ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന മോദി ശൈലി
ഹസ്മുഖ് അധിയ
നരേന്ദ്ര മോദിയുടെ ജീവിത യാത്രയില്‍ നിർണായക പ്രാധാന്യത്തോടെ നിലകൊള്ളുന്നത് അദ്ദേഹത്തിന്‍റെ സൂക്ഷ്മമായ നിരീക്ഷണ പാടവമാണ്. സാധാരണ സംഭാഷണം മുതല്‍ വിദേശ സന്ദര്‍ശനം വരെയുള്ള ഓരോ അവസരങ്ങളെയും ആശയ സമ്പാദനത്തിനുള്ള ഉറവിടങ്ങളായി അദ്ദേഹം കണക്കാക്കുന്നു. എന്നാല്‍ ഇവയെ കേവലം കൗതുകമെന്ന നിലയിലോ അക്കാഡമിക ആശയമെന്ന നിലയിലോ കാണുന്നവരില്‍ നിന്നും വ്യത്യസ്തമായി, ഓരോ ആശയത്തെയും പ്രശ്നങ്ങളുടെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യാനായി പരികൽപ്പന ചെയ്യുന്ന മോദി അവയെ പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുഗുണമായ പരിഹാരങ്ങളാക്കി പുനര്‍രൂപകല്‍പ്പന ചെയ്യുന്നു. ഒരു അടിസ്ഥാനതല സംഘാടകനില്‍ നിന്ന് ആഗോള രാഷ്ട്രതന്ത്രജ്ഞനിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രയാണത്തെ നിര്‍വചിച്ചത് ജിജ്ഞാസ, വിശകലന ശേഷി, ഫലപ്രദമായ നിര്‍വഹണം എന്നിവയുടെ സമന്വയമാണ്.
തീര്‍ച്ചയായും, മോദിയെ സംബന്ധിച്ചിടത്തോളം പഠനത്തിന് പ്രായം തടസമേയല്ല. കുട്ടിക്കാലം മുതല്‍, വൈവിധ്യമാര്‍ന്ന കഥകളും അനുഭവങ്ങളും ഉള്‍ക്കൊള്ളുകയും അന്വേഷിക്കുകയും ചെയ്യുന്ന സ്വാഭാവിക ജിജ്ഞാസ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എല്ലാ ഘട്ടങ്ങളിലും പഠനത്തിന് ജിജ്ഞാസ ഇന്ധനമാകുമെന്ന് ജീവിതത്തിലുടനീളം അദ്ദേഹം വിശ്വസിച്ചു. പ്രാദേശിക നേതൃത്വത്തില്‍ നിന്ന് ദേശീയ ചുമതലകളിലേക്ക് വളര്‍ന്നപ്പോഴും, പതിവ് കൂടിക്കാഴ്ചകളില്‍പ്പോലും അദ്ദേഹത്തിന്‍റെ മനസില്‍ ആശയങ്ങള്‍ മുളച്ചു. സൂക്ഷ്മമായ വിശദാംശങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, ശരിയായ സമയം വരുമ്പോള്‍ പ്രായോഗിക പാഠങ്ങളായി അവതരിപ്പിക്കപ്പെട്ടു.
അറിവിനായുള്ള ഈ ദാഹം കൗമാരത്തില്‍ അദ്ദേഹത്തെ യാത്രകളിലേക്ക് ആകര്‍ഷിച്ചു. ആദ്യം ഒരു ആത്മീയ അന്വേഷകനായും പിന്നീട് ഒരു സമര്‍പ്പിത സംഘ പ്രചാരകനായും ഇന്ത്യയിലുടനീളം സഞ്ചരിച്ച് ലോകവീക്ഷണം രൂപപ്പെടുത്താനുതകുന്ന അനുഭവങ്ങള്‍ അദ്ദേഹം സമ്പാദിച്ചു. ഓരോ അവസരവും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായിരുന്നു.
ഉള്‍ക്കാഴ്ചകള്‍ കേവലം സൈദ്ധാന്തികമായി നിലനിന്നില്ല എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്; അവസരം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം ആശയങ്ങളെ പ്രാവര്‍ത്തികമാക്കി. അത്തരത്തിലുള്ള പ്രശ്നപരിഹാരങ്ങള്‍ പലപ്പോഴും ആകസ്മികങ്ങളായിരുന്നു. ഉദാഹരണത്തിന്, കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ പുനര്‍വികസന വേളയില്‍, തണുത്ത മാര്‍ബിള്‍ തറകളില്‍ നഗ്നപാദരായി നടക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന ജീവനക്കാരെ അദ്ദേഹം ശ്രദ്ധിക്കുകയും അതിവേഗം ചണ സ്ലിപ്പറുകള്‍ ലഭ്യമാക്കുകയും ചെയ്തു. ശൈത്യകാലത്തും വേനല്‍ക്കാലത്തും ഒരുപോലെ പ്രവൃത്തികമാക്കാനാകുന്ന ലളിതമായ പരിഹാരമായിരുന്നു അത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍, ടാക്റ്റൈല്‍ പേവിങ് അഥവാ സ്പര്‍ശ സംവേദന പ്രതലങ്ങളോട് കൂടിയ നടപ്പാത എന്ന ആശയം സ്വായത്തമാക്കിയതാണ് മറ്റൊരു സംഭവം. ഈ ആശയം കാഴ്ച പരിമിതര്‍ക്കായി അഹമ്മദാബാദില്‍ പ്രവൃത്തികമാക്കണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. പലപ്പോഴും അവഗണിക്കപ്പെടുന്ന വിശദാംശങ്ങളെപ്പോലും ദൈനംദിന ജീവിതം സുഗമമാക്കുന്ന പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റുന്ന സ്ഥിരമായ ശീലമാണ് ഇതിലൂടെ വെളിവാകുന്നത്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ളവയായിരുന്നു അദ്ദേഹത്തിന്‍റെ ചില ആശയങ്ങള്‍. 1993ല്‍ ലോസ് ഏഞ്ജല്‍സിലേക്കുള്ള ഒരു യാത്രയില്‍, "ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച" സാധ്യമാക്കുന്ന ക്ലസ്റ്ററുകളെക്കുറിച്ച് അദ്ദേഹം പഠിച്ചു; വര്‍ഷങ്ങള്‍ക്ക് ശേഷം, ആ കുറിപ്പുകള്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയെ ഇന്ത്യയുടെ സാമ്പത്തിക അഭിലാഷങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനുള്ള പ്രചോദനമായി മാറി. അതേ ജിജ്ഞാസയാണ് അഹമ്മദാബാദിലെ സബര്‍മതി നദീതീരത്തെയും രൂപപ്പെടുത്തിയത്. അവിടെ അദ്ദേഹം, ലോകമെമ്പാടുമുള്ള മികച്ച രീതികള്‍ പഠിക്കാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചു. അന്തിമ രൂപകല്‍പ്പനയുടെ സമയമായപ്പോള്‍, അവ പ്രാദേശിക ആവശ്യകതകളില്‍ വേരൂന്നിയതാണെന്ന് ഉറപ്പാക്കി. പ്രാദേശിക സമൂഹങ്ങളെ സേവിക്കാനുതകും വിധം പരിവര്‍ത്തനം ചെയ്യാന്‍ സാധ്യതയുള്ള ആഗോള മാതൃകകള്‍ക്കേ അദ്ദേഹം പ്രാധാന്യം കല്പിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്‍റ നിരീക്ഷണങ്ങള്‍ പ്രശംസനീയമായ ഒറ്റപ്പെട്ട കുറിപ്പുകളായിരുന്നില്ല. മറിച്ച് സാഹചര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ തിരിച്ചെത്തുന്ന വിഭവശേഷിയുടെ ശേഖരങ്ങളായിരുന്നു. ഈ ആശയശേഖരങ്ങള്‍ പിന്നീട് വന്‍കിട പദ്ധതികളായി വിവര്‍ത്തനം ചെയ്യപ്പെട്ടു.
2002ല്‍, കച്ചിലെ വിനാശകരമായ ഭൂകമ്പത്തിനുശേഷം, മോദി ഈ രീതി ദുരന്ത നിവാരണത്തിലേക്ക് കൂടി വ്യാപിപ്പിച്ചു. പതിവ് ഉദ്യോഗസ്ഥ മാതൃകകള്‍ നിരസിച്ചുകൊണ്ട്, ജപ്പാനിലെ കോബെയുടെ ഭൂകമ്പ പുനരുദ്ധാരണം പഠിക്കാനും അതിന്‍റെ ആസൂത്രകരുമായി ബന്ധപ്പെടാനും അദ്ദേഹം തന്‍റെ സംഘത്തെ നിയോഗിച്ചു. പക്ഷേ ഒരു കാര്യം അദ്ദേഹത്തിന് വ്യക്തമായിരുന്നു: മാതൃകകള്‍ അതേപോലെ നടപ്പാക്കാന്‍ പാടില്ല. പകരം, ഭൂകമ്പ പ്രതിരോധശേഷിയുള്ള ഭവനങ്ങള്‍, സുരക്ഷിതമായ നിര്‍മ്മാണ രീതികള്‍, സാമൂഹിക പങ്കാളിത്തം തുടങ്ങി ഗുജറാത്തിന് അടിയന്തരമായി ആവശ്യമുള്ള പരിഹാരങ്ങളായി ഈ ഉള്‍ക്കാഴ്ചകളെ പുനരാവിഷ്കരിച്ചു. ഇന്ത്യയിലെ ദുരന്ത പുനരധിവാസത്തിനുള്ള അംഗീകൃത മാനദണ്ഡമായി ഇത് പിന്നീട് മാറി. ഒരു പ്രതിസന്ധിയെ അന്താരാഷ്ട്രതലത്തിലെ ജ്ഞാനത്തെയും ഇന്ത്യന്‍ ഉദ്യമങ്ങളെയും സമന്വയിപ്പിക്കുന്നതിനുള്ള പരീക്ഷണ കേന്ദ്രമാക്കി എങ്ങനെ മാറ്റാനാകുമെന്ന് കാണിച്ചുതന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍, അദ്ദേഹം ഈ കീഴ്വഴക്കം തുടര്‍ന്നു. ദക്ഷിണ കൊറിയയിലെ നദീ ശുചീകരണ പദ്ധതികള്‍ സന്ദര്‍ശിച്ചപ്പോള്‍ ഉള്‍ക്കൊണ്ട പാഠങ്ങള്‍ നമാമി ഗംഗയിയിലൂടെ അദ്ദേഹം പ്രയോഗികമാക്കി.
രാജ്യത്തിനുള്ളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആശയങ്ങളോടും അദ്ദേഹം തുല്യമായ താത്പര്യം പ്രകടിപ്പിച്ചു പോരുന്നു. ഇതിന് ഒരു ശ്രദ്ധേയമായ ഉദാഹരണമാണ് നാനോ യൂറിയ. ഒരു യുവ ശാസ്ത്രജ്ഞന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ നിർദേശത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു നൂതനാശയമായിരുന്നു അത്. മോദി അതിന്‍റെ സാധ്യതകള്‍ ഉടനടി തിരിച്ചറിഞ്ഞു. അതിന്‍റെ വികസനത്തിനായി പ്രേരിപ്പിച്ചു. ഇന്ന്, അതിന്‍റെ ഒരു ചെറിയ കുപ്പി വളം ഒരു ചാക്ക് പരമ്പരാഗത വളത്തിന് പകരമായി ഉപയോഗിക്കാം. ഇത് ചെലവ് ചുരുക്കുകയും കര്‍ഷകരുടെ ജോലിഭാരം ലഘൂകരിക്കുകയും ചെയ്യുന്നു. അതേ തുറന്ന സമീപനമാണ് സര്‍ക്കാര്‍ പരിപാടികളെയും രൂപപ്പെടുത്തുന്നത്: സാമ്പത്തിക ശാക്തീകരണ പദ്ധതിക്ക് പേരിടുന്നതിനായി പൊതുജനാഭിപ്രായം തേടിയപ്പോള്‍, "ജന്‍ ധന്‍" എന്ന പദം നിര്‍ദ്ദേശിച്ചത് പൗരന്മാരാണ്. ശാസ്ത്രജ്ഞരില്‍ നിന്നായാലും സാധാരണക്കാരില്‍ നിന്നായാലും നൂതനാശയനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, തദ്ദേശീയ ആശയങ്ങളെ ദേശീയ പരിഹാരങ്ങളിലേക്ക് എങ്ങനെ ഉയര്‍ത്താമെന്ന് മോദി കാണിച്ചുതന്നു.
ഈ കഥകളിലൂടെയെല്ലാം, മോദിയുടെ ജീവിതത്തിലെ സ്ഥായീഭാവം വെളിപ്പെടുന്നു. ഒരു ക്ഷേത്രത്തിലെ ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുതല്‍, ഒരു ആധുനിക നഗരം രൂപകല്‍പ്പന ചെയ്യുന്നതും, തകര്‍ന്ന ഒരു പ്രദേശം പുനര്‍നിർമിക്കുന്നതും, മികച്ച വളം സ്വീകരിക്കുന്നതു വരെ, അദ്ദേഹത്തിന്‍റെ ശൈലി അതേപടി തുടരുന്നു: സാഹചര്യം ശ്രദ്ധാപൂർവം നിരീക്ഷിക്കുക, ജനങ്ങള്‍ക്ക് യഥാർഥത്തില്‍ എന്താണ് വേണ്ടതെന്ന് തിരിച്ചറിയുക, അത് നിറവേറ്റുന്നതിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുക. ""ആനോ ഭദ്രാഃ ക്രതവോ യാന്തു വിശ്വതഃ'' (എല്ലാ ദിശകളില്‍ നിന്നും ഉദാത്തമായ ചിന്തകള്‍ വരട്ടെ) എന്ന ഭാരതീയ ദര്‍ശനം പിന്തുടര്‍ന്ന്, മോദി ഓരോ യാത്രയില്‍ നിന്നും സംഭാഷണങ്ങളില്‍ നിന്നും ഉള്‍ക്കാഴ്ചകള്‍ തേടുകയും ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ അവ ഉപയോഗിക്കാന്‍ സ്ഥിരതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആത്യന്തികമായി, അദ്ദേഹം പിന്തുടരുന്ന ഓരോ ആശയവും ജനങ്ങള്‍ക്കുവേണ്ടിയാണ്, അവരുടെ ജീവിതത്തിലും വികസിത ഭാരതത്തിനായുള്ള അഭിലാഷങ്ങളിലും അടിയുറച്ചതാണ്.
(മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് രചയിതാവ്. കേന്ദ്ര ധനകാര്യ, റവന്യൂ സെക്രട്ടറിയായി വിരമിച്ചു).