.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്നത് മദ്യവും വാഹനവും വാങ്ങുന്നവരാണ്. എന്നാൽ, ഇത്രയും നികുതി നൽകി വാങ്ങുന്നവ ഉപയോഗിക്കുമ്പോൾ ഏറ്റവും കൂടുതൽ ആട്ടും തുപ്പും ഏൽക്കേണ്ടിവരുന്നവരും മറ്റാരുമല്ല. നിയമപ്രകാരം ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാതെ ഇവരെ ഞെക്കിപ്പിഴിയാനാണ് പൊലീസ് ശ്രമിക്കുന്നത്.
മദ്യപിക്കുന്നവരുടെ അനുഭവം സ്ഥായിയായതിനാൽ വാഹന ഉപയോക്താക്കളുടെ അനുഭവമാവട്ടെ ഇത്തവണ.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ജീവനക്കാർക്ക് മുഴുവൻ പാർക്കിങ്ങിന് സൗകര്യമില്ല. അത് രൂപകല്പന ചെയ്തപ്പോൾ ഇത്രയും പേർ ജോലിയെടുക്കുന്ന സ്ഥാപനമായി വളരുമെന്ന് കരുതിയിരിക്കണമെന്നില്ലല്ലോ. മാത്രമല്ല, അധികാര വികേന്ദ്രീകരണം എന്നാൽ, സെക്രട്ടേറിയറ്റ് വിപുലപ്പെടുത്തി അധികാര കേന്ദ്രീകരണം നടത്തിക്കൊണ്ടാണ് നടപ്പാക്കേണ്ടത് എന്നാണല്ലോ പുതിയ സിദ്ധാന്തം! ജീവനക്കാരും സെക്രട്ടേറിയറ്റും വല്ലാതങ്ങു വളർന്നു. അതനുസരിച്ച് പാർക്കിങ് സൗകര്യം പെരുകിയില്ല.
അതുകൊണ്ട് ഇവിടത്തെ ജീവനക്കാർക്കുപോലും സമീപത്തെ റോഡുകൾക്കു ചുറ്റും വാഹനം കൊണ്ടിടാതെ നിവൃത്തിയില്ലാതായി. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിലെ ജീവിതങ്ങളായി നൂറുകണക്കിന് ആളുകൾ ഓരോ ദിവസവും ഇവിടേക്കു വരും. അവരും വാഹനങ്ങളിലാവും എത്തുക. അവർക്കും പാർക്ക് ചെയ്യാൻ സ്ഥലമില്ല. അതുകൊണ്ടുതന്നെ സെക്രട്ടേറിയറ്റിന്റെ രണ്ടുകിലോമീറ്റർ ചുറ്റളവിലെ റോഡുകളും ഉപറോഡുകളും പാർക്കിങ് ബാഹുല്യത്താൽ വലയുകയാണ്. ഇതുമൂലം ഇവിടങ്ങളിലെ വീടുകളിൽ കഴിയുന്നവർക്ക് വാഹനവുമായി വരാനും പോവാനും കഴിയാത്ത ദുഃസ്ഥിതിയുണ്ടെന്നതും യാഥാർഥ്യമാണ്.
സെക്രട്ടേറിയറ്റിലെ മാത്രമല്ല, ഓഫിസ് ശൃംഖലകളുള്ള പാളയത്തെ പബ്ലിക് ഓഫിസ് ,വികാസ്ഭവൻ, നഗരസഭാ മേഖല എന്നുതുടങ്ങിയ ഇടങ്ങളിലൊന്നും പാർക്കിങ്ങിന് സൗകര്യമില്ല. ഇവിടങ്ങളിലെ ജീവനക്കാർക്കും പലപ്പോഴും പുറത്ത് റോഡിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്.
ഇനി ആശുപത്രികളുടെ കാര്യമെടുത്താലോ? കേരളത്തിലെ ഏറ്റവും വലിയ ആശുപത്രിയാണ് തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളെജ്. ഇപ്പോൾ, ഇവിടെ ഡോക്റ്റർമാർ ഉൾപ്പെടെ സേവനമനുഷ്ഠിക്കുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമില്ല. അപ്പോൾ, രോഗികളുമായി എത്തുന്ന വാഹനങ്ങളുടെ കാര്യം പറയേണ്ട കാര്യമില്ലല്ലോ. അവരുടെ വാഹനങ്ങൾ റോഡിൽ എവിടെയെങ്കിലും കൊണ്ട് കുത്തിനിറയ്ക്കുകയേ മാർഗമുള്ളൂ. അതുകൊണ്ട് പൊലീസിന് സൗകര്യമായി: അവിടെ കാത്തു നിന്ന് പിഴയീടാക്കി "ടാർഗറ്റ് ' തികയ്ക്കുന്നവരുടെ എണ്ണം കാക്കിപ്പടയിൽ ഏറെയാണ്!
തിരുവനന്തപുരം ജനറൽ ആശുപത്രി, കണ്ണാശുപത്രി എന്നിവയുടെ കാര്യം പറയേണ്ട. അവിടെ ഡോക്റ്റർമാരുടെ വാഹനവും റോഡരികിലേ പാർക്കു ചെയ്യാനാവൂ. പ്രധാനപ്പെട്ട എല്ലാ ഓഫിസുകളുടെയും ആശുപത്രികളുടെയും അവസ്ഥ ഇങ്ങനെ തന്നെ. തലസ്ഥാനത്തെ മാത്രം കാര്യമല്ല. സംസ്ഥാനത്തിന്റെ പൊതുസ്ഥിതിയാണിത്.
വികസനത്തിന്റെ പേരിൽ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുമ്പോൾ ഒരു ആസൂത്രണവുമില്ലാത്തതിന്റെ ദുര്യോഗമാണിത്. ഇതിനായി പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിഭാഗം സംസ്ഥാന സർക്കാരിന് കീഴിലുണ്ട്. അവരെക്കുറിച്ചുള്ള പരാതികൾ കാരണം ഇരിക്കപ്പൊറുതിയില്ലാതെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആസ്ഥാന ഓഫിസിൽ മിന്നൽ പരിശോധനയ്ക്കെത്തി. അന്നുണ്ടായിരുന്ന 17 ജീവനക്കാരില് പഞ്ച് ചെയ്തത് 10 പേരും അറ്റന്ഡന്സ് രജിസ്റ്ററില് ഒപ്പുവച്ചത് 6 പേരുമെന്ന് പരിശോധനയില് തെളിഞ്ഞു. ചീഫ് ആർക്കിടെക്റ്റ്, ഡെപ്യൂട്ടി ചീഫ് ആർക്കിടെക്റ്റ് എന്നിവരെ സസ്പെൻഡ് ചെയ്തു. വകുപ്പിലെ മറ്റു 18 പേർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഓഫിസ് നടത്തിപ്പിലെ ഗുരുതര വീഴ്ചയെ തുടർന്നാണ് നടപടി. ഓഫിസിലെ 41 ജീവനക്കാരുടേയും ഹാജർ രേഖകളിൽ ക്രമക്കേട് കണ്ടെത്തി. ഇത്തരം ഉദ്യോഗസ്ഥർ ഇങ്ങനെ ജോലി ചെയ്യുമ്പോൾ നമ്മുടെ റോഡും പാലവും കെട്ടിടങ്ങളുമൊക്കെ വേണ്ടപോലെ ആവാത്തതിൽ അതിശയമുണ്ടോ?
"ഉണ്ടിരിക്കുന്ന നായർക്ക് ഉൾവിളി' എന്ന പോലെ പൊലീസിന് ഇപ്പോൾ പെട്ടെന്നൊരു ബോധോദയം. നഗരത്തിലെ അനധികൃത പാർക്കിങ് ഒഴിവാക്കണം. അതിന് ആദ്യം ബോധവത്കരണവും പിന്നീട് പിഴ ഈടാക്കലുമാണ് പ്രഖ്യാപിച്ചത്. ആദ്യഘട്ടമായി സെക്രട്ടേറിയറ്റ് പരിസരത്തുള്ള പാർക്കിങ് നിരോധിച്ചു. രണ്ടാംഘട്ടമായി ചാക്ക മുതൽ തമ്പാനൂർ വരെയുള്ള റോഡിന്റെ ഇരുവശത്തെയും പാർക്കിങ് ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, ഈ സ്ഥലങ്ങളിലെത്തുന്ന വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണം? സർക്കാർ എന്നുപറയുന്ന "സാധന'ത്തിന്റെ ആസ്ഥാനം സെക്രട്ടേറിയറ്റ് ആണല്ലോ. അവിടെ പാർക്കിങ് നിരോധിച്ച അധികൃതർക്ക് പകരം എവിടെ പാർക്ക് ചെയ്യണം എന്നു പറഞ്ഞുതരാനുള്ള ഉത്തരവാദിത്തവുമുണ്ട്. സാധാരണ ഒരിടത്തെ പാർക്കിങ് നിരോധിക്കുന്നത് എങ്ങനെയാണ്? അവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പകരം പാർക്കിങ് സ്ഥലം അനുവദിക്കും. എന്നാൽ, സെക്രട്ടേറിയറ്റിനടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പകരം പാർക്ക് ചെയ്യാനുള്ള സ്ഥലം ചൂണ്ടിക്കാട്ടുക എന്ന സ്വാഭാവിക നീതി പാലിച്ചില്ല.
ഇത്തരം വിഷയങ്ങളിൽ മുമ്പ് ജനങ്ങളുടെ കഷ്ടപ്പാടുകൾ കാണുകയും അതിനു പരിഹാരം തേടുകയും ചെയ്തിരുന്നത് രാഷ്ട്രീയ നേതൃത്വമായിരുന്നു. ഉദ്യോഗസ്ഥനീതി എന്നാൽ അത് പലപ്പോഴും കണ്ണില്ലാത്തതാണ്. ഉദ്യോഗസ്ഥർക്ക് ആരോടും കണക്കുപറയേണ്ട കാര്യവുമില്ല. എന്നാൽ, രാഷ്ട്രീയ നേതൃത്വത്തിന് അങ്ങനെയല്ല. ജനങ്ങളോട് നേരിട്ട് കണക്കു പറയേണ്ടിവരുന്നവർ അവരാണ്. ഇപ്പോൾ, രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരെ എല്ലാം ഏൽപിച്ച് കൈയും കെട്ടിയിരിക്കുന്നതിനാൽ ഉദ്യോഗസ്ഥ നേതൃത്വം ജനത്തിന്റെ നെഞ്ചത്തുകേറേണ്ട ഒരവസരം പോലും പാഴാക്കുന്നില്ല! ആദ്യം ജനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തുക, എന്നിട്ട് അത് പാലിക്കാത്തവരെ പിഴയിടാക്കുക... അതല്ലേ, സർ... ന്യായം?
തിരുവനന്തപുരത്തുൾപ്പെടെ "നൈറ്റ് ലൈഫ്' പ്രോത്സാഹിപ്പിക്കാൻ സർക്കാർ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. അപ്പോഴിതാ വരുന്നു, പൊലീസിന്റെ ഗംഭീര പിന്തുണ - ഗുണ്ടകളെ പേടിച്ച് രാത്രി 11 മണിക്ക് ശേഷം തട്ടുകടകളെല്ലാം അടയ്ക്കണം! ഗുണ്ടകൾ ആഹാരം കഴിയ്ക്കുന്നത് തട്ടുകടയിലാണെന്നതാണ് കാരണമായി പൊലീസ് പറഞ്ഞത്. ആ കാലമൊക്കെ കഴിഞ്ഞത് പൊലീസ് അറിഞ്ഞില്ല. ഇപ്പോൾ, സ്റ്റാർ ഹോട്ടലുകളിൽ ആഹാരം കഴിച്ച് അവിടെ താമസിച്ച് ബെൻസിന്റെ പുതിയ മോഡലിൽ യാത്ര ചെയ്ത് വിമാനത്തിലാണ് ഗുണ്ടകളുടെ സഞ്ചാരം.
ഇതു പറഞ്ഞത് ആരാണെന്നോ? സെക്രട്ടേറിയറ്റിന് കഷ്ടിച്ച് മൂന്നു കിലോമീറ്റർ അകലെ പേട്ട പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നടന്ന ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വെട്ടു കേസിലെ പ്രതി എവിടെ എന്ന ചോദ്യത്തിന് പൊലീസിന്റെ തന്നെ വിശദീകരണമാണ്!പൊലീസായതിനാൽ, ജനം ഇപ്പോൾ "ഉണക്കപ്പിണ്ടിയിൽ നിന്ന് നീരെടുക്കുമോ' എന്ന അവസ്ഥയിലാണ് കാര്യങ്ങൾ നോക്കിക്കാണുന്നത്!
സംസ്ഥാനത്ത് വ്യാപകമായി ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തലസ്ഥാനത്താണ്. ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സാധിച്ചിരുന്നു. അത് പ്രവർത്തിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ ആയാസവും കുറയും. എന്നാൽ, തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് സിഗ്നൽ ഓഫ് ചെയ്ത് ഉദ്യോഗസ്ഥരെ നിയമിക്കുകയാണ്, കുറഞ്ഞപക്ഷം തിരുവനന്തപുരത്തെങ്കിലും. എന്തുകൊണ്ടാണെന്നോ? മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കാത്തുകിടക്കാതെ വരണം, പോകണം... ഗതാഗതക്കുരുക്കിൽ 5 മിനിറ്റ് അവർ കിടന്നാൽ ലോകാവസാനം ഉണ്ടായിപ്പോവുമല്ലോ! ഇവരെ വോട്ടുചെയ്ത് അധികാരത്തിലെത്തിച്ച ജനം ഇവരുണ്ടാക്കുന്ന ഈ ഗതാഗതക്കുരുക്കും അനുഭവിക്കാൻ ബാധ്യസ്ഥർ തന്നെയാണ്!
തമ്പാനൂർ ഭാഗത്ത് ബസ് സ്റ്റാൻഡ്, റെയ്ൽവേ, നഗരസഭ എന്നീ പാർക്കിങ് കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒരു സുഹൃത്ത് കാറുമായി നഗരസഭയുടെയും കെഎസ്ആർടിസിയുടെയും റെയ്ൽവെയുടെയും പാർക്കിങ് കേന്ദ്രങ്ങളിൽ രാത്രി 7ന് എത്തി. 8.30നുളള അമൃത എക്സ്പ്രസിൽ പോകാനായി പാർക്ക് ചെയ്യണം. ഒരിടത്തും പാർക്കിങ് സ്ഥലമില്ല! നഗരസഭ കോടികൾ ചെലവഴിച്ച് നിർമിച്ച പാർക്കിങ് കേന്ദ്രത്തിൽ കാർ പാർക്ക് ചെയ്യേണ്ട സ്ഥലത്ത് ബൈക്ക് എടുത്തുവച്ച കാഴ്ച ആ സുഹൃത്ത് ഫോട്ടോ എടുത്തത് ഇതോടൊപ്പമുണ്ട്. 400 ബൈക്കും 20 കാറും പാർക്ക് ചെയ്യാനുള്ള സ്ഥലത്താണിത്. 18 കോടി രൂപയാണ് ഈ കേന്ദ്രത്തിന്റെ നിർമാണച്ചെലവ്.
വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പുത്തരിക്കണ്ടം, പാളയം, മെഡിക്കൽ കോളെജ് പാർക്കിങ് കേന്ദ്രങ്ങൾ എന്ന് നിലവിൽ വരുമെന്ന് ആർക്കും അറിയില്ല. അവിടെ അതുവന്നാലും തമ്പാനൂരിലെ "മാതൃക ' ആവർത്തിച്ചാലോ?
അതുകൊണ്ട്, നിങ്ങൾ നികുതി കൊടുത്തുകൊണ്ടേയിരിക്കുക. നിങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ച് മറന്നേ പോവുക. പകരം, അതിന്റെ പേരിലുള്ള പിഴ ചോദിച്ചുവാങ്ങി കൃത്യമായി ഒടുക്കി അനുസരണയുള്ള പൗരനാവുക!