ഉന്നത പഠനം: കുട്ടിയുടെ അഭിരുചിക്കാകണം മുൻഗണന

 
Special Story

ഉന്നത പഠനം: കുട്ടിയുടെ അഭിരുചിക്കാകണം മുൻഗണന

പഠന മാർഗങ്ങളും അവസരങ്ങളും പെരുകിയതോടെ കുട്ടികളെ ഏതു കോഴ്സിൽ ചേർക്കണമെന്ന് തീരുമാനിക്കാൻ രക്ഷിതാക്കൾ പ്രയാസപ്പെടുന്നു

അഡ്വ. ചാർളി പോൾ

അഭിരുചി നോക്കാതെ പ്രൊഫഷണൽ കോഴ്സിന് ചേർത്തിട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു പോകുന്ന കുട്ടികളുടെ എണ്ണം കേരളത്തിൽ വളരെ വർധിക്കുകയാണ്. രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് പലരും പ്രൊഫഷണൽ കോഴ്സിന് ചേരുന്നത്. കുട്ടിയുടെ ജന്മവാസനയെ കുറിച്ച് അച്ഛനമ്മമാർക്ക് ഏകദേശം രൂപമുണ്ടായിരിക്കാം. പക്ഷേ, കുട്ടിക്ക് ഏറ്റവും യോജിച്ച പഠന മാർഗം ഏതെന്ന് കണ്ടെത്താൻ ആ അറിവ് മാത്രം പോരാ. അഭിരുചി കൃത്യതയോടെ നിർണയിച്ച് കോഴ്സുകൾ തെരഞ്ഞെടുത്താൽ മാത്രമേ ജീവിതത്തിൽ വിജയിക്കാൻ കഴിയൂ.

പഠന മാർഗങ്ങളും അവസരങ്ങളും പെരുകിയതോടെ കുട്ടികളെ ഏതു കോഴ്സിൽ ചേർക്കണമെന്ന് തീരുമാനിക്കാൻ രക്ഷിതാക്കൾ പ്രയാസപ്പെടുന്നു. ജീവിതവിജയം കൈവരിച്ചവരെ കണ്ട് അവരുടെ പാത തങ്ങളുടെ കുട്ടിയും പിന്തുടരട്ടെ എന്ന് വിചാരിക്കുന്നവരുണ്ട്. ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്ക് പഠിക്കാൻ കഴിയാത്ത കോഴ്സിൽ മകനോ മകളോ പഠിക്കട്ടെ എന്ന മട്ടിൽ ചിന്തിക്കുന്നവരുമുണ്ട്. ചിലർ പൊങ്ങച്ചത്തിനു വേണ്ടി കുട്ടികളുടെ അഭിരുചിയും താല്പര്യങ്ങളും ബലി കഴിക്കാറുമുണ്ട്. രക്ഷിതാക്കൾ മക്കളുടെ മേൽ താൽപര്യമില്ലാത്ത കോഴ്സുകൾ അടിച്ചേൽപ്പിക്കുമ്പോൾ ആത്മസംഘർഷങ്ങളിൽ അകപ്പെടുകയാണ് കുട്ടികൾ. അത് ദിശ മാറിപ്പോകാൻ ഇടവരുത്തിയേക്കാം. മക്കൾ അവർക്ക് താല്പര്യവും അഭിരുചിയും ഉള്ള വിഷയങ്ങളാണ് പഠിക്കേണ്ടത്.

രക്ഷിതാക്കൾ ശാഠ്യം പിടിച്ച് അവരുടെ ആഗ്രഹം കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ കാര്യങ്ങൾ തകിടം മറിയും. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കുട്ടികൾ താല്പര്യത്തോടെ കടന്നുവരണം. അവരെ പരീക്ഷണ മൃഗങ്ങൾ ആക്കാൻ തുനിയരുത്. താല്പര്യമില്ലാത്ത കോഴ്സുകളിൽ ചേർന്ന് അവസാനം തൊഴിൽ കണ്ടെത്താനാകാതെയും മനസിനിണങ്ങാത്ത തൊഴിൽ ചെയ്യേണ്ടിവരികയും ചെയ്യുന്ന ഗതികേടിൽ കുട്ടികൾ എത്തിച്ചേരരുത്. അവർ തെരഞ്ഞെടുക്കുന്ന മേഖലകളിൽ വിജയം വരിക്കാനും സ്വന്തം കരിയറിൽ സംതൃപ്തി നേടാനും കഴിയണം. എങ്കിലേ ജീവിതം സന്തോഷകരം സംതൃപ്തവും സമാധാനപരവുമാകൂ.

കണക്കിൽ താല്പര്യമില്ലാത്തവരെ എൻജിനീയറിങ് ബിരുദത്തിനു നിർബന്ധിച്ചു ചേർത്താൽ അവർ സമ്മർദത്തിലാകും. ഇത്തരത്തിൽപ്പെട്ട കുട്ടികൾ ഇടയ്ക്ക് പഠനം ഉപേക്ഷിച്ചു പോകുന്ന സംഭവങ്ങൾ ധാരാളമുണ്ട്.

ആഗ്രഹത്തേക്കാൾ അഭിരുചിയാണ് പ്രധാനം. കുട്ടികൾ ആഗ്രഹമുണ്ടെന്ന് പറഞ്ഞാലും അഭിരുചി ഉണ്ടോ എന്നറിയണം. ഒരു പ്രത്യേക വിഷയത്തിലുള്ള ഒരാളുടെ നൈസർഗികമായ താല്പര്യത്തെയും അതിൽ കൂടുതൽ കഴിവാർജിക്കാനുള്ള അയാളുടെ സ്വാഭാവികമായ അഭിവാഞ്ചയെയും അഭിരുചി (Aptitude) എന്ന് വിളിക്കാം. അഭിരുചി ഇല്ലാത്ത മേഖല തെരഞ്ഞെടുത്താൽ ഇടയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടി വരാം. മാനസിക പ്രശ്നങ്ങൾ, കുറ്റബോധം, വിവിധ തരം അഡിക്ഷൻ, ദേഷ്യം, നിരാശ, സംഘർഷങ്ങൾ, അക്രമവാസന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. ചിലർക്ക് വിട്ടുമാറാത്ത ചുമ, പനി, ചെവി വേദന, കണ്ണിൽ നിന്ന് വെള്ളം വരിക, ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വേദന എന്നിങ്ങനെ മാനസിക സമ്മർദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.

ബുദ്ധിശക്തിയുടെ പ്രത്യേകതകൾ ഓരോരുത്തരിലും ഓരോ വിധത്തിലാണ്. പലതരം ബുദ്ധിശക്തിയുടെ മിശ്രണമാണ് ഓരോരുത്തരിലും ഉള്ളത്. അതിൽ ചിലതിന് മുൻതൂക്കം കൂടും. അതനുസരിച്ചാണ് കഴിവും താൽപര്യവും അഭിരുചിയും രൂപപ്പെടുന്നത്. ചിലർക്ക് കണക്ക്, മറ്റു ചിലർക്ക് ഭാഷാ വിഷയങ്ങൾ, ചിലർക്ക് സാഹിത്യമാകും, മറ്റു ചിലർക്ക് കല/ സ്പോർട്സ് എന്നിങ്ങനെ മൾട്ടിപ്പിൾ ഇന്‍റലിജൻസിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അഭിരുചികൾ വ്യത്യസ്തമാകും. ആ അഭിരുചി കണ്ടെത്തി വളരാൻ അനുവദിച്ചാൽ കുട്ടികൾ അദ്ഭുതങ്ങൾ സൃഷ്ടിക്കും.

അഭിരുചിക്കനുസരിച്ച് പഠിക്കാനാകുന്നതു കൊണ്ടാണ് ജർമനി, ഫിൻലാൻഡ്, നെതർലാൻഡ് പോലെയുള്ള രാജ്യങ്ങൾ മനുഷ്യ വിഭവശേഷിയുടെ ഉപയോഗത്തിലും സമഗ്ര വികസനത്തിലും മുന്നിൽ നിൽക്കുന്നത്. ഇക്കാര്യത്തിൽ ശാസ്ത്രീയ സമീപനം ആവശ്യമാണ്. വിദ്യാർഥിയുടെ താൽപര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷി, ജോലി സാധ്യത, ഉപരിപഠന സാധ്യത, കോഴ്സിന്‍റെ ദൈർഘ്യം, സാമ്പത്തിക നില എന്നിവയ്ക്ക് അനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുത്താലേ ജീവിതത്തിൽ വിജയിക്കാനാവൂ.

സാമാന്യ ബുദ്ധിയിൽ നിന്ന് വ്യത്യസ്തമായി മറ്റേതെങ്കിലും പ്രത്യേക രംഗത്ത് സാമർഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായിക്കുന്ന സവിശേഷമായ കഴിവാണ് അഭിരുചി. അത് കണ്ടെത്തി കൃത്യമായ ദിശയിലൂടെ നീങ്ങിയാൽ കുട്ടിക്ക് ലക്ഷ്യത്തിലെത്താം. പരിചിതത്വവും സൂക്ഷ്മ നിരീക്ഷണവും അഭിരുചി കണ്ടെത്താൻ സഹായിക്കും. വിദഗ്ധാഭിപ്രായം തേടുന്നതും നല്ലതാണ്. പരമ്പരാഗത കോഴ്സുകളേക്കാൾ കൂടുതൽ തൊഴിൽ സാധ്യതകളുള്ള പുത്തൻ കോഴ്സുകളാണ് പഠിക്കേണ്ടത്. ഡിഗ്രി കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ വിദേശ പഠനത്തിനുള്ള സാധ്യതകളും മനസിലാക്കണം. വിദേശ പഠനത്തിനുള്ള നടപടിക്രമം, ചെലവ് തുടങ്ങിയവ പരിഹരിക്കാൻ എജ്യുക്കേഷണൽ പ്രൊവൈഡർമാരുടെ സഹായം തേടാം.

തൊഴിലിലേക്കുള്ള വഴിയാണ് ഉപരിപഠനത്തിലൂടെ തുറക്കേണ്ടത്. ജീവിതത്തിന്‍റെ വൈവിധ്യത്തിന് അനുസരിച്ചുള്ള കോഴ്സുകളും തൊഴിലുകളും അനവധി. യോജിച്ചത് ഏതെന്ന് കണ്ടെത്തണം. പഠിക്കാനുള്ള മികവ് തെളിയിച്ച സ്ഥാപനത്തിൽ പ്രവേശനം നേടണം. അഭിരുചിക്ക് അനുസൃതമായി തുടർ വിദ്യാഭ്യാസം നേടുകയും പഠിച്ചതിന് യോജിച്ച തൊഴിൽ കിട്ടുകയും ചെയ്യുമ്പോൾ മക്കൾ ജീവിത വിജയം നേടും. ഏതു കോഴ്സും പഠിക്കേണ്ട വിധം പഠിച്ചാൽ സാധ്യതകളുണ്ട്. അഭിരുചി, തൊഴിൽ സാധ്യത എന്നീ ഘടകങ്ങൾ കൃത്യമായി പരിഗണിച്ച് ഉപരിപഠനം നടത്തിയാൽ മികച്ച കരിയർ ഉറപ്പാണ്.

അഭിരുചി നിർണയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായകമായ ഓൺലൈൻ ടെസ്റ്റ് ,കേരള സർക്കാരിന് കീഴിലുള്ള " അസാപ് ' (അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം- ASAP) ഒരുക്കിയിട്ടുണ്ട്. വെബ്സൈറ്റ്: https://asapkerala.gov.in, E-mail: infoace@asapkerala.gov.in, assessment@asapkerala.gov.in.

അസാപിന്‍റെ വിലയിരുത്തലിൽ വിദ്യാർഥിയെ സംബന്ധിച്ച പലതും പഠനവിധേയമാക്കും. ന്യൂ മെറിക്കൽ / വെർബൽ/ സ്പേഷ്യൽ എബിലിറ്റി / മെക്കാനിക്കൽ / ലോജിക്കൽ ആപ്റ്റിറ്റ്യൂഡ്, പഠന ശീലങ്ങൾ, ഭാവനയും നിരീക്ഷണത്തിലെ കൃത്യതയും, താല്പര്യമുള്ള പ്രവർത്തന മേഖലകളും വിഷയങ്ങളും, വ്യക്തിപരമായ സ്വഭാവ വിശേഷങ്ങളും മൂല്യങ്ങളും, പാഠ്യേതര പ്രവർത്തനങ്ങളിലെ പ്രാവീണ്യം മുതലായവ വിലയിരുത്തും. അഭിരുചി പരീക്ഷകൾക്ക് തയാറെടുപ്പ് ആവശ്യമില്ല. ടെസ്റ്റ് 45 -50 മിനിറ്റ് നീണ്ടുനിൽക്കും.

കേരള ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെന്‍റിന്‍റെ കെ -ഡാറ്റ് (കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് , എൽ - ക്യാറ്റ് (ലീഡ് കരിയർ അസസ്മെന്‍റ് ടെസ്റ്റ്) തുടങ്ങിയവ വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്ന ടെസ്റ്റുകളാണ്. തൊഴിൽ സാധ്യത, സീറ്റ് ലഭ്യത എന്നിവയും പരിഗണിക്കണം. അഭിരുചി കണ്ടെത്താനുള്ള മനഃശാസ്ത്ര ടെസ്റ്റുകൾ വെബ്സൈറ്റുകളിലും ലഭ്യം.

വാൽക്കഷണം:

താറാവിനോട് മരം കയറാനും അണ്ണാനോട് നീന്താനും പറയരുത്. താറാവ് നീന്തട്ടെ. അണ്ണാൻ മരം കയറട്ടെ. അഭിരുചിയാണ് പ്രധാനം.

(ട്രെയ്നറും മെന്‍ററും ലൈഫ് കോച്ചുമായ ലേഖകൻ കേന്ദ്ര സർക്കാരിന്‍റെ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്‍റ് വിഭാഗം മാസ്റ്റർ ട്രെയ്നറും കേരള സർക്കാരിന്‍റെ മൈനോറിറ്റി, സാമൂഹ്യനീതി എന്നീ ഡിപ്പാർട്ട്മെന്‍റുകളുടെ ഫാക്കൽറ്റിയുമാണ്- 8075789768)

അഗ്നി-5 ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

'മേരി സഹേലി' പദ്ധതിക്ക് കീഴിൽ പുതിയ ഉദ്യമവുമായി ആർപിഎഫ്; ഇനി വനിതകൾക്ക് കൂടുതൽ സുരക്ഷിതമായി യാത്രചെയ്യാം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ വനിതാ കമ്മിഷനിൽ പരാതി നൽകി

കോട്ടയം നഗരത്തിൽ അക്രമം നടത്തിയ തെരുവ് നായ ചത്തു; നാട്ടുകാർ പേവിഷബാധ ഭീതിയിൽ

പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്തു വയസുകാരന് പരുക്ക്