ഡോ. ഇഷിത ജി. ത്രിപാഠി / നിതിഷ മന്‍
സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളിലെ (MSME) പ്രത്യേക വിഭാഗമാണ് പ്രാദേശിക പ്രവര്‍ത്തനക്ഷമതയുള്ള നാനോ- വ്യവസായങ്ങളും അനൗപചാരിക സൂക്ഷ്മ സംരംഭങ്ങളും (IME). വ്യതിരിക്തമായ സ്വഭാവ സവിശേഷതകള്‍ കാരണം അവയുടെ സത്ത നിലനിര്‍ത്തി, അവയ്ക്കായി പ്രത്യേക വ്യവസ്ഥകള്‍ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിലൂടെ അവ വാണിജ്യപരമായി ലാഭകരമാകും. ഈ ലക്ഷ്യത്തിനായി കേന്ദ്ര ഗവണ്മെന്‍റ് പ്രതിജ്ഞാബദ്ധമാണ്. ആദ്യ ഘട്ടമെന്ന നിലയില്‍, സിജിഎസ്ടി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഐഎംഇകളുടെ രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിന് 2023 ജനുവരിയില്‍ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭക മന്ത്രാലയം ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം- യുഎപിക്ക് (UAP) തുടക്കം കുറിച്ചു. യുഎപി ആരംഭിച്ചതിനുശേഷം 2.2 കോടിയിലധികം സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2.6 കോടിയിലധികം തൊഴിലവസരവും സൃഷ്ടിക്കപ്പെട്ടു. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍, എന്‍ബിഎഫ്സികള്‍ മുതലായ നിയുക്ത ഏജന്‍സികള്‍ക്ക് അവരുടെ ഐഎംഇ ഉപഭോക്താക്കളുടെ അനുവാദത്തോടെ സമഗ്ര ഡേറ്റ രജിസ്റ്റര്‍ ചെയ്യാന്‍ യുഎപി സൗകര്യമൊരുക്കുന്നു. പിഎം സ്വനിധി പോലുള്ള ഗവണ്മെന്‍റ് പദ്ധതികളുടെ ഐഎംഇ ഗുണഭോക്താക്കളെയും യുഎപിയുടെ ഭാഗമാക്കിയിട്ടുണ്ട്.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ 2023 സെപ്റ്റംബറില്‍ ആരംഭിച്ച പിഎം വിശ്വകര്‍മ പദ്ധതി നേരിട്ട്, കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 18 വിഭാഗം കരകൗശലത്തൊഴിലാളികള്‍ക്കും കൈത്തൊഴിലുകാര്‍ക്കും സമഗ്ര പിന്തുണ നല്‍കാന്‍ ലക്ഷ്യമിടുന്നു. പിഎം വിശ്വകര്‍മ സര്‍ട്ടിഫിക്കറ്റും ഐഡി കാര്‍ഡും വഴിയുള്ള അംഗീകാരം, നൈപുണ്യ വികസനം, ഉപകരണങ്ങള്‍ക്കുള്ള ഇളവ്, 5% പലിശ നിരക്കില്‍ ഈടുരഹിത വായ്പകള്‍, 8% വരെ പലിശ ഇളവ്, ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള പ്രോത്സാഹനം, വിപണന പിന്തുണ എന്നിവ പദ്ധതിയുടെ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. അടിസ്ഥാനപരമായി, സുസ്ഥിര വ്യവസായങ്ങള്‍ സ്ഥാപിക്കുക എന്ന, സംരംഭകത്വ കഴിവുകളുള്ള വിശ്വകര്‍മ ജനതയുടെ അഭിലാഷം നിറവേറ്റുന്നതിന് എല്ലാ തരത്തിലുള്ള പിന്തുണയും ഇതുവഴി നല്‍കുന്നു. വളരാനും എംഎസ്എംഇ മേഖലയിലെ നേതൃനിരയില്‍ എത്താനും ശേഷിയുള്ളതും എന്നാല്‍ സാമ്പത്തിക സഹായം ആവശ്യമുള്ളതുമായ സ്ഥാപനങ്ങളെ തിരിച്ചറിയാന്‍ ഗവണ്മെന്‍റ് ഇതിലൂടെ ഫലപ്രദമായി വഴിയൊരുക്കിയിരിക്കുന്നു.
ആദ്യമായി വായ്പ എടുക്കുന്നവരോ വ്യവസായം ചെയ്തു പരിചയമില്ലാത്തവരോ ആയ നാനോ സംരംഭകരെ സംബന്ധിച്ചിടത്തോളം സാമ്പത്തികസഹായം ലഭിക്കുക എന്നതാണ് വെല്ലുവിളി. എന്നാല്‍, ഒരു വായ്പാ ചരിത്രവും ബാങ്കുകളെ വായ്പ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. സഹായം ലഭ്യമാക്കുന്ന ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന്, ആവശ്യകത- വിതരണ വിഭാഗങ്ങളിലെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ദിശയിലുള്ള ചുവടുവയ്പാണ് മുന്‍ഗണനാ മേഖലയിലുള്ള വായ്പാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് യുഎപി സര്‍ട്ടിഫിക്കറ്റുകള്‍ ഉദ്യം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് തുല്യമായി പരിഗണിക്കുമെന്ന എംഎസ്എംഇ മന്ത്രാലയത്തിന്‍റെയും റിസര്‍വ് ബാങ്കിന്‍റെയും അറിയിപ്പ്. പിഎം സ്വനിധി, പിഎം വിശ്വകര്‍മ തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കായി റിസര്‍വ് ബാങ്ക് വിജ്ഞാപനം ചെയ്ത പണമിടപാട് അടിസ്ഥാനസൗകര്യ വികസന നിധി (പിഐഡിഎഫ്) പദ്ധതി പോലുള്ള സംരംഭങ്ങളിലൂടെ, പണമിടപാടു സംവിധാനങ്ങളുടെ എണ്ണം രാജ്യത്ത് പലമടങ്ങു വര്‍ധിച്ചു. ഇതു രണ്ടാംനിര മുതല്‍ ആറാം നിര വരെയുള്ള കേന്ദ്രങ്ങളില്‍ പണമിടപാടു നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു. മാത്രമല്ല, ഇടപാടുകളുടെ ചെലവു കുറയ്ക്കുകയും ചെറുകിട വ്യവസായങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
നാനോ സംരംഭങ്ങള്‍ക്ക്, സബ്സിഡിയുള്ള ഡിജിറ്റല്‍ പണമിടപാട് സങ്കേതങ്ങളും QR കോഡുകളും നല്‍കാന്‍ PIDF വ്യവസ്ഥകള്‍ ഡിജിറ്റല്‍ പേയ്മെന്‍റ് അഗ്രഗേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കുന്നു. ഭൗതികവും ഡിജിറ്റലുമായ സങ്കേതങ്ങള്‍ സബ്സിഡിയോടെ വിന്യസിക്കുന്നതിനു പുറമേ, മറ്റു സമകാലിക സങ്കേതങ്ങളായ സൗണ്ട്‌ബോക്‌സ് ഉപകരണങ്ങള്‍, നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍, ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സ്‌കാനര്‍ ഉപകരണങ്ങള്‍ എന്നിവയും BHIM ആധാര്‍ പേ വഴി സ്വീകരിക്കുന്നതിനു സബ്സിഡി നല്‍കുന്നു. അത്തരം അനുബന്ധ ഡിജിറ്റല്‍ രൂപാന്തരവും ഡിജിറ്റല്‍ പാതകളും അവയെ കൂടുതല്‍ സുപരിചിതമാക്കും. ശേഖരിച്ച ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള ഇതര വായ്പാ നിര്‍ണയ മാതൃകകളെ പിന്തുണയ്ക്കുകയും അവയ്ക്കുള്ള വായ്പാവിതരണം വര്‍ധിപ്പിക്കുകയും ചെയ്യും.
വായ്പ ഉറപ്പു പദ്ധതിക്കു കീഴില്‍ ഐഎംഇകള്‍ക്കായി പ്രത്യേക ഇളവ് 2024 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. 20 ലക്ഷം രൂപ വരെയുള്ള വായ്പ തുകയുടെ 85% വര്‍ധിച്ച ഈട് പരിധി, 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 0.37% വാര്‍ഷിക ഈടു നിരക്ക്, 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 0.45% വാര്‍ഷിക ഈടു നിരക്ക് എന്നിവ ഉള്‍പ്പെടെ ഉദാരമായ നിബന്ധനകളോടെയാണ് ഈ ഇളവ്.
ഈ സംരംഭങ്ങള്‍ ഔപചാരിക വായ്പാ സ്ഥാപനങ്ങളുടെ നഷ്ടസാധ്യത സംബന്ധിച്ച വെല്ലുവിളികള്‍ അഭിസംബോധന ചെയ്യും. ഇത് നാനോ സംരംഭങ്ങള്‍ക്കും ഐഎംഇകള്‍ക്കും വായ്പ നല്‍കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നു.
വിഭവങ്ങളും പിന്തുണയും അവബോധവും സംയോജിപ്പിക്കുന്നതിലൂടെ, നാനോ വ്യവസായങ്ങളും താരതമ്യേന വലിയ എംഎസ്എംഇകളും കൂട്ടായി അഭിവൃദ്ധി പ്രാപിക്കുകയും ഊര്‍ജസ്വലമായ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവനയേകുകയും ചെയ്യും. അടിസ്ഥാനതലത്തിലുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്‍റെ ആത്യന്തിക ലക്ഷ്യം; അതുവഴി സമ്പദ്വ്യവസ്ഥയുടെ ബൃഹത്തായ ഉപരിഘടന തുടര്‍ന്നും തിളങ്ങിനില്‍ക്കും.