ആശാ ഭോസ്‌ലെ
പ്രത്യേക ലേഖകൻ
ഓ ഹസീന സുല്‍ഫോണ്‍വാലി....(തീസരി മന്‍സില്‍-1966), ദം മാരോ ദം...... (ഹരേ കൃഷ്ണ ഹരേ രാം-1971) എന്നീ പാട്ടുകള്‍ ഒരിക്കലെങ്കിലും പാടാത്തവരായി ആരുമുണ്ടാകില്ല. 1960,70കളില്‍ യുവാക്കളുടെ ഹരമായി മാറിയ ഈ ഹിറ്റ് പാട്ടുകള്‍ പാടിയത് ആശാ ഭോസ്‌ലെയാണ്.
ആവേശം ജനിപ്പിക്കുന്ന നൃത്ത ചുവടുകള്‍ നിറഞ്ഞ പാട്ടുകള്‍ ആലപിക്കുന്നതിന് പേരു കേട്ട ഗായികയായിരുന്നു ആശാ ഭോസ്‌ലെ. എന്നാല്‍ നൃത്ത ചുവടുകള്‍ നിറഞ്ഞ ഗാനങ്ങള്‍ മാത്രമല്ല, 'ദില്‍ ചീസ് ക്യാ ഹേ ' പോലുള്ള ഗസലുകളും പാടി സംഗീത പ്രേമികളെ അതിശയിപ്പിച്ചു ആശാ ഭോസ്‌ലെ.
നടനും ക്ലാസിക്കല്‍ ഗായകനുമായിരുന്നു പിതാവ് ദീനനാഥ് മങ്കേഷ്‌കര്‍. 1943ല്‍ വെറും 10 വയസ് മാത്രം പ്രായമുള്ളപ്പോള്‍ മറാത്തി ചിത്രമായ മജാ ബാലിനു വേണ്ടി ആദ്യ ഗാനം ആലപിച്ചു കൊണ്ടാണ് ആശ തന്‍റെ സംഗീത യാത്ര ആരംഭിച്ചത്. 1950കളിലും 60കളിലും ആശയുടെ കരിയര്‍ കുതിച്ചുയര്‍ന്നു. സിനിമകള്‍, ഗസലുകള്‍, ഭജനുകള്‍, ഖവാലികള്‍, പോപ്പ് തുടങ്ങി സംഗീത വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ അവര്‍ ആലപിച്ചു. ഒ.പി. നയ്യാര്‍, ബര്‍മന്‍, എസ്.ഡി. ബര്‍മന്‍ എന്നിവരുടെ പാട്ടുകള്‍ക്കാണ് ആശ പ്രധാനമായും ശബ്ദം നല്‍കിയത്.
ബര്‍മനുമൊത്തുള്ള ജീവിതം
സംഗീത ലോകത്തെ മുടിചൂടാ മന്നനായിരുന്ന ആര്‍.ഡി. ബര്‍മനുമായുള്ള ആശയുടെ കൂട്ടകെട്ട് ബോളിവുഡില്‍ തന്നെ മികച്ച ഗാനങ്ങള്‍ പിറവി കൊള്ളാന്‍ കാരണമായി. പിന്നീട് ആര്‍.ഡി. ബര്‍മനും ആശാ ഭോസ്‌ലെയും വിവാഹിതരായി. ബര്‍മന്‍റെ പരീക്ഷണാത്മകവും വൈവിധ്യപൂര്‍ണവുമായ ഈണങ്ങളുമായി പൊരുത്തപ്പെടുന്ന ശബ്ദമായിരുന്നു ആശയുടേത്. അതിന്‍റെ ഫലമായി ഭാവാത്മകമായ ഈണങ്ങള്‍ മുതല്‍ ഉന്മേഷദായകമായ ഗാനങ്ങള്‍ വരെ വിവിധ വിഭാഗങ്ങളിലായി നിരവധി ഹിറ്റുകള്‍ സംഗീത ലോകത്തിന് ലഭിച്ചു.
'ദം മാരോ ദം ' (ഹരേ കൃഷ്ണ ഹരേ രാം-1971), ' പിയ തു അബ് തോ ആജാ ' (കാരവാന്‍-1971) എന്നിവ ആശയുടെ വൈവിധ്യങ്ങളായ ഗാനങ്ങളാണ്.
തീസരി മന്‍സില്‍, കാരവാന്‍, യാദോം കി ബാരാത്ത്, ഇജാസത്ത്, സാഗര്‍ തുടങ്ങിയ സിനിമകള്‍ ആശയുടെ ഏറ്റവും അവിസ്മരണീയമായ ചില ഗാനങ്ങളെ അവതരിപ്പിച്ചു. ഖയ്യാം സംഗീതം നല്‍കിയ 'ഉംറാവു ജാന്‍' ആശയുടെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, മന്നാ ഡേ തുടങ്ങിയ ഇതിഹാസങ്ങളോടൊപ്പം ആശ പാടിയ യുഗ്മഗാനങ്ങള്‍ കാലാതീതമായ ക്ലാസിക്കുകളായി തുടരുന്നു.
എട്ട് പതിറ്റാണ്ട് നീണ്ട പ്രൊഫഷണല്‍ രംഗത്ത് ഉയര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആശാ ഭോസ്‌ലെയുടെ വ്യക്തി ജീവിതം നിരവധി തിരിച്ചടികളെയും നേരിട്ടിട്ടുണ്ട്. വെറും 16 വയസ് മാത്രം പ്രായമുള്ളപ്പോള്‍ ആശ തന്‍റെ പേഴ്‌സണല്‍ സെക്രട്ടറിയായ ഗണപത്രാവു ഭോസ്‌ലെയോടൊപ്പം ഒളിച്ചോടി. ഈ ബന്ധത്തില്‍ ആശയ്ക്ക് മൂന്ന് മക്കളുമുണ്ട്. ഗണപത്രാവുമായുള്ള ബന്ധം അധിക കാലം നീണ്ടുനിന്നില്ല. 1960ല്‍ ഗണപത്രാവുമായി ആശ വേര്‍പിരിഞ്ഞു. പിന്നീട് 1980ല്‍ സംഗീത സംവിധായകന്‍ ആര്‍.ഡി. ബര്‍മനെ വിവാഹം കഴിച്ചു. ബര്‍മനുമായുള്ള ബന്ധത്തില്‍ ആശയ്ക്ക് മക്കളൊന്നുമില്ല. ആശയുടെ മൂന്ന് മക്കളില്‍ ഇളയ മകനായ ആനന്ദ് മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. മൂത്ത മകന്‍ ഹേമന്ത് 2015ല്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. മകള്‍ വര്‍ഷ 2012ല്‍ ആത്മഹത്യയും ചെയ്തു.
80 വര്‍ഷം, 12000 ഗാനങ്ങള്‍
80 വര്‍ഷം നീണ്ടുനിന്ന സംഗീത ജീവിതത്തില്‍ 12,000 ഗാനങ്ങള്‍ 20 ഭാഷകളിലായി ആശ പാടി. 1960കളിലും 70കളിലും പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളിലെ ഹിറ്റായ കാബ്രേ ഡാന്‍സ് പാട്ടുകള്‍ ഭൂരിഭാഗവും പാടിയത് ആശാ ഭോസ്‌ലെയാണ്. 1978ല്‍ റിലീസ് ചെയ്ത ഡോണ്‍ എന്ന ചിത്രത്തിലെ ' യേ മേരാ ദില്‍ ' എന്ന ഗാനവും, 1966ല്‍ പുറത്തിറങ്ങിയ തീസരി മന്‍സില്‍ എന്ന ചിത്രത്തിലെ ഓ ഹസീന സുല്‍ഫോണ്‍വാലി...എന്ന ഗാനവും ആശാ ഭോസ്‌ലെയാണ് പാടിയത്.
ഒരു കാലത്ത് കാബ്രേ നര്‍ത്തകിയായി ബോളിവുഡ് ചിത്രങ്ങളില്‍ തിളങ്ങിയിരുന്ന നടിയായിരുന്നു ഹെലന്‍. ആശാ ഭോസ്‌ലെ ഇല്ലായിരുന്നെങ്കില്‍ ഹെലന്‍ സിനിമയില്‍ ഒരുപക്ഷേ അറിയപ്പെടുന്ന ഒരു താരമാകുമായിരുന്നില്ലെന്ന് അക്കാലത്ത് സിനിമാ ലോകം പറയുമായിരുന്നു. കാരണം ഹെലന്‍റെ ആവേശഭരിതമായ നൃത്തച്ചുവടുകള്‍ക്ക് ആശാ ഭോസ്‌ലെയുടെ ഓജസും അഭിനിവേശവും നിറഞ്ഞ ശബ്ദമായിരുന്നു മിഴിവേകിയിരുന്നത്. 1995ല്‍ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിലെ ഊര്‍മിള തകര്‍ത്താടിയ ' രംഗീല രേ ' എന്ന ഗാനം ആലപിച്ചതും ആശാ ഭോസ്‌ലെയാണ്.
സംഗീത പ്രേമികളെ ആവേശ ഭരിതരാക്കുന്ന ഒരു ഗുണം ആശാ ഭോസ്‌ലെയുടെ ശബ്ദത്തിനുണ്ടായിരുന്നു. അവരുടെ ഗാനങ്ങൾ തലമുറകള്‍ക്ക് ആവേശമായി തന്നെ തുടരും.