ഡോ. നവീൻ പി. സിങ്
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആധാരശിലകളിലൊന്നാണു കാർഷിക മേഖല. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) ഏകദേശം 18% സംഭാവന ചെയ്യുകയും ജനസംഖ്യയുടെ 58% പേർക്ക് ഉപജീവനമാർഗം ഉറപ്പാക്കുകയും ചെയ്യുന്ന മേഖലയാണത്. ഈ അവശ്യ മേഖല ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ഒട്ടേറെ അനുബന്ധ വ്യവസായങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, 2025-26 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, കാർഷിക മേഖലയിലെ സ്ഥിരത, വളർച്ച, എണ്ണമറ്റ വെല്ലുവിളികൾ എന്നിവ നാം തിരിച്ചറിയേണ്ടതുണ്ട്. കാർഷികോത്പന്നങ്ങളുടെ വിലയിലെ അസ്ഥിരതയും കർഷകരുടെ കടബാധ്യത വർധിച്ചുവരുന്നതും ഉത്പാദനക്ഷമതയിലും ക്ഷേമത്തിലും ഹ്രസ്വകാലത്തേക്ക് പ്രതിഫലിക്കുന്ന ഘടകങ്ങളാണ്. പരമ്പരാഗത കാർഷിക രീതികൾക്ക് വിഘാതം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രതികൂല ഫലങ്ങളെ ചെറുക്കുന്നതിന് സുസ്ഥിരമായ രീതികൾ സ്വീകരിക്കേണ്ടതിന്‍റെ അടിയന്തിര ആവശ്യകത ഇടത്തരം വെല്ലുവിളികൾ വ്യക്തമാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഭൂമികയിൽ മേഖലയുടെ പങ്ക് പ്രാധാന്യം കുറയാതെ നിലനിർത്താൻ നവീകരണവും പരിവർത്തനവും അനിവാര്യമാണ്. വരാനിരിക്കുന്ന ബജറ്റിൽ ദീർഘകാല സുസ്ഥിര വളർച്ചാ സംരംഭങ്ങൾ അവതരിപ്പിച്ച് ഈ അടിയന്തര സമ്മർദ്ദങ്ങളെ തന്ത്രപരമായി സന്തുലിതമാക്കാൻ നയരൂപകർത്താക്കൾ ശ്രമിക്കേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിന് മുൻഗണന നൽകുന്നതിലൂടെയും, കാലാവസ്ഥാ-അനുയോജ്യ കാർഷിക രീതികളിൽ നിക്ഷേപിക്കുന്നതിലൂടെയും, നൂതനസമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിലൂടെയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന, കാർഷിക മേഖലയുടെ ഭാവി സുരക്ഷിതമാക്കുന്ന, ശക്തമായ ഒരു കാർഷിക ചട്ടക്കൂട് സൃഷ്ടിക്കാൻ സർക്കാരിന് സാധിക്കും.
കാർഷിക ഗവേഷണ വികസനത്തിലെ കുതിച്ചുചാട്ടം കാലഘട്ടത്തിന്‍റെ ആവശ്യം
ഇന്ത്യൻ കാർഷിക ഗവേഷണ വികസനത്തിന് (ആർ ആൻഡ് ഡി) ഫണ്ടിന്‍റെ കടുത്ത അഭാവമുണ്ട്. ആഗോള ശരാശരിയായ ഒരു ശതമാനത്തെ അപേക്ഷിച്ച് നോക്കുമ്പോൾ GDP യുടെ 0.4% മാത്രമാണ് കാർഷിക ഗവേഷണ വികസനത്തിന് വകയിരുത്തുന്നത്. ഈ കുറവ് കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വിളകൾ, ജല മാനെജ്മെന്‍റ്, നൂതന കീട നിയന്ത്രണം തുടങ്ങിയ നിർണായക വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനും നവീകരണത്തിനും തടസ്സമാകുന്നു. സിഎസ്ആർ (വൻകിട കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട്) ഫണ്ടുകൾക്ക് മെച്ചപ്പെട്ട നികുതി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും, ഐസിഎആർ, എസ്എയുഎസ് പോലുള്ള സ്ഥാപനങ്ങൾക്ക് കാർഷിക ഗവേഷണ വികസനത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കുകയും വേണം.
വിളവെടുപ്പനന്തര നഷ്ടം കുറയ്ക്കാൻ അടിസ്ഥാന സൗകര്യ പരിമിതികൾ അതിജീവിക്കണം
പ്രതിവർഷം 10-20% വരെയാണ് ഇന്ത്യയിലെ വിളവെടുപ്പനന്തര നഷ്ടം. സംഭരണം, ലോജിസ്റ്റിക്സ്, വിതരണം തുടങ്ങിയ മേഖലകളിലെ കാര്യക്ഷമതയില്ലായ്മയാണ് ഈ നഷ്ടത്തിന് പ്രധാന കാരണം. കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് വകയിരുത്തിയിട്ടും, ഈ പരിമിതികൾ ഏറിയും കുറഞ്ഞും നിലനിൽക്കുന്നു. വിളകൾ പാഴാകുന്നത് കുറയ്ക്കുന്നതിനും കർഷക-വിപണി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഗ്രാമീണ സംഭരണ ശാലകൾ, ശീതീകരിച്ചു സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ , ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് ഈ ബജറ്റ് മുൻഗണന നൽകണം. മാത്രമല്ല, വളരുന്ന ഭക്ഷ്യ സംസ്കരണ മേഖലയും വർധിച്ചുവരുന്ന പ്രതിശീർഷ വരുമാനവും ഇന്ത്യയിൽ സംസ്കരിച്ച ഭക്ഷണങ്ങൾക്കുള്ള ആവശ്യകത വർധിപ്പിക്കുന്നു. ഇത് ശക്തമായ വിതരണ ശൃംഖലയുടെ അനിവാര്യത വ്യക്തമാക്കുന്നു. കൂൺ കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയ ദ്വിതീയ കാർഷിക പ്രവർത്തനങ്ങളിൽ നിക്ഷേപിക്കുന്നത് ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സൂക്ഷ്മ ജലസേചന സംരംഭങ്ങൾ വികസിപ്പിക്കുന്നത് ജലക്ഷാമം പരിഹരിക്കുന്നതിനൊപ്പം ഉത്പാദനക്ഷമതയും വർധിപ്പിക്കും.
കാലാവസ്ഥാ അതിജീവനം: കാർഷിക നയത്തിന്‍റെ പുതസ്തംഭം
കാലാവസ്ഥയിലെ അപ്രവചനീയത, കാലം തെറ്റിയുള്ള മഴ, മണ്ണിന്‍റെ നാശം എന്നിവയ്ക്ക് കാരണമാകുന്ന കാലാവസ്ഥാ വ്യതിയാനം ഇന്ത്യൻ കാർഷിക മേഖലയ്ക്ക് ഗണ്യമായ ഭീഷണി ഉയർത്തുന്നു. വിള വൈവിധ്യവത്കരണം കൂടാതെ പ്രകൃതിദത്ത, ജൈവ, സുസ്ഥിര കൃഷി രീതികളോടുള്ള ശക്തമായ പ്രതിബദ്ധതയും ഈ സാഹചര്യത്തിൽ അത്യാവശ്യമാണ്. ജലക്ഷാമമുള്ള കൂടുതൽ പ്രദേശങ്ങൾ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതും സൗരോർജ്ജാധിഷ്ഠിത ജലസേചനത്തിന് സബ്‌സിഡി അനുവദിക്കുന്നതും കാലാവസ്ഥാ വെല്ലുവിളികൾ ലഘൂകരിക്കാൻ സഹായിക്കും. എണ്ണക്കുരു, പയറുവർഗങ്ങൾ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള ലക്ഷ്യ വേധിയും ദൗത്യ-രൂപേണയുള്ളതുമായപദ്ധതികൾ കാലാവസ്ഥാ വെല്ലുവിളികളെ നേരിടാനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും സഹായിക്കും.
വൈവിധ്യവത്കരണം: കാർഷികമേഖലയിലെ സാമ്പത്തിക സ്ഥിരതയുടെ താക്കോൽ
വിള വരുമാനത്തിന്മേലുള്ള കർഷകരുടെ ആശ്രിതത്വം കുറയ്ക്കുന്നതിന് കന്നുകാലി പരിപാലനം, മത്സ്യബന്ധനം, തോട്ടക്കൃഷി തുടങ്ങിയ അനുബന്ധ മേഖലകളിലേക്ക് കൂടി വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുകയെന്നത് അത്യാവശ്യമാണ്. നമ്മുടെ കാർഷിക ജിഡിപിയടെ 28% കന്നുകാലി സമ്പത്തിന്‍റെ സംഭാവനയാണ്. മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട്, പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന തുടങ്ങിയ പദ്ധതികളിലൂടെ മത്സ്യമേഖലയ്ക്ക് വർധിച്ച ധനസഹായം ലഭ്യമാക്കേണ്ടതുണ്ട്.
ഡിജിറ്റൽ കൃഷി: കാർഷിക രീതികളെ പരിവർത്തനം ചെയ്യുന്നു
തീരുമാനമെടുക്കൽ പ്രക്രിയയയിലും കാര്യക്ഷമതയിലും വിപ്ലവം സൃഷ്ടിക്കാൻ കാർഷികമേഖലയുടെ ഡിജിറ്റൽ പരിവർത്തനത്തിലൂടെ സാധിക്കും. സുതാര്യതയും വിപണി പ്രവേശനക്ഷമതയും ഉറപ്പാക്കും വിധം എല്ലാ കർഷികചന്തകളും (മണ്ഡി) ഉൾപ്പെടുന്ന ഇ-നാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കണം. നിർമിത ബുദ്ധി (എഐ), ബ്ലോക്ക്‌ചെയിൻ പോലുള്ള നൂതന സാങ്കേതികവിദ്യകളെ വിതരണ ശൃംഖലാ മാനെജ്‌മെന്‍റ്, വിള ഇൻഷ്വറൻസ്, മണ്ണിന്‍റെ ആരോഗ്യ നിരീക്ഷണം എന്നിവയിൽ പ്രയോജനപ്പെടുത്തുന്നത് കാര്യക്ഷമതയും വിള നാശ മാനേജ്‌മെന്‍റും ഗണ്യമായി മെച്ചപ്പെടുത്തും. 10,000 കർഷക ഉത്പാദക സംഘടനകൾ (എഫ്പിഒകൾ) സ്ഥാപിച്ച് സംഘടിത വിലപേശൽ, വിപണി പ്രവേശനം എന്നിയിലൂടെ ചെറുകിട, നാമമാത്ര കർഷകരെ ശാക്തീകരിക്കുന്നതിനായി ശക്തമായ സാമ്പത്തിക, സാങ്കേതിക പിന്തുണ ആവശ്യമാണ്.
സ്‌പോട്ട്, ഫ്യൂച്ചേഴ്‌സ് വിപണികളെ ഡിജിറ്റൽ ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കണം
കരുത്തുള്ള ഡിജിറ്റൽ ആവാസവ്യവസ്ഥയും ഡാറ്റാധിഷ്ഠിത ചട്ടക്കൂടുകളും വികസിപ്പിച്ച് സ്‌പോട്ട്, ഫ്യൂച്ചേഴ്‌സ് വിപണികളെ സംയോജിപ്പിക്കുന്നതിൽ കേന്ദ്ര ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാ മണ്ഡികളെയും ഉൾപ്പെടുത്തി ഇ-നാം പോലുള്ള തത്സമയ ഡിജിറ്റൽ വിപണികൾ വികസിപ്പിക്കുകയും അവയെ ഇലക്ട്രോണിക് വെയർഹൗസ് റെസീപ്പ്റ്റ്സുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് സംഭരിച്ച ഉത്പന്നങ്ങളിലൂടെ ധനസമ്പാദനം നടത്താനും, നഷ്ടത്തിലുള്ള വിൽപ്പന കുറയ്ക്കാനും, ആഗോള വ്യാപാര മാനദണ്ഡങ്ങൾ പാലിക്കാനും കർഷകരെ പ്രാപ്തരാക്കും
വായ്പാ ലഭ്യത, വനിതാ ശാക്തീകരണം
നഗരവത്കരണത്തോടെ പാട്ടക്കർഷകർ ഉൾപ്പെടെ ചെറുകിട, നാമമാത്ര കർഷകർക്ക് സ്ഥാപനപരമായ വായ്പയിലേക്കുള്ള പ്രവേശനം ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. ഉയർന്ന പലിശ നിരക്ക് ഈടാക്കുന്ന അനൗപചാരിക വായ്പാദാതാക്കളിലേക്ക് കർഷകർ പലപ്പോഴും തിരിയുന്നു. ചെറുകിട, പാട്ടക്കർഷകരെ കേന്ദ്രീകരിച്ച് കാർഷിക വായ്പ ലക്ഷ്യം ₹20 ലക്ഷം കോടിയിൽ നിന്ന് ₹25 ലക്ഷം കോടിയായി ഉയർത്തേണ്ടത് അത്യാവശ്യമാണ്. പ്രധാനമന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ) കാര്യക്ഷമമാക്കുന്നത് വിള ഇൻഷ്വറൻസ് പദ്ധതിയുടെ സ്വീകാര്യത വർധിപ്പിക്കും.
ഇന്ത്യയിലെ കർഷക തൊഴിലാളികളിൽ 50%ത്തിലധികം വനിതകളാണ്. കാർഷിക ഭൂവുടമകളിൽ ഏകദേശം 33% വനിതകളാണെങ്കിലും, വരുമാനത്തിലും ആസ്തികളിലും അവർക്ക് യാതൊരു നിയന്ത്രണവുമില്ല. നൈപുണ്യ വികസനം, ഭൂമിയുടെ ഉടമസ്ഥാവകാശം, സ്ഥാപനപരമായ വായ്പയിലേക്കുള്ള പ്രവേശനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ലിംഗാധിഷ്ഠിത പദ്ധതികൾ നിർണായകമാണ്.
ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുക
2023-24 വർഷം 50 ബില്യൺ ഡോളർ കയറ്റുമതി മൂല്യമുള്ള ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് ഗണ്യമായ വളർച്ചാ സാധ്യതകളുണ്ട്. കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സും മെച്ചപ്പെടുത്തുന്നതിന് 10,000 കോടി രൂപയുടെ ഫണ്ട് സ്ഥാപിക്കുന്നത് ആഗോള മത്സരശേഷി മെച്ചപ്പെടുത്തും. .
ചുരുക്കത്തിൽ, 2025-26 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവിയെ പുനർവിചിന്തനത്തിന് വിധേയമാക്കുന്നതിനുള്ള നിർണായക അവസരം നൽകുന്നു. ഗവേഷണത്തിനും വികസനത്തിനും മുൻഗണന നൽകുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാലാവസ്ഥാ പ്രതിരോധശേഷി വളർത്തുക, വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ തന്ത്രപരമായ സംരംഭങ്ങളിലൂടെ, കൃഷിയെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു വ്യവസായമായി ഉയർത്താൻ സർക്കാരിന് കഴിയും.
(ലേഖകൻ കർഷക ക്ഷേമ മന്ത്രാലയത്തിലെ കാർഷിക ചെലവ്-വില കമ്മിഷൻ അംഗമാണ്; അഭിപ്രായങ്ങൾ വ്യക്തിപരം)