അപകടപ്പാടത്തെ ആശങ്കയുടെ വിത്ത്

 

Freepik.com

Special Story

അപകടപ്പാടത്തെ ആശങ്കയുടെ വിത്ത്

'എന്തുണ്ടാകുമെന്നു കണ്ടറിയാം' എന്നു പറയുന്നത് ഒരു നല്ല ദേശീയ നയമല്ല. അതുകൊണ്ടാണ് ജീൻ എഡിറ്റിങ് നടത്തി പുറത്തിറക്കിയ രണ്ട് നെൽവിത്തിനങ്ങൾ ആശങ്കയ്ക്കു കാരണമാകുന്നത്.

അജയൻ

വർഷം 2009; അന്നത്തെ വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് ഒരു സുപ്രധാന പ്രഖ്യാപനത്തിന്‍റെ തലേന്ന് കൊച്ചിയിലുണ്ടായിരുന്നു. ജനിത മാറ്റം വരുത്തിയ ബിടി വഴുതനയ്ക്ക് ജനിറ്റിക് എൻജിനീയറിങ് അപ്രൂവൽ കമ്മിറ്റി അനുമതി നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ അളന്നുമുറിച്ച പ്രതികരണമായിരുന്നു രമേശിന്‍റേത്: ''രണ്ട് ദിവസം കാത്തിരിക്കുക.'' കാത്തിരിപ്പ് രണ്ടു ദിവസം നീണ്ടില്ല. തൊട്ടടുത്ത ദിവസം തന്നെ, ഫെബ്രുവരി 9ന്, ബിടി വഴുതനയുടെ വാണിജ്യ ഉത്‌പാദനത്തിന് ഇന്ത്യയിൽ അനിശ്ചിതകാല മൊറട്ടോറിയം പ്രഖ്യാപിച്ചു!

കാത്തിരിക്കാൻ അദ്ദേഹത്തിനു സമയമില്ലായിരുന്നു. സമ്മർദം അത്രയധികമായിരുന്നു; പ്രത്യേകിച്ച് അമെക്കയിൽ നിന്ന്. പാശ്ചാത്യലോക‌ത്തിനു സ്വീകാര്യനായ സാമ്പത്തിക വിദഗ്ധൻ മൻ‌മോഹൻ സിങ്ങാണ് അന്നു പ്രധാനമന്ത്രി. അദ്ദേഹത്തിന്‍റെ മേൽനോട്ടത്തിൽ ബിടി വഴുതനയ്ക്ക് അംഗീകാരം വേഗത്തിൽ ലഭിക്കുന്നതു കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു യുഎസ്. കോടതിവഴിയാണെങ്കിലും അനുമതി നേടിയെടുക്കാൻ ഊർജിതമായ അണിയറ നീക്കങ്ങൾ നടക്കുന്നതു മനസിലാക്കിയാണ് ജയറാം രമേശ് ധീരവും ചരിത്രപരവുമായ ആ തീരുമാനമെടുത്തത്. മനുഷ്യന്‍റെ ആരോഗ്യത്തിലും പരിസ്ഥിതിയിലുമുണ്ടാക്കുന്ന ദീർഘകാല സ്വാധീനം വ്യക്തമായി മനസിലാക്കാൻ സ്വതന്ത്ര ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ സാധിക്കുന്നതു വരെ മോറട്ടോറിയം തുടരുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.

ഇനി 15 വർഷത്തിനിപ്പുറം വർത്തമാനകാലത്തേക്ക്. ഈ മേയ് മാസത്തിന്‍റെ തുടക്കത്തിൽ, ജീനോം-എഡിറ്റ് ചെയ്ത രണ്ട് അരി ഇനങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. 2009ലെ ബിടി വഴുതനയുടെ കാര്യത്തിലുണ്ടായ അവധാനത ഇപ്പോഴത്തെ അരിയുടെ കാര്യത്തിൽ കണ്ടില്ല. പൊതുജനാഭിപ്രായം തേടുന്ന കീഴ്‌വഴക്കം പോലും പാലിക്കാതെ, നിശബ്ദമായൊരു അതിവേഗ നീക്കമായാണ് കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇക്കാര്യം പുറത്തുവിട്ടത്- ഒരു ദേശീയ രഹസ്യം എന്നതുപോലെ!

ശാസ്ത്ര സമൂഹത്തെ അമ്പരപ്പിച്ചു കളഞ്ഞു ആ പ്രഖ്യാപനം. സുരക്ഷാ പരിശോധനയോ പൊതു ചർച്ചയോ സുതാര്യതയോ ഇല്ലാത്ത തീരുമാനമെന്ന് അവർ അടക്കം പറയുന്നു. പൊതുജനാരോഗ്യത്തെയും പാരിസ്ഥിതിക ആഘാതത്തെയും കർഷകരുടെ അവകാശങ്ങളെയും കുറിച്ചുള്ള മുൻകാല ആശങ്കകളൊന്നും പരിഗണിക്കാതെയാണ് പുതിയ നെല്ലിനങ്ങൾ ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ശാസ്ത്രീയ 'പുരോഗതി'യുടെ മഹത്തായ ചുവടുവയ്പ്പ് പോലെ ഇതു കൊട്ടിഘോഷിക്കപ്പെടുകയും ചെയ്യുന്നു.

ജനതിക മാറ്റം വരുത്തിയ നെൽവിത്തിനങ്ങൾ അവതരിപ്പിക്കുന്ന കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ

അലയൻസ് ഫോർ സസ്റ്റെയിനബിൾ ആൻഡ് ഹോളിസ്റ്റിക് അഗ്രികൾച്ചറിന്‍റെ (ആശ-കിസാൻ സ്വരാജ്) സ്റ്റിയറിങ് കമ്മിറ്റി അംഗം ശ്രീധർ രാധാകൃഷ്ണന്‍റെ അഭിപ്രായത്തിൽ, നിശബ്ദമായൊരു അപകട സാധ്യതയുമായാണ് ജീൻ എഡിറ്റിങ്ങിന്‍റെ വരവ്. ഹൈടെക് ലബോറട്ടറി വൈദഗ്ധ്യം ഉപയോഗിച്ച് സസ്യങ്ങളുടെയോ മൃഗങ്ങളുടെയോ ഡിഎൻഎയിൽ 'ചെറിയ' മാറ്റങ്ങൾ വരുത്താൻ ശാസ്ത്രജ്ഞർക്കു സാധിക്കുന്നു. അവർ 'ജനിതക കത്രിക' ഉപയോഗിച്ച് ജീനുകളെ ഇഷ്ടാനുസരണം മുറിക്കുകയും മാറ്റം വരുത്തുകയും ചെയ്യുന്നു; പ്രകൃതി എഴുതിവച്ച കോഡുകളിൽ തന്നെ മാറ്റം വരുത്തുന്നു. കാലാവസ്ഥാ പ്രതിരോധശേഷി, ജല സംരക്ഷണം, ഉയർന്ന വിളവ് തുടങ്ങിയ ജനപ്രിയ വാക്കുകൾ ഇതിനെല്ലാം കവചമാകുന്നു.

പ്രകൃതിയുടെ തിരക്കഥയിൽ കൃത്രിമം കാണിക്കുമ്പോൾ അപ്രതീക്ഷിതമായ തിരിച്ചടികളുമുണ്ടാകാം. വിഷാംശമുള്ള വിചിത്രവും നൂതനവുമായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കപ്പെടാം; അവ അലർജിക്കു കാരണമാകാം. അതിലും മോശമായ കാര്യം, ഈ പുതിയ വിത്തിനങ്ങൾ വളർന്നു വരുമ്പോൾ അവയുടെ സവിശേഷതകൾ വിചിത്രമാകാം, പ്രകൃതിയുടെ അതിലോലമായ ആവാസവ്യവസ്ഥയെത്തന്നെ അവ ബാധിക്കാം.

വിശദമായ ജൈവസുരക്ഷാ പരിശോധനയിലൂടെ മാത്രമേ ഇത്തരം സാധ്യതകൾ ശരിയായി തിരിച്ചറിയാൻ സാധിക്കൂ. 1989ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം, ജീനുകളെ ഇല്ലാതാക്കുന്നതും പരിഷ്കരിക്കുന്നതും അടക്കം, ലബോറട്ടറി സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഒരു ജീവിയുടെ ഡിഎൻഎയിൽ വരുത്തുന്ന ഏതൊരു മാറ്റവും ജനിതക എൻജിനീയറിങ്ങിലെ ഇടപെടലായി കണക്കാക്കാം; അതു നിയന്ത്രിക്കുകയും ചെയ്യണം. ഈ ജനിതക ചൂതാട്ടത്തിന്‍റെ അന്തിമഫലം അപകടകരമാകാതിരിക്കാൻ കർശനമായ ജൈവസുരക്ഷ മാത്രമാണ് ആശ്രയം.

രണ്ട് തരം ജീൻ എഡിറ്റിങ്ങിനുള്ള ജൈവസുരക്ഷാ പരിശോധനകൾ 2022ൽ കേന്ദ്ര സർക്കാർ നിസാരമായി ഉപേക്ഷിച്ചു. ജനങ്ങളുടെയും പരിസ്ഥിതിയുടെയും കൃഷിയിടങ്ങളുടെയും ജൈവസുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് സുപ്രീം കോടതി 2024ൽ അധികൃതരെ വിമർശിക്കുകയും ചെയ്തു. ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ നിരീക്ഷണം സുവ്യക്തമായിരുന്നു: ''ഗുരുതരമായ ദോഷം വരുത്താനുള്ള ശേഷി ഒരു പ്രവൃത്തിക്കുണ്ടെന്നു കരുതുക. അത് സുരക്ഷിതമാണെന്ന് ഉറപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ കിട്ടിയിട്ടില്ലെങ്കിൽ, അങ്ങനെ തെളിവ് കിട്ടുന്നതുവരെ അത് തടയണം. അതു മാത്രമാണ് ഉത്തരവാദപ്പെട്ട നടപടി.''

ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച് ബോർഡ് അംഗവും കർഷക നേതാവുമായ വേണുഗോപാൽ ബദരവാഡയുടെ കഥ ശ്രീധർ ഓർമിപ്പിക്കുന്നു. ബദരവാഡ ഒരു 'തെറ്റ്' ചെയ്തു- ജീൻ എഡിറ്റ് ചെയ്ത പുതിയ വിത്തിനങ്ങളെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന ചില ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെട്ടു എന്ന തെറ്റ്! ജൈവസുരക്ഷാ വിലയിരുത്തലിലെ വിടവുകൾ, വിത്ത് സംരക്ഷിക്കാനും പങ്കുവയ്ക്കാനുമുള്ള കർഷകരുടെ പരമ്പരാഗത അവകാശങ്ങൾ എന്നിവയെല്ലാം ആ ചോദ്യങ്ങളിൽ ഉൾപ്പെട്ടു. ഉത്തരം കൊടുക്കുന്നതിനു പകരം, അദ്ദേഹം പുറത്താക്കപ്പെടുകയാണു ചെയ്തത്.

ജനിത മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കളുടെ ലേബലിങ്ങിൽ കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വികസിത രാജ്യങ്ങൾ. ഇതുകാരണം, ഇത്തരം ഉത്പന്നങ്ങൾ ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യാൻ ശ്രമിച്ചാൽ നിരസിക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. ഇത് സാമ്പത്തികമായി മാത്രമല്ല, ഇന്ത്യയിലെ കാർഷികമേഖലയുടെ വിശ്വാസ്യതയ്ക്കു പേലും തിരിച്ചടിയാകും.

ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങൾ സർക്കാർ പിൻവലിക്കണമെന്ന് 'കോഎലിഷൻ ഫോർ എ ജിഎം-ഫ്രീ ഇന്ത്യ' ആവശ്യപ്പെടുന്നു. ''ഈ ജീൻ-എഡിറ്റഡ് വിത്തിനങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയുടെ വിശദാംശങ്ങൾ ഇന്ത്യാ ഗവൺമെന്‍റ് ഉടൻ പങ്കുവയ്ക്കണം. പൊതുജന സുരക്ഷയിലും വിത്തിനങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക താത്പര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നു തെളിയിക്കുകയും വേണം'', അവർ പറയുന്നു.

എണ്ണമറ്റ തലമുറകൾ സംരക്ഷിച്ചു പോന്ന പരമ്പരാഗത നെല്ലിനങ്ങളുടെ സമൃദ്ധമായ കലവറയാണ് നമ്മുടെ നാട്; ഓരോ വിത്തിനും പറയാൻ പോരാട്ടങ്ങളുടെയും സംസ്കാരത്തിന്‍റെയും ജൈവവൈവിധ്യത്തിന്‍റെയും കഥകളുണ്ടാകും. പരീക്ഷിക്കപ്പെടാത്ത ജീൻ-എഡിറ്റഡ് നെല്ലിനങ്ങൾ നിർബാധം നമ്മുടെ വയലുകളിൽ പാകി മുളപ്പിക്കുന്നതിനെ അശ്രദ്ധയെന്നു പറഞ്ഞ് നിസാരവത്കരിക്കാനാവില്ല. ജനിതകമായൊരു ചൂതാട്ടമാണത്; താളിയോലയിൽ മഷി തൂവുന്നതു പോലെ, സമ്പന്നമായ പൈതൃകത്തെ മലീമസമാക്കുന്നതിനു തുല്യം. പാരമ്പര്യങ്ങളെയും പൈതൃകത്തെയും കുറിച്ച് പായാരം പറഞ്ഞം നെഞ്ചത്തടിക്കുന്ന രാജ്യത്താണ്, ഏതോ ബയോടെക്നോളജി ലാബുകളിൽ അതിനെയെല്ലാം നിശബ്ദമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്...!

അഗ്നി-5 ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

'മേരി സഹേലി' പദ്ധതിക്ക് കീഴിൽ പുതിയ ഉദ്യമവുമായി ആർപിഎഫ്; ഇനി വനിതകൾക്ക് കൂടുതൽ സുരക്ഷിതമായി യാത്രചെയ്യാം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ വനിതാ കമ്മിഷനിൽ പരാതി നൽകി

കോട്ടയം നഗരത്തിൽ അക്രമം നടത്തിയ തെരുവ് നായ ചത്തു; നാട്ടുകാർ പേവിഷബാധ ഭീതിയിൽ

പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്തു വയസുകാരന് പരുക്ക്