സാംസ്കാരിക നവോത്ഥാനത്തിന്‍റെ കാലഘട്ടം: നാഗരിക മഹിമയുടെ പുനരുജ്ജീവനം

 
Special Story

സാംസ്കാരിക നവോത്ഥാനത്തിന്‍റെ കാലഘട്ടം: നാഗരിക മഹിമയുടെ പുനരുജ്ജീവനം

മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമങ്ങളിൽ നമ്മുടെ പൈതൃകത്തോടുള്ള പ്രതിബദ്ധത പ്രകടമാണ്

MV Desk

ഗജേന്ദ്ര സിങ് ഷെഖാവത്ത്

കേന്ദ്ര സാംസ്കാരിക, വിനോദ സഞ്ചാര മന്ത്രി

സാമ്പത്തിക വളർച്ച, ദേശസുരക്ഷ, ആധുനിക ശാസ്ത്രം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളിൽ പുതിയ ഉയരങ്ങൾ താണ്ടുകയാണ് ഇന്ത്യ. എന്നാൽ വികസിത രാഷ്‌ട്രം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രയാണത്തിൽ ഭൗതികവും സാങ്കേതികവുമായ പുരോഗതിയ്ക്കുപരിയായ ഘടകങ്ങളും നിർണായകമാണ്. രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങളിലും ചരിത്രപരമായ പൈതൃകത്തിലും അടിയുറച്ച സമീപനം യഥാർഥ ദേശീയ പുരോഗതിക്ക് അനിവാര്യമാണ്.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിൽ ഒന്നായി ഇന്ത്യ നിലകൊള്ളുന്നു. സുദീർഘമായ ചരിത്രത്തിലുടനീളം, രാഷ്‌ട്രത്തിന്‍റെ ശക്തിയെയും സ്വത്വത്തെയും വെല്ലുവിളിച്ച ഒട്ടേറെ അധിനിവേശങ്ങളും ആക്രമണങ്ങളും വൈദേശികാധിപത്യവും നാം നേരിട്ടു. ഭരണാധികാരികളും സർക്കാരുകളും മാറിമാറി വന്നെങ്കിലും, ഭാരതത്തിന്‍റെ ആത്മാവായ ധാർമികത പോറലേൽക്കാതെ നിലനിന്നു. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് തടസരഹിതമായി കൈമാറ്റം ചെയ്യപ്പെട്ടു. ദുഷ്‌കരമായ ആ കാലഘട്ടങ്ങളിൽ നിരവധി ക്ഷേത്രങ്ങൾ, ആത്മീയ കേന്ദ്രങ്ങൾ, പൗരാണിക ഗ്രന്ഥങ്ങൾ, പുസ്തകശാലകൾ, പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം തകർക്കപ്പെട്ടപ്പോഴും, രാഷ്‌ട്രത്തിന്‍റെ സാംസ്കാരിക സ്വത്വം അജയ്യമായി തുടർന്നു.

ഇന്ത്യയുടെ സാംസ്കാരിക സ്വത്വത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൊണ്ടുവന്ന മാറ്റങ്ങളാണ്. സ്വന്തം പൈതൃകത്തോട് ആഴത്തിൽ വേരൂന്നിയ അപകർഷതാബോധം വളർത്തുന്നതിനും, ചരിത്രപരവും സാംസ്കാരികവുമായ വേരുകളിൽ നിന്ന് നമ്മെ മനഃപൂർവം വിച്ഛേദിക്കുന്നതിനുമായി ബോധപൂർവം രൂപകൽപ്പന ചെയ്ത വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അത്.

2014: സാംസ്കാരിക പുനരുജ്ജീവനത്തിന്‍റെ കാഹളം

ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ ഒരു വഴിത്തിരിവായാണ് 2014 എന്ന വർഷം കണക്കാക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിൽ, ഇന്ത്യ കൊളോണിയൽ കാലഘട്ടത്തിലെ സ്വാധീനങ്ങളിൽ നിന്ന് കുതറി മാറാൻ തുടങ്ങി. ഒരു വലിയ സാംസ്കാരിക പുനരുജ്ജീവനത്തിന് തുടക്കമായി. ആത്മവിശ്വാസമുള്ള ഭാരതം ഇന്ന് അതിന്‍റെ മഹത്തായ ഭൂതകാലത്തെ സ്മരിക്കുക മാത്രമല്ല, നമ്മുടെ മുഖ്യധാരാ സാമൂഹിക ജീവിതത്തിന്‍റെ ഘടനയിലേക്ക് അതിന്‍റെ മഹത്വം, ഗാംഭീര്യം, ആത്മീയ മൂല്യങ്ങൾ എന്നിവ സജീവമായി പുനഃസ്ഥാപിക്കുകയുമാണ്.

നമ്മുടെ കാലാതീതമായ ഉത്സവങ്ങൾ, ചരിത്ര സ്മാരകങ്ങൾ, പരമ്പരാഗത ഭക്ഷ്യ വിഭവങ്ങൾ, വസ്ത്രധാരണം, കലകൾ, സംഗീതം, കരകൗശല വൈദഗ്ദ്ധ്യം എന്നിവ ഇന്ന് ഇനി ഭൂതകാലചരിത്രത്തിന്‍റെ കാലഹരണപ്പെട്ട അവശേഷിപ്പുകളായി വീക്ഷിക്കപ്പെടുന്നില്ല. പകരം, ലോകമെമ്പാടുമുള്ള ആളുകളുടെ ആരാധനയും ആദരവും ആകർഷിക്കുന്ന രാഷ്‌ട്രസ്വത്വത്തിന്‍റെ ഊർജസ്വലവും ചലനാത്മകവുമായ സ്തംഭങ്ങളായി അവ മാറിയിരിക്കുന്നു.

സാംസ്കാരിക മൃദുശക്തിയെ ചലനാത്മകമാക്കുന്നു

കഴിഞ്ഞ 12 വർഷത്തിനിടെ, ഭാരതീയ പൈതൃകത്തിന്‍റെ ആഗോള സ്വീകാര്യതയും മതിപ്പും അഭൂതപൂർവമായ ഉയരങ്ങളിലെത്തി. എല്ലാ വർഷവും ജൂൺ 21 നടക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനത്തിന് ലഭിച്ച സാർവത്രികമായ സ്വീകാര്യത അത്ഭുതകരമായ ഒരു ഉദാഹരണമാണ്. യോഗ കേവലമൊരു ശാരീരിക അഭ്യാസമല്ല; മറിച്ച് മാനവ ക്ഷേമത്തിനായി ലോകം സർവാത്മനാ സ്വീകരിച്ച പൗരാണിക ഇന്ത്യൻ ദർശനമാണ്.

മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമങ്ങളിൽ നമ്മുടെ പൈതൃകത്തോടുള്ള പ്രതിബദ്ധത പ്രകടമാണ്. കഴിഞ്ഞ ദശകങ്ങളിലെ സ്ഥാപനപരമായ നിസംഗതയിൽ നിന്നുള്ള പ്രകടമായമാറ്റം ഇത് പ്രതിഫലിപ്പിക്കുന്നു.

2013ന് മുമ്പ്: പതിറ്റാണ്ടുകൾക്കിടെ മോഷ്ടിക്കപ്പെട്ട നിരവധി പുരാവസ്തുക്കളിൽ 13 എണ്ണം മാത്രമാണ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നത്.

കഴിഞ്ഞ 12 വർഷങ്ങൾ: വിദേശ മണ്ണിൽ നിന്ന് 640ലധികം പൈതൃക പുരാവസ്തുക്കൾ വിജയകരമായി വീണ്ടെടുത്തു.

സംസ്കാരത്തെ സംരക്ഷിക്കുക എന്നത് കേവലം വാചാടോപമോ അധര വ്യായാമമോ അല്ലെന്ന് ഈ അഭൂതപൂർവമായ പരിവർത്തനം തെളിയിക്കുന്നു; നമ്മുടെ നാഗരികതയുടെ ഭൗതികവും ആത്മീയവുമായ ചിഹ്നങ്ങൾ വീണ്ടെടുക്കാൻ നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. കല, കരകൗശല വൈദഗ്ധ്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ മുൻ തലമുറകളുടെ സർഗാത്മകത, ജ്ഞാനം, നേട്ടങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന ഈ പുരാവസ്തുക്കൾ ഭൂതകാലവുമായുള്ള ബന്ധത്തിലെ വിലപ്പെട്ട കണ്ണികളായി കണക്കാക്കപ്പെടുന്നു. ഈ പുരാവസ്തുക്കൾ, പ്രചോദനത്തിന്‍റെ ശാശ്വത ദീപസ്തംഭങ്ങളായി വർത്തിക്കുന്നു.

കൂടാതെ, ദുർഗാ പൂജയെയും ദീപാവലിയെയും മനുഷ്യരാശിയുടെ അദൃശ്യ സാംസ്കാരിക പൈതൃകമായി യുനെസ്കോ അംഗീകരിച്ചത് നമ്മുടെ പാരമ്പര്യങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന കാലാതീതവും ശാശ്വതവുമായ മൂല്യങ്ങളെ സാധൂകരിക്കുന്നു - അസത്യത്തിന്മേൽ സത്യത്തിന്‍റെയും ഇരുട്ടിനുമേൽ വെളിച്ചത്തിന്‍റെയും ശാശ്വത വിജയം അംഗീകരിക്കപ്പെടുന്നു. 44 അംഗീകൃത ലോക പൈതൃക സ്ഥലങ്ങളുള്ള ഇന്ത്യയിപ്പോൾ, ഇക്കാര്യത്തിൽ ആഗോളതലത്തിൽ ആറാം സ്ഥാനത്തും ഏഷ്യയിൽ രണ്ടാം സ്ഥാനത്തുമാണ്. മൂർത്തമായ നമ്മുടെ ചരിത്ര പൈതൃകത്തിന്‍റെ അഭിമാനകരമായ നേർസാക്ഷ്യമാണിത്.

വിജ്ഞാനത്തിന്‍റെ വീണ്ടെടുക്കൽ

ഇന്ത്യയുടെ ബൗദ്ധികവും ആത്മീയവുമായ പാരമ്പര്യങ്ങളെ വിലമതിക്കാത്ത വിദേശ ശക്തികൾ നമ്മുടെ സർവകലാശാലകൾ കത്തിച്ചും, ഗുരുകുലങ്ങൾ തകർത്തും, കൈയെഴുത്തുപ്രതികൾ നശിപ്പിച്ചും ഇന്ത്യയുടെ വിജ്ഞാന ശേഖരത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. ഈ കാലഘട്ടത്തിൽ, ചില പണ്ഡിതന്മാരും ഋഷിമാരും കുടുംബങ്ങളും വിദൂര ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും അമൂല്യമായ ഗ്രന്ഥങ്ങൾ രഹസ്യമായി സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. എന്നിരുന്നാലും ഈ കൃതികളിൽ പലതും പൊതു അവബോധത്തിൽ നിന്ന് ക്രമേണ മാഞ്ഞു പോയി. ഖേദകരമെന്നു പറയട്ടെ,സ്വാതന്ത്ര്യാനന്തരം അധികാരമേറ്റ ഭരണകൂടങ്ങൾ ഈ ഗ്രന്ഥങ്ങൾ സമാഹരിക്കാനും നമ്മുടെ പൗരാണിക ജ്ഞാനം വീണ്ടെടുക്കാനും ഘടനാപരമായ ഒരു ശ്രമവും ദേശീയാടിസ്ഥാനത്തിൽ നടത്തിയില്ല.

ഈ ചരിത്രപരമായ അവഗണന പരിഹരിക്കാൻ "ജ്ഞാന ഭാരതം' ദേശീയ കൈയെഴുത്തു പ്രതി സർവെ എന്ന ഒരു രാജ്യവ്യാപക സംരംഭം ആരംഭിച്ചിരിക്കുന്നു. ഇതുവരെ ഇന്ത്യയിലുടനീളം ശേഖരിച്ച ഒരു കോടിയിലധികം കൈയെഴുത്തു പ്രതികൾ വിജയകരമായി പട്ടികപ്പെടുത്തുകയുണ്ടായി.

പഴയ ഗ്രന്ഥങ്ങൾ ശേഖരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ഉദ്യമം; പരമ്പരാഗത ജ്ഞാനവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. നിർമിത ബുദ്ധി (എഐ), ഡിജിറ്റൽ സംരക്ഷണ രീതികൾ തുടങ്ങിയ നൂതന ഉപാധികൾ മുഖേന, ഈ ബൗദ്ധിക പൈതൃകം എന്നെന്നേക്കുമായി സംരക്ഷിക്കപ്പെടുന്നു. ആത്മീയത, ശാസ്ത്രം, കല, കരകൗശല വൈദഗ്ധ്യം തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ ചരിത്രപരമായ നേട്ടങ്ങളെക്കുറിച്ച് ഭാവി തലമുറകൾക്ക് മനസിലാക്കാൻ ഈ വലിയ ശേഖരം സഹായിക്കും. കൂടാതെ അവരുടെ സാംസ്കാരിക വേരുകളിലും പൈതൃകത്തിലും ശക്തമായ അഭിമാനബോധം വളർത്താനും പ്രചോദിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.

ആത്മീയകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു

മഹത്തായ ക്ഷേത്രങ്ങൾ, ഗംഭീരമായ കോട്ടകൾ, പരമ്പരാഗത മേളകൾ എന്നിവ ഇന്ത്യയുടെ സുദീർഘമായ നാഗരിക ചരിത്രത്തെ പ്രതിനിധീകരിക്കുന്ന ഭൗതിക ചിഹ്നങ്ങളായി കണക്കാക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വർഷങ്ങളിൽ, ഈ സാംസ്കാരിക കേന്ദ്രങ്ങൾ വലിയതോതിൽ അവഗണിക്കപ്പെട്ടു, തെരഞ്ഞെടുക്കപ്പെട്ട ഏതാനും സ്മാരകങ്ങൾക്ക് മാത്രമേ ശ്രദ്ധയും അന്താരാഷ്‌ട്ര അംഗീകാരവും ലഭിച്ചുള്ളൂ. ചരിത്രത്തിലുടനീളം ഇന്ത്യയിലെ വൈവിധ്യമാർന്ന ജനസമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ക്ഷേത്രങ്ങൾ, ഒരു പ്രധാന പങ്ക് വഹിച്ചു പോന്നു. സമീപ വർഷങ്ങളിൽ,കഴിഞ്ഞ 12 വർഷമായി, ഈ അവഗണനയുടെ സംസ്കാരത്തെ ഞങ്ങൾ പൂർണമായും തൂത്തെറിഞ്ഞു.

കാശി വിശ്വനാഥ് ധാം, മഹാകാൽ ലോക് ഇടനാഴി, കേദാർനാഥ്, സോമനാഥ് തുടങ്ങിയ പുണ്യകേന്ദ്രങ്ങളുടെ ഐതിഹാസിക പരിവർത്തനങ്ങളിലൂടെ, നമ്മുടെ ആത്മീയ ഭൂമികയുടെ സമഗ്രമായ നവീകരണം നാം നടപ്പിലാക്കി. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും തീർഥാടകർക്ക് സുഗമമായ ദർശനവും ഉറപ്പാക്കുന്നതിലൂടെ "വിരാസത് ഭി, വികാസ് ഭി' (വികസനത്തോടൊപ്പം പൈതൃകവും) എന്ന ദർശനത്തെ നാം വിജയകരമായി സാക്ഷാത്ക്കരിച്ചു.

ഈ പുനരുജ്ജീവനം ആത്മീയ വിനോദസഞ്ചാരത്തിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമായി, പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ പ്രത്യക്ഷത്തിൽ ശാക്തീകരിക്കുകയും ഈ പുണ്യനഗരങ്ങളെ ഊർജസ്വലമായ സാമ്പത്തിക കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു.

ഈ പുണ്യകേന്ദ്രങ്ങളിലേക്ക് യുവാക്കളുടെ വൻതോതിലുള്ള ഒഴുക്ക് പ്രോത്സാഹജനകമാണ്. ഇന്ത്യയുടെ സാംസ്കാരിക പുനരുജ്ജീവനത്തിന്‍റെ ആത്യന്തിക പ്രതീകമാണ് യുവാക്കളുടെ വർധിച്ചുവരുന്ന സാന്നിധ്യം. നമ്മുടെ യുവതലമുറ അവരുടെ യാത്രകളിൽ നമ്മുടെ ആത്മീയ പൈതൃകവുമായി ബന്ധം സ്ഥാപിക്കാൻ ആകാംക്ഷയോടെ ശ്രമിക്കുന്നുണ്ടെന്ന് ഇത് തെളിയിക്കുന്നു.

ഭാരതത്തിന്‍റെ ശാശ്വതമായ വേരുകളുടെ പുനഃസമാഗമം

പരസ്പരപൂരകമായ രണ്ട് മാർഗങ്ങളിലൂടെ ഒരേസമയം ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ഇന്ത്യ. ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കുന്നതോടൊപ്പം പൗരാണികമായ വേരുകളിൽ അടിയുറച്ചു നിൽക്കുന്നു. സാംസ്കാരിക അപകോളനീകരണത്തിന്‍റെ ഒരു പുതിയ അധ്യായം രചിക്കുകയും സാംസ്കാരിക സ്വത്വം വീണ്ടെടുക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളുടെ അസ്തിത്വ പോരാട്ടത്തിനുശേഷം, ആഗോള വേദിയിൽ ഭാരതം അതിന്‍റെ കാലാതീതമായ ആത്മീയ,സാംസ്കാരിക സ്വത്വത്തിൽ ഉറച്ചു നിൽക്കുന്നു.

പുരാതന പാരമ്പര്യങ്ങളും സാംസ്കാരിക മൂല്യങ്ങളും നിലനിർത്തിക്കൊണ്ട് നൂതനമായ സാങ്കേതികവിദ്യയും വികസനവും സ്വീകരിക്കാൻ കഴിയുമെന്ന് ഇന്ത്യ ലോകത്തിനു കാണിച്ചുകൊടുക്കുന്നു. ഊർജസ്വലവും സ്വാശ്രയവുമായ പുതിയ ഇന്ത്യയുടേതാണ് ഭാവി എന്നതിൽ സംശയമില്ല. അമൃത് കാൽ എന്ന് വിളിക്കപ്പെടുന്ന അവസരങ്ങളുടെയും പരിവർത്തനത്തിന്‍റെയും ഈ കാലഘട്ടത്തിൽ, ഭാരതത്തിന്‍റെ ആശയങ്ങൾ, ദർശനങ്ങൾ, സാംസ്കാരിക മൂല്യങ്ങൾ എന്നിവ ആഗോള സമൂഹത്തിനു ഭാവാത്മകവും സമഗ്രവുമായ ദിശാബോധം പകർന്നുനൽകാൻ സജ്ജമാണ്.

ടി20 ലോകകപ്പ്: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയുടെ തുടക്കം

രാഹുലിന്‍റെ ജന്മദിനത്തിന് 'ജോബ് ഫെയര്‍' സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്

കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം: 14 ഭക്ഷ്യ കമ്പനികള്‍ക്ക് നോട്ടീസ്

മുങ്ങിയ കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി യുഎസ് സേന