.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജോസഫ് എം. പുതുശേരി
തീർത്തും പരിമിതമായ വേതനം. അതു പോലും കിട്ടാതെ കുടിശിക കൂടിയായാലോ? പിന്നെ എന്തിനു ജോലി ചെയ്യണം, എങ്ങനെ ജോലി ചെയ്യണം! അതാണ് സംസ്ഥാനത്തെ ആശാ വർക്കർമാരുടെ അവസ്ഥ. ക്ഷമയുടെ നെല്ലിപ്പലക വരെ പരീക്ഷിച്ചിട്ടും ഒരു പരിഹാരവുമുണ്ടാവാതെ വന്ന സാഹചര്യത്തിലാണ് മറ്റൊരു മാർഗവുമില്ലാതെ അവർ സെക്രട്ടറിയേറ്റ് നടയിലേക്ക് നീങ്ങിയത്, രാപ്പകൽ സമരത്തിനായി. അള മുട്ടിയാൽ ചേരയും കടിക്കുമെന്ന അവസ്ഥാവിശേഷം. ഈ മാസം 10 മുതൽ അവർ സമരത്തിലാണ്, വേതന കുടിശിക നൽകുന്നതടക്കം മിതമായ ആവശ്യങ്ങൾ അംഗീകരിക്കാതെ പിരിഞ്ഞു പോകില്ല എന്ന ദൃഢപ്രതിജ്ഞയുമായി.
അവരെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആക്ഷേപിച്ചത്. ആശാ വർക്കർമാരെ രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്നും അതിനായി അവരെ ആട്ടിപ്പായിച്ചു കൊണ്ടുവന്നതാണെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. 7,000 രൂപ മാത്രമുള്ള മാസവേതനം 3 മാസങ്ങളായി ലഭിച്ചിട്ടില്ല, അതു തരണം എന്നു പറയുന്നതിൽ എന്ത് രാഷ്‌ട്രീയമാണുള്ളത്? സ്ത്രീകൾ അണിനിരക്കുന്ന ഒരു സമരത്തെക്കുറിച്ച് ഇങ്ങനെ വിലകുറഞ്ഞ ഒരു പ്രസ്താവന നടത്താൻ മന്ത്രി നിർലജ്ജം മുന്നോട്ടു വരുമ്പോൾ അത് മനോഭാവത്തെയാണ് അനാവരണം ചെയ്യുന്നത്. അങ്ങനെ ആരെങ്കിലും ആട്ടിപ്പായിക്കുന്നിടത്തേക്ക് വെറുതെ ചുവട് വയ്ക്കുന്നവരാണ് സ്ത്രീകൾ എന്നാണോ മന്ത്രിയും ഭരണക്കാരും ധരിച്ചു വശായിരിക്കുന്നത്. എന്നിട്ട് പറയുന്നത് ഇടതുപക്ഷ പുരോഗമനവും!
2007ലാണ് അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ് (ആശ) പദ്ധതിക്ക് രാജ്യത്ത് തുടക്കമിട്ടത്. അതിനായി നിയോഗിക്കപ്പെട്ടവരെല്ലാം വനിതകൾ. അവരെയാണ് ആശാ വർക്കർമാർ എന്ന് പറയുന്നത്. സംസ്ഥാനത്താകെ 27,000 ത്തോളം പേരാണുള്ളത്.
തുടക്കത്തിൽ 500 രൂപയായിരുന്നു ഓണറേറിയം. ഗർഭിണികളെ കാണുക, പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമുള്ളവരെ അതിനു പ്രേരിപ്പിച്ചു സജ്ജരാക്കുക തുടങ്ങിയവയായിരുന്നു അന്നത്തെ ജോലിയിൽ ചിലത്. ശരാശരി 250 വീടുകളെങ്കിലും കയറിയിറങ്ങണം. സമയമനുസരിച്ച് ഇതൊക്കെ ചെയ്താൽ മതിയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറി. മുഴുവൻ സമയ ജോലിയായി.
സർക്കാരിന്‍റെ ആരോഗ്യദൗത്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന സുപ്രധാന ഉത്തരവാദിത്വം നിർവഹിക്കുന്നത് ഇന്ന് ആശാ വർക്കന്മാരാണ്. പ്രാഥമിക വൈദ്യസഹായം എത്തിക്കൽ, പകർച്ചവ്യാധി മുൻകരുതൽ, മാതൃ-ശിശു സംരക്ഷണം ഉറപ്പുവരുത്തൽ, രോഗ നിരീക്ഷണം, ബോധവത്കരണം, സർവെകൾ, അവയുടെ കണക്കു തയാറാക്കലും നൽകലും, പ്രതിരോധ കുത്തിവയ്പ്പുകൾ, കിടപ്പുരോഗികളെ കാണൽ, ഒറ്റപ്പെട്ടു താമസിക്കുന്നവർക്ക് മാനസിക പിന്തുണ നൽകൽ, ഗർഭനിരോധന കുത്തിവയ്പ്പിന് സജ്ജമാക്കൽ, പാലിയേറ്റീവ് പരിചരണം, രോഗപ്രതിരോധ ക്യാംപുകൾ തുടങ്ങി 35ഓളം ജോലികളാണ് ഇന്നവർ നിർവഹിക്കേണ്ടത്. വിവിധ യോഗങ്ങളിലെ നിർബന്ധിത ഹാജർ, ആശുപത്രികളിലെ സഹായ ഡ്യൂട്ടി തുടങ്ങിയവ ഇവരുടെ ജോലിയുടെ ഭാഗമാണ്. പോരാഞ്ഞ് വിവിധ സർക്കാർ പരിപാടികൾ വിജയിപ്പിക്കാൻ ആളെ കൂട്ടേണ്ടതും ഇവരുടെ ഉത്തരവാദിത്വത്തിൽപ്പെടുന്നു. 12 മണിക്കൂർ കൊണ്ടു പോലും തീരാത്ത ജോലിഭാരം.
കൊവിഡ് കാലത്താണ് ഇവരുടെ വില ശരിക്കും നാം അറിഞ്ഞത്. സ്വന്തം സുരക്ഷിതത്വം പോലും തൃണവത്ഗണിച്ച് അവർ സമർപ്പണത്തോടെ നടത്തിയ സേവനം കൊവിഡ് പകർച്ചയുടെ തോത് കുറയ്ക്കാൻ കാരണമായി എന്നത് തർക്കമറ്റ വസ്തുത. ക്വാറന്‍റൈനിൽ കഴിയുന്നവർക്ക് മരുന്നും മറ്റും എത്തിച്ചു കൊടുക്കുന്നതിലും രോഗികളുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിലും വാക്സിനേഷൻ പ്രവർത്തനങ്ങളിലും ഒക്കെ അവർ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് 3 വർഷം മുമ്പ് ലോകാരോഗ്യ സംഘടന ആശാ പ്രവർത്തകർക്ക് വിശിഷ്ട പുരസ്കാരം നൽകിയത്.
ഇങ്ങനെ ലോകം അംഗീകരിക്കുമ്പോഴും ജീവനക്കാർ എന്ന അംഗീകാരം ലഭിക്കാതെ, സേവന - വേതന വ്യവസ്ഥകൾ ഇല്ലാതെ, കൃത്യമായ അവധികൾ പോലുമില്ലാതെ ജോലി ചെയ്യേണ്ട ദുർഗതിയാണിവർക്കുള്ളത്. തുടക്കത്തിൽ ഉണ്ടായിരുന്നതു പോലെ താത്കാലികമായ മറ്റു ജോലികളിൽ ഏർപ്പെടാൻ ഇപ്പോൾ അനുവാദവുമില്ല.
സന്നദ്ധ പ്രവർത്തകരായി മാത്രം അംഗീകരിക്കുന്നതു കൊണ്ട് "ഓണറേറിയം' എന്ന പേരിലാണ് പ്രതിമാസ വേതനം നൽകുന്നത്. അതാകട്ടെ 7,000 രൂപയും. കൂടാതെ 2,000 രൂപ ഇൻസെന്‍റീവും. ഓണറേറിയം സംസ്ഥാന സർക്കാരും ഇൻസെന്‍റീവ് കേന്ദ്ര സർക്കാരുമാണ് നൽകുന്നത്. ഓണറേറിയം ലഭിക്കാൻ പത്തോളം നിബന്ധനകൾ ബാധകമാക്കി. ഇതോടെ നല്ല പങ്ക് ആളുകൾക്കും ലഭിക്കുന്നത് 4,000- 5,000 രൂപ മാത്രം. 62 വയസിൽ ആനുകൂല്യങ്ങൾ ഒന്നുമില്ലാതെ പിരിഞ്ഞു പോവുകയും വേണം.
അഗ്നിപർവതം പോലെ പുകഞ്ഞു നിൽക്കുന്ന ഈ പശ്ചാത്തലത്തിലാണ് പരിമിതമായ ഓണറേറിയം പോലും ലഭിക്കാതായത്. ഇപ്പോൾ 3 മാസത്തെ കുടിശിക. മന്ത്രിതല (ആരോഗ്യം) ചർച്ചകൾ നടന്നിട്ടും കുടിശിക നൽകാൻ പോലും തീരുമാനമായില്ല. എന്നിട്ടാണ് മറ്റു സംസ്ഥാനങ്ങളിൽ നൽകുന്നതിനേക്കാൾ ഉയർന്ന ഓണറേറിയമാണ് സംസ്ഥാനത്ത് നൽകുന്നതെന്ന് വിചിത്ര വാദവുമായി ആരോഗ്യ മന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പിറക്കിയത്. കുടിശികയെപ്പറ്റി അതിലൊരക്ഷരം പോലും ഉരിയാടുന്നില്ല. കാശ് കൈയിൽ കിട്ടാതെ എങ്ങനെ ജീവിക്കും എന്ന് കൂടി മന്ത്രി വിശദീകരിക്കേണ്ടതല്ലേ?!
ഒരു തരത്തിലുമുള്ള സേവന - വേതന വ്യവസ്ഥകളോ തൊഴിലടങ്ങളിലെ പരിരക്ഷയോ ആനുകൂല്യങ്ങളോ ഇല്ലാതെ ഇങ്ങനെ തുച്ഛ വേതനത്തിൽ ജോലിചെയ്യുന്ന ആശാ വർക്കർമാരെ പോലെ ഒരു വിഭാഗത്തെ എവിടെയെങ്കിലും കാണാനാവുമോ? ഈ ചോദ്യത്തിനാണ് സർക്കാർ മറുപടി പറയേണ്ടത്. അതും തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് വാചാലമാകുന്ന ഇടതു സർക്കാർ!
രോദനം ബധിര കർണങ്ങളിലാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാപ്പകൽ സമരത്തിന് നേതൃത്വം നൽകുന്നത്. സമര പോരാളികൾക്ക് അഭിവാദ്യമർപ്പിക്കാൻ ഞാനും എത്തിയിരുന്നു. ഇനിയും പിന്നോട്ടില്ല എന്ന നിശ്ചയദാർഢ്യം സഹോദരിമാരുടെ മുഖങ്ങളിൽ ത്രസിച്ചു നിൽക്കുന്നത് നമുക്ക് വായിച്ചെടുക്കാം. അനുഭവം രൂപപ്പെടുത്തിയ കാതൽ. അന്യായമോ അസംഗതമോ ആയ യാതൊന്നും അവർ ഉന്നയിക്കുന്നില്ല.
ജീവിതച്ചെലവുകൾ കൂടിയ സാഹചര്യത്തിൽ ഓണറേറിയവും ഇൻസെന്‍റീവും വർധിപ്പിക്കണം. അത് എല്ലാ മാസവും കൃത്യമായി നൽകണം. ഓണറേറിയാം വെട്ടിക്കുറയ്ക്കാൻ ഇടയാക്കുന്ന അനാവശ്യ വ്യവസ്ഥകൾ ഒഴിവാക്കണം. വിരമിക്കൽ പ്രായത്തെക്കുറിച്ച് വ്യക്തത വരുത്തുകയും വിരമിക്കൽ ആനുകൂല്യം നൽകുകയും വേണം. 62 വിരമിക്കൽ പ്രായമായി നിശ്ചയിച്ചെന്നും ഇല്ലെന്നും സർക്കാർതലത്തിൽ തന്നെ രണ്ട് അഭിപ്രായം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണിത്. സമരക്കാരുടെ ഈ ആവശ്യങ്ങളിൽ ഏതാണ് അന്യായം? ധനമന്ത്രി പറയുന്നതുപോലെ രാഷ്‌ട്രീയ ലക്ഷ്യമുള്ളവ?
ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 65 ആയി നിജപ്പെടുത്തി 2020ൽ തീരുമാനമെടുത്ത് പശ്ചിമ ബംഗാൾ ഗവൺമെന്‍റ് അവർക്ക് വിരമിക്കൽ ആനുകൂല്യമായി 3 ലക്ഷം രൂപ നൽകുന്നുണ്ടെന്ന വസ്തുത നമ്മുടെ മുന്നിൽ നിൽക്കുകയാണ്. കാരണം അത്രയ്ക്ക് വിലപ്പെട്ട സേവനമാണ് അവർ നൽകുന്നത്. അതു നിലനിന്നേ മതിയാവൂ. സന്തോഷകരമായി അവർക്ക് അത് ചെയ്യാനുമാകണം. അതിനു സാഹചര്യം ഒരുക്കേണ്ടത് സർക്കാരാണ്. ഒരു നിമിഷം അമാന്തിക്കാതെ അത് നിർവഹിക്കുമ്പോഴാണ് കരുതലിന്‍റെ കരസ്പർശം അനുഭവപ്പെടുക. അതു ചെയ്യാതെ ദുർവ്യാഖ്യാനങ്ങൾ ചമച്ച് അവരെ അപഹസിക്കാൻ ശ്രമിക്കുന്നത് അക്ഷന്തവ്യ അപരാധമാവും. തീർച്ച.