ശ്യാം ബെനഗൽ
file photo
രാജേഷ് പുത്തൻപുരയിൽ
ഇന്ത്യൻ സിനിമയ്ക്കു സമാന്തര ഭാഷയും ധാരയും നൽകിയവരിൽ പ്രമുഖനായിരുന്നു ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ. ആ അതുല്യ ചലച്ചിത്രകാരൻ ഓർമയുടെ ഫ്രെയിമിലേക്കു പോയിട്ട് ഡിസംബർ 23ന ഒരു വർഷം തികഞ്ഞു. ഇന്ത്യൻ സമാന്തര സിനിമയുടെ ദേശീയ ചരിത്രത്തെയും പല രീതികളിൽ ബെനഗലിന്‍റെ ചലച്ചിത്ര ജീവിതം രേഖപ്പെടുത്തുന്നു.
ബെനഗൽ ചിത്രങ്ങൾ വിവിധ കാരണങ്ങൾ കൊണ്ടാണ് അനന്യമാകുന്നത്. അതിൽ പ്രധാനം അദ്ദേഹത്തിന്‍റെ സപര്യയുടെ സമ്പന്നതയും വൈവിധ്യവുമാണ്. താരതമ്യേന വൈകിയാണ് മുഴുനീള കഥാചിത്ര സംവിധാനത്തിലേക്ക് അദ്ദേഹം കടന്നത്. 1934 ഡിസംബർ 14നു ജനിച്ച ബെനഗൽ തന്‍റെ ആദ്യ ചിത്രമായ അങ്കൂർ ചിത്രീകരിക്കുന്നത് 1973ലാണ്. അതിനു മുമ്പുതന്നെ ഒട്ടനവധി പരസ്യ ചിത്രങ്ങളും രേഖാചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും നിർമിച്ചിരുന്നു.
ആ മാധ്യമ പരിചയം ബെനഗൽ ചിത്രങ്ങൾ എപ്പോഴും പുലർത്താറുള്ള സാങ്കേതിക മികവിൽ പ്രകടമായിത്തന്നെ കാണാം. അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിലും ഛായാഗ്രഹണം, സന്നിവേശനം, ശബ്ദലേഖനം, സംഗീതം തുടങ്ങിയ മേഖലകളിലുമെല്ലാം കൈയടക്കം ശ്രദ്ധേയമാണ്. മറ്റൊരു സവിശേഷത കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ വൈവിധ്യമാണ്.
ആദ്യകാല റിയലിസ്റ്റിക് ശൈലിയിലുള്ള ചിത്രങ്ങളിൽ തുടങ്ങി സാഹിത്യ കൃതികൾ, ചരിത്ര പുരുഷന്മാർ, കുട്ടികൾക്കുള്ള കഥകൾ വരെയും ജനപ്രിയ ശൈലികൾ പിൻപറ്റുന്ന സമകാലിക ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. പല സ്ഥലങ്ങളെയും കാലഘട്ടങ്ങളെയും ഈ ആഖ്യാനങ്ങൾ പശ്ചാത്തലമാക്കി. ഗ്രാമീണ ഇന്ത്യയും ചരിത്രവുമാണ് ബെനഗലിന്‍റെ ഇഷ്ട സ്ഥലകാല പരിസരം.
കൊളോണിയലിസം, ഫ്യൂഡലിസം, ജാതീയത, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യ ലബ്ധി, തീവ്രവാദ പ്രസ്ഥാനങ്ങൾ, ദേശീയ വികസന പദ്ധതികൾ, വർഗീയതയുടെ ഉദയം, ആഗോളവത്കരണം തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യൻ ചരിത്രത്തിലെ മാറ്റങ്ങളും ഗതിവിഗതികളും പ്രതിപാദ വിഷയമാ ക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ശ്യാം ബെനഗലിന്‍റെ സിനിമാ ജീവിതത്തെ ഏറെ സ്വാധീനിച്ചത് സത്യജിത് റായ് ആയിരുന്നു.
പഥേർ പാഞ്ചാലിയിൽ തുടങ്ങുന്ന റായ് സിനിമകളുടെ ലാളിത്യവും ഗ്രാമ്യ യാഥാർഥ്യങ്ങളുടെ സത്യസന്ധമായ ആവിഷ്കാരവും ബെനഗലിനെ കൂടുതൽ ആകർഷിച്ചു. തന്‍റെ ചലച്ചിത്രാവബോധം കരുപ്പിടിപ്പിക്കുന്നതിൽ റായ് സിനിമകളുടെ പങ്ക് അദ്ദേഹം ആവർത്തിച്ചു പറഞ്ഞിരുന്നു.ഇന്ത്യൻ നവതരംഗ പ്രസ്ഥാനത്തെ പൂർണമായും ശ്യാം ബെനഗൽ പ്രതിനിധാനം ചെയ്യുന്നില്ല. നവ തരംഗത്തിന്‍റെ ആവിഷ്കാര സംഗീതങ്ങൾ സ്വാംശീകരിച്ച് ഹിന്ദി റിയലിസ്റ്റിക് സിനിമകളുടെ പാത സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
അങ്ങനെ നവതരംഗത്തിന്‍റെ റിയലിസ്റ്റിക് മുഖമായി. ആഖ്യാനത്തിൽ പുതുമ തേടുമ്പോഴും ഇന്ത്യൻ യാഥാർഥ്യങ്ങളുടെ സത്യസന്ധമായ മുഖം അദ്ദേഹം മറയ്ക്കുന്നില്ല. തന്‍റെ അരനൂറ്റാണ്ടിലേറെ നീളുന്ന ചലച്ചിത്രകാലത്തിൽ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും അദ്ദേഹം ഈ നിഷ്കർഷത പുലർത്തിയിരുന്നു.
ഗ്രാമീണ ചിത്ര ത്രയങ്ങൾ
ശ്യാം ബെനഗലിന് ഇന്ത്യൻ സമാന്തര സിനിമകളിൽ ശക്തമായ സ്ഥാനം നേടിക്കൊടുത്ത ആദ്യകാല സിനിമകളാണ് അങ്കൂർ, നിശാന്ത്, മന്ഥൻ എന്നിവ. അദ്ദേഹത്തിന്‍റെ പ്രശസ്തമായ ചിത്ര ത്രയങ്ങളായാണ് ഈ സിനിമകളെ നിരൂപകർ വിശേഷിപ്പിക്കുന്നത്. തെലങ്കാന കർഷക സമരത്തിന്‍റെ ഫലമായുണ്ടായ തൊഴിലാളി മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് അങ്കൂറിന്‍റെ കഥാതന്തു വികസിക്കുന്നത്.
ഫ്യൂഡൽ വ്യവസ്ഥിതി കൊടികുത്തി വാണ ആന്ധ്ര പ്രദേശിലെ ഒരു ഗ്രാമത്തിൽ ദളിത് വിഭാഗത്തിലുള്ള തൊഴിലാളികൾ അനുഭവിക്കേണ്ടിവരുന്ന കൊടും പീഡനങ്ങളാണ് അങ്കൂറിൽ പ്രതിപാദിക്കുന്നത്. നിശാന്തിൽ എത്തുമ്പോൾ ഫ്യൂഡൽ അടിച്ചമർത്തലും സാധാരണ ജനതയുടെ പ്രതിരോധവും കുറേക്കൂടി തീവ്രമായി ആവിഷ്കരിക്കപ്പെടുന്നു. മന്ഥനിൽ അടിച്ചമർത്തലിന്‍റെയും ചൂഷണത്തിന്‍റെയും വിമോചനത്തിന്‍റെയും പ്രമേയം ആവർത്തിക്കുകയാണ്. ദേശീയോദ്ഗ്രഥന മാതൃകയിലേക്ക് നയിക്കുന്നു എന്ന സവിശേഷതയുമുണ്ട്.
70കളിലെയും 80കളിലെയും സമാന്തര സിനിമാ പ്രസ്ഥാനത്തിൽ ശ്യാം ബെനഗലിന്‍റെ ചലച്ചിത്രങ്ങൾ പ്രധാന പങ്കു വഹിച്ചു. ജാതിവ്യവസ്ഥ, ഗ്രാമീണ ഫ്യൂഡലിസം എന്നിവയെ രൂക്ഷമായി വിമർശിച്ച അങ്കൂർ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടി. മൂന്നാമത്തെ ചിത്രമായ നിശാന്തിനെ കാൻ ചലച്ചിത്രമേളയിൽ പാം ഡിഓർ-ന് നോമിനേറ്റഡ് ചെയ്യപ്പെട്ടു. ഗ്രാമീണ ചിത്രങ്ങൾക്കു പുറമേ ഭൂമിക, ജുനൂൺ എന്നിവ ശക്തമായ സിനിമാറ്റിക് ആഖ്യാനങ്ങളായി.
80കളിൽ ഇറങ്ങിയ കലിയുഗ്, ആരോഹൻ, മണ്ഡി, ത്രികാല, സുസ്മാൻ എന്നീ ചിത്രങ്ങൾ നിരൂപക പ്രശംസ നേടി. 18 ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ അവാർഡിനും അർഹനായി. 1976ൽ പദ്മശ്രീയും 1991ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 23 ഫീച്ചർ ചിത്രങ്ങളും 40ഓളം ഡോക്യുമെന്‍ററികളും നിരവധി ഹ്രസ്വചിത്രങ്ങളും നിറഞ്ഞുനിന്ന ചലച്ചിത്ര വർഷങ്ങൾ. സമാന്തര സിനിമയിലെ ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അത്രയും കർമനിരതനായ ഒരു ചലച്ചിത്രകാരന്‍റെ ജീവിതത്തിനാണ് കഴിഞ്ഞവർഷം തിരശീല വീണത്.
സ്ത്രീകൾക്ക് എന്നും ശ്യാം ബെനഗൽ സിനിമകളിൽ പ്രധാന സ്ഥാനം ഉണ്ടായിരുന്നു. ചെറുത്തുനിൽപ്പിന്‍റെ ശക്തിയായി സ്ത്രീയെ അവതരിപ്പിച്ചു. അങ്കൂറിലും മന്ഥനയിലും ഇത്തരം സ്ത്രീ കഥാപാത്രങ്ങളെ അദ്ദേഹം ആവിഷ്കരിച്ചിരുന്നു. പുരുഷ മേധാവിത്വം കൊടികുത്തി വാഴുന്ന ഒരു സാമൂഹ്യക്രമത്തിൽ സ്ത്രീ ചൂഷണവസ്തുവായിത്തീരുന്ന സാഹചര്യം നിലനിൽക്കുന്നു. സ്ത്രീ കഥാപാത്രങ്ങളിലൂടെ മധ്യവർഗ സദാചാര മൂല്യങ്ങളെ ചോദ്യം ചെയ്യാനും പരമ്പരാഗത കുടുംബ സങ്കൽപ്പങ്ങളിൽ നിന്നും വിമോചിതരാകാൻ വെമ്പൽ കൊള്ളുന്ന സ്ത്രീകളെ അവതരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.
ബെനഗലിനെ മറ്റ് സമാന്തര സിനിമ സംവിധായകരിൽ നിന്നും വേറിട്ട് നിർത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനം അദ്ദേഹത്തിന്‍റെ സിനിമകൾ പുലർത്തുന്ന വൈവിധ്യവും സത്യസന്ധതയും തന്നെ. സാമൂഹ്യ പ്രശ്നങ്ങളെ വെല്ലുവിളികളോടെ നേരിടുകയും പാർശ്വവത്കരിക്കപ്പെട്ടവരോടൊപ്പം എന്നും നിലയുറപ്പിക്കുകയും ചെയ്തു. ഹിന്ദി ഭാഷ സിനിമയ്ക്കു സാമൂഹ്യ പ്രതിബദ്ധതയുടെയും രാഷ്‌ട്രീയ സ്പന്ദനങ്ങളുടെയും യഥാർഥ മുഖം നൽകാനാണ് അദ്ദേഹം ശ്രമിച്ചത്. താരത്തിളക്കത്തിലും ആഡംബരങ്ങളിലും നിറഞ്ഞാടിയിരുന്ന ഹിന്ദി സിനിമയ്ക്ക് യാഥാർഥ്യങ്ങളുടെ മുഖം സമ്മാനിച്ചതായിരിക്കും അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സംഭാവന.
സമാന്തര സിനിമയിലെ അസഹ്യമായ മൗനത്തിന്‍റെ ഇടവേളകളും ആഖ്യാനത്തിലെ ദുരൂഹതയുമൊന്നും ബെനഗൽ സിനിമകളിൽ കാണാനാവില്ല. സമാന്തര സിനിമാ പ്രസ്ഥാനത്തിന്‍റെ കുത്തൊഴുക്കുകൾ നിലച്ചതോടെ പല സംവിധായകരും പിന്നാക്കം പോയപ്പോൾ ശ്യാം ബെനഗൽ വെള്ളിത്തിരയിൽ ശക്തമായ വിസ്മയം തീർത്തുകൊണ്ടിരിന്നു. ഇന്ത്യൻ മാസ്റ്റർ സംവിധായകരായ സത്യജിത് റായ്, ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നിവരടങ്ങുന്നവുടെ സിനിമകൾക്കുള്ളിൽ നിന്നും വ്യത്യസ്തമായ വിഭാഗം പ്രേക്ഷകരെ അദ്ദേഹം കണ്ടെത്തി.
ഇന്ത്യൻ സമാന്തര സിനിമയുടെ പ്രയോക്താവും പ്രചാരകനുമായാണ് ശ്യാം ബെനഗൽ അറിയപ്പെടുന്നത്. സമാന്തര സിനിമയ്ക്ക്, പ്രത്യേകിച്ച് ഹിന്ദി റിയലിസ്റ്റിക് സിനിമയ്ക്ക് പുതിയൊരു ആഖ്യാന രീതിയും സൗന്ദര്യശാസ്ത്രവും രചിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തെ ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭൂമികയിൽ നിന്നുകൊണ്ട് വിസ്ലേഷണം നടത്തുന്ന പ്രായോഗികതയും, പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ സ്വാതന്ത്ര്യദാഹവും, ഗ്രാമങ്ങളിലെ ചൂഷണത്തിന് വിധേയരായ ദളിതരുടെ യാതനാപൂർണമായ ജീവിതവും, ഗ്രാമവികസനങ്ങളിലൂടെ ദേശീയോദ്ഗ്രഥനമെന്ന സങ്കൽപ്പവും, ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകളിലെ സമകാലിക പ്രസക്തിയുമൊക്കെ അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ അന്തർധാരകളായിരുന്നു. സമാന്തര സിനിമയുടെ പുഷ്കലമായ ഒരു കാലഘട്ടത്തിനാണ് ശ്യാം ബെനഗൽ അരങ്ങൊഴിഞ്ഞതോടെ തിരശീല വീണത്.