നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രവും 'എമറാൾഡ് ട്രയാങ്കിളും'

 
Special Story

നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രവും 'എമറാൾഡ് ട്രയാങ്കിളും'

നയതന്ത്ര ബന്ധങ്ങൾ പൂർണമായും തകർന്നതോടെ അതിർത്തിയിൽ ആയുധങ്ങളുമായി പരസ്പരം ആഞ്ഞടിക്കുകയാണ് തായ്‌ലൻഡും കംബോഡിയയും

നൂറ്റാണ്ടുകൾക്കു മുൻപേ നിർമിക്കപ്പെട്ട ശിവക്ഷേത്രത്തിന്‍റെ പേരിലാണ് ഒരിക്കൽ സൗഹൃദത്തിലായിരുന്ന തായ്‌ലൻഡും കംബോഡിയയും ഇപ്പോൾ പോരടിക്കുന്നത്. നയതന്ത്ര ബന്ധങ്ങൾ പൂർണമായും തകർന്നതോടെ അതിർത്തിയിൽ ആയുധങ്ങളുമായി പരസ്പരം ആഞ്ഞടിക്കുകയാണ് ഇരു രാജ്യങ്ങളും. തായ്‌ലൻഡ്, കംബോഡിയ, ലാവോസ് എന്നീ മൂന്നു രാജ്യങ്ങളും കൂട്ടിമുട്ടുന്ന എമ‌റാൾഡ് ട്രയാങ്കിളിനെച്ചൊല്ലിയാണ് അതിർത്തിത്തർക്കം രൂക്ഷമാകുന്നത്. 508 മൈലുകളോളം നീണ്ടു കിടക്കുന്ന അതിർത്തിയാണ് ഇരു രാജ്യങ്ങളും പങ്കിടുന്നത്. കാലങ്ങളോളം തായ്‌ലൻഡും കംബോഡിയയും സൗഹൃദത്തോടെയും സഹകരണത്തോടെയുമാണ് കഴിഞ്ഞിരുന്നതും.

എന്നാൽ അതിർത്തിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളുടെ കാര്യം വന്നതോടെ സൗഹൃദം പാടെ ഇല്ലാതായി. കൊടും വനത്തിനുള്ളിൽ നിർമിക്കപ്പെട്ട പ്രിയ വിഹാർ, താ മോൻ തോം, താ മ്യുൻ തോം എന്നീ ക്ഷേത്രങ്ങളാണ് ഇരു രാജ്യങ്ങളുടെയും അതിർത്തിയിലുള്ളത്. ഇതിൽ ഒമ്പതാം നൂറ്റാണ്ടിൽ ഖ്മേർ ചക്രവർത്തി നിർമിച്ചുവെന്ന് കരുതുന്ന പ്രിയ വിഹാർ ക്ഷേത്രമാണ് തർക്കത്തിന്‍റെ മൂല കാരണം. പഴക്കവും നിർമാണ ശൈലിയും ശിവപ്രതിഷ്ഠയുള്ള ക്ഷേത്രത്തെ ലോകശ്രദ്ധയിലേക്ക് ആകർഷിച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ ഡാഗ്രെക് എന്ന മലയുടെ മുകളിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി ഈ ക്ഷേത്രം തായ്‌ലൻഡിനോട് ചേർന്നാണ് കിടക്കുന്നതെങ്കിലും 1962ൽ ഇന്‍റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് ക്ഷേത്രം കംബോഡിയയ്ക്ക് അവകാശപ്പെട്ടതാണെന്ന് വിധിയെഴുതി. ചില ഉപാധികളോടെ തായ്‌ലൻഡി ഈ വിധിയെ സ്വീകരിക്കുകയും ചെയ്തു.

2008ൽ യുനെസ്കോ ക്ഷേത്രത്തെ ലോക പൈത‌‌ൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് വീണ്ടും പ്രശ്നങ്ങൾ ആരംഭിച്ചത്. തായ്‌ലൻഡ് നൽകിയ ഭൂപടത്തിൽ ക്ഷേത്രത്തോടു ചേർന്നു കിടക്കുന്ന 4.6 ചതുരശ്ര കിലോമീറ്റർ വരുന്ന തർക്ക ഭൂമിയുമുണ്ടെന്നതായിരുന്നു തായ്‌ലൻഡിനെ പ്രകോപിപ്പിച്ചത്. അതു കൊണ്ട തന്നെ യുനെസ്കോ പൈതൃക പട്ടിക പുറത്തു വന്നതിനു പുറകേ തായ്‌ലൻഡ് പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉണ്ടായി. അത് അതിർത്തിയിലേക്കും വ്യാപിച്ചു. 2008 മുതൽ 2011 വരെ അതിർത്തിയിൽ പലപ്പോഴായി സംഘർഷങ്ങൾ രൂക്ഷമായി . 2011ൽ ഒരാഴ്ച നീണ്ടു നിന്ന വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു. അന്ന് ആയിരക്കണക്കിന് വരുന്ന ജനങ്ങളാണ് അതിർത്തി ഗ്രാമങ്ങളിൽ നിന്ന് പാർപ്പിടം ഉപേക്ഷിച്ച് ജീവനുമായി രക്ഷപ്പെട്ടത്. ഓരോ തവണ ആക്രമണം ഉണ്ടാകുമ്പോഴും ഇരു രാജ്യങ്ങളും പര്സപരം പഴി ചാരുന്നതാണ് പതിവ്. 2013 ൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിഷയത്തിൽ ഒരിക്കൽ കൂടി ഇടപെട്ടു. പ്രി വിഹാർ ക്ഷേത്രത്തിന്‍റെ പേലുള്ള പരമാധികാരം കംബോഡിയയ്ക്കു മാത്രമാണെന്ന് കോടതി വിധിച്ചു. തായ് സൈന്യത്തോട് എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്ന് പിൻവാങ്ങാനും ഉത്തരവുണ്ടായിരുന്നു. തായ്‌ലൻഡ് ഉത്തരവിനെ മാനിച്ചുവെങ്കിലും ഭൂപടം, സൈനിക പട്രോളിങ് പാതകൾ എന്നിവയിൽ അതൃപ്തി രേഖപ്പെടുത്തി. പ്രി വിഹാറിനൊപ്പം തായ്‌ലൻഡിലെ സുരിൻ പ്രവിശ്യയിലുള്ള താ മോൻ തോം, താ മുവെൻ തോം എന്നീ ക്ഷേത്രങ്ങളും തർക്കകേന്ദ്രങ്ങളാണ്. ഇരു രാജ്യങ്ങളുടെയും സംസ്കാരവും പാരമ്പര്യവും മൂല്യങ്ങളുമായി ഈ ക്ഷേത്രങ്ങളെല്ലാം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന‌ു എന്നതാണ് ‍യാഥാർഥ്യം.

2025 മേയിലാണ് കംബോഡിയയും തായ്‌ലൻഡും തമ്മിൽ വീണ്ടും ഉരസിയത്. അന്നുണ്ടായ വെടിവയ്പ്പിൽ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. കംബോഡിയക്കാരുടെ വികാരത്തെ ഈ സംഭവം വലിയ രീതിയിൽ വ്രണപ്പെടുത്തി. ജൂലൈ 23ന് ഒരു ബോംബ് സ്ഫോടനത്തിൽ ഒരു തായ് സൈനികന് ഗുരുതരമായി പരുക്കേറ്റതോടെ ഇരു രാജ്യങ്ങളും സായുധ പോരാട്ടത്തിലേക്ക് തിരിഞ്ഞു.

ഇനി അതീവ സുരക്ഷാജയിൽ ഏകാന്ത സെല്ലിൽ വാസം; ഗോവിന്ദച്ചാമിയെ വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു

''നാലാം ടെസ്റ്റിൽ ശുഭ്മൻ ഗില്ലിന് പിഴവ് പറ്റി''; വിമർശനവുമായി മുൻ ഇന്ത‍്യൻ താരം

ജാഗ്രത! ജലനിരപ്പ് അപകടകരമായി ഉയരുന്നു; വിവിധ നദികളിൽ അലർട്ടുകൾ

മിഥുന്‍റെ മരണം: തേവലക്കര സ്‌കൂൾ മാനേജ്മെന്‍റിനെ പിരിച്ചുവിട്ടു; ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ്; പത്രിക സമർപ്പിക്കാന്‍ എത്തിയത് 'പർദ്ദ' ധരിച്ച്