ജാതി സെന്‍സസിലും കള്ളക്കളിയോ?
അഡ്വ. ജി. സുഗുണന്‍
രാജ്യത്താദ്യമായി ജാതി സെന്‍സസ് നടക്കാന്‍ പോവുകയാണ്. നാലഞ്ച് ദശാബ്ദക്കാലമായി ജാതി സെന്‍സസിനായുള്ള മുറവിളി മുഴങ്ങുകയായിരുന്നു. നേരത്തേ ജാതി സെന്‍സസിനെ ബഹുഭൂരിപക്ഷം പാര്‍ട്ടികളും എതിര്‍ത്തിരുന്നതാണ്. ഏറ്റവും ഒടുവില്‍ മറ്റു പല പാര്‍ട്ടികളോടൊപ്പം ഭരണകക്ഷിയായ ബിജെപിക്കും ജാതി സെന്‍സസ് പ്രഖ്യാപിക്കാൻ തയാറാകേണ്ടി വന്നു. എന്നാല്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഐതിഹാസികമായ ജാതി സെന്‍സസ് പ്രഖ്യാപനത്തിലും കള്ളക്കളിയുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് സെന്‍സസ് നടപ്പാക്കാനുള്ള വിജ്ഞാപനം പുറത്തു വന്നിരിക്കുന്നത്.
രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും പിന്നാക്ക-ദളിത് വിഭാഗങ്ങളാണ്. അടിമകള്‍ക്ക് സമാനമായ ഒരു സ്ഥിതിയാണ് ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നത്. ഇന്നും ഈ സ്ഥിതി അപ്പാടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ബിഹാര്‍ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റുമായിരുന്ന കര്‍പ്പൂരി ഠാക്കൂര്‍ ആണ് ആദ്യമായി പിന്നോക്ക സംവരണം ഒരു സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പൂര്‍ണമായ ഒരു സമുദായ സംവരണം അതിൽ ഇല്ലായിരുന്നെങ്കിലും പിന്നാക്ക സംവരണത്തിന് തുടക്കം കുറിക്കാന്‍ ആ നടപടിക്കു കഴിഞ്ഞിട്ടുണ്ട്. അന്നും പിന്നാക്ക സംവരണത്തിനെതിരേ വലിയ പ്രതിഷേധങ്ങള്‍ ബിഹാറില്‍ നടന്നിരുന്നു. അതിനെ നേരിട്ടുകൊണ്ടാണ് മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂര്‍ പിന്നാക്ക സംവരണം നടപ്പിലാക്കിയത്. പിന്നാക്ക സംവരണത്തിന്‍റെ വളര്‍ച്ചയുടെ അടിത്തറയായ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള പ്രക്ഷോഭത്തിലും ഏറ്റവും സുപ്രധാനമായ പങ്കാണ് ബിഹാര്‍ ജനത വഹിച്ചിട്ടുള്ളത്.
രാജ്യത്ത് മുന്നാക്ക- സവര്‍ണ വിഭാഗങ്ങള്‍ 10 ശതമാനത്തിനും താഴെ മാത്രമാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങളെ കൂടി ചേര്‍ത്താല്‍ പിന്നാക്ക- ദളിത് വിഭാഗങ്ങളുടെ ശതമാനം 90ഓളം വരും. ന്യൂനപക്ഷങ്ങളിലെ മുസ്‌ലിങ്ങള്‍ പല സംസ്ഥാനങ്ങളിലും പിന്നാക്ക വിഭാഗമാണ്. ക്രിസ്ത്യന്‍ സമുദായത്തിലും നല്ലൊരു ശതമാനം പേര്‍ പല സംസ്ഥാനങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവരെല്ലാം ചേന്നാണ് പിന്നാക്ക ജനസംഖ്യ 90 ശതമാനത്തോളം വരുന്നത്. എന്നാല്‍ രാഷ്‌ട്രീയ - ഭരണ രംഗങ്ങളില്‍ 65 ശതമാനത്തോളം സീറ്റുകള്‍ മുന്നാക്ക- സവര്‍ണ വിഭാഗങ്ങള്‍ ഇപ്പോഴും കൈയടക്കി വച്ചിരിക്കുകയാണ്. നീതികരണമില്ലാത്ത ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടേ മതിയാവൂ എന്ന് ചുരുക്കം ചില പ്രതിപക്ഷ പാര്‍ട്ടികളും, പിന്നാക്ക- ദളിത്- ന്യൂനപക്ഷ സംഘടനകളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ദുഃസ്ഥിതിക്ക് പരിഹാരം കാണാന്‍ കേന്ദ്രത്തിലെയോ, സംസ്ഥാനങ്ങളിലേയോ ഒരു ഭരണാധികാരികളും തയാറാകാത്ത സ്ഥിതിയാണ്.
പിന്നാക്ക ജനവിഭാഗങ്ങള്‍ എത്രയാണ് രാജ്യത്തുള്ളതെന്ന ഒരു കണക്കും ഇന്നില്ല. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ഭൂരിപക്ഷവും കൈയടക്കുന്നതു കൂടാതെ സവര്‍ണ വിഭാഗങ്ങള്‍ ഇപ്പോള്‍ പല നിയോജക മണ്ഡലങ്ങളിലും തങ്ങളാണ് ഭൂരിപക്ഷമെന്ന് പറഞ്ഞുകൊണ്ട് നിയമസഭാ, ലോക്‌സഭാ സീറ്റുകള്‍ തട്ടിയെടുക്കുന്ന പ്രവണത അനുസ്യൂതം തുടരുകയുമാണ്. 10 ശതമാനത്തിന് താഴെ മാത്രം ജനസംഖ്യയുള്ള മുന്നാക്ക വിഭാഗങ്ങളുടെ കള്ളക്കണക്കുകള്‍ അംഗീകരിക്കുകയാണ് പ്രമുഖ പാര്‍ട്ടികള്‍ പോലും ചെയ്യുന്നത്. ജാതി വിവരങ്ങള്‍ സംബന്ധിച്ച ഒരു സ്ഥിതിവിവര കണക്കും ലഭ്യമല്ലാത്തതാണ് കാരണം.
ഈ സാഹചര്യം അവസാനിപ്പിച്ചേ മതിയാകൂ എന്ന ബഹുജനാഭിപ്രായത്തെ മനിച്ചാണ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ്‌കുമാര്‍ ജാതി സെന്‍സസ് ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. പാര്‍ട്ടികളുടെ അഖിലേന്ത്യാ നേതൃത്വയോഗം തന്നെ അദ്ദേഹം ഇതിനായി പറ്റ്നയില്‍ വിളിച്ചുകൂട്ടുകയും, ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന പ്രമേയം അംഗീകരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും, മറ്റു പാര്‍ട്ടികളുമെല്ലാം ആ യോഗത്തില്‍ സംബന്ധിച്ചിരുന്നു.
തുടര്‍ന്ന് മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലും ദേശീയ പാര്‍ട്ടികളുടെ അഖിലേന്ത്യാ പ്രതിനിധി സമ്മേളനം ചേരുകയും ജാതി സെന്‍സസ് ആവശ്യം വീണ്ടു ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ഇന്ത്യാ മുന്നണിക്ക് രൂപം നല്‍കിയത് നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തിലായിരുന്നു എന്നതു വിസ്മരിക്കാന്‍ സാധ്യമല്ല. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളേയും, ഒടുവില്‍ ബിജെപി യെക്കൊണ്ടുപോലും ജാതി സെന്‍സസ് അംഗീകരിപ്പിക്കാന്‍ സാധിച്ചത് നിതീഷിന്‍റെ നേട്ടം തന്നെയാണ്.
ജനസംഖ്യാ കണക്കെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിലുള്ള ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരിക്കുകയാണ്. ജാതി സെന്‍സസും ഇതിനൊപ്പം നടക്കും. എന്നാല്‍ വ്യക്തികളോട് ചോദിച്ച് അവര്‍ പറയുന്ന ജാതിപ്പേരുകള്‍ അതേപടി രേഖപ്പെടുത്തുന്നതില്‍ ആശങ്ക ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികളും പിന്നാക്ക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. സെന്‍സസിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇല്ലാതാക്കുന്ന വിധമാണ് ജാതി സെന്‍സസിന്‍റെ ചോദ്യാവലി പുറത്തിറക്കിയതെന്ന് കോണ്‍ഗ്രസ് ജന. സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. വ്യക്തികള്‍ പറയുന്ന ജാതിപ്പേരുകള്‍ അതേപടി രേഖപ്പെടുത്തിയാല്‍ വിവിരങ്ങള്‍ ക്രോഡീകരിക്കാന്‍ ബുദ്ധിമുട്ടാകും. ഒരേ ജാതിപ്പേരില്‍ വിവിധ പ്രദേശങ്ങളില്‍ വിവിധ സാമൂഹിക സാമ്പത്തിക നിലവാരത്തിലുള്ളവരുണ്ട്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്താന്‍ ആവശ്യക്കാര്‍ പുറത്താക്കുകയും അനര്‍ഹര്‍ ഉള്‍പ്പെടാനും സാധ്യതകള്‍ ഏറെയുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ബിഹാര്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ മുമ്പ് ജാതി സര്‍വെയിലൂടെ വിവര ശേഖരണം നടത്തിയിരുന്നു. നിലവിലുള്ള ജാതിപ്പേരുകളെല്ലാം പട്ടികയായി നല്‍കി അതില്‍ നിന്ന് ജാതിവിഭാഗം ഏതെന്ന് തെരഞ്ഞെടുക്കുന്ന തരത്തിലായിരുന്നു ആ സംസ്ഥാനങ്ങളിലെ വിവര ശേഖരണം. കേന്ദ്രത്തിലും ഇതാണ് അനുവര്‍ത്തിക്കേണ്ടത്.
40 ചോദ്യങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചത്. വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹിക സാമ്പത്തിക വിശദാംശങ്ങള്‍ എന്നിവയാണ് ശേഖരിക്കുന്നത്. പത്താമത്തെ ചോദ്യമായാണ് ജാതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി (എസ്‌സി) ആണോ, പട്ടികവര്‍ഗമാണോ (എസ്ടി) എന്ന കാര്യവും ജാതിപ്പേരുമാണ് ചോദിച്ചിരിക്കുന്നത്. മറ്റു പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് ചോദ്യമില്ല. കേരളത്തില്‍ അടുത്ത വര്‍ഷമാണ് ജാതി സെന്‍സസ് നടത്തുന്നത്.
എസ്‌സി, എസ്ടി എന്നിവയ്ക്ക് പുറമേയാണ് പിന്നാക്ക വിഭാഗങ്ങളുടെ കണക്കെടുപ്പ്. പിന്നാക്ക വിഭാഗങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണിതെങ്കിലും കേന്ദ്ര വിജ്ഞാപനം പുറത്തു വന്നപ്പോള്‍ കടുത്ത ആശങ്കയും ഉയര്‍ന്നിരിക്കുയാണ്. വെറുതെ ജാതി രേഖപ്പെടുത്തി പോയാല്‍ പ്രത്യേകിച്ച് ഒരു ഗുണവും ഒബിസി വിഭാഗത്തിനടക്കം ഉണ്ടാകില്ല. പൂര്‍ണമായും ഡിജിറ്റല്‍ സെന്‍സസ് ആയതിനാല്‍ സംസ്ഥാനത്തെ ജാതികളുടെ പട്ടിക ഇതോടൊപ്പം അപ്‌ലോഡ് ചെയ്താല്‍ മാത്രമേ എസ്‌സി, എസ്ടി, ഒബിസി, ജനറല്‍ തുടങ്ങിയവയില്‍ ഉള്‍പ്പെട്ടതാണോ എന്ന് രേഖപ്പെടുത്താന്‍ കഴിയൂ. സംസ്ഥാനത്തെ പട്ടികയില്‍ നിന്ന് തങ്ങളുടെ ജാതി തെരഞ്ഞെടുക്കാന്‍ സൗകര്യം ഒരുക്കുകയാണ് ചെയ്യേണ്ടത്. ബിഹാര്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ അപ്രകാരമായിരുന്നല്ലോ ജാതി സെന്‍സസ്. എന്നാല്‍ കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
വെറുതെ ജാതി രേഖപ്പെടുത്തിയാല്‍ പോരാ. ഒബിസിയാണോ എന്ന് വ്യക്തമാക്കണം. 1931ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ജാതി അടിസ്ഥാനത്തിലുള്ള സര്‍വെ നടത്തിയിരുന്നു. ജനസംഖ്യയില്‍ 55%വും ഒബിസി വിഭാഗമാണെന്നാണ് അതില്‍ പറഞ്ഞിരുന്നത്. ഈ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടില്ലെങ്കിലും ഈ ഡേറ്റയെ ആശ്രയിച്ചായിരുന്നു മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്.
ജാതി സെന്‍സസ് വിജ്ഞാപനത്തില്‍ കരുതിക്കൂട്ടിയാണ് അധികാരികള്‍ കളളക്കളികള്‍ നടത്തിയിരിക്കുന്നത്. ഇവിടെ നിര്‍ണായകമായ വ്യത്യാസമുണ്ട്. ജാതികളുടെ മുന്‍കൂട്ടി തയാറാക്കിയ പട്ടിക നല്‍കി അതില്‍ നിന്നും ഒരു വിഭാഗം തെരഞ്ഞെടുക്കുന്ന രീതിയല്ല. മറിച്ച്, വ്യക്തി സ്വന്തം ജാതിയായി പറയുന്ന പേര് അതേപടി ഓപ്പണ്‍ കോളത്തില്‍ രേഖപ്പെടുത്താനാണ് നിര്‍ദേശം. കേള്‍ക്കുമ്പോള്‍ ഇത് ലളിതവും വ്യക്തികളുടെ സ്വയം തിരിച്ചറിയലിനെ മാനിക്കുന്നതുമായ രീതിയായി തോന്നാം. പക്ഷേ, കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ഒരുമിച്ച് വിശകലനം ചെയ്യേണ്ട ഘട്ടത്തില്‍ ഇതുതന്നെ വലിയ പ്രശ്മനായി മാറാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ സങ്കീര്‍ണതയാണ് കാരണം. ഒരേ ജാതിക്ക് സംസ്ഥാനങ്ങള്‍ക്കനുസരിച്ചും ജില്ലകള്‍ക്കനുസരിച്ചും പല പേരുകളുണ്ടാകാം. ജാതി, ഉപജാതി, സമുദായനാമം, പ്രാദേശിക വിളിപ്പേര്, കുടുംബപ്പേര് തുടങ്ങിയ പലപ്പോഴും പരസ്പരം കലരുന്നു. ഒരാള്‍ പറയുന്ന പേര് മറ്റൊരാള്‍ ഉപയോഗിക്കുന്ന പേരില്‍ നിന്ന് വ്യത്യസ്തമായിരിക്കാം. അതിനാല്‍ വ്യക്തികള്‍ പറയുന്ന പേരുകള്‍ മാത്രം ശേഖരിച്ചാല്‍ എത്ര ജാതികളുണ്ട് എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം ലഭിക്കണമെന്നില്ല. ആളുകള്‍ സ്വയം ഉപയോഗിക്കുന്ന ജാതിപ്പേരുകളുടെ ഒരു വലിയ പട്ടിക മാത്രമായിരിക്കും ലഭിക്കുക. ഇതു വച്ചു കൊണ്ട് മാത്രം പിന്നാക്കജാതി പട്ടികയും കണക്കും എടുക്കുക ദുഷ്‌ക്കരമാകും.
പേരിനു വേണ്ടി മാത്രമൊരു ജാതി സെന്‍സസ് എന്ന നിലയിലേക്ക് ഈ സെന്‍സസിനെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാരില്‍ ചിലര്‍ ശ്രമിക്കുന്നത്. ബോധപൂര്‍വ്വം ജാതി സെന്‍സസിനെ തകര്‍ക്കുകയാണ് ലക്ഷ്യം. ജാതി സെന്‍സസിനെ വെറുമൊരു പ്രഹസനമാക്കി മാറ്റാനാണ് നീക്കം. .
കോണ്‍ഗ്രസ് നേതൃത്വം ജാതി സെന്‍സസ് ഫലപ്രദമായി നടത്തണമെന്നാവശ്യപ്പെട്ടെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ചാഞ്ചാട്ട മനോഭാവമാണ് കാട്ടുന്നത്. ഇടതുപക്ഷം അടക്കമുള്ള മറ്റ് പാര്‍ട്ടികളും മുന്നാക്കക്കാരെ പേടിച്ച് ജാതി സെന്‍സസ് വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്.
(ലേഖകന്‍റെ ഫോണ്‍: 9847132428)