.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തമാസം നടക്കാന്‍ പോകുന്നു. ഡിസംബര്‍ 3ന് ഫലം വരും. ഈ തെരഞ്ഞെടുപ്പുകള്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കുന്നവരാണ് ഏറെയും. അവയുടെ ഫലങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഫലത്തിന്റെ സൂചനകളാകുമെന്നു വിലയിരുത്തപ്പെടുന്നു. എല്ലാ പ്രമുഖ പാര്‍ട്ടികളും വിജയം അവകാശപ്പെടുന്നു. അടുത്ത സര്‍ക്കാര്‍ അവരുടേതാണെന്ന് ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും ജനങ്ങളെ വിശ്വസിപ്പിക്കേണ്ടതുണ്ട്. അത് മനഃശാസ്ത്രപരമായ തന്ത്രമായിത്തന്നെ കാണാം. മത്സരത്തില്‍ തങ്ങള്‍ തോല്‍ക്കില്ലെന്ന് ജനങ്ങളില്‍ വിശ്വാസമുണ്ടാക്കുക എന്നത് ഓരോ വോട്ടിനെയും സ്വാധ്വീനിക്കും.
രാജ്യത്തുണ്ടായിരിക്കുന്ന വലിയ വികസനം ബിജെപിക്ക് വലിയ രീതിയില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ രാജ്യത്തെ ഓരോ സംസ്ഥാനത്തും പ്രതിഫലിക്കുമെന്നും ബിജെപി വിശ്വസിക്കുന്നു. മോദിയുടെ വ്യക്തിപ്രഭാവവും, താരതമ്യേന അഴിമതിരഹിതമായ ഭരണവും തീര്‍ച്ചയായും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ജനങ്ങളെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.
അതേസമയം, പാര്‍ലമെന്റിലേക്ക് വോട്ട് ചെയ്യുന്ന ലാഘവത്തോടെയോ, രീതിയിലോ അല്ല നിയമസഭയിലേക്ക് ജനങ്ങള്‍ വോട്ട് ചെയ്യുന്നത് എന്ന് സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയത്തെയും വിഷയങ്ങളെയും ഭരണത്തെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും ജനങ്ങള്‍ വോട്ടു ചെയ്യുക. ഈ നിലപാടിന് ശക്തി പകരുന്ന ഉദാഹരണമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ തെരഞ്ഞെടുത്ത് അരവിന്ദ് കേജരിവാളിനെ വന്‍ ഭൂരിപക്ഷത്തില്‍ മുഖ്യമന്ത്രിയാക്കി. അതേ ജനങ്ങള്‍ തന്നെയാണ് പാര്‍ലമെന്റിലേക്ക് ബിജെപിക്ക് വലിയ ഭൂരിപക്ഷം നൽകിയത്.
സാധാരണ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് അവശ്യസാധനങ്ങള്‍ക്കുള്ള വിലക്കയറ്റമാണ്. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാൻ സംഘപരിവാർ നടത്തുന്ന നീക്കങ്ങളും, ഇന്ത്യ എന്ന പേര് ഭാരതം എന്നാക്കാനുള്ള തീരുമാനവും ചര്‍ച്ചാവിഷയമാണ്. പ്രതിപക്ഷ പാർട്ടികളെ കൂച്ചുവിലങ്ങിടുന്ന കേന്ദ്ര ഏജൻസികളുടെ റെയ്ഡുകളും മറ്റു നടപടികളും തെരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്ച്ചചെയ്യപ്പെടുമെതിലും സംശയമില്ല. അദാനിയും മോദിയും തമ്മിലുള്ള കൂട്ടുകെട്ടും ചര്‍ച്ചകളിലുണ്ട്. ഏക സിവിൽ നിയമം, പൗരത്വ നിയമം എന്നിവയൊക്കെ അന്തരീക്ഷത്തിൽ നിൽക്കുന്നു. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ ഏറെ ക്ഷീണിപ്പിക്കുന്ന വിഷയങ്ങളുണ്ടാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് നടക്കാ പോകുന്ന രാജസ്ഥാന്, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം സംസ്ഥാനങ്ങളില്‍ മധ്യപ്രദേശില്‍ മാത്രമാണ് ബിജെപി ഭരിക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു മധ്യപ്രദേശില്‍ ഭൂരിപക്ഷം. എന്നാൽ, അവരുടെ ഒരു വിഭാഗത്തെ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ അടര്‍ത്തി രാജിവയ്പ്പിച്ച് ഭരണം പിടിച്ചടത്തു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ കൂടുതല്‍ ശ്രദ്ധ ആകർഷിക്കുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസാണ് അധികാരത്തില്‍. തെലങ്കാനയില്‍ ബിആര്‍എസും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും.
30 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തുടര്‍ഭരണം നല്‍കാത്ത ഒരു സംസ്ഥാനമാണ് രാജസ്ഥാന്. എന്നാല്‍ ആ ചരിത്രം മാറ്റിയെഴുതപ്പെടും എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. രാജസ്ഥാന് കോണ്‍ഗ്രസില്‍ ഭിന്നതകളുടെ സ്വരം ശക്തമാണ്. അവിടെ ബിജെപിയിലെ ഭിന്നതയും മറനീക്കി പുറത്തുവന്നിട്ടുണ്ട്. മത്സര രംഗത്തുള്ള രണ്ടു പ്രമുഖ പാര്‍ട്ടികളിലെയും ഭിന്നത ഫലത്തെ നിര്‍ണയകമായി സ്വാധീനിക്കും. കോണ്‍ഗ്രസിന്റെ നിലവിലെ മുഖ്യമന്ത്രി അശോക് ഗലോട്ടും യുവ നേതാവായ സച്ചിന് പൈലറ്റുമാണ് കോണ്‍ഗ്രസിനെ വിഭാഗീയതയുടെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. നാലാം തവണയും താൻ മുഖ്യമന്ത്രിയാകും എന്നു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് 72 വയസുകാരനായ നിലവിലെ മുഖ്യമന്ത്രി അശോക് ഗലോട്ട്. രാജസ്ഥാന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിന് പൈലറ്റ് മുന്‍പ് കേന്ദ്രമന്ത്രിയായിരുന്നു. നിലവില്‍ ഉപമുഖ്യമന്ത്രിയുമാണ്.
200 സീറ്റുള്ള രാജസ്ഥാന് നിയമസഭയില്‍ കോണ്‍ഗ്രസിന് 108 സീറ്റുകളാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 73 സീറ്റ് മാത്രം. 2013ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 21 സീറ്റുകള്‍ മാത്രം. അതേസമയം ബിജെപിക്ക് 2013ല്‍ 163 സീറ്റുകളും ലഭിച്ചിരുന്നു എന്നതും വിസ്മരിക്കാനാവില്ല. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പരിശോധിക്കുകയാണെങ്കില്‍ ബിജെപിക്ക് അവിടെ വലിയ നേട്ടമാണ് ഉണ്ടായിരുന്നത്.
തെലങ്കാനയില്‍ രാജ്യത്തെ പ്രധാന പാര്‍ട്ടികളായ ബിജെപിക്കോ കോണ്‍ഗ്രസിനോ വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് ശ്രദ്ധേയനായ കെ. ചന്ദ്രശേഖര റാവു നേതൃത്വം കൊടുക്കുന്ന ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണ് തെലങ്കാന ഭരിക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 120 സീറ്റില്‍ ബിആര്‍എസിന് 88 സീറ്റുകളാണ് ലഭിച്ചത്. 2014ലെ തെരഞ്ഞെടുപ്പില്‍ 63 സീറ്റുകൾ മാത്രം. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനു ശേഷമുള്ള മൂന്നാമത് തെരഞ്ഞെടുപ്പാണിത്. അതേസമയം കോണ്‍ഗ്രസിന് തെലങ്കാനയില്‍ 2014ല്‍ 21 സീറ്റും 2018ല്‍ 19 സീറ്റും മാത്രം കിട്ടി. ബിജെപിക്ക് 2014ല്‍ 5 സീറ്റ്. 2018ല്‍ അത് വെറും ഒരു സീറ്റിലേക്കും കുറഞ്ഞു. 2019ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ഷെയറില്‍ ബിആര്‍എസിനു കുറവുണ്ടായി, ബിജെപിക്ക് നേട്ടവുമുണ്ടായി.
230 നിയമസഭാ സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. ഭരിക്കാന്‍ വേണ്ട 116 എന്ന കേവല ഭൂരിപക്ഷം 2018ല്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ ലഭിച്ചില്ല. 114 സീറ്റുകള്‍ ജയിച്ച കോണ്‍ഗ്രസിന് ബിഎസ്പിയും എസ്പിയും പിന്തുണ നല്‍കിയതോടെ 116 എന്ന കേവല ഭൂരിപക്ഷം കടക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. അങ്ങിനെ ഭരണം ഏറ്റെടുത്ത കമല്‍നാഥ് സര്‍ക്കാര്‍ 15 മാസം മാത്രമാണ് ഭരിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയേയും കൂട്ടരെയും ബിജെപി പാളയത്തിലേക്ക് എത്തിച്ച് ശിവരാജ് സിങ് ചൗഹാന് വീണ്ടും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് രാജ്യത്ത് ഏറെ ചര്‍ച്ചയായി. 2013ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 230 സീറ്റുകളില്‍ 165 സീറ്റുകള്‍ ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് 58 സീറ്റുകളില്‍ തൃപ്തിപ്പെടാനേ അന്ന് സാധിച്ചുള്ളൂ. കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്.
ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പിലെ മുന്‍കാല ഫലങ്ങള്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്. കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്ന മധ്യപ്രദേശിന്റെ ഒരു ഭാഗമായിരുന്നു ഛത്തീസ്ഗഡ്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം തീര്‍ച്ചയായും അതുകൊണ്ടു തന്നെ ഛത്തീസ്ഗഡിനെ സ്വാധീനിക്കും. ആദിവാസികളും പിന്നോക്ക വിഭാഗക്കാരും ദളിതരും ധാരാളമുള്ള പ്രദേശമാണ് അവിടം. ജാതി സെന്‍സസ് രാഷ്ട്രീയം അവിടെ പറഞ്ഞ് ഫലിപ്പിച്ചാല്‍ ഫലം മാറിമറിയാം. അതിനു പറ്റിയ നേതാക്കള്‍ അവിടെയില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. 90 എന്ന ആകെ സീറ്റിലെ 39 സീറ്റുകളുമായി 2013ല്‍ ജയിച്ച കോണ്‍ഗ്രസ് 2018ല്‍ 68 സീറ്റുകള്‍ നേടിയാണ് ഭരണത്തില്‍ കയറിയത്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് 45.5 % വോട്ടാണെങ്കില്‍ ബിജെപിക്ക് 51.4% നേടി അവിടെ മുന്നിലുണ്ട്. അത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന കണക്കാണ്. പാവപ്പെട്ട ജനങ്ങള്‍ കൂടുതലുള്ള ഒരു സംസ്ഥാനമാണ് ഛത്തീസ്ഗഡ് എന്നതിനാൽ അവിടെ കൈയൂക്കുള്ളവന് കാര്യക്കാരനാകുന്ന നിലയാണുള്ളത്. ഒട്ടേറെ അഴിമതികൾ നടക്കുന്ന സംസ്ഥാനം കൂടിയാണിത്. മുന്‍പ് ഭരിച്ച കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ പലരും അഴിമതിയുടെ ആരോപണങ്ങളിൽ അകപ്പെട്ടു എന്നത് രാഷ്ട്രീയ ചരിത്രമാണ്.
40 വര്‍ഷത്തിനു ശേഷം വോട്ട് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ വോട്ടര്‍മാരുണ്ട് എന്നുള്ളത് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള 40 ഗ്രാമങ്ങളിലെ വോട്ടര്‍മാരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത്. അവിടെ 120 പോളിങ് സ്റ്റേഷനുകള്‍ തുറക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ പ്രദേശങ്ങള്‍ വളരെ സുരക്ഷിതമാണെന്നും, അവിടെ വോട്ടിങ് പ്രക്രിയ നടത്താമെന്നുമാണ്. അത് കണിലെടുത്ത് വലിയ സുരക്ഷാ സന്നാഹത്തോടെ തയാറെടുപ്പുകള്‍ നടത്തിവരുന്നു.
മണിപ്പുരില്‍ മെയ് മൂന്നാം തീയതി തുടങ്ങിയ വംശീയ കലാപത്തിന്റെ അലയടികള്‍ തീര്‍ച്ചയായും മിസോറാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. മണിപ്പുർ കലാപം തൊട്ടടത്തു മിസോറാമിലെ ജനങ്ങളെയും ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ട് എന്നുള്ളതില്‍ തര്‍ക്കമില്ല. മിസോറാമില്‍ നിയമസഭാ സീറ്റുകളുടെ എണ്ണം 40 മാത്രം. കോണ്‍ഗ്രസ് അവിടെ 4 സീറ്റുകളില്‍ മാത്രമാണ് 2010ല്‍ ജയിച്ചത്. ബിജെപിക്ക് ഒരു സീറ്റ് മാത്രം. പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) 40ല്‍ 27 സീറ്റും നേടിയാണ് അവിടെ അധികാരത്തിലുള്ളത്. അവർ ബിജെപിയുടെ സഖ്യകക്ഷിയായി തുടരുകയായിരുന്നു. എന്നാൽ ഇക്കുറി ആ സഖ്യം നിലവിലില്ല. മിസോറാമില്‍ ഒരേയൊരു പാര്‍ലമെന്റ് മണ്ഡലം മാത്രമാണുള്ളത്.