ആര്യാടൻ ഷൗക്കത്ത് ജയം ഉറപ്പിക്കുമ്പോൾ കോൺഗ്രസിൽ സതീശനിസം യാഥാർഥ്യമാകുന്നു.

 
Special Story

കോൺഗ്രസിൽ ഇനി സതീശനിസം

പി.വി. അൻവറിനോട് ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ യുഡിഎഫിന്‍റെ പടിക്കു പുറത്തുനിർത്തിയത് വി.ഡി. സതീശന്‍റെ പിടിവാശി ആയിരുന്നില്ല, അതൊരു പ്രതിപക്ഷ നേതാവിന്‍റെ ആത്മവിശ്വാസമായിരുന്നു

പ്രത്യേക ലേഖകൻ

സതീശനിസം എന്നൊന്നില്ലെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് ആവർത്തിച്ചുകൊണ്ടിരിക്കാം. പക്ഷേ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ജയമുറപ്പിക്കുമ്പോൾ, സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സതീശനിസത്തിന്‍റെ വിജയമായി തന്നെ അത് അടയാളപ്പെടുത്തും. പി.വി. അൻവറിനോട് ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ യുഡിഎഫിന്‍റെ പടിക്കു പുറത്തുനിർത്തിയത് വി.ഡി. സതീശന്‍റെ പിടിവാശി ആയിരുന്നില്ല, അതൊരു പ്രതിപക്ഷ നേതാവിന്‍റെ ആത്മവിശ്വാസമായിരുന്നു എന്ന് അടിവരയിടുന്നതാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം.

കെ. സുധാകരൻ എന്ന 'കണ്ണൂർ സിംഹം' പോലും കെപിസിസി പ്രസിഡന്‍റ് പദത്തിൽ നിന്നു താഴെയിറങ്ങിയത് സതീശനുമായുള്ള ഉൾപ്പാർട്ടി പോരിന്‍റെ അനന്തരഫലമായിരുന്നു. സുധാകരൻ മാത്രമല്ല, ദേശീയ നേതാവ് കെ.സി. വേണുഗോപാൽ അടക്കമുള്ളവർ തെരഞ്ഞെടുപ്പിൽ അൻവറിനെ കൂടെ കൂട്ടണമെന്നു കടുപ്പിച്ചു പറഞ്ഞിട്ടും വഴങ്ങാതെ നിൽക്കുകയായിരുന്നു സതീശൻ. പാർട്ടിയിൽ പ്രതിപക്ഷ നേതാവിന്‍റെ ഏകാധിപത്യമാണെന്ന ആരോപണത്തെ സതീശൻ പതിവു പുച്ഛം കൊണ്ട് നേരിട്ടു.

അധികാരത്തിനു വേണ്ടി മുന്നണികൾ മാറിമാറി ചാടിക്കളിക്കുന്ന ഉത്തരേന്ത്യൻ മോഡൽ രാഷ്ട്രീയം ഇന്നു കേരളത്തിനും അന്യമല്ല. അടവ് നയമെന്ന പേരിൽ എൽഡിഎഫ് പ്രോത്സാഹിപ്പിച്ചു പോരുന്ന ഈ കളിയിലൂടെ സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിതമായി ഇടംപിടിച്ച പലരെയും കേരളം കണ്ടു. കടുത്ത പിണറായി വിമർശകനായിരുന്ന പി. സരിൻ പോലും ജ്ഞാനസ്നാനം ചെയ്ത് സഖാവ് സരിനായി, പാർട്ടി സ്ഥാനാർഥിയായി! ഈ നാണംകെട്ട കളി നിലമ്പൂരിൽ കളിക്കാൻ ഏതായാലും താനില്ലെന്ന നിശബ്ദമായ പ്രഖ്യാപനം കൂടിയാണ് അൻവറിന്‍റെ കാര്യത്തിൽ സതീശൻ സ്വീകരിച്ചത്.

എന്തു വീട്ടുവീഴ്ച ചെയ്തിട്ടായാലും അൻവറിനെ കൂടെ കൂട്ടി നിലമ്പൂർ പിടിക്കുക എന്ന എളുപ്പവഴി പല കോൺഗ്രസ് നേതാക്കളും മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ പോലും മുന്നോട്ടുവച്ചപ്പോഴും, വി.ഡി. സതീശൻ വഴങ്ങാതെ നിന്നത്, നിഷ്പക്ഷ വോട്ടർമാർക്കിടയിൽ ആര്യാടൻ ഷൗക്കത്തിന്‍റെയും സതീശന്‍റെയും പ്രതിച്ഛായ വർധിപ്പിച്ചു എന്നു വേണം കരുതാൻ. ജയം ഉറപ്പുള്ള സീറ്റ് സതീശന്‍റെ നിർബന്ധബുദ്ധി കാരണം നഷ്ടപ്പെടാനുള്ള സാധ്യത പോലും പ്രവചിക്കപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. എം. സ്വരാജിനെപ്പോലൊരു ശക്തനായ നേതാവിനെ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിപ്പിച്ച് നിലമ്പൂർ രാഷ്ട്രീയ പോരാട്ടത്തിനു തയാറായ സിപിഎമ്മിന്‍റെ ആത്മവിശ്വാസത്തിനു പിന്നിലും ഈ ഘടകം തന്നെയായിരുന്നു.

എന്നാൽ, തെരഞ്ഞെടുപ്പ് ഫലം ആര്യാടന് അനുകൂലമായി നിൽക്കുമ്പോൾ, കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കെ. മുരളീധരനും അടക്കമുള്ള നേതാക്കൾക്കു മേൽ വ്യക്തമായ ആധിപത്യമാണ് വി.ഡി. സതീശൻ നേടുന്നത്. കുറഞ്ഞ പക്ഷം തദ്ദേശ തെരഞ്ഞെടുപ്പ് വരെയെങ്കിലും കേരളത്തിലെ കോൺഗ്രസ് ഘടകത്തിൽ ഇനി സതീശനായിരിക്കും കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നുറപ്പിക്കാം.

ആര്യാടൻ ഷൗക്കത്തിനു പിന്തുണയില്ലെന്നും വി.എസ്. ജോയി കോൺഗ്രസ് സ്ഥാനാർഥിയാകണമെന്നുമായിരുന്നു അൻവറിന്‍റെ ആദ്യ ഡിമാൻഡ്. എന്നാൽ, അതു പരിഗണിക്കുക പോലും ചെയ്യാതെ മറ്റു മുന്നണികൾക്കെല്ലാം മുൻപേ ആര്യാടനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു കോൺഗ്രസ്. എന്നിട്ടും മുന്നണി പ്രവേശനത്തിനു ശ്രമം തുടർന്ന അൻവറിനോട് സതീശൻ പറഞ്ഞത്, ആദ്യം ആര്യാടനു പിന്തുണ പ്രഖ്യാപിക്കാനാണ്. തൃണമൂൽ കോൺഗ്രസിന്‍റെ മേൽവിലാസം ഒപ്പിച്ചെടുത്തിട്ടും വളഞ്ഞ വഴിക്കുള്ള മുന്നണി പ്രവേശനം പോലും അൻവറിന് അനുവദിക്കപ്പെട്ടില്ല.

കെ. സുധാകരൻ കെപിസിസി പ്രസിഡന്‍റ് പദം വച്ചൊഴിഞ്ഞപ്പോൾ സ്വന്തം നോമിനിയായ സണ്ണി ജോസഫിനെ തന്നെ പകരം പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ, സുപ്രധാനമായൊരു ഉപതെരഞ്ഞെടുപ്പ് പിന്നിടുമ്പോഴും പാർട്ടിയിൽ തന്‍റെ സ്വാധീനം തെളിയിക്കാൻ സണ്ണിക്കു സാധിച്ചില്ല. അൻവറിന്‍റെ കാര്യത്തിൽ സുധാകരന്‍റെ നിലപാട് പാർട്ടിയെക്കൊണ്ട് അംഗീകരിപ്പിക്കാനും കഴിഞ്ഞില്ല. അതേസമയം, ഉറച്ച നിലപാടിൽ നിന്ന് അണുവിട വ്യതിചലിക്കാതെ, തന്‍റെ സ്ഥാനാർഥിയെ ജയിപ്പിച്ചു കാണിച്ച വി.ഡി. സതീശൻ തത്കാലം പാർട്ടിയെക്കാൾ വലിയ നേതാവായി കേരളത്തിൽ വളരുകയും ചെയ്തിരിക്കുന്നു.

അതേസമയം, നിലമ്പൂരിൽ മുസ്ലിം ലീഗ് നടത്തിയ അക്ഷീണ പ്രയത്നം ആര്യാടന്‍റെ മുന്നേറ്റത്തിൽ നിർണായകമായിട്ടുണ്ടെന്നതും വിസ്മരിക്കാനാവില്ല. പക്ഷേ, ഒരുകാലത്ത് എൻഎസ്എസിനെ വിമർശിച്ച് സുകുമാരൻ നായരുടെ അപ്രീതിക്കു പാത്രമായ സതീശൻ ഇപ്പോൾ ജമാ അത്തെ ഇസ്ലാമിയെ പരോക്ഷമായി ന്യായീകരിക്കാൻ തയാറായത് ദീർഘകാലാടിസ്ഥാനത്തിൽ എന്തു ഫലമുണ്ടാക്കുമെന്നു കണ്ടുതന്നെ അറിയണം.

ഇത്തരം സമീപനങ്ങൾ സംസ്ഥാനത്തോ, കുറഞ്ഞ പക്ഷം മലബാർ മേഖലയിലോ, തുടരാനാണ് സതീശന്‍റെ തീരുമാനമെങ്കിൽ മുസ്ലിം ലീഗിന്‍റെ എതിർപ്പ് ശക്തമാകുമെന്നു മാത്രമല്ല, മുസ്ലിം വിരുദ്ധ വോട്ടുകൾ കോൺഗ്രസിനെതിരായി ഏകീകരിക്കപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. കടുത്ത മുസ്ലിം വിരോധം വച്ചുപുലർത്തുന്ന ക്രിസ്ത്യൻ സംഘടനകളും ഇക്കാര്യത്തിൽ സതീശനോട് പിണങ്ങും. അതുകൊണ്ടുതന്നെ, പ്രതിപക്ഷ നേതാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വീകരിക്കാൻ പോകുന്ന നിലപാടുകളായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ഭാവി നിർണയിക്കുക എന്ന് അനുമാനിക്കാം.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം