.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അയോധ്യാകാണ്ഡ ആരംഭത്തിൽ പരമേശ്വരൻ പാർവതീ ദേവിയോടായി പറയുന്ന നാരദ- രാഘവ സംവാദ കഥാകഥനത്തിൽ അതീതത്തിന്റെ അനുജ്ഞയ്ക്കു വിരുദ്ധമായി യാതൊന്നും സംഭവിക്കുകയില്ല എന്ന വെളിപ്പെടുത്തലാണുള്ളത്.
ശ്രീരാമചന്ദ്രൻ സീതാസമേതനായി രത്ന സിംഹാനത്തിൽ പരിലസിക്കുന്ന നേരം ദേവർഷിയായ നാരദർ അവിടേക്ക് ആഗതനാകുന്നു. സീതാരാമന്മാർ അതിഥിസത്കാര പൂജാവിധികൾ യഥായോഗ്യം നിർവഹിക്കുന്നു. ശ്രീരാമൻ നാരദരോടായി,
"മാനവന്മാരായ ഞങ്ങൾക്കു ചിന്തിച്ചാൽ
ജ്ഞാനിയാകും തവ പാദപങ്കേരുഹം
കണ്ടുകൊൾവാനതിദുർലഭം നിർണയം
പണ്ടു ഞാൻ ചെയ്തൊരു പുണ്യഫലോദയം -
കൊണ്ടു കാണ്മാവകാശവും വന്നിതു
പുണ്ഡരീകോത്ഭവപുത്ര മഹാമുനേ!
എന്നുടെ വംശവും ജന്മവും രാജ്യവു -
മിന്നു വിശുദ്ധമായ് വന്നു തപോനിധേ!
എന്നാലിനിയെന്തു കാര്യമെന്നും പുന -
രെന്നോടരുൾചെയ്കവേണം ദയാനിധേ!'
എന്നർഭ്യഥിക്കുന്നു.
"ഏതോ ജന്മജന്മാന്തര പുണ്യം ഒന്നുകൊണ്ടു മാത്രമാണ് അങ്ങയുടെ സാമീപ്യം അനുഭവിക്കാൻ ഇടവന്നതെന്നും, എന്തുദ്ദേശത്താലാണ് അങ്ങിവിടെ എഴുന്നള്ളിയതെന്നും ഉണർത്തിച്ചാലും' എന്നാണ് ശ്രീരാമൻ പറയുന്നത്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെന്നാൽ വിനയത്തോടെ ഭാഷണം ചെയ്യുമ്പോഴാണ് ഒരാളുടെ വ്യക്തിശുദ്ധി തെളിഞ്ഞു മിന്നുക. ഇപ്രകാരമായാൽ മാത്രമേ അപരൻ മനസു തുറന്ന് കാര്യം പറയുകയുള്ളു.
ഈ ഭാഗത്ത് കാന്തി എന്ന കാവ്യഗുണമാണ് അലംകൃതമായിരിക്കുന്നത്.
"കാന്തം സർവജഗത് കാന്തം
ലൗകികാർഥാന തി ക്രമാത് '.
അതായത്, ലോകപ്രസിദ്ധമായ അർഥത്തെ അതിക്രമിക്കാതെ സർവജനങ്ങൾക്കും പ്രിയതരമായ വർണനയിൽ കാന്തിഗുണമുണ്ടെന്നു സാരം. വർണനയിൽ മാത്രമല്ല, വാർത്തയിലും അഭിധാനത്തിലുമെല്ലാം കാന്തിഗുണത്തിന് പ്രസക്തിയേറും. നവപ്രതിഭയുടെ പ്രകർഷമാണ് ഔജ്വല്യം. ഇതില്ലെങ്കിൽ പഴഞ്ചനാണെന്നു തോന്നും. ഈ ഔജ്വല്യം തന്നെയാണ് കാന്തി എന്ന ഗുണം. ഏതു കാര്യവും ഭംഗിയായി പറഞ്ഞാൽ കാന്തിഗുണം ഉണ്ടാകുമെന്നു മനസിലാക്കണം.
ഇവിടെ, അങ്ങ് ഇവിടെ വന്നതിൽ എനിക്ക് സന്തോഷമുണ്ട് എന്ന വെറും സാധാരണമായ ആശയത്തെയാണ് കവി ആവിഷ്കാരത്താൽ ഉജ്വലമാക്കിയത്. രസഭാവങ്ങളെ ആവിഷ്കരിക്കുമ്പോഴും കാന്തി എന്ന കാവ്യഗുണം കടന്നുവരാറുണ്ട്.
അങ്ങയുടെ അവതാരോദ്ദേശ്യം ഓർമിപ്പിക്കാനാണ് താൻ വന്നതെന്ന് നാരദർ രാമകുമാരനെ അറിയിക്കുന്നു. "അങ്ങ് മനുഷ്യാവതാരത്തിലാണ്. മനുഷ്യസഹജമായ മറവി ഉണ്ടാകാം. അങ്ങയെ രാജാവാക്കി അഭിഷേകം നടന്നാൽ രാവണ നിഗ്രഹത്തിന് കാലതാമസം വരും. ദേവകളുടെ അഭ്യർഥന പ്രകാരമാണ് ഞാനിവിടെ വന്നത് '.
ഇതിന് രാമന്റെ മറുപടി, "ഞാൻ സത്യത്തെ ലംഘിക്കുകയില്ല' എന്നാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. താൻ സീതയോടൊപ്പം പതിനാല് സംവത്സരം വനത്തിൽ താമസിക്കുമെന്നും, നിശാചരവംശത്തോടൊപ്പം രാവണനെയും വധിക്കുമെന്നുള്ള ശ്രീരാമവചനം കേട്ട് സന്തുഷ്ടനായ ദേവർഷി അയോധ്യയിൽ നിന്നും ദേവലോകത്തേക്ക് മടങ്ങി.
ശ്രീരാമാഭിഷേകത്തിന്റെ കാര്യം കുലഗുരുവായ വസിഷ്ഠ മഹർഷിയുമായി ദശരഥ മഹാരാജാവ് ചർച്ചചെയ്യുകയും, തുടർന്ന് പൂയം നക്ഷത്രം രാമാഭിഷേകത്തിന് അത്യുത്തമമെന്നുമുള്ള ഗുരുവചനത്തിൽ സംപ്രീതനാവുകയും ചെയ്തു. മന്ത്രിമുഖ്യനായ സുമന്ത്രരും വസിഷ്ഠ മഹർഷിയും അതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കന്യകമാർ അണിഞ്ഞൊരുങ്ങണം, ആന, തേര് എന്നിവ അലങ്കരിച്ചു കൊണ്ടുവരണം, ക്ഷേത്രങ്ങൾ തോറും ബലിപൂജ, ദീപങ്ങൾ വേണം, നഗരവീഥികൾ അത്യാകർഷകമായി അലങ്കരിക്കണം എന്നിങ്ങനെയുള്ള ഏർപ്പാടുകൾ ചെയ്ത് രാജ്യമെമ്പാടും അഭിഷേക വിളംബരം ചെയ്തു.
ഈ സമയം ദേവകൾ എല്ലാവരും കൂടി ആലോചിച്ച് സരസ്വതീ ദേവിയോട് കൈകേയിയുടെ മന്ഥരയുടെ നാവിലൂടെ രാമാഭിഷേക വിഘ്നം വരുത്തണമെന്ന് അപേക്ഷിക്കുന്നു. മന്ഥരയെക്കൊണ്ട് കൈകേയിയോടും, കൈകേയിയെക്കൊണ്ട് ദശരഥനോടും പറയിപ്പിച്ച് അഭിഷേകം മുടക്കണമെന്ന അഭ്യർഥന സ്വീകരിച്ച് വാണീദേവി മന്ഥരയുടെ നാവിൽ കുടിയിരിക്കുന്നു.
മാതാക്കളായ കൗസല്യാ ദേവിയെയും സുമിത്രാ ദേവിയെയും അറിയിച്ചു. എന്നാൽ കൈകേയി മാതാവിനെ ദശരഥമ ഹാരാജാവ് നേരിട്ട് അറിയിച്ച് കൂടുതൽ സന്തോഷിപ്പിക്കാനാഗ്രഹിച്ചു. എന്നാലത് വിപരീത ഫലമാണുണ്ടാക്കിയത്.
രാജാവ് എത്തുന്നതിനു മുമ്പ് തോഴി മന്ഥരയിൽ നിന്നു കാര്യം ഗ്രഹിച്ച കൈകേയിക്ക്, തന്നെ രാമാഭിഷേക വിവരം അറിയിക്കാതെ മറച്ചുവച്ചുവെന്ന തോന്നലിൽ നീരസം ഉണ്ടായി.
"നാളെ ശ്രീരാമാഭിഷേകമാണ്. നോക്കൂ, കൈകേയീ, നിനക്ക് മഹാ വിപത്ത് വരുന്നു. നിനക്ക് ബന്ധുക്കളുമില്ല. ഒന്നും ശ്രദ്ധിക്കാതെ നീയിങ്ങനെ ഉറങ്ങിക്കിടന്നുകൊള്ളൂ'.
ഇപ്രകാരമുള്ള മന്ഥരാ വാക്കുകൾ കേട്ടെങ്കിലും താനേറെ ഇഷ്ടപ്പെടുന്ന രാമന്റെ അഭിഷേക കാര്യം നേരത്തെ അറിയിച്ചില്ല എന്ന പരിഭവമല്ലാതെ രാമാഭിഷേകത്തിന് തന്നെയാണ് കൈകേയി മുൻതൂക്കം നൽകുന്നത്.
തുടർന്ന്, ഒരു പൊൻ കാൽച്ചിലങ്ക സമ്മാനമായി മന്ഥരയ്ക്ക് നൽകികൊണ്ട്, തനിക്കെന്തോ ദുഃഖം വരുന്നുവെന്ന് പറഞ്ഞതെന്താണെന്ന് ചോദിക്കുന്നു. കൈകേയിക്ക് രാമനോടുള്ള സ്നേഹവായ്പ് ഈ ഭാഗത്ത് വായിക്കാനാവും.
"എന്നുടെ രാമകുമാരനോളം പ്രിയ-
മെന്നുള്ളിലാരെയുമില്ല മറ്റോർക്ക നീ
അത്രയുമല്ല, ഭരതനേക്കാൾ മമ
പുത്രനാം രാമനെ സ്നേഹമെനിക്കേറും'.
"കൗസല്യാ ദേവിയേക്കാൾ രാമന് എന്നോടാണ് സ്നേഹം. ഭരതനേക്കാൾ എനിക്ക് രാമനെ കാര്യം. ഭക്തി, സ്നേഹം, വിശ്വാസം, ബഹുമാനം ഇതെല്ലാം എന്റെ രാമന്റെ ഓരോ ചലനത്തിലും പ്രകടമാണ്. അവന് നല്ല വസ്തുക്കൾ കിട്ടിയാൽ ആദ്യം അന്വേഷിക്കുക കൈകേയിയമ്മയെയാണ്. രാമൻ ശാന്തനും ദയാപരനും ആരോടും വൈരമോ കോപമോ ഇല്ലാത്തവനാണ് ഇങ്ങനെയുള്ള രാമൻ രാജാവായാൽ എന്തിനാണ് പേടി?'
ഇതുകേട്ട മന്ഥര പിന്നെയും കൈകേയിയുടെ മനസ് മാറ്റാൻ ശ്രമിക്കുന്നു. രാമൻ രാജാവായാൽ രാജമാതാവായ കൗസല്യയുടെ പരിചാരകയായി കൈകേയി കഴിയേണ്ടി വരുമെന്നും, ദശരഥന് പ്രിയം കുറയുമെന്നും ഭരതന് സ്ഥാനമുണ്ടാവില്ലെന്നും മറ്റുമുള്ള മന്ഥരയുടെ വാക്കുകൾ കേട്ട് മനസ് കലങ്ങി കൈകേയി ക്രോധാലയത്തിൽ പ്രവേശിക്കുന്നു. വേണി അഴിച്ചിട്ട്, ആഭരണങ്ങൾ വലിച്ചെറിഞ്ഞ്, മലിനവേഷത്തോടെ തറയിൽ വീണു കരയുന്ന കൈകേയിയെയാണ് ദശരഥ രാജാവ് കാണുന്നത്.
പണ്ട് ദേവാസുര യുദ്ധാനന്തരം രാജാവ് നൽകാമെന്ന് പറഞ്ഞിരുന്ന രണ്ടു വരങ്ങൾ കൈകേയി ആവശ്യപ്പെട്ടു. ഭരതനെ രാജാവായി വാഴിക്കണമെന്നും രാമനെ പതിനാലു കൊല്ലം വനത്തിലയയ്ക്കണം എന്ന കൈകേയിയുടെ നിർബന്ധ ബുദ്ധിയിൽ ദശരഥൻ മൂർച്ഛിച്ച് തറയിൽ വീഴുന്നു. നീണ്ട വാദപ്രതിവാദങ്ങൾക്കും രാമൻ സ്വയം രാജ്യം ഏറ്റെടുക്കാനുള്ള ദശരഥന്റെ ആവശ്യവും നിരാകരിക്കപ്പെടുന്നു. താൻ വനത്തിലേക്കു പോകാൻ തയാറാണെന്ന് കൈകേയിയോട് വിനയപൂർവം അറിയിച്ചതിനു ശേഷം രാമൻ കൗസല്യാ മാതാവിനെ ദർശിക്കാൻ പോകുന്നു.
ഇവിടെ, ഏതൊരു വ്യക്തിയും സശ്രദ്ധം മനസിലാക്കണ്ട നിരവധി കാര്യങ്ങൾ സന്നിഹിതമാണ്. തെളിഞ്ഞും ഗൂഢമായും വർത്തിക്കുന്ന സംഭവപരമ്പരകളുടെ അലയൊലികൾ ഇതിലെമ്പാടും നമുക്ക് അനുഭവിക്കാനാവും.
ഏകീഭാവത്തിൽ നിലനിൽക്കുന്ന ബന്ധകല്പനയ്ക്കു മേൽ അർഥലാഭവും അധികാര വാഞ്ഛയും മേൽക്കൈ നേടുന്നുവെന്നത് ഒരുകാര്യം. ധർമസ്വരൂപത്തിന് ചിലപ്പോഴൊക്കെ ശ്ലഥം സംഭവിക്കും എന്ന് ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. അതിദൈവികതയാണെങ്കിൽ കൂടി മനുഷ്യരൂപത്തിൽ പിറവിയെടുത്താൽ ദുർഘടങ്ങളെ നേരിടേണ്ടിവരുമെന്നും, ശ്രീത്വം എപ്പോഴും കൂടെയുണ്ടാവില്ല, ഒരു രാജ്യത്തിന്റെ പരമാധികാരം ഗുണസമ്പന്നന്നായ വ്യക്തിയിൽ അധിഷ്ഠിതമായിരിക്കണമെന്നും അയോധ്യാ കാണ്ഡം ചൂണ്ടിക്കാട്ടുന്നു. അവസാനം സൂചിപ്പിച്ച ഈ കല്പന തുടർന്നുള്ള കാണ്ഡങ്ങളിൽ ശക്തമായി വളരുന്നതും കാണാം. രാഷ്ട്രം എത്രമേൽ ധനൈശ്വര്യങ്ങളാൽ വിളങ്ങുന്നതാണെങ്കിലും കൊള്ളരുതാത്തവർ ഭരിച്ചാൽ നാശം സംഭവിക്കും.
എത്രമാത്രം സ്നേഹസമ്പന്നരാണെങ്കിലും അമ്മമാരിൽപ്പോലും പുത്രരെക്കുറിച്ച്, പുത്രസമാനരെക്കുറിച്ച് ദ്വേഷഭാവം വളർത്താൻ ഛിദ്രശക്തികൾ ശ്രമിക്കും എന്ന് മന്ഥരയെ ഉദാഹരണമാക്കി സൂചിപ്പിക്കുന്നു. ഏതൊരു ദേശത്തും ഏതൊരു കാലത്തും ഇത്തരം വ്യക്തികളുണ്ട് എന്ന് തിരിച്ചറിയപ്പെടണം.
(നാളെ: ലക്ഷ്മണോപദേശ സാരസംഗ്രഹം)