''ഇന്ത്യ എഐ'', എല്ലാവർക്കും എഐ

 
Special Story

''ഇന്ത്യ എഐ'', എല്ലാവർക്കും എഐ

വനിതകളുടെയും യുവാക്കളുടെയും തൊഴിലാളികളുടെയും ശോഭനമായ ഭാവി ലക്ഷ്യം

MV Desk

കവിത ഭാട്ടിയ

"എഐ ഇംപാക്റ്റ് ഉച്ചകോടി- 2026''ന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഒരുങ്ങുമ്പോൾ, കേവലം അൽഗൊരിതങ്ങളോ ഓട്ടോമേഷനോ മാത്രമല്ല‌; സർവാശ്ലേഷിത്വത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യ കേന്ദ്രീകൃത പുരോഗതിയുടെ ശക്തമായ അനുഭവങ്ങളാണ് മുൻനിരയിൽ ദൃശ്യമാകുന്നത്. മനുഷ്യശേഷിയെ വിപുലീകരിക്കുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് എഐയുടെ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്- നിർമിത ബുദ്ധി) യഥാർഥ സാധ്യതകൾ ഇതൾ വിരിയുന്നത്. ദീർഘകാലമായി ഔപചാരിക സമ്പദ്‌വ്യവസ്ഥയുടെ അതിരുകളിലേക്ക് പിന്തള്ളപ്പെട്ടു പോയ വനിതകൾ, അനൗപചാരിക മേഖലയിലെ തൊഴിലാളികൾ, യുവാക്കൾ എന്നിവരെ ശക്തിപ്പെടുത്തി അവർക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പ്രധാനം.

"ഇന്ത്യയിൽ എഐ വികസിപ്പിക്കുക, ഇന്ത്യയ്ക്കായി എഐ പ്രവർത്തിപ്പിക്കുക' എന്ന ദർശനത്തെ ആധാരമാക്കി, 2024 മാർച്ചിൽ കേന്ദ്ര മന്ത്രിസഭ "India AI' ദൗത്യത്തിന് അംഗീകാരം നൽകി. കേന്ദ്ര ഇലക്‌ട്രോണിക്സ്‌, വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ നേതൃത്വത്തിൽ, ഇന്ത്യഎഐ കംപ്യൂട്ട് കപ്പാസിറ്റി, "ഇന്ത്യ എഐ' ഇന്നൊവേഷൻ സെന്‍റർ (IAIC), "ഇന്ത്യ എഐ' ഡാറ്റാ സെറ്റ് പ്ലാറ്റ്ഫോം, "ഇന്ത്യ എഐ' ആപ്ലിക്കേഷൻ ഡവലപ്മെന്‍റ് ഇനിഷ്യേറ്റീവ്, "ഇന്ത്യ എഐ' ഫ്യൂച്ചർ സ്കിൽസ്, "ഇന്ത്യ എഐ' സ്റ്റാർട്ടപ്പ് ഫിനാൻസിങ്, സേഫ് ആൻഡ് ട്രസ്റ്റഡ് എഐ ഉൾപ്പെടെയുള്ള നിർണായക സംരംഭങ്ങൾ തന്ത്രപരമായി രൂപകൽപ്പന ചെയ്ത് ഫലപ്രദമായി നടപ്പാക്കാൻ "ഇന്ത്യ എഐ' ദൗത്യസംഘം സജീവമായ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വൈവിധ്യമാർന്ന സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച്, "ഇന്ത്യ എഐ' ഇന്നൊവേഷൻ സെന്‍റർ ബഹുഭാഷാ ലാർജ് ലാംഗ്വേജ് മോഡലുകളും ഡൊമെയ്ൻ- നിർദിഷ്ട അടിസ്ഥാന മോഡലുകളും വികസിപ്പിച്ചുവരുന്നു. ദേശീയ ജിപിയു ഗ്രിഡ് ഉപയോഗിച്ച് പരിശീലിപ്പിക്കപ്പെടുന്ന ഈ മോഡലുകൾ, വനിതാ സംരംഭകർ, കർഷകർ, ഗിഗ് തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവർക്കായി പ്രാദേശിക ഭാഷകളിലുള്ള എഐ സഹായക സംവിധാനങ്ങൾ, മൈക്രോ- അഡ്വൈസറി ഉപകരണങ്ങൾ, മേഖലാ-നിർദിഷ്ട വിജ്ഞാന എൻജിനുകൾ എന്നിവയിലൂടെ സേവനം നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

ആഗോളതലത്തിൽ എഐയെ സംബന്ധിക്കുന്ന ചർച്ചകൾ കൂടുതലായും ഉത്പാദനക്ഷമതയിലും മത്സരക്ഷമതയിലും കേന്ദ്രീകരിക്കുമ്പോൾ തൊഴിൽ, വിദ്യാഭ്യാസം, സുരക്ഷ, അവസരങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം ജനാധിപത്യവത്ക‌രിക്കുന്നതിൽ ഊന്നിയാണ് ഇന്ത്യയിൽ അതിന്‍റെ ശക്തമായ സ്വാധീനം പ്രകടമാകുന്നത്.

എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കുള്ള ഉപാധിയായി എഐയെ കാണുന്ന ഈ ദർശനമാണ് ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ- എഐ ഇംപാക്റ്റ് ഉച്ചകോടി 2026ന്‍റെ പ്രമേയം. നയ രൂപകർത്താക്കൾ, നൂതനാശയക്കാർ, വ്യവസായ പ്രമുഖർ എന്നിവരെ ഒരുമിച്ചു ചേർത്ത് ജനങ്ങൾ, പുരോഗതി, ഭൂമി (People, Progress, Planet) എന്നീ 3 ഘടകങ്ങളുടെയും ശോഭനമായ ഭാവിക്കായി എഐ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള സംവാദം സംഘടിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം.

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഗിഗ്, പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയിൽ, എഐയാൽ ശാക്തീകരിക്കപ്പെട്ട ഒരു പുതിയ ഡിജിറ്റൽ തൊഴിൽ ശക്തിയെ രൂപപ്പെടുത്തുകയാണ് വനിതകൾ. എഐ അധിഷ്ഠിത വിപണികൾ പ്രയോജനപ്പെടുത്തുന്ന വനിതാ സംരംഭകരായാലും, എഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായി പ്രവർത്തിക്കുന്ന വനിതാ ഡ്രൈവർമാരായാലും, വനിതാ ഡെലിവറി തൊഴിലാളികളായാലും, സാങ്കേതികവിദ്യ അവരുടെ ആത്മവിശ്വാസത്തെയും അവസരങ്ങളെയും നിശബ്ദമായി പുനർനിർമിക്കുകയാണ്. ഉദാഹരണമായി, സൗന്ദര്യ- വെൽനെസ് പ്ലാറ്റ്ഫോമുകൾ സാമീപ്യം, വൈദഗ്ധ്യം, മുൻകാല പ്രകടനം എന്നിവയ്ക്ക് അനുപൂരകമായി ഉപയോക്താക്കളെ സമന്വയിപ്പിക്കാൻ എഐ അധിഷ്ഠിത അൽഗോരിതങ്ങൾ ഉപയോഗിക്കുന്നു. എഐ അധിഷ്ഠിത നിരീക്ഷണം, തിരിച്ചറിയൽ, പ്രവചനാത്മകമായ വരുമാനം, മെച്ചപ്പെട്ട സുരക്ഷ എന്നിവയുടെ ഗുണങ്ങൾ ആസ്വദിക്കുന്ന വനിതകളാണ് ഈ പ്രൊഫഷണലുകളിൽ ഭൂരിഭാഗവും. അതുപോലെ, റൈഡ്-ഹെയ്‌ലിങ് പ്ലാറ്റ്‌ഫോമുകൾ തത്സമയ ലൊക്കേഷൻ പങ്കിടൽ മുതൽ വോയ്‌സ്- ആക്റ്റിവേറ്റഡ് എമർജൻസി സവിശേഷതകൾ വരെ സമന്വയിപ്പിച്ച എഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ ഉൾക്കൊള്ളുന്നു. ഇത് കൂടുതൽ ആത്മവിശ്വാസത്തോടെയും സ്വാതന്ത്ര്യത്തോടെയും പ്രവർത്തിക്കാൻ വനിതാ ഡ്രൈവർമാരെ സഹായിക്കുന്നു. മുൻപും ഇത്തരം സംവിധാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, എഐയിലൂടെ സുരക്ഷ, വിശ്വാസ്യത, കാര്യക്ഷമത എന്നിവ ഗണ്യമായി വർധിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഗ്രാമീണവും അർധനഗരവുമായ പ്രദേശങ്ങളിൽ എഐ പിന്തുണയുള്ള ധനകാര്യ ഉപാധികൾ ഡിജിറ്റൽ സർവാശ്ലേഷിത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക ഭാഷകളിലുള്ള എഐ സഹായക സംവിധാനങ്ങളും ശബ്ദാധിഷ്ഠിത ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനങ്ങളും സാക്ഷരതയുടെയും ഭാഷയുടെയും പരിമിതികളെ മറികടക്കാൻ വനിതകളെ സഹായിക്കുന്നു. ഇതിലൂടെ അവർക്ക് സാമ്പത്തിക കാര്യങ്ങൾ സ്വതന്ത്രമായും സുരക്ഷിതമായും കൈകാര്യം ചെയ്യാൻ കഴിയുന്നു.

യുവജനങ്ങളെ സംബന്ധിച്ചിടത്തോളം, എഐ കേവലം ഒരു ഉപകരണമല്ല; നൂതന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പ്രവേശന കവാടമാണ്. വിവിധ സംസ്ഥാനങ്ങളിലുടനീളം, സർക്കാർ- സ്വകാര്യ സഹകരണ ഉദ്യമങ്ങൾ അടിസ്ഥാന ഡിജിറ്റൽ സാക്ഷരത മുതൽ ആധുനിക മെഷീൻ ലേണിങ് വരെ, എഐ നൈപുണ്യമുള്ള പ്രതിഭകളുടെ ശൃംഖല സൃഷ്ടിച്ചുവരുന്നു. "ഇന്ത്യ എഐ' ദൗത്യത്തിന്‍റെ ഭാഗമായി, ഭാരത സർക്കാർ അടുത്തിടെ YUVA AI for All എന്ന ദേശീയ എഐ സാക്ഷരതാ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

ഹ്രസ്വവും സ്വയം- വേഗതയിൽ പ്രവർത്തിക്കുന്നതുമായ "എഐ 101' കോഴ്‌സ് മുഖേന ലക്ഷക്കണക്കിന് വിദ്യാർഥികളിലും യുവ പഠിതാക്കളിലും അടിസ്ഥാന എഐ അവബോധം സൃഷ്ടിക്കുകയാണ് ദേശീയ യുവജന ദിനത്തിൽ ആരംഭിച്ച ഈ സംരംഭത്തിന്‍റെ ലക്ഷ്യം. സ്കൂൾ, ഉന്നതവിദ്യാഭ്യാസ, ഡിജിറ്റൽ പഠന പരിസരങ്ങൾ പ്രയോജനപ്പെടുത്തി, എഐ വിജ്ഞാനത്തിലേക്കുള്ള പ്രവേശനം ജനാധിപത്യവത്കരിക്കുക എന്നതും YUVA AI for All-ന്‍റെ ലക്ഷ്യമാണ്. എഐ സാക്ഷരതയെ ഒരു പ്രത്യേക അവകാശമെന്ന നിലയ്ക്കല്ല, മറിച്ച് അവശ്യ ജീവിത നൈപുണ്യമായി സ്ഥാപിക്കുകയും പ്രദേശങ്ങൾ, ഭാഷകൾ, സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലങ്ങൾ എന്നിവയ്ക്കതീതമായി യുവജനങ്ങൾ എഐ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ അർഥവത്തായി പങ്കാളികളാകാൻ സജ്ജരാണെന്ന് ഉറപ്പാക്കുകയും ചെയ്യുക കൂടിയാണ് ഈ പദ്ധതിയുടെ ദർശനം.

തൊഴിലവസരങ്ങൾക്കപ്പുറം, പൊതുജനക്ഷേമത്തിലും എഐ വലിയ പങ്ക് വഹിക്കുന്നു. MyGate, SafeHouse Tech പോലുള്ള സ്റ്റാർട്ടപ്പുകൾ, താമസസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വനിതകളുടെ സുരക്ഷ ശക്തിപ്പെടുത്താൻ എഐ അധിഷ്ഠിത വിശകലനങ്ങൾ ഉപയോഗിക്കുന്നു. അതുപോലെ 112 ഇന്ത്യ പോലുള്ള സർക്കാർ ഹെൽപ്‌ലൈനുകൾ എഐ അധിഷ്ഠിത പരാതി പരിഹാര സംവിധാനങ്ങൾ സംയോജിപ്പിച്ചിരിക്കുന്നു. ഇതിലൂടെ അടിയന്തര സേവനങ്ങളുടെ പ്രതികരണ സമയം കുറയ്ക്കാം, ഡാറ്റാ അധിഷ്ഠിത പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്താം.

കാർഷിക മേഖലയിൽ കിസാൻ എഐ പോലുള്ള ഉപകരണങ്ങൾ മെഷീൻ ലേണിങ് മോഡലുകൾ ഉപയോഗിച്ച് കീടബാധ, കാലാവസ്ഥാ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ പ്രവചിക്കും. അതുവഴി വനിതാ കർഷകർക്ക് തീരുമാനങ്ങൾ കൈക്കൊള്ളാം. അതുപോലെ, Indifi , Kinara Capital പോലുള്ള ഫിൻടെക് സ്റ്റാർട്ടപ്പുകൾ എഐ- അധിഷ്ഠിത ക്രെഡിറ്റ് സ്കോറിങ് പ്രയോജനപ്പെടുത്തി, ചരിത്രപരമായി ഔപചാരിക സാമ്പത്തിക സംവിധാനങ്ങളിൽ പ്രവേശനം ലഭിക്കാത്ത വനിതാ സംരംഭങ്ങൾക്ക് വായ്പകൾ ലഭ്യമാക്കും. ഈ ദർശനം നിതി ആയോഗിന്‍റെ "AI for Inclusive Societal Development' റിപ്പോർട്ടിലും പ്രതിഫലിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വൈദഗ്ധ്യം, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയിലേക്കുള്ള പ്രവേശനം വ്യാപിപ്പിക്കുന്നതിലൂടെ 4.9 കോടി അനൗപചാരിക തൊഴിലാളികളെ എഐ എങ്ങനെ ശാക്തീകരിക്കുന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാമ്പത്തിക, സാമൂഹിക സംവിധാനങ്ങളിൽ എഐ കൂടുതൽ കൂടുതൽ സംയോജിപ്പിക്കപ്പെടുമ്പോൾ, അതിന്‍റെ ധാർമികവും സമഗ്രവുമായ ഉപയോഗം ഉറപ്പാക്കുക എന്നത് ദേശീയ മുൻഗണനയായി മാറിയിരിക്കുന്നു. ""എല്ലാവർക്കും എഐ'' എന്ന തത്വത്തിൽ അടിയുറച്ച ഇന്ത്യയുടെ സമീപനം അസമത്വങ്ങൾ കുറച്ച്, അവസരങ്ങൾ വർധിപ്പിക്കുന്നതിൽ നീതി, സുതാര്യത, ഉത്തരവാദിത്തം എന്നിവയ്ക്കു പ്രാധാന്യം നൽകുന്നു.

പണമിടപാടുകൾ, ലോജിസ്റ്റിക്‌സ്, വിദ്യാഭ്യാസം, പൊതുസേവനങ്ങൾ അടക്കമുള്ള ദൈനംദിന പ്ലാറ്റ്‌ഫോമുകളിൽ എഐ സമന്വയിപ്പിക്കുന്നതിലൂടെ, സമസ്ത തലങ്ങളിലുമുള്ള ജനങ്ങളെ ശാക്തീകരിക്കുന്ന സമഗ്ര ഡിജിറ്റൽ ആവാസവ്യവസ്ഥ ഇന്ത്യ സജ്ജമാക്കുകയാണ്. അനൗപചാരിക സമ്പദ്‌വ്യവസ്ഥയിൽ ആധുനിക സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിനായി സമർപ്പിക്കപ്പെട്ട ദേശീയ ദൗത്യമായ ഡിജിറ്റൽ ശ്രം സേതുവും (Digital ShramSetu) ഇന്ത്യ നടപ്പിലാക്കി. ഇതിന്‍റെ നിർവഹണം 4 സ്തംഭങ്ങളിലൂന്നി രൂപകൽപ്പന ചെയ്തിരിക്കുന്നു: മേഖല അല്ലെങ്കിൽ വ്യക്തിത്വം അടിസ്ഥാനമാക്കി പ്രധാന ആവശ്യങ്ങൾ തിരിച്ചറിയൽ, നിർവഹണത്തിനായി സംസ്ഥാന സർക്കാരുകളെ ശാക്തീകരിക്കൽ, അനുകൂല നിയമപരിസ്ഥിതി സൃഷ്ടിക്കൽ, ചെലവ് കുറയ്ക്കാനും വ്യാപക പ്രവേശനം ഉറപ്പാക്കാനും പങ്കാളിത്തങ്ങൾ രൂപപ്പെടുത്തൽ എന്നിവയാണ് ഈ സ്തംഭങ്ങൾ. ഫലങ്ങൾ വിലയിരുത്താൻ കർശന സംവിധാനം ഉള്ളതിനാൽ സർക്കാർ, ബിസിനസ് സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ ഒറ്റെക്കെട്ടായി പ്രവർത്തിക്കുന്നു. ഈ പ്രവേശനക്ഷമതയുടെയും തുല്യതയുടെയും മാതൃക ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് എഐയെ സാമൂഹികവും സാമ്പത്തികവുമായ വലിയ പരിവർത്തനത്തിന് ഉപയോക്താക്കാൻ കഴിയുന്ന ബ്ലൂപ്രിന്‍റ് ആയി സേവനമൊരുക്കുന്നു.

ഡിജിറ്റൽ ഇന്ത്യയും യുപുഐയും നയിച്ച ഡിജിറ്റൽ വിപ്ലവത്തിന്‍റെ ആദ്യ തരംഗം പൗരന്മാരെ പരസ്പരം ബന്ധിപ്പിച്ചപ്പോൾ, അടുത്ത തരംഗത്തിൽ എഐ മുഖേന അവരെ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് പ്രധാനം. അതിനർഥം, ബഹുഭാഷീയവും, ലിംഗസംവേദന ശീലമുള്ളതുമായ, എല്ലാവർക്കും പ്രാപ്യവുമായ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുക എന്നതാണ്. അവിടെ ഗ്രാമീണ വനിതാ സംരംഭകരടക്കം എല്ലാവർക്കും ഇന്ത്യയുടെ എഐ ഭാവിയിൽ പങ്കാളികളാകാൻ സാധിക്കണം.

ഇന്ത്യയുടെ എഐ ശേഷി അതിന്‍റെ അൽഗോരിതങ്ങളുടെ സങ്കീർണതയാൽ മാത്രം അളക്കപ്പെടേണ്ടതല്ല; വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ജനങ്ങളെ ഉൾപ്പെടുത്തി സന്തുലിത മുന്നേറ്റം സൃഷ്ടിക്കാനുള്ള രാജ്യത്തിന്‍റെ തനതു ശേഷി വിലയിരുത്തപ്പെടണ്ടതാണ്. വനിതകൾ, യുവാക്കൾ, അനൗപചാരിക തൊഴിലാളികൾ എന്നിവർക്ക് എഐ കേവലം ഉപകരണമല്ല; നീതിപൂർവകവും സമഗ്രവുമായ എഐ സമ്പദ്‌വ്യവസ്ഥയുടെ സ്രഷ്ടാക്കളായി അവർ മാറുകയാണ്. 2026ലെ ഇന്ത്യ– എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ, ലോകം ഇന്ത്യയെ ഉറ്റുനോക്കുമ്പോൾ, സർവാശ്ലേഷിത്വം സാങ്കേതികവിദ്യയുടെ ഒരു ഉപോത്‌പന്നമല്ല, മറിച്ച് ഏറ്റവും വലിയ നൂതനാശയമാണെന്ന് തെളിയിക്കുന്ന ഒരു രാജ്യം ദൃശ്യമാകും.

(രചയിതാവ് സയന്‍റിസ്റ്റ് "ജി', ഗ്രൂപ്പ് കോ- ഓർഡിനേറ്റർ, കേന്ദ്ര ഇലക്‌ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയം; ഇന്ത്യ എഐ മിഷൻ സിഒഒ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു).

തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചക്കിടെ മമത ബാനർജി ഇറങ്ങിപ്പോയി; രാഷ്ട്രീയ നാടകമെന്ന് ബിജെപി

മന്ത്രി സജി ചെറിയാനെതിരേ ആരോപണം; ബിനു ചുള്ളിയിലിനെതിരേ കേസ്

സാങ്കേതിക തകരാർ; ലണ്ടൻ-ബംഗലുരൂ എയർ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

കൃത്രിമ കാൽ രാജ്യസഭയുടെ മേശപ്പുറത്ത്; വിമർശനവുമായി ജോൺ ബ്രിട്ടാസ്, സിപിഎമ്മിനെതിരായ പ്രതിഷേധമെന്ന് സദാനന്ദൻ

വിദ്വേഷ പ്രസംഗത്തിനെതിരേ നിയമം; ബിൽ‌ രാഷ്ട്രപതിക്ക് അ‍യച്ച് ഗവർണർ