പരീക്ഷാ ചോര്‍ച്ചകള്‍ രോഗ ലക്ഷണമാണ്

 

representative image- Ai

Special Story

പരീക്ഷാ ചോര്‍ച്ചകള്‍ രോഗ ലക്ഷണമാണ്

ചോദ്യ പേപ്പര്‍ ചോര്‍ച്ചകളോട് പ്രതികരിക്കുന്നത് നമുക്ക് പരിചിതമായി കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇത് ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് നാം ഇതുവരെ ഗൗരവമായി ചിന്തിച്ചിട്ടില്ല

MV Desk

രാജീവ് ചന്ദ്രശേഖര്‍

അടുത്തടുത്ത മാസങ്ങളില്‍ ഒരേ കാര്യം തന്നെ സംഭവിക്കുന്നു. പരീക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചോദ്യ പേപ്പര്‍ ഏതെങ്കിലുമൊരു സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികള്‍ തങ്ങളുടെ വര്‍ഷങ്ങളായുള്ള അധ്വാനം നിമിഷ നേരത്തില്‍ അര്‍ഥശൂന്യമായെന്ന് മനസിലാക്കുന്നു. പ്രതിഷേധം ഉയരുന്നു. അറസ്റ്റുകള്‍ ഉണ്ടാകുന്നു. അന്വേഷണം വരുന്നു. ഒരു പുതിയ കടുപ്പമേറിയ നിയമം വരുന്നു. ഏറെ കഴിയും മുന്‍പ് ഇതൊക്കെ തന്നെ വീണ്ടും സംഭവിക്കുന്നു. മറ്റൊരു സംസ്ഥാനത്ത് മറ്റൊരു പരീക്ഷയില്‍, മറ്റൊരു കൂട്ടം കുട്ടികള്‍ക്ക്.

ചോദ്യ പേപ്പര്‍ ചോര്‍ച്ചകളോട് പ്രതികരിക്കുന്നത് നമുക്ക് പരിചിതമായി കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇത് ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് നാം ഇതുവരെ ഗൗരവമായി ചിന്തിച്ചിട്ടില്ല. എവിടെയാണ് കുഴപ്പം എന്ന് നമുക്ക് വ്യക്തതയുണ്ടാകണം. ഒരു പരീക്ഷ എന്നത് വെറുമൊരു തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമല്ല. ഒരു പതിനഞ്ചുകാരന് ഒരു രാജ്യം നല്‍കുന്ന വാഗ്ദാനമാണത്. നിങ്ങള്‍ നിങ്ങളുടെ മേശ മേല്‍ നിങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുന്നത് നിങ്ങളുടെ പരിചിത വൃത്തത്തിന് അപ്പുറത്താണ് വില കൽപ്പിക്കപ്പെടുന്നത്. പക്ഷേ ഒരു പരീക്ഷാ ചേദ്യ പേപ്പര്‍ ചോരുമ്പോള്‍ ആ വാഗ്ദാനം ലംഘിക്കപ്പെടുകയാണ്. ആ വര്‍ഷത്തെ വിദ്യാർഥികള്‍ക്കു മാത്രമല്ല ഇതറിയുന്ന എല്ലാ വിദ്യാർഥികളുടേയും മുന്നില്‍ അത് വാഗ്ദാന ലംഘനമാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ വിശ്വാസ്യതയ്ക്ക് തന്നെയാണ് തകരാര്‍ സംഭവിച്ചിരിക്കുന്നത്. അതായത് നമ്മുടെ കുട്ടികളുടെ ഭാവി തകര്‍ന്നിരിക്കുന്നു.

വെറും അഴിമതി മാത്രമല്ല

ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇതിനു പിന്നില്‍ ഒരിക്കലും പുറത്തുനിന്നുള്ളവരോ ഹാക്കര്‍മാരോ അല്ല. പലപ്പോഴും ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നത് ഈ ചോദ്യ പേപ്പര്‍ തയാറാക്കുന്ന അധ്യാപകരും ഈ സംവിധാനം പാളിച്ചകളില്ലാതെ കൃത്യമായും വിശ്വാസ്യതയോടും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുമാണ്. അതായത്, യഥാർഥത്തില്‍ ഒരു വലിയ സംവിധാനത്തെ തകര്‍ക്കുന്നത് പുറത്തു നിന്നല്ല. അതിന്‍റെ ഉള്ളില്‍ നിന്നു തന്നെയാണ്.

ഇതൊക്കെ അഴിമതിയാണെന്ന് പറഞ്ഞ് മുന്നോട്ടുപോകുന്നത് വളരെ എളുപ്പമാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ ഇതൊരു പോലീസ് നടപടി വേണ്ട പ്രശ്‌നവും പോലീസ് പരിഹരിക്കേണ്ട പ്രശ്‌നവുമായി മാത്രം മാറുന്നു. കടുത്ത കസ്റ്റഡി, കടുത്ത ശിക്ഷ, കൂടുതല്‍ നിരീക്ഷണം. ഇതൊക്കെ കാര്യമുള്ളതു തന്നെയാണ്. സര്‍ക്കാരുകള്‍ ഇത് കടുപ്പിക്കുക തന്നെ വേണം. പരീക്ഷകളുണ്ടായ കാലം മുതല്‍ ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എല്ലാ സര്‍ക്കാരുകള്‍ക്കു കീഴിലും ചോദ്യ പേപ്പറുകള്‍ ചോരുന്നുണ്ട്. പലപ്പോഴും പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷേ ചോര്‍ച്ച തുടര്‍ന്നു. നിയമങ്ങള്‍ നടപ്പിലാക്കുക മാത്രം മതിയായിരുന്നെങ്കില്‍ ഇതിനു മുമ്പേ ഇത്തരം സംഭവങ്ങള്‍ അവസാനിക്കുമായിരുന്നു.

എല്ലാ പരീക്ഷാ ചോര്‍ച്ചയും ഒരു ഇടപാടാണ്. ആ ഇടപാടിന് ആവശ്യക്കാരുമുണ്ട്. ഈ ആവശ്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കുറുക്കു വഴിയെന്ന സംസ്‌കാരത്തിലൂടെയാണ്. ഈ കുറുക്കുവഴി തേടുന്ന കുറച്ച് കുട്ടികളും കുറെയധികം മാതാപിതാക്കളുമുണ്ട്. പരിശീലനത്തേക്കാൾ ഉപരിയായി തെരഞ്ഞെടുക്കപ്പെടുമെന്ന ഉറപ്പും പഠനത്തേക്കാള്‍ ഉപരിയായി പരീക്ഷാ ഫലത്തേയും വിപണനം ചെയ്യുന്ന പരിശീലന കേന്ദ്രങ്ങളടങ്ങുന്ന ആവാസ വ്യവസ്ഥയാണ് ഇതിനെല്ലാം വളം വെച്ചുകൊടുക്കുന്നത്. മികവ് അളക്കാനായി രൂപകല്പന ചെയ്തിട്ടുള്ള പ്രക്രിയയില്‍ ഒരു വ്യവസായം മുഴുവന്‍ ഉറപ്പ് എന്ന കാര്യമാണ് വില്‍ക്കുന്നത്. അപ്പോള്‍ ഈ വ്യവസായത്തിലെ ചിലരെങ്കിലും ഈ ഉറപ്പ് നേടാനായി അനധികൃതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഇടയുണ്ട്. അത്തരമൊരു മൊത്തക്കച്ചവട ശൃംഖലയിലെ ചെറുകിട വ്യാപാരമാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ച.

എന്തുകൊണ്ടാണ് ചില രാജ്യങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തതെന്ന് പരിശോധിച്ചിട്ടുണ്ടോ? അത്തരമൊരു രാജ്യമാണ് ജപ്പാന്‍. അവരുടെ നിയമങ്ങള്‍ കര്‍ശനമായതുകൊണ്ടു മാത്രമല്ല, പരീക്ഷ ജയിക്കാന്‍ കുറുക്കുവഴി തേടുന്നതു തന്നെ അവര്‍ക്ക് വലിയ നാണക്കേടാണ്. പരീക്ഷകനില്‍ നിന്നും പരീക്ഷാർഥിയില്‍ നിന്നും അവര്‍ സത്യസന്ധത പ്രതീക്ഷിക്കുന്നു. അതൊരു രാജ്യത്തിന്‍റെ സംസ്‌കാരമാണ്. എന്നുവ‌ച്ചാല്‍ ഒരു കുട്ടിയുടെ മികവ് ഒരു ദിവസം രാവിലെ ഒരു പരീക്ഷയിലെ ഒറ്റ അക്കത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നതല്ല എന്ന് മനസിലാക്കണം.

നമ്മള്‍ എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്

ചോദ്യ പേപ്പര്‍ ചോര്‍ച്ച നമ്മെ പഠിപ്പിക്കുന്നത് എന്താണെന്ന് ചിന്തിച്ച് നോക്കൂ. വില കൊടുത്തു വാങ്ങിയ ചോദ്യപേപ്പര്‍ വഴി പരീക്ഷ പാസായ ഒരു വിദ്യാർഥി പഠിക്കുന്ന ഒരു കാര്യമുണ്ട്. സ്വപ്രയത്‌നത്തേക്കാള്‍ നല്ലത് സ്വാധീനമാണെന്ന്. ഇത് പഠിക്കുന്നത് പാഠങ്ങള്‍ ഉറയ്ക്കുന്ന സമയത്തു തന്നെയാണ്. മുന്നോട്ടുള്ള ജീവിതത്തിലും മികവ് ഒഴിവാക്കാന്‍ കഴിയാത്ത തൊഴില്‍ മേഖലകളിലേക്കും കടക്കുന്നവര്‍ ഒപ്പം കൂട്ടുന്ന അപകടകരമായ ചിന്തയാണിത്. പക്ഷേ ഇതിനേക്കാള്‍ ആഴത്തില്‍ മുറിവേല്‍ക്കുന്നത് മറ്റൊരു കുട്ടിക്കാണ്. ഈ സംവിധാനം തന്നോട് നീതി പുലര്‍ത്തുമെന്ന ഉറച്ച് വിശ്വസിച്ച് ഒരു ചെറിയ പട്ടണത്തില്‍ പണമോ സ്വാധീനമോ ഇല്ലാതെ രാവെളുക്കുവോളം ഉറക്കമൊഴിഞ്ഞ് പഠിച്ച ആ കുട്ടി. ഇതില്‍ നിന്നും സത്യസന്ധത അനുഭവജ്ഞാനം ഇല്ലാത്തതാണെന്ന് അവർ മനസിലാക്കുന്നു. നമ്മള്‍ ഇതെക്കുറിച്ച് മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ രോഷാകുലരായേ തീരു.

സര്‍ക്കാരുകള്‍ നടപടിയെടുക്കണം; അതുപോലെ നമ്മളും

സര്‍ക്കാരിന് വ്യക്തമായ ഉത്തരവാദിത്തമുണ്ട്. ഞാന്‍ അതിനായി നിരന്തരം വാദിച്ചിട്ടുണ്ട്. പ്രൊഫഷണലായ ഉത്തരവാദിത്തമുള്ള പരീക്ഷാ ഏജന്‍സികള്‍, ക്രമരഹിതമായി ചോദ്യപേപ്പര്‍ വിതരണം, രഹസ്യ സാങ്കേതിക സുരക്ഷയുളള ചോദ്യ പേപ്പറുകള്‍, സ്വതന്ത്ര പരിശോധനയ്ക്ക് വിധേയമാക്കാവുന്ന ചോദ്യ പേപ്പര്‍ വിതരണ സംവിധാനം എന്നിവ ഉറപ്പാക്കണം. വിശ്വാസലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നിയമ നടപടി, കോച്ചിങ് സ്ഥാപനങ്ങള്‍ വിദ്യാർഥികള്‍ക്ക് നല്‍കാന്‍ കഴിയുന്ന വാഗ്ദാനങ്ങളേയും ഉറപ്പുകളേയും സംബന്ധിച്ച് സുതാര്യവും സത്യസന്ധവുമായ നിയന്ത്രണങ്ങള്‍ എന്നിവയാണ് അവ.

ഇതെല്ലാം അടിയന്തിരമാണ്. എന്നാല്‍ അതുമാത്രം കൊണ്ടാവില്ല. ഇതിലെ എല്ലാ പ്രക്രിയയും മനുഷ്യരുടെ കൈകളിലൂടെ കടന്നുപോകണം എന്നതിനാല്‍ ഒരു പരീക്ഷാ സംവിധാനവും ചോര്‍ച്ച ഇല്ലാതെ കുറ്റമറ്റതാക്കാന്‍ കഴിയില്ല. നിയമ സംവിധാനമല്ല,ആ കൈകള്‍ ശുദ്ധമാണോ എന്നുള്ളതാണ് പ്രധാനം. അത് ഒരു വീട്ടില്‍ പഠിപ്പിക്കുന്നതാണ്. ഒരു ചുറ്റുവട്ടത്തില്‍ പരിചയിക്കുന്നതാണ്. പരീക്ഷയിലെ മാര്‍ക്കുകളാണ് എല്ലാമെന്നു പറയുന്ന രക്ഷിതാക്കള്‍ കൊടുക്കുന്ന ഒരു നിശബ്ദ സന്ദേശം കൂടിയാണ് അത്.

അതുകൊണ്ട് രക്ഷിതാക്കള്‍ എന്ന നിലയിലും വിദ്യാഭ്യാസം നല്‍കുന്നവര്‍ എന്ന നിലയിലും നമ്മള്‍ ഒരു കാര്യം മനസിലാക്കണം. വളരെ ചെറിയ ഒരു കാര്യമാണ്. കഠിനാധ്വാനവും പ്രതിബദ്ധതയും വിജയം നിര്‍ണയിക്കുന്ന ഒരു അന്തരീക്ഷമാണ് നമ്മുടെ കുട്ടികള്‍ക്കു വേണ്ടത്. അല്ലാതെ കുറുക്കുവഴികളിലൂടെയും നേരില്ലാത്ത ബന്ധങ്ങളിലൂടെയുമുള്ള നേടുന്ന വിജയങ്ങളല്ല വേണ്ടത് എന്ന് അവരെ മനസിലാക്കണം. മികവിന് പ്രത്യേക ഇടമുണ്ട്. കുറുക്കുവഴി ബുദ്ധിപരമല്ല. അപമാനകരണമാണ്. ഏതു കുട്ടിയേയാണോ സഹായിക്കുന്നത് അവർക്കു തന്നെയാണ് അത് അപമാനകരമായി മാറുന്നത്.

യുവ ഭാരതത്തിനായി

ഇത്തരത്തില്‍ തുറന്ന ചര്‍ച്ച സംഭവിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അത് തുടരണം. പരീക്ഷാ ചോര്‍ച്ച സാധ്യമാകുന്ന അന്തരീക്ഷവും അതിന് വളം വയ്ക്കുന്ന സംസ്‌കാരവും വേണ്ട രീതിയില്‍ സമഗ്രമായി നേരിടുന്നതു വരെ.

ഒരു കാര്യം കൂടി ഞാന്‍ പറയാം. ഇത് നമ്മുടെ ഇന്ത്യയുടെ യുവത ഏറ്റെടുക്കേണ്ട കാര്യമാണ്. നിങ്ങളുടെ പരീക്ഷകള്‍, നിങ്ങളുടെ ഭാവി, നിങ്ങളുടെ യോഗ്യതകള്‍ ഇവയുടെ മൂല്യമാണ് നഷ്ടമാകുന്നത്. മുന്‍തലമുറകള്‍ പലനേട്ടങ്ങളും കൈവരിച്ചെങ്കിലും ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയ മാറ്റം നിങ്ങള്‍ കൊണ്ടുവരണം. ഇത് മാറ്റണം. മാറ്റിയേ തീരൂ.

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഓഗസ്റ്റ് 2ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; പ്രതികൾക്കെതിരേ സിബിഐ അഴിമതി നിരോധന നിയമം ചുമത്തി

മാധ‍്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 6 വർഷങ്ങൾക്ക് ശേഷം വിചാരണ ആരംഭിച്ചു

'റീലിൽ മാത്രമാണോ ക്ഷമിക്കുന്നത്, അതോ കേസുകൾ‌ പിൻവലിക്കുമോ‍'? ; മോദിയുടെ വിഡിയോയിൽ കമന്‍റുമായി അഭിജീത് ദിപ്കെ

'കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും'; മുഖ‍്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ