ഇന്ത്യയുടെ വികസന പ്രയാണം
സി.പി. രാധാകൃഷ്ണൻ
(ഉപരാഷ്‌ട്രപതി)
ഞാൻ തിരുപ്പൂരിലെ സ്കൂളിൽ പഠിക്കുന്ന കൊച്ചു ബാലനായിരുന്ന കാലത്ത്, നമ്മുടെ രാജ്യത്തെക്കുറിച്ച് എനിക്ക് ഒരുപാടു സ്വപ്നങ്ങളുണ്ടായിരുന്നു. എന്നിൽ നിരന്തരം ചോദ്യങ്ങൾ ഉയർന്നുവരുമായിരുന്നു: എപ്പോഴായിരിക്കും രാജ്യം അതിന്‍റെ മഹത്വം വീണ്ടെടുക്കുക? ലോക വേദിയിൽ കരുത്തുറ്റ രാഷ്‌ട്രമായി അത് എപ്പോൾ ഉയർന്നുവരും? പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ നമ്മുടെ സഹോദരീ സഹോദരന്മാർക്ക് അന്തസുറ്റ ജീവിതം എപ്പോഴാണു ലഭിക്കുക? എന്‍റെ കൗമാര പ്രായത്തിലുണ്ടായ ആ ചിന്തകൾ ഇപ്പോൾ യാഥാർഥ്യമാകുന്നതു കാണുമ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ട്.
""എഴുന്നേൽക്കൂ, ഉണരൂ, ലക്ഷ്യം കാണുന്നതു വരെ ഒടുങ്ങാതെ പ്രയത്നിക്കൂ'' എന്ന സ്വാമി വിവേകാനന്ദന്‍റെ വാക്കുകൾ ഞാൻ പലപ്പോഴും എന്നെത്തന്നെ ഓർമിപ്പിക്കാറുണ്ടായിരുന്നു. തമിഴ്‌നാടിന്‍റെ മണ്ണിൽ നിന്നു സ്വാമിജി പ്രഖ്യാപിച്ച ഈ വാക്കുകൾക്ക്, ഓരോ വ്യക്തിയിലും ദേശസ്നേഹവും പ്രതിജ്ഞാബദ്ധതയും ഉണർത്തുന്നതിനുള്ള അപാരമായ കരുത്തുണ്ട്.
ഇന്ത്യയുടെ പൂർണ ശേഷി പുറത്തെടുക്കുമ്പോൾ, അതു ലോകത്തെ മുഴുവൻ നയിക്കാൻ ശേഷിയുള്ള രാജ്യമായി ഉയരുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നമ്മുടെ രാജ്യം അതിശക്തമായ ഊർജസ്വലതയോടെയും ദൃഢനിശ്ചയത്തോടും കൂടി പ്രവർത്തിക്കുന്നതു കാണുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.
""തീരുമാനത്തിൽ ദൃഢതയുള്ളവർ വിഭാവനം ചെയ്തത് എന്തോ അത് അതേപടി കൈവരിക്കും'' എന്ന തിരുവള്ളുവരുടെ വചനങ്ങളുടെ യാഥാർഥ്യം നമ്മുടെ സ്വന്തം കണ്ണുകളാൽ കാണാനുള്ള അവസരമാണ് ഇപ്പോൾ നമുക്കുള്ളത്.
നമ്മുടെ രാജ്യം അതിവേഗം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നു നമുക്കു കാണാൻ സാധിക്കും. കഴിഞ്ഞ പതിറ്റാണ്ടിൽ രാഷ്‌ട്രം കൈവരിച്ച പുരോഗതി ലോകത്തെ മുഴുവൻ അദ്ഭുതപ്പെടുത്തുകയും രാഷ്‌ട്രത്തെ ശ്രദ്ധാകേന്ദ്രമാക്കുകയും ചെയ്തിട്ടുണ്ട്.
ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യവും അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന ഒരു സമയത്തും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായും അതിവേഗത്തിലും വളരുകയാണ്. ഈ കാലഘട്ടത്തെ സുസ്ഥിര വികസനത്തിന്‍റെ യുഗമാക്കി മാറ്റാൻ ഗവണ്മെന്‍റും ജനങ്ങളും ഒരുപോലെ പങ്കിടുന്ന ആവേശമാണ് ഈ പുരോഗതിക്കു കാരണം. ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഇന്നു നമ്മുടെ രാജ്യം നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു; വൈകാതെ, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പാതയിലാണു നാം. ഇതിലും ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യം, നമ്മുടെ സാമ്പത്തിക വികസനം ഏവരെയും ഉൾക്കൊള്ളുന്ന ഒന്നാണ് എന്നതാണ്.
കഴിഞ്ഞ പതിറ്റാണ്ടിൽ, ഏതാണ്ട് 25 കോടി ഇന്ത്യക്കാർക്കു കടുത്ത ദാരിദ്ര്യത്തിൽ നിന്നു മുക്തരായി അന്തസുറ്റ ജീവിതം നയിക്കാൻ സാധിച്ചു. രാജ്യത്തു ഭവനരഹിതരായ പാവപ്പെട്ടവർക്കായി ഇതുവരെ ഏതാണ്ട് 4 കോടി സ്ഥിരം വീടുകൾ നിർമിച്ചു. 12 കോടിയിലധികം വ്യക്തികൾക്കു ടാപ്പിലൂടെ കുടിവെള്ള കണക്‌ഷൻ ലഭ്യമാക്കി. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനത്തിൽനിന്നു മുക്തമായ രാജ്യമായി മാറാൻ നാം ആഗ്രഹിച്ചു; വെറും 60 മാസങ്ങൾക്കുള്ളിൽ 60 കോടി ജനങ്ങൾക്കായി രാജ്യം ഇതു സാധ്യമാക്കുകയും ചെയ്തു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതിപ്രകാരം വർഷം തോറും 80 കോടി ജനങ്ങൾക്ക് 2.3 ലക്ഷം കോടി രൂപ ചെലവിൽ 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകിവരുന്നു.
ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ലഭ്യമാകാത്തതു മൂലം ഗ്രാമങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചെറുപ്പകാലം മുതൽ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ കുടുംബങ്ങൾ സഹിച്ച വേദനകൾക്കു സാക്ഷ്യം വഹിക്കുമ്പോൾ എനിക്കു വിഷമം തോന്നുമായിരുന്നു. ഇന്ന്, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഏവർക്കും ലഭ്യമാകുമെന്ന് ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെ രാജ്യം ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നു. ഇതിന്‍റെ ഫലമായി, പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിക്കു കീഴിൽ 44 കോടിയിലധികം പേർക്ക് ഇപ്പോൾ 5 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 2.5 കോടി ജനങ്ങൾ ഈ പദ്ധതിപ്രകാരം സൗജന്യ ചികിത്സ നേടി.
നമ്മുടെ കർഷകർ കഠിനാധ്വാനത്തിലൂടെ 350 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുകയും, ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ ഉത്പാദക രാജ്യം എന്ന പദവിയിലേക്ക് ഉയർത്തുകയും ചെയ്തു. ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ നെല്ലുത്പാദന രാജ്യമായി വളരുകയും അതിന്‍റെ കയറ്റുമതിയിലൂടെ ലോകത്തെ നെഞ്ചോടു ചേർക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം ഇതുവരെ 4 ലക്ഷം കോടിയിലധികം രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറിയിട്ടുണ്ട്.
നമ്മുടെ നാരീശക്തിക്കു രാജ്യത്തിന്‍റെ വികസനത്തിൽ പൂർണമായി സംഭാവന നൽകാനുള്ള അവസരങ്ങളാണ് ഇപ്പോൾ തുറക്കപ്പെട്ടിരിക്കുന്നത്. 3 കോടിയിലധികം സ്ത്രീകൾ "ലഖ്പതി ദീദി' മാരും "നമോ ഡ്രോൺ ദീദി' മാരുമായി മാറിക്കഴിഞ്ഞു. കൃഷി, വിദ്യാഭ്യാസം, ചികിത്സ, ശാസ്ത്ര- സാങ്കേതികവിദ്യ അല്ലെങ്കിൽ ബഹിരാകാശ സാങ്കേതികവിദ്യ എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകൾ മുന്നോട്ടുവന്നിട്ടുണ്ട്. സ്ത്രീകൾക്ക് ഇപ്പോൾ സായുധ സേനയിൽ സ്ഥിരം നിയമനം ലഭിക്കുന്നുണ്ട്. കൂടാതെ അവർ പോരാട്ട ഭൂമികകളിലും പങ്കാളികളാകുന്നു. നാരീശക്തി വന്ദൻ അധിനിയമം പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകളുടെ പങ്കാളിത്തം ഇനിയും വർധിപ്പിക്കും.
രാജ്യത്തുടനീളം സഞ്ചരിക്കുമ്പോൾ "ലഖ്പതി ദീദി' മാരെയും "നമോ ഡ്രോൺ ദീദി' മാരെയും കാണുമ്പോൾ നമ്മുടെ സഹോദരിമാരുടെ മുഖത്തു പ്രത്യാശയുടെ വെളിച്ചം തിളങ്ങുന്നതു ഞാൻ കാണുന്നു. സ്ത്രീകളുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിനും, അവരുടെ ആരോഗ്യത്തോടുള്ള കരുതലോടെയും, രാജ്യത്തുടനീളം ഏതാണ്ട് 2 കോടി പുതിയ എൽപിജി കണക്‌ഷനുകൾ നൽകിയിട്ടുണ്ട്.
യുവതലമുറ സ്റ്റാർട്ടപ്പുകൾക്കായി ആവേശത്തോടെ മുന്നോട്ടുവരുന്നതു കാണുമ്പോൾ, അത് ദേശസ്നേഹിയായ മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ഈ വാക്കുകളാണു നമ്മെ ഓർമിപ്പിക്കുന്നത്:
""വരൂ, വരൂ, വരൂ, നിങ്ങൾ വിഭാവന
ചെയ്തതു നേടിയെടുക്കൂ;
രാജ്യം മുഴുവൻ ഒത്തൊരുമയോടെ
ഉയർന്നുവരട്ടെ, അഭിവൃദ്ധിപ്പെടട്ടെ;
വരൂ, വരൂ, വരൂ, മഹത്തായത് കൈവരിക്കൂ.''
യുവാക്കൾക്കായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം 13 പുതിയ ഐഐടികൾ സ്ഥാപിക്കപ്പെട്ടു, ഇതോടെ ആകെ ഐഐടികളുടെ എണ്ണം 23 ആയി ഉയർന്നു. ഐഐഎമ്മുകളുടെ എണ്ണവും 13ൽ നിന്ന് 21 ആയി വർധിച്ചു. എയിംസുകളുടെ എണ്ണം 7ൽ നിന്ന് 23 എന്ന നിലയിൽ മൂന്നിരട്ടിയാക്കുകയും, മെഡിക്കൽ കോളേജുകളുടെ എണ്ണം 387ൽ നിന്ന് 823 ആയി ഇരട്ടിയിലധികമായി വർധിപ്പിക്കുകയും ചെയ്തു. മെഡിക്കൽ വിദ്യാർഥികൾക്കായുള്ള സീറ്റുകളുടെ എണ്ണം 51,348ൽ നിന്ന് 1,29,603 ആയി വർധിച്ചു എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.
അടിസ്ഥാനസൗകര്യ വികസനത്തിലും നാം ലോകോത്തര നിലവാരത്തിലേക്കു മുന്നേറുകയാണ്. റെയ്‌ൽവേയുടെ ഏതാണ്ട് 99 ശതമാനവും വൈദ്യുതവത്കരിച്ചു. രാജ്യത്തുടനീളം ഓടുന്ന 164 വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയ്‌നുകൾ പുതിയ യുഗത്തിനു തുടക്കം കുറിച്ചു. വിമാനത്താവളങ്ങളുടെ എണ്ണം 74ൽ നിന്ന് 163 ആയി ഇരട്ടിപ്പിക്കുകയും, "ഉഡാൻ' പദ്ധതിയിലൂടെ സാധാരണക്കാർക്കും വിമാന യാത്ര പ്രാപ്യമാക്കുകയും ചെയ്തു.
ഒരു പതിറ്റാണ്ടു മുമ്പ് ഏതാണ്ട് 880 കോടി രൂപയായിരുന്ന തമിഴ്‌നാടിനായുള്ള റെയ്‌ൽവേ ബജറ്റ് വിഹിതം 2026–27ൽ 7,600 കോടിയായി വർധിച്ചു. തമിഴ്‌നാട്ടിൽ രാമേശ്വരത്തിനും പാമ്പനും ഇടയിൽ പുതിയ പാമ്പൻ പാലം നിർമിച്ചു; ലംബമായി ഉയർത്താവുന്ന ഇന്ത്യയിലെ ആദ്യത്തെ പാലമായ ഇത് ആത്മീയ വിനോദസഞ്ചാരത്തിനും സാമ്പത്തിക വികസനത്തിനും പുതിയ അവസരമൊരുക്കുന്നു. ജമ്മു കശ്മീരിലെ ചെനാബ് പാലമായാലും അസമിലെ ബോഗിബീൽ പാലമായാലും, നവയുഗ അടിസ്ഥാന സൗകര്യങ്ങളിലൂടെ ഇന്ത്യ ഇപ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്.
ഇന്ത്യയുടെ വളർച്ചയ്ക്കായി രാജ്യത്തുടനീളം ലോകോത്തര നിലവാരത്തിലുള്ള നാലുവരി, എട്ടുവരി പാതകളും, അതോടൊപ്പം വിദൂര ഗ്രാമങ്ങളിലേക്കു വരെയുള്ള റോഡ് കണക്റ്റിവിറ്റിയും വലിയ തോതിൽ വികസിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ കഴിഞ്ഞ 10 വർഷത്തിനിടെ 4,000 കിലോമീറ്ററിലധികം ദേശീയ പാതകൾ നിർമിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏതാണ്ട് 7,200 കിലോമീറ്റർ നീളമുള്ള ദേശീയ പാതകൾ നിർമിച്ചിട്ടുണ്ട്. "പ്രഗതി' പദ്ധതിക്കു കീഴിൽ പ്രധാനമന്ത്രി നേരിട്ടു നടത്തുന്ന സൂക്ഷ്മമായ നിരീക്ഷണങ്ങളാലാണ് ഈ വികസനങ്ങൾ യാഥാർഥ്യമായത്.
പ്രീ- മെട്രിക്, പോസ്റ്റ്- മെട്രിക് സ്കോളർഷിപ്പ് പദ്ധതികളും ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും യഥാക്രമം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കു വലിയ രീതിയിൽ പ്രയോജനം ചെയ്തിട്ടുണ്ട്.
വികസനം എന്നതു സാമൂഹ്യവിഭാഗങ്ങളെ മാത്രമല്ല, പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന ഒന്നായിരിക്കണം എന്നു ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ഒരുകാലത്ത് ഇന്ത്യയുടെ അവസാന ഗ്രാമങ്ങളായി കണക്കാക്കപ്പെട്ടിരുന്ന അതിർത്തിഗ്രാമങ്ങൾ ഇപ്പോൾ ഒന്നാമത്തെ ഗ്രാമങ്ങളായി മാറുകയും, "ഊർജസ്വല ഗ്രാമം' പദ്ധതിയിലൂടെ അവ വികസിപ്പിക്കുകയും ചെയ്യുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്‍റെ "അഷ്ട ലക്ഷ്മി' എന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചതു ഞാൻ സന്തോഷത്തോടെ ഓർക്കുന്നു. ഈയിടെ ഞാൻ നാഗാലാൻഡ്, മിസോറം, ത്രിപുര, സിക്കിം സംസ്ഥാനങ്ങൾ സന്ദർശിച്ചപ്പോൾ, ഗതാഗത സൗകര്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും വമ്പിച്ച പുരോഗതിയാണു കാണാൻ കഴിഞ്ഞത്.
ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയിൽ രാജ്യം കൈവരിച്ച പുരോഗതി നമ്മെ അഭിമാനം കൊള്ളിക്കുന്നു. സാങ്കേതികവിദ്യ മുതൽ ചികിത്സ വരെ എല്ലാ മേഖലകളും അതിവേഗത്തിലുള്ള പുരോഗതിയാണു പ്രകടിപ്പിക്കുന്നത്. കൊവിഡ്-19 മഹാമാരിയുടെ സമയത്ത്, വാക്സിൻ വികസന ശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകുകയും വാക്സിനുകൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുകയും വളരെ വേഗത്തിൽ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു. മാനുഷിക പരിഗണനയോടെ ലോകമെമ്പാടുമുള്ള 100ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിനുകൾ നൽകുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ ലോകചരിത്രത്തിൽ തന്നെ ഇടം നേടിയവയാണ്. ചന്ദ്രയാൻ 3ന്‍റെ വിജയകരമായ വിക്ഷേപണം ഇന്ത്യയെ നൂതന ബഹിരാകാശ പര്യവേഷണത്തിന്‍റെ യുഗത്തിലേക്കു നയിച്ചു. നിർമിതബുദ്ധി മേഖലയിൽ, ആഗോള കമ്പനികൾ ഇന്ത്യയെ ഹബ്ബായി തെരഞ്ഞെടുക്കുന്നു. ഇതിന്‍റെ ഫലമായി നിക്ഷേപങ്ങളിൽ പല മടങ്ങു വർധനയുണ്ടായി. സെമികണ്ടക്റ്റർ നിർമാണത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്തിനു മാതൃകയായി ഉയർന്നുവരികയാണ്. മൊബൈൽ ഫോൺ ഉത്പാദനത്തിൽ ആഗോളതലത്തിൽ നാം രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഒരു കാലത്തു മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തിരുന്ന നാം, ഇന്ന് 300 കോടി അമെരിക്കൻ ഡോളർ വില മതിക്കുന്ന മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി വളർന്നിരിക്കുന്നു. ഈ നേട്ടങ്ങളെല്ലാം അടുത്ത തലമുറയുടെ സമൃദ്ധമായ ഭാവിക്കുള്ള അടിത്തറയായി വർത്തിക്കും.
പതിറ്റാണ്ടുകളായി നമ്മുടെ രാജ്യം ഭീകരവാദം മാത്രമല്ല, വിഘടനവാദവും ഇടതുതീവ്രവാദം ഉയർത്തുന്ന വെല്ലുവിളികളും നേരിട്ടിട്ടുണ്ട്. ധീരമായ നയ തീരുമാനങ്ങളിലൂടെയും നിയമവാഴ്ച ഉറപ്പാക്കുന്നതിലൂടെയും രാജ്യത്തു സമാധാനം നിലനിൽക്കുന്നു. ഈ മേഖലകളിൽ വികസനത്തിന്‍റെ വാതിലുകൾ തുറക്കപ്പെടുകയും ചെയ്തു.
2047ഓടെ, അതായത് സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിൽ, ഇന്ത്യ പ്രമുഖ ആഗോള ശക്തിയാകണമെന്നും ലോകത്തെ നയിക്കുന്ന പദവിയിലെത്തണമെന്നും നാം ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. കഠിനാധ്വാനത്തിന്‍റെ ഈ കാലഘട്ടമാണ് ""അമൃതകാലം''. ഓരോ സ്വാതന്ത്ര്യസമര സേനാനിയുടെയും ഹൃദയത്തിൽ സ്വാതന്ത്ര്യത്തിനായുള്ള ദാഹം എപ്രകാരമുണ്ടായിരുന്നോ, അതുപോലെ രാജ്യത്തിന്‍റെ വികസനത്തെക്കുറിച്ചുള്ള ചിന്ത ഇന്ന് ഓരോ യുവാക്കളുടെയും മനസിൽ വളരേണ്ടതുണ്ട്. ഈ അമൃതകാലത്ത്, യുവാക്കളുടെ ചിന്തകളും പരിശ്രമങ്ങളും ദേശസ്നേഹം നിറഞ്ഞതാകണം. ഉന്നതമായ ആശയങ്ങളും സ്വഭാവശുദ്ധിയുമുള്ള വ്യക്തികളായി അവർ വളരേണ്ടതുണ്ട്. എങ്കിൽ, 2047ൽ വികസിത ഇന്ത്യയ്ക്കു സാക്ഷ്യം വഹിക്കാൻ നമുക്കു സാധിക്കും.
""എന്‍റെ സഹോദരരേ, നമുക്കേവർക്കും കഠിനമായി പ്രയത്നിക്കാം. ഇത് ഉറങ്ങാനുള്ള സമയമല്ല. ഇന്ത്യയുടെ ഭാവി നമ്മുടെ പരിശ്രമങ്ങളെ ആശ്രയിച്ചിരിക്കും'' എന്ന സ്വാമി വിവേകാനന്ദന്‍റെ വാക്കുകൾ നമുക്കു പ്രചോദനവും വഴികാട്ടിയും ആകുന്നു. കഠിനാധ്വാനത്തിലൂടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ നമുക്കു കൂട്ടായി പ്രവർത്തിക്കാം.