ലോക രാഷ്‌ട്രങ്ങളിലെ നാനാതരം മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ശക്തി ഇത്തരം മത്സരങ്ങൾക്കുണ്ട്
ക്വാറന്‍റൈൻ|കെ.ആർ. പ്രമോദ്
ഒരു ഗ്രാമത്തിലെ ക്ഷേത്രമാണ് രംഗം. ഒരാൾ വഴിപാടു കൗണ്ടറിനു മുമ്പിൽ പുഷ്‌പാഞ്ജലിക്കു പണമടയ്ക്കാൻ നിൽക്കുകയാണ്. അർജന്‍റീനിയൻ ഫുട്ബോൾ താരം മെസിക്കു വേണ്ടിയാണ് വഴിപാട്!
"മെസിയുടെ നക്ഷത്രം ഏതാണ്?'- കൗണ്ടറിലെ ആൾ ചോദിച്ചു.
"അറിയില്ല. ആകെ എത്ര നക്ഷത്രങ്ങളുണ്ട്?'- വഴിപാടുകാരന്‍റെ സംശയം.
"ആകെ 27 നക്ഷത്രങ്ങളുണ്ട്.'- ക്ഷേത്രം ജീവനക്കാരൻ പറഞ്ഞു.
"എങ്കിൽ മെസിയുടെ പേരിൽ 27 നക്ഷത്രത്തിലും പുഷ്പാഞ്ജലി നടക്കട്ടെ! ശത്രുസംഹാരപൂജയും വേണം!'- വഴിപാടുകാരൻ ചൊല്ലി.
അങ്ങനെ മെസിക്കു വേണ്ടി ആ ക്ഷേത്രത്തിൽ ആയിരക്കണക്കിന് രൂപയുടെ വഴിപാടുകൾ നടന്നു!
ഇതൊരു കെട്ടുകഥയാണെങ്കിലും തെല്ലും അതിശയോക്തിയില്ല. അങ്ങനെയാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്.
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായതോടെ നാട്ടിൽ പലയിടങ്ങളിലും ഫുട്ബോൾപ്പനി വല്ലാതെ ബാധിച്ചിരിക്കുയാണ്. പ്രത്യേകിച്ചും കൊച്ചി - മലബാർ പ്രദേശങ്ങളിൽ ഉഗ്രൻ പനിച്ചൂടാണ്. ഇതു ശമിപ്പിക്കാൻ ഒരു ഗുളികയ്ക്കും ഗുളികനും ശക്തിയില്ല.
മലയാളിയും കാൽപ്പന്തും
ഇന്ത്യയിൽ പലയിടത്തുമില്ലാത്ത ഈ കടുത്ത ഫുട്ബോൾ ഭ്രാന്ത് കേരളത്തിന്‍റെ ചില മേഖലകളെ മാത്രം എങ്ങനെ ബാധിച്ചു. ഇതിന് ചില കാരണങ്ങളുണ്ടെന്നു തോന്നുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്- ഗൾഫ് കുടിയേറ്റം.
രണ്ട്- ടിവി ചാനലുകളുടെ ആഗമനം.
മൂന്ന്- ക്രിക്കറ്റ് എന്നത് സവർണ, വരേണ്യതയുടെ കളിയും ഫുട്ബോൾ അടിച്ചമർത്തപ്പെട്ടവരുടെ വിനോദവുമാണെന്ന വിചാരം.
നാല്- സാർവദേശീയ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ കിട്ടിയ സ്വീകാര്യത മൂലമുണ്ടായ ലാറ്റിനമെരിക്കൻ പ്രേമം.
അഞ്ച് - മലയാളിയുടെ സഹജമായ അമെരിക്കൻ വിരോധം.
ആറ്- സമൂഹത്തിൽ പ്രത്യേക ഇടങ്ങൾ കണ്ടെത്താനുള്ള യുവാക്കളുടെ ആവേശം.
"സുഡാനി ഫ്രം നൈജീരിയ'
സാർവദേശീയ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ കിട്ടിയ സ്വീകാര്യതയും നമ്മുടെ അമെരിക്കൻ വിരോധവുമാണ് ലാറ്റിനമെരിക്കൻ ഫുട്ബോളിനെ സ്വീകാര്യമാക്കിയത് എന്നതിൽ തർക്കമില്ല.
മറഡോണയും, മാർകേസും കാസ്ട്രോയുമൊക്കെ ഒരേപോലെ ബുദ്ധിജീവികൾക്കിടയിലും മധ്യവർഗ സമൂഹത്തിലും വീരനായകരായി അവരോധിക്കപ്പെടുന്നു. നമുക്ക് പഴയതും പുതിയതുമായ ദേശീയ നേതാക്കളയും എഴുത്തുകാരേയുമെന്നും അറിയില്ലെങ്കിലും മെസിയും നെയ്മറുമൊക്കെ നാട്ടിൻപുറങ്ങളിൽപ്പോലും പരിചിതരാണെന്നത് തമാശയാണ്.
എൻ.എസ്. മാധവന്‍റെ ശരാശരി കഥയായ "ഹിഗ്വിറ്റ'യ്ക്ക് നല്ല പ്രശസ്തി മലബാർ മേഖലയിൽപ്പോലും കിട്ടിയെന്നതാണ് മറ്റൊരു സംഗതി. മലപ്പുറത്തെ സെവൻസ് ഫുട്‌ബോൾ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായ "സുഡാനി ഫ്രം നൈജീരിയ' സിനിമയെയും വിസ്മരിക്കാനാവില്ല. മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2018 ലെ സംസ്ഥാന അവാർഡ് ഈ സിനിമ നേടുകയുണ്ടായത് ഒരു സൂചനയാണ്.
60കളുടെ അവസാനത്തോടെ അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച പെലെയും കേരളത്തിൽ ഒരു താരമായിരുന്നല്ലോ. ഏതാനും നാൾ മുമ്പാണ് ഒരു സ്വർണ വ്യാപാരി ഒരു അന്താരാഷ്‌ട്ര ഫുട്ബോൾ താരത്തെ ഇറക്കുമതി ചെയ്ത് പരസ്യ മോഡലാക്കി നേട്ടങ്ങൾ വാരിയെടുത്തത്.
എതിർപ്പിന്‍റെ ആയുധം
ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ക്രിക്കറ്റിനില്ലാത്ത പ്രാമുഖ്യം മലബാറിലെങ്കിലും ഫുട്ബോളിന് കിട്ടിയത് ക്രിക്കറ്റ് വരേണ്യ - സവർണതയുടെ കളിയാണെന്ന വിചാരം മൂലമാകാം. അങ്ങിനെയാണ് ഫുട്ബാൾ ഒരു ആയുധവും വഴിയും മാർഗവുമാകുന്നത്.
ഫുട്ബോളും അക്രമ വാസനയും തമ്മിൽ സാമൂഹികവും മനഃശാസ്ത്രപരവുമായ ബന്ധമുണ്ട്. കാൽപ്പന്തിലെ ആവേശം അതിരുവിട്ട് "ഫുട്ബോൾ ഹൂളിഗനിസം' എന്നറിയപ്പെടുന്ന അക്രമാസക്തമായ സ്വഭാവരീതികളിലേക്ക് വഴിമാറാറുമുണ്ട്. ടീമുകളോടുള്ള അമിതമായ കൂറും ആൾക്കൂട്ട മനഃശാസ്ത്രവും ഇതിന് ആക്കം കൂട്ടുന്നു. അങ്ങനെ യുവാക്കളും മറ്റും തങ്ങളുടെ സാമൂഹികമായ സ്വത്വവും അസ്തിത്വവും തെളിയിക്കാൻ ശ്രമിക്കുന്നു.
ഫുട്ബോളിനെ "പരോക്ഷമായ യുദ്ധം' എന്ന് വിശേഷിപ്പിച്ചത് സാഹിത്യകാരനായ ജോർജ് ഓർവെലാണ്. ഈ കളിയിലെ ഫീൽഡ്, ഡിഫൻസ്, പാസിങ്, പരേഡ്, കിക്ക് തുടങ്ങിയ സംജ്ഞകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. യുദ്ധം പോലെ അനിശ്ചിതത്വങ്ങളെ ഒളിപ്പിച്ചുവയ്ക്കുന്ന ഫുട്ബോൾ കളിയിലെ ഓരോ ഗോളടികളും യുദ്ധമുന്നണിയിലെ പീരങ്കിപ്രയോഗങ്ങളാകുന്നു. അടുത്തയിടെ ഇറങ്ങിയ ഒരു സിനിമയിൽ ഒരു വില്ലന്‍റെ തല ഒരു ഫുട്ബോൾ പോലെ തൊഴിച്ചു കൊണ്ടുപോകുന്ന നായകനെ കാണാം.
നാട്ടിലെ മായക്കാഴ്ചകൾ
ഇനി എന്തൊക്കെയാണ് നാട്ടിലെ ഫുട്ബോൾ ആവേശക്കാഴ്ചകളെന്നു നോക്കാം. മലബാറിലെ ഒരു പ്രദേശത്ത് ഒന്നരലക്ഷം രൂപ ചെലവാക്കി ബ്രസീലിന്‍റെ കളിക്കാരുടെ 400 അടിയുള്ള ഫ്ലക്സ് ഉയർന്നിരിക്കുന്നു. ലോകത്തിൽ ഏറ്റവും വലിയ ഫിഫാ ഫ്ലക്സ് ഇതാണെന്നാണ് അവകാശവാദം. സാക്ഷാൽ ബ്രസീലിന്‍റെ കളിക്കാർ പോലും ഇതിന്‍റെ ചിത്രം ഷെയർ ചെയ്തിട്ടുണ്ടത്രെ. ഈ ഫ്ലക്സിനെയും വെല്ലുന്ന മറ്റൊന്ന് തയാറാകുന്നുണ്ടെന്നും കേൾക്കുന്നു.
വീടിന്‍റെ നിറം ബ്രസീൽ ടീമിന്‍റേതു പോലെയാക്കിയ മഹാന്മാരെയും കാണാം. "ബ്രസീൽ വീട്' എന്നാണത്രെ ഇത്തരമൊരു ഗൃഹം നാട്ടിൽ അറിയപ്പെടുന്നത്. അർജന്‍റീനയുടെയും പോർച്ചുഗലിന്‍റെയും പതാകകളുടെ നിറങ്ങൾ താടിയിൽ വരച്ചു നടക്കുന്നവരെക്കുറിച്ചും വാർത്ത കണ്ടു. വാസ്കോ ഡ ഗാമയ്ക്ക് ഇതു കാണാൻ ഭാഗ്യം കിട്ടിയില്ലെന്നത് കഷ്ടം തന്നെ!
നാടിന്‍റെ മുക്കിലും മൂലയിലും ജനകീയ സമിതികൾ രൂപീകരിച്ച് 2,000 പേർക്ക് ഇരുന്നുകാണാനുള്ള ബിഗ് സ്ക്രീനുകൾ തയാറാക്കുന്ന പണിയും നടന്നുവരികയാണ്.
താരങ്ങളുടെ ഫോട്ടൊകളും കട്ടൗട്ടുകളുമാണ് മറ്റു കൗതുകങ്ങൾ. അർജന്‍റീനിയൻ താരമായ മെസിയുടെ 25 അടി കട്ടൗട്ട് കൊച്ചിയിൽ ചെല്ലാനത്ത് കാണാം. ഒരു മാസം കൊണ്ടാണ് ഇതു പണിതീർത്തത്. നാട്ടുകാർ ഇതിനായി നല്ലപോലെ സംഭാവന നൽകി.
ലോകകപ്പ് ടീമുകളുടെ ജേഴ്സിയണിഞ്ഞ് കൊച്ചിയിലെ ഒരു ഫുട്ബോൾ ക്ലബ്ബ് കെഎസ്ആർടിസിയുടെ ഇരുനില ബസിൽ നഗരത്തിലൂടെ റാലി നടത്തിയതും ശ്രദ്ധേയം. തീർന്നില്ല, ഫുട്ബോൾ പ്രേമം തലയ്ക്കുപിടിച്ച് പ്രത്യേകം ഇംഗ്ലിഷ്, മലയാളം അക്ഷരങ്ങൾ രൂപപ്പെടുത്തിയ ഒരാളെക്കുറിച്ചും പത്രങ്ങളിൽ വാർത്തയുണ്ടായിരുന്നു.
അതുപോലെ, മെസി, നെയ്മർ, റൊണാൾഡോ തുടങ്ങിയ താരങ്ങളുടെ പേരിൽ മുണ്ടുകളും ടീഷർട്ടുകളും ഇറങ്ങിക്കഴിഞ്ഞു. താരങ്ങളുടെ മുഖങ്ങളും ഫുട്ബോളിന്‍റെയും ലോകകപ്പിന്‍റെയും ചിത്രങ്ങളും ഈ മുണ്ടുകളിലുണ്ട്. മലബാർ മേഖലയിലാണ് 2,000 രൂപ വരെ വിലവരുന്ന ഈ മുണ്ടുകൾ വിറ്റുപോകുന്നത്. പോർച്ചുഗൽ, ബ്രസീൽ, അർജന്‍റീറീന തുടങ്ങിയ രാജ്യങ്ങളുടെ പതാകകളുടെ ഡിസൈൻകളുള്ള ലുങ്കികളും ഇറങ്ങിക്കഴിഞ്ഞു.
കാൽപ്പന്തുകളിയുടെ പേരിൽ വൻതുകയ്ക്കുള്ള വാതുവയ്പ്പുകളും ചെറിയ കൊമ്പുകോർക്കലുകളും നടക്കുന്നുണ്ടെന്നത് മറ്റൊരു കാര്യമാണ്.
തെല്ലു ഭ്രാന്ത് നല്ലതാണ്, പക്ഷേ...
ഇപ്പോഴത്തെ ലോകകപ്പ് ഫുട്ബോൾ ഭ്രാന്ത് മോശമാണെന്നല്ല പറഞ്ഞുവരുന്നത്. ഈ മത്സരം ലോക മാനവികതയുടെ ഐക്യത്തിന്‍റെ മെഗാ കാർണിവലും കോടിക്കണക്കിന് ഡോളറിന്‍റെ ബിസിനസ് ഡീലും സാമ്പത്തിക മാമാങ്കവുമാണ്. ആഫ്രിക്കൻ വംശജരായ കുറച്ച് പ്രതിഭകളെങ്കിലും വിവിധ യൂറോപ്യൻ ക്ലബ്ബുകളിലൂടെയും അല്ലാതെയും മത്സരത്തിൽ മാറ്റുരയ്ക്കുന്നു എന്നതും പ്രാധാന്യമുള്ള കാര്യമാകുന്നു.
ലോക രാഷ്‌ട്രങ്ങളിലെ നാനാതരം മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ശക്തി ഇത്തരം മത്സരങ്ങൾക്കുണ്ട്. ലോകമെമ്പാടും നിലനിൽക്കുന്ന സംഘർഷവും വിഭാഗീയതയും ഇല്ലാതാക്കാനും മനുഷ്യരെല്ലാം ഒന്നാണെന്ന ബോധം നിലനിർത്താനും ഇത്തരം കളികൾ നല്ലതാണുതാനും. നമ്മുടെ തുച്ഛമായ ജീവിതത്തിൽ ഇത്തരം ആഘോഷങ്ങളും മേളകളും അത്യാവശ്യമാണ്. ഇതൊക്കെയാണ് നമ്മുടെ വാഴ്‌വിന് വ്യാപ്തിയും വ്യത്യസ്തതയും നൽകുന്നത്.
പക്ഷെ, ലോകകപ്പ് മത്സരങ്ങളുടെ പേരിൽ നമ്മുടെ പരിധിവിട്ടുള്ള ആഘോഷങ്ങളും ദുർവ്യയവും വാദഘോഷങ്ങളും വാദ്യഘോഷങ്ങളും പതാകവന്ദനവും വ്യക്തിപൂജയുമൊക്കെ അനാവശ്യമല്ലേ?
ഒന്നും അധികമാകുന്നത് ഉചിതമാവില്ല.
"പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത്, എല്ലാം പിരാന്ത് '- എന്ന പാട്ടിന്‍റെ ചുവടുപിടിച്ചാണെങ്കിൽ "ഇത്രയും പിരാന്ത് നല്ലതല്ല' എന്നു ചിലരെങ്കിലും പറയുന്നുണ്ട്.