്ഥാൻ എക്കാലവും എടുത്തിരുന്ന നിലപാട്. ഈ വാദവും ഏറ്റുമുട്ടലിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. പഹൽഗാമിലെ കൂട്ടക്കൊല പാക്കിസ്ഥാൻ സൈന്യ നേതൃത്വത്തിന്‍റെ അറിവോടും സഹായത്തോടും കൂടിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കശ്മീർ പ്രശ്നത്തിൽ അമെരിക്ക ഇടപെടാമെന്ന ട്രംപിന്‍റെ ഓഫർ ഇന്ത്യ തിരസ്ക്കരിച്ചു
1947 ആഗസ്റ്റ് 15 അർധരാത്രി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി എന്ന് തുടങ്ങുന്ന ഒരു പ്രസംഗം നടത്തി. ഈ സുപ്രധാന പ്രസംഗത്തിൽ, ""വർഷങ്ങൾക്ക് മുമ്പ് നമ്മൾ വിധിയുമായി ഒരു കൂടിക്കാഴ്ച നടത്തി, ഇപ്പോൾ നമ്മുടെ പ്രതിജ്ഞ പൂർണമായും വീണ്ടെടുക്കേണ്ട സമയം വന്നിരിക്കുന്നു. അർധരാത്രിയിൽ ലോകം ഉറങ്ങുമ്പോൾ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണർന്നെഴുന്നേൽക്കും'' എന്ന് അദ്ദേഹം പ്രഖ്യാപിച്ചതു പോലെ അർധരാത്രി നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി ഭീകരാക്രമണത്തിൽ ഭർത്താവ് നഷ്ടപ്പെട്ട നമ്മുടെ സഹോദരിമാർക്കുള്ള ഒരു ആദരവാണ്.
ഭീകരർക്ക് പാക്കിസ്ഥാൻ നൽകുന്ന സഹായം നിർത്തുകയും അവരെ പാക് മണ്ണിൽ നിന്ന് പുറത്താക്കുകയും വേണം. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും തകർക്കാൻ നാം ആരേയും അനുവദിക്കരുത് എന്നാണ് ജോത്സ്യന് പറയാനുള്ളത്.