സിയാൽ മോഡൽ പര്യാപ്തമാണോ?
freepik.com
പദ്ധതി പൂർണമായി കോർപ്പറെറ്റുകൾക്ക് വിട്ടുകൊടുക്കുന്നത് വമ്പിച്ച ജനകീയ പ്രതിരോധത്തിന് കാരണമാകും.അതേസമയം സിയാൽ മോഡൽ പ്രായോഗികമായി നടപ്പാക്കുക എന്നതും വലിയ ബുദ്ധിമുട്ടാണ്. ഇവിടെയാണ് പുതിയൊരു ഹൈബ്രിഡ് മോഡലിന്‍റെ സാധ്യത കാണാനാകുക. പദ്ധതിയുടെ ഉടമസ്ഥതയും പൂർണമായ നടത്തിപ്പ് ചുമതലയും ഈ പുതിയ ഹൈബ്രിഡ് പ്രോജക്റ്റിൽ കേരള സർക്കാരിനായിരിക്കും. അതേസമയം, ധാതുമണൽ ഖനനം /സംസ്കരണം / മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം എന്നിവയിൽ സ്വയം പര്യാപ്തതയുള്ള വിദേശ രാജ്യങ്ങൾക്കോ ആഗോള കോർപ്പറേറ്റുകൾക്കോ ഈ പ്രോജക്റ്റിൽ പങ്കാളികളാകാം.
-
നമുക്കുള്ള മികവുറ്റ ബദൽ മാതൃകയാണു സിയാൽ അഥവാ 4 പി (പൊതു-സ്വകാര്യ- ജനകീയ പങ്കാളിത്ത) മോഡൽ. എങ്കിലും, മിഷൻ സമുദ്ര, റെയർ എർത്ത് കോറിഡോർ, ബ്ലൂ ഇക്കോണമി, പോർട്ട് സിറ്റി/ ഹബ്ബ് തുടങ്ങിയ അത്യന്തം സങ്കീർണമായ മേഖലകളിൽ ഈ മോഡൽ നടപ്പാക്കുമ്പോൾ ഉയർന്ന് വരാനിടയുള്ള, പ്രധാനപ്പെട്ട ചില എതിർപ്പുകളും നിശ്ചയമായും പരിഗണിച്ചേ പറ്റൂ. അവ ഇനി പറയാം :
1. നെടുമ്പാശേരി വിമാനത്താവളം നിർമിച്ചതും പിന്നീട് വികസിപ്പിച്ചതും പ്രധാനമായും സിവിൽ കൺസ്ട്രക്ഷൻ, എയർപോർട്ട് മാനെജ്‌മെന്‍റ് എന്നിവയുമായി ബന്ധപ്പെട്ടാണ്. ഇതിനാവശ്യമായ സാങ്കേതിക വിദ്യ ആഗോളതലത്തിൽ ലഭ്യവുമാണ്. എന്നാൽ റെയർ എർത്ത് പ്രോസസിങ്ങിലും അതിന്‍റെ വാല്യു അഡിഷനിലും കെഎംഎംഎല്ലിനോ കേരളത്തിനോ മാത്രമല്ല, ഇന്ത്യയ്ക്ക് തന്നെ നിർണായക പരിമിതികൾ ( സാങ്കേതിക വിദ്യാ പരവും ധനപരവുമായവ ഉൾപ്പെടെ ) ഉണ്ട്.
പ്രവാസികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമായി പണം സമാഹരിച്ചാലും, അത്യാധുനിക സാങ്കേതിക വിദ്യയും ആഗോള വിപണി ബന്ധങ്ങളും എങ്ങനെയാണ് കൊണ്ടുവരിക. വൻകിട ആഗോള കോർപ്പറേറ്റുകളുടെ നേരിട്ടുള്ള പങ്കാളിത്തം ഇക്കാര്യത്തിൽ ആവശ്യമായി വരുമെന്നാണോ സതീശൻ സർക്കാർ കാണുന്നത്. കാരണം, സംസ്ഥാന സർക്കാരിന് മുഖ്യ ചുമതലയുള്ള ഒരു ജനകീയ / പ്രവാസി കൂട്ടായ്മ കൊണ്ടു മാത്രം ഈ വിപണിയിലേക്ക് പെട്ടെന്ന് കടന്നുചെല്ലാൻ കഴിയില്ലല്ലോ.
2. വിമാനത്താവളങ്ങൾ പൊതുവെ പെട്ടെന്നു വരുമാനം തന്നുതുടങ്ങുന്ന (ഹോട്ടലുകൾ, പാർക്കിങ്, ലാൻഡിങ് ഫീസ് വഴി) പദ്ധതികളാണ്. അതിനാൽ സാധാരണ നിക്ഷേപകർക്ക് ഡിവിഡന്‍റ് (ലാഭവിഹിതം) വേഗം ലഭിക്കും. എന്നാൽ റെയർ എർത്ത് പ്ലാന്‍റുകൾ, ആഴക്കടൽ കാറ്റാടിപ്പാടങ്ങൾ, വലിയ പോർട്ട് സിറ്റികൾ എന്നിവ യാഥാർത്ഥ്യമാകാൻ 10 മുതൽ 15 വരെ വർഷങ്ങൾ എടുത്തേക്കാം. ഇത്ര ദീർഘകാലം ലാഭവിഹിതം ഇല്ലാതെ കാത്തിരിക്കാൻ സാധാരണക്കാരായ നിക്ഷേപകരോ പ്രവാസികളോ തയാറാകില്ല.അതേസമയം കോർപ്പറെറ്റുകൾക്ക് ഇത്തരം ദീർഘകാല റിസ്ക് എടുക്കാനുള്ള സാമ്പത്തിക ശേഷിയുണ്ട്, എന്നാൽ പൊതുജനങ്ങൾ ക്കതില്ലല്ലൊ.
3. കരിമണലിലെ മോണസൈറ്റും അതിലടങ്ങിയിട്ടുള്ള തോറിയവും രാജ്യത്തിന്‍റെ ആണവോർജ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽത്തന്നെ റെയർ എർത്ത് ഖനനവും സംസ്കരണവും പൂർണമായും കേന്ദ്ര ആണവോർജ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ് നടക്കുക. ഇതിലേക്ക് വിദേശ നിക്ഷേപമോ (എഫ്ഡിഐ), വലിയ തോതിൽ പൊതുജന പങ്കാളിത്തമുള്ള പബ്ലിക് ലിമിറ്റഡ് കമ്പനികളെയോ ഉൾപ്പെടുത്തുന്നതിന് കടുത്ത സുരക്ഷാ നിയന്ത്രണങ്ങളുണ്ട്. കേന്ദ്ര സർക്കാരിന്‍റെ നയപരമായ അനുമതികൾ ഇത്തരം ഒരു സിയാൽ മാതൃകയ്ക്ക് ലഭിക്കുക എന്നത് ഏതാണ്ട് അസാധ്യമാണ്.
ഹൈബ്രിഡ് പരിഹാരം
എന്നാൽ, നിർദേശിക്കാവുന്ന ഒരു ഹൈബ്രിഡ് പരിഹാരം ഇതിനുണ്ട്. പദ്ധതി പൂർണമായി കോർപ്പറെറ്റുകൾക്ക് വിട്ടുകൊടുക്കുന്നത് വമ്പിച്ച ജനകീയ പ്രതിരോധത്തിന് കാരണമാകും.അതേസമയം സിയാൽ മോഡൽ പ്രായോഗികമായി നടപ്പാക്കുക എന്നതും വലിയ ബുദ്ധിമുട്ടാണ്. ഇവിടെയാണ് പുതിയൊരു ഹൈബ്രിഡ് മോഡലിന്‍റെ സാധ്യത കാണാനാകുക.
പദ്ധതിയുടെ ഉടമസ്ഥതയും പൂർണമായ നടത്തിപ്പ് ചുമതലയും ഈ പുതിയ ഹൈബ്രിഡ് പ്രോജക്റ്റിൽ കേരള സർക്കാരിനായിരിക്കും. അതേ സമയം, ധാതുമണൽ ഖനനം /സംസ്കരണം / മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം എന്നിവയിൽ സ്വയം പര്യാപ്തതയുള്ള വിദേശ രാജ്യങ്ങൾക്കോ ആഗോള കോർപ്പറേറ്റുകൾക്കോ ഈ പ്രോജക്റ്റിൽ പങ്കാളികളാകാം. അതിന്‍റെ ഉപാധികൾ പക്ഷേ നമ്മൾ, കേരളം നിശ്ചയിക്കും. (ഇവരുടെ ധാതു സംസ്കരണ സാങ്കേതികവിദ്യയും ആഗോള വിപണിയും തന്നെയാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം.)
നമ്മുടെ തന്ത്രപ്രധാന ധാതുസമ്പത്തായ കരിമണൽ, ഖനനം ചെയ്ത് ചവറയിലെ കെഎംഎംഎൽ പ്ലാന്‍റിലെത്തിച്ച് വേർതിരിച്ചെടുത്ത് ഒരു മെറ്റലർജിക്കൽ പ്രോസസിലൂടെ യാണ് ടൈറ്റാനിയം ഡയോക്സൈഡാക്കി മാറ്റുന്നത്. ഇതിന് ടണ്ണിനിപ്പോൾ അഞ്ചു മുതൽ ഏഴു വരെ ലക്ഷം രൂപയാണ് വില. ഇതിന്‍റെ മൂല്യവർധിത ഉല്പന്നമായ ടൈറ്റാനിയം സ്പോഞ്ചിന് ടണ്ണിനിപ്പോൾ വില 25 ലക്ഷം രൂപ. സ്പോഞ്ചിനെ മറ്റൊരു രാസമാറ്റത്തിലൂടെയാണ് ടൈറ്റാനിയം മെറ്റലാക്കി മാറ്റുക. മെറ്റലിന് ടണ്ണിന് വില 40 ലക്ഷം രൂപയാണിപ്പോൾ. ടൈറ്റാനിയം സ്പോഞ്ച് /മെറ്റൽ ആഗോള ഉത്പാദനത്തിന്‍റെ സിംഹഭാഗവും കൈയാളുന്നത് ഏതാനും രാജ്യങ്ങളാണ്.
എ) ചൈന: നിലവിൽ ടൈറ്റാനിയം സ്പോഞ്ചിന്‍റെ ആഗോള ഉത്പാദനത്തിൽ പകുതിയും ചൈനയുടേതാണ്. പ്രതിരോധം, വിമാന നിർമാണം എന്നിവയ്ക്കായി അവർ ഇത് വൻതോതിൽ ഉപയോഗിക്കുന്നു.
ബി) റഷ്യ: ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത ടൈറ്റാനിയം ഉത്പാദകർ റഷ്യയിലെ വിഎസ്എംപിഒ - അവിസ്മ എന്ന കമ്പനിയാണ്. ലോകത്തിലെ മുൻനിര വിമാന നിർമാണ കമ്പനികളായ ബോയിങ്, എയർബസ് എന്നിവർക്ക് ആവശ്യമായ ഉയർന്ന നിലവാരമുള്ള എയ്റോസ്‌പെയ്സ് ഗ്രേഡ് ടൈറ്റാനിയം മെറ്റൽ പ്രധാനമായും നൽകുന്നത് റഷ്യയാണ്.
സി)ജപ്പാൻ: ആഗോള വിപണിയിൽ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ളടൈറ്റാനിയം സ്പോഞ്ച് നിർമിക്കുന്നതിൽ ജപ്പാൻ മുൻപന്തിയിലാണ്. ഒസാക്ക ടൈറ്റാനിയം ടെക്നോളജീസ്, ടോഹോ ടൈറ്റാനിയം എന്നിവയാണ് ഈ രംഗത്തെ പ്രധാന ജാപ്പനീസ് കമ്പനികൾ.
ഡി) കസാഖിസ്ഥാൻ: യുണൈറ്റഡ് കെമിക്കൽ കമ്പനിയുടെയും മറ്റും നേതൃത്വത്തിൽ വൻതോതിൽ ടൈറ്റാനിയം സ്പോഞ്ച് ഇവർ ഉൽപ്പാദിപ്പിക്കുകയും യൂറോപ്യൻ വിപണിയിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു.
ഇ) യുക്രെയ്‌ൻ: : പരമ്പരാഗതമായി ടൈറ്റാനിയം ഖനനത്തിലും സ്പോഞ്ച് ഉത്പാദനത്തിലും വലിയ ശേഷിയുള്ള രാജ്യമാണിത്. എന്നാൽ സമീപകാല യുദ്ധസാഹചര്യങ്ങൾ ഇവരെ ബാധിച്ചിട്ടുണ്ട്.
എഫ്) സൗദി അറേബ്യ: ഈ മേഖലയിലേക്ക് പുതുതായി കടന്നുവന്ന വമ്പന്മാരാണ് സൗദി. തദ്ദേശീയ വ്യവസായവത്കരണത്തിന്‍റെ ഭാഗമായി അഡ്വാൻസ്ഡ് മെറ്റൽ ഇൻഡസ്ട്രീസ് ക്ലസ്റ്റർ വഴി അവർ വലിയ തോതിൽ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്‍റുകൾ വികസിപ്പി ച്ചെടുത്തിട്ടുണ്ട്.
ജി) ഇന്ത്യ: 2015ൽ ചവറയിലെ കെഎംഎംഎലിൽ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്‍റ് കമ്മിഷൻ ചെയ്തതോടെ തന്ത്രപ്രധാന ക്ലബ്ബിലേക്ക് ഇന്ത്യയും ഔദ്യോഗികമായി കടന്നുചെന്നു. പ്രതിരോധ-ബഹിരാകാശ ആവശ്യങ്ങൾ ക്കായി ഇന്ത്യ ഇപ്പോൾ സ്വന്തമായി ടൈറ്റാനിയം സ്പോഞ്ച് ഉത്പാദിപ്പിക്കുന്നു. യുഎസ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, മഡഗാസ്കർ, തുടങ്ങിയ ഏതാനും രാജ്യങ്ങൾ കൂടി ടൈറ്റാനിയം സ്പോഞ്ചും, ടൈറ്റാനിയം മെറ്റലും ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ പ്രമുഖ ശക്തികളല്ല.
(നാളെ: ബദലുകളുടെ പ്രാധാന്യം)