വാക്കുകൾ ഉപയോഗിക്കുമ്പോൾ

 

metro vaartha 

Special Story

വാക്കുകൾ ഉപയോഗിക്കുമ്പോൾ

പൊതുസമൂഹത്തിലും ജീവിതത്തിലും നാം പ്രയോഗിക്കുന്ന വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് ജോത്സ്യന് പറയാനുള്ളത്

Reena Varghese

ജോത്സ്യൻ| ഗ്രഹനില

രാഷ്‌ട്രീയ എതിരാളികളെ പല പേരുകളിൽ ആക്ഷേപിക്കാറുണ്ട്. അടുത്ത കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരൻ കാണിച്ചത് "ചെറ്റത്തരം' ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിച്ചത് വിമർശനത്തിന് ഇടയാക്കി. ""ചെറ്റപ്പുര'' എന്നാൽ കുടിൽ എന്നർഥം. വളരെ പാവപ്പെട്ടവരാണ് ഈ കുടിലുകളിൽ താമസിക്കുന്നത്. അതായത്, ചെറ്റകളുടെ പുര.

താൻ കുടിലിൽ ജനിച്ച് വളർന്നവനാണ് എന്നതിൽ അഭിമാനമുണ്ട് എന്നായിരുന്നു ജി. സുധാകരന്‍റെ മറുപടി. ഭൂവുടമകളുടെ അടിമകളായി അവർക്കു വേണ്ടി രാപകൽ പണിയെടുക്കുന്നത് ചെറ്റകളിൽ താമസിച്ച പാവപ്പെട്ടവരായ അധഃകൃതരാണ്. ഈ ഭൂപ്രഭുക്കൾ പലപ്പോഴും രാത്രികാലങ്ങളിൽ ചെറ്റക്കുടിലുകളിൽ സ്ത്രീകളെ പ്രാപിക്കുവാൻ ചെറ്റ പൊക്കി കയറാറുണ്ടായിരുന്നു. അതുകൊണ്ട് അവരെ ചെറ്റ പൊക്കികൾ എന്നും ആക്ഷേപിച്ചിരുന്നു.

യേശുക്രിസ്തു കുരിശിലേറപ്പെടുന്നതു വരെ കുറ്റവാളികളെ തൂക്കിയിരുന്ന വെറുക്കപ്പെട്ട മരക്കുരിശ് ക്രിസ്തുവിന്‍റെ മരണം മൂലം പരിശുദ്ധി നേടിയതു പോലെ, മുഖ്യമന്ത്രി ചെറ്റ എന്ന് വിളച്ചതോടെയും അത് ജി. സുധാകരൻ അഭിമാനപൂർവം ഏറ്റെടുത്തതോടെയും ചെറ്റ എന്നത് ശ്രദ്ധേയമായി. ഈ സന്ദർഭത്തിൽ ചെറ്റത്തരം എന്നത് പാവപ്പെട്ടവരുടെ ജീവിതത്തിന്‍റെ പ്രതീകം മാത്രമാണ്.

ദീർഘകാലം ഒരു പാർട്ടിയിൽ പ്രവർത്തിച്ച് പെട്ടെന്ന് വിട പറഞ്ഞ് മറ്റൊരു പാർട്ടിയിൽ ചേരുന്നയാളെ കുലംകുത്തി എന്ന് പറയാറുണ്ട്. ഈ കുലംകുത്തികൾ ചിലപ്പോൾ പാർട്ടിയെ നശിപ്പിക്കും അല്ലെങ്കിൽ പാർട്ടിയിൽ തന്നെ മറ്റൊരു ഗ്രൂപ്പുണ്ടാക്കി രാഷ്‌ട്രീയത്തിൽ നിലനിൽക്കും. സിപിഎമ്മിന്‍റെ സമുന്നതനായ നേതാവായിരുന്ന എം.വി. രാഘവൻ കുത്തിക്കുത്തി സിപിഎമ്മിൽ നിന്ന് വേർപെട്ട് സിഎംപി ഉണ്ടാക്കി രാഷ്‌ട്രീയത്തിൽ തന്നെ ദീർഘകാലം പിടിച്ചു നിന്നു. ഇപ്പോൾ അദ്ദേഹത്തിന്‍റെ പുത്രൻ എം.വി. നികേഷ് കുമാർ മാതൃപാർട്ടിയിൽ തിരിച്ചെത്തി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കുന്നു.

"നാറി, പരനാറി' എന്നുള്ള ചില രാഷ്‌ട്രീയ പ്രയോഗങ്ങളും ഉണ്ട്. ഇതും രാഷ്‌ട്രീയ എതിരാളികളെ ഇകഴ്ത്തിപ്പറയാൻ ഉപയോഗിക്കുന്നവയാണ്. നാറുന്നവൻ, വിശ്വസിക്കാൻ കെള്ളാത്തവൻ എന്നർഥം.

രാഷ്‌ട്രീയത്തിലെ മറ്റൊരു പ്രയോഗമാണ് "കാലുവാരി'. ഒന്നിച്ചു നടക്കുമ്പോൾ കൂടെയുള്ളയാൾ പെട്ടെന്ന് കാലുവാരിയാൽ വീണുപോകും. രാഷ്‌ട്രീയത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഒരേ പാർട്ടിയിൽ പ്രവർത്തിച്ച് പെട്ടെന്ന് മറ്റൊരു പാർട്ടിയിലേക്ക് മാറിയാൽ വീണു പോകില്ലേ.

നയവഞ്ചകൻ, വർഗവഞ്ചകൻ എന്നതാണ് മറ്റു ചില വാക്കുകൾ. കുറേ നാൾ ഒന്നിച്ച് ഒരേ ആശയത്തോടെ പോകുന്നവർ പെട്ടെന്ന് ഒരു മുന്നറിയിപ്പില്ലാതെ മാറിയാൽ പിന്നെ എന്താണു വിളിക്കുക? ആശയത്തെ വഞ്ചിക്കുന്നയാളാണ് നയവഞ്ചകൻ.

"കുതികാൽ വെട്ടി' എന്നതും രാഷ്‌ട്രീയത്തിൽ പതിവായി കേൾക്കുന്ന പ്രയോഗമാണ്. വിശ്വസിച്ച ആളിനെ പിന്നിൽ നിന്ന് ചതിക്കുന്നയാളെയാണ് ഇങ്ങിനെ വിളിക്കുന്നത്. കുതികാലിനു വെട്ടേറ്റാൽ എത്ര ശക്തനാണെങ്കിലും വീണുപോകും. രാഷ്‌ട്രീയത്തിലും അതു തന്നെ. അക്കിലീസ്റ്റ് ഹീൽ പ്രയോഗം പ്രസിദ്ധമാണല്ലോ.

മറ്റൊരു പദപ്രയോഗമാണ് "കോടാലി'. സാധാരണ കോടാലി എന്ന ഉപകരണം ഉപയോഗിക്കുന്നത് മരവും വിറകുമൊക്കെ വെട്ടാനാണ്. എന്നാൽ, മറ്റൊരാൾക്കു വേണ്ടി തന്നെയോ സ്വന്തം ആളുകളെയോ നശിപ്പിക്കുന്നവൻ എന്ന് രാഷ്‌ട്രീയത്തിൽ ഇത് അർഥമാക്കുന്നു. അത്തരം ധാരാളം കോടാലികൾ രാഷ്‌ട്രീയത്തിലുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ വെട്ടു കിട്ടും. "പാഷാണത്തിൽ കൃമി' എന്നതു വേറൊരു പ്രയോഗം. അത്തരക്കാരെയും വിശ്വസിക്കാൻ കഴിയില്ല. രാഷ്‌ട്രീയത്തിൽ ഇത്തരം ധാരാളം കൃമികളുണ്ട്. വിഷത്തിലും നുരഞ്ഞു നടക്കുന്നവർ..!

നാട്ടിൻപുറങ്ങളിൽ വഴക്കിടുമ്പോൾ സ്ത്രീകളെയും പുരുഷന്മാരെയുമൊക്കെ ചില പ്രത്യേക അസഭ്യ വാക്കുകൾ കൂട്ടിച്ചേർത്ത് ചീത്ത വിളിക്കാറുണ്ട്. ആ വാക്കുകളെ മനുഷ്യശരീരത്തിലെ അവയവങ്ങളായി മാത്രം കണ്ടാൽ മതി. പൊതുസമൂഹത്തിലും ജീവിതത്തിലും നാം പ്രയോഗിക്കുന്ന വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് ജോത്സ്യന് പറയാനുള്ളത്.

ഹോംഗ്രൗണ്ടിൽ കോൽക്കത്തയുടെ ബാറ്റിങ് വിസ്ഫോടനം; ഗുജറാത്തിന് കൂറ്റൻ വിജയലക്ഷ‍്യം

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചതിൽ വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം

വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾക്ക് സ്വഭാവിക ജാമ്യം