.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അഡ്വ. ചാര്‍ളി പോള്‍
""വശീകരണത്തിന്‍റെ കല''എന്നാണ് പ്രഭാഷണകലയെ അരിസ്റ്റോട്ടില്‍ വിലയിരുത്തുന്നത്. ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചവരെല്ലാം ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയവരാണ്. അതിനാല്‍ പ്രസംഗത്തെ "പ്രേരണയുടെ കല' എന്നും വിശേഷിപ്പിക്കാം.
മനുഷ്യന്‍റെ സാമൂഹിക ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രസംഗകല ഒരു പരിവര്‍ത്തനോപാധിയാണ്. മനുഷ്യമനസുകളെ അത് അദ്വിതീമായി സ്വാധീനിക്കുന്നു. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും വിജയമുഹൂര്‍ത്തം കുറിക്കാന്‍ സഹായിക്കുന്ന അത്ഭുത സിദ്ധികളുള്ള ആയുധമാണ് പ്രസംഗം.
ജനസഹസ്രങ്ങളെ ഇളക്കിമറിക്കാന്‍, ചിന്തിപ്പിക്കാന്‍, ചിരിപ്പിക്കാന്‍, തീരുമാനങ്ങളെടുപ്പിക്കുവാന്‍, കര്‍മ പ്രബുദ്ധരാക്കാന്‍, നന്മയിലേക്ക് നയിക്കാന്‍ എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ പ്രസംഗ കലയ്ക്കുണ്ട്.
പ്രസംഗ കലയ്ക്ക് റിഹേഴ്‌സല്‍ ഇല്ലായെന്ന് പറയാറുണ്ട്. കാരണം കാണാതെ പഠിച്ച് ആവര്‍ത്തിക്കുന്നതല്ല പ്രസംഗം. അത് സ്വാഭാവികതയോടെ ഉള്ളില്‍ നിന്നു വരേണ്ടതാണ്. തത്വചിന്തകനായ ഹൊറേയ്‌സ് പറയുന്നു: ""വാക്കുകള്‍ക്കു വേണ്ടിയല്ല, വസ്തുതകള്‍ക്കും ചിന്തകള്‍ക്കും വേണ്ടി തിരയുക. അവ മനസില്‍ നിറയുമ്പോള്‍ വാക്കുകള്‍ അറിയാതെ വന്നുകൊള്ളും''.
നിരന്തര വായനയിലൂടെ ആശയങ്ങളെ മനസില്‍ സ്വരൂപിക്കുക. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ അവ പ്രവഹിച്ചുകൊള്ളും. ഏതു വിഷയത്തെക്കുറിച്ചാണോ പ്രസംഗിക്കുവാന്‍ ആഗ്രഹിക്കുന്നത് ആ വിഷയത്തില്‍ ആഴത്തില്‍ പഠനം നടത്തുക. അവ സ്വാംശീകരിക്കപ്പെട്ട് നമ്മുടെ ചിന്തയുമായി സമന്വയിപ്പിക്കണം. സ്വന്തം ചിന്തയില്‍ പാകം ചെയ്യുന്ന ആശയങ്ങള്‍ക്ക് ശോഭ കൂടും. അവ്യക്തവും ദഹിക്കാത്തതുമായ ആശയങ്ങളെ ഒഴിവാക്കാം. പ്രസംഗവിഷയത്തില്‍ അഗാധമായ അറിവും ഉറച്ചവിശ്വാസവും ആത്മാര്‍ഥതയും തുടിച്ചു നില്‍ക്കണം.
എന്തിനാണ് ഒരു പ്രസംഗം നമ്മള്‍ നടത്തുന്നതെന്ന് ആദ്യം തീരുമാനമെടുക്കണം. പ്രസംഗ കലയുടെ മര്‍മം ഉള്‍ക്കൊള്ളുംവിധം ഒരു സ്ഥൂല രൂപം മനസില്‍ പ്ലാന്‍ ചെയ്യണം. വിഷയത്തെ അടിസ്ഥാനമാക്കി എന്ത്, എന്തിന്, എങ്ങനെ, എപ്പോള്‍, എത്രത്തോളം എന്നിങ്ങനെ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ കണ്ടെത്തണം. വിഷയത്തിന്‍റെ വിവിധ വശങ്ങളും സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തിയിട്ടു വേണം പ്രസംഗത്തിനു പോകുവാന്‍.
സംബോധന, ആമുഖം, വിഷയാപഗ്രഥനം, ഉപസംഹാരം എന്നിങ്ങനെ പ്രസംഗത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം. പറയാനുള്ളതിനെക്കുറിച്ച് ബോധ്യമുണ്ടാവുക, ബോധ്യം വരാതെ ഒന്നും പറയാതിരിക്കുക എന്ന ചിന്ത പ്രസംഗകനുണ്ടാകണം.
യുക്തിഭദ്രമാകണം പ്രസംഗം. വാചാലമായി നീട്ടി അടിച്ചുപരത്തി അര്‍ഥരഹിതമായി പറയുന്നതുവഴി അളവറ്റ ആവര്‍ത്തനവും വിരസതയും ഉണ്ടാകും. പ്രസംഗകന്‍ വര്‍ജ്ജിക്കേണ്ട ഏറ്റവും വലിയ ദോഷമാണ് വാചാടോപം അഥവാ വാചാലത. ദീര്‍ഘമായി പ്രസംഗിക്കുന്നു എന്നതിനേക്കാള്‍ എന്തുപറയുന്നു എന്നതിനാണ് പ്രസക്തി. കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയണം.
ആറ്റിക്കുറുക്കിയ ശൈലിയാണ് നല്ലത്. എഴുത്തിലായാലും പ്രസംഗത്തിലായാലും ചെറുതാണ് ചേതോഹരം.
മിതവും സാരവത്തുമായ രീതിയില്‍ പറയുന്നതാണ് വാഗ്മിത്വം. വാക്കുകള്‍ ചുരുക്കിയും അര്‍ഥം സംഗ്രഹിച്ചും പറയുന്നവനാണ് വാഗ്മി. പ്രസംഗം വാക്കുകളില്‍ തെളിയുന്ന വര്‍ണചിത്രമാകണം. ഉയിരെടുത്ത ചിന്തകളും അഗ്നിനിറച്ച പദങ്ങളും ശ്രദ്ധാപൂര്‍വം കോര്‍ത്തിണക്കിയാല്‍ ഉജ്ജ്വലപ്രസംഗം പിറവികൊള്ളും.
ലാളിത്യം, യുക്തിയുക്തത, ചമത്കാരം, ബോധവത്കരണം എന്നിവ പ്രസംഗത്തിന്‍റെ മുഖമുദ്രകളാവണം. പ്രസംഗം ആശയപരമായ ഒരു യുദ്ധമാണ്. മനസിന്‍റെ നിറവില്‍ നിന്ന് അധരങ്ങള്‍ സംസാരിക്കണം. അറിവാണ് പ്രസംഗകന്‍റെ ഏറ്റവും വലിയ സമ്പാദ്യം. ആത്മാംശം കൂടിച്ചേര്‍ന്ന പ്രസംഗങ്ങള്‍ മാനസാന്തരാനുഭവം സൃഷ്ടിക്കും.
വിജ്ഞാനം നല്‍കുക, ചിന്തിപ്പിക്കുക, വികാരം കൊള്ളിക്കുക, ആഹ്ലാദിപ്പിക്കുക, ഉള്‍ക്കാഴ്ച നല്‍കുക, കര്‍മോന്മുഖരാക്കുക എന്നിവയാകണം പ്രസംഗത്തിന്‍റെ ലക്ഷ്യങ്ങള്‍. ജനങ്ങളെ വസ്തുസ്ഥിതികളെക്കുറിച്ച് ബോധ്യപ്പെടുത്തി, മുന്‍വിധികള്‍ തിരുത്തി, വികാരഭരിതരും കര്‍മോന്മുഖരാക്കുകയുമാണ് ചെയ്യേണ്ടത്.
പ്രസംഗം ഒരു ഹൃദയസംവാദമാകണം. വാക്യങ്ങളാണ് പ്രസംഗത്തിന്‍റെ ശരീരം. ചിന്തയാണ് പ്രസംഗത്തിന്‍റെ ആത്മാവ്, അംഗചലനങ്ങളാണ് പ്രസംഗത്തിന് ജീവന്‍ നല്‍കുന്നത്. ആശയങ്ങളുടെ ചേര്‍ച്ച, ശൈലിയുടെ യോജിപ്പ്, വികാരപ്രകടനത്തിന്‍റെ കൂടിച്ചേരല്‍ എന്നിവ സവിശേഷമാംവിധം ഉള്‍ച്ചേരുമ്പോഴാണ് നല്ല പ്രസംഗം ഉണ്ടാകുന്നത്.
പ്രസംഗകന് വികാരങ്ങളുണ്ടായാലേ ശ്രോതാക്കള്‍ക്ക് വിചാരങ്ങള്‍ ഉണ്ടാകൂ. എഴുത്തില്‍ കവിഞ്ഞ ശക്തി നല്ല പ്രസംഗത്തിനുണ്ട്. പ്രതിഭ കൊണ്ട് എന്നതിനേക്കാള്‍ നിരന്തരമായ പരിശ്രമവും പരിശീലനവും കെണ്ട് നല്ല പ്രസംഗകരാകാം.
(ട്രെയ്നറും മെന്‍ററും, പ്രസംഗ പരിശീലകനുമാണ് ലേഖകൻ - 80757897 68 )