ഹോർമുസ് കടലിടുക്കിനു പുറത്തുള്ള സുപ്രധാന തുറമുഖം എന്ന നിലയിൽ ഫുജൈറയ്ക്ക് പ്രധാന്യം ഏറെ.

 

MV Graphics

Special Story

യുദ്ധകാലത്ത് എണ്ണ വിപണിയിൽ നിർണായകമായി യുഎഇയിലെ ഫുജൈറ തുറമുഖം

ഇറാൻ-ഇസ്രായേൽ യുദ്ധം ഹോർമുസ് കടലിടുക്കിലെ എണ്ണനീക്കം തടസപ്പെടുത്തുമ്പോൾ, ലോകത്തിന്‍റെ ഇന്ധന ആവശ്യങ്ങളിൽ രക്ഷാകേന്ദ്രമായി യുഎഇയിലെ ഫുജൈറ തുറമുഖം മാറുന്നു.

VK SANJU

ദുബായ്: ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുമ്പോൾ, ആഗോള എണ്ണ വ്യാപാരത്തിന്‍റെ ഗതി നിർണയിക്കുന്ന കേന്ദ്രമായി യുഎഇയിലെ ഫുജൈറ തുറമുഖം മാറുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഫുജൈറയുടെ പ്രാധാന്യം വർദ്ധിച്ചത്.

ലോകത്തെ മൊത്തം എണ്ണ നീക്കത്തിന്‍റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇറാന്‍റെ നിയന്ത്രണത്തിലുള്ള ഇവിടെ, യുദ്ധസാഹചര്യത്തിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക തകർച്ചയ്ക്കു തന്നെ ഇതു കാരണമാകും.

ഫുജൈറയുടെ തന്ത്രപരമായ സ്ഥാനം

ഹോർമുസ് കടലിടുക്കിനു പുറത്ത്, ഒമാൻ ഉൾക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നു എന്നതാണ് ഫുജൈറ തുറമുഖത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. ഹോർമുസ് കടലിടുക്ക് കടക്കാതെ തന്നെ സൗദി അറേബ്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള എണ്ണ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കാൻ ഫുജൈറ സഹായിക്കുന്നു.

അബുദാബിയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് ഫുജൈറയിലേക്ക് നീളുന്ന 360 കിലോമീറ്റർ പൈപ്പ് ലൈൻ (ADCOP) വഴി പ്രതിദിനം 15 ലക്ഷം ബാരൽ എണ്ണയാണ് ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ കയറ്റുമതി ചെയ്യുന്നത്.

യുദ്ധം തകർത്ത എണ്ണ വിപണി

ഇറാന്‍റെ എണ്ണക്കപ്പലുകൾക്കും സംസ്കരണ കേന്ദ്രങ്ങൾക്കും നേരെ ഇസ്രായേൽ ആക്രമണം ആരംഭിച്ചതോടെ വിപണിയിൽ കനത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.

എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, സപ്ലൈ തടസപ്പെടാതിരിക്കാൻ ഫുജൈറയിലെ കൂറ്റൻ എണ്ണ സംഭരണികൾ ലോകരാഷ്ട്രങ്ങൾക്ക് വലിയ ആശ്വാസമാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ 'ബങ്കറിങ്' (കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്ന കേന്ദ്രം) ഹബ്ബാണ് ഫുജൈറ.

ഫുജൈറയ്ക്കും ഇറാന്‍റെ ഭീഷണി

ആഗോള എണ്ണ നീക്കത്തിൽ ഫുജൈറയ്ക്ക് ഇപ്പോഴുള്ള തന്ത്രപ്രധാന സ്ഥാനം മനസിലാക്കി തന്നെയാണ് ഇറാന്‍റെ ഡ്രോണുകൾ ആ തുറമുഖത്തെ ലക്ഷ്യം വയ്ക്കുന്നതും. യുദ്ധം തുടങ്ങിയ ശേഷം വിവിധ ആക്രമണങ്ങളിലായി ഫുജൈറ തുറമുഖത്തിനടുത്ത് തീപിടിത്തങ്ങളുണ്ടായി. രണ്ടു വട്ടവും എണ്ണ സംഭരണവും വിതരണവും മണിക്കൂറുകൾക്കുള്ളിൽ പുനസ്ഥാപിക്കാൻ യുഎഇക്കു സാധിക്കുകയും ചെയ്തിരുന്നു.

അതേസമയം, യുഎസിനോടും ഇസ്രയേലിനോടുമുള്ള പക അയൽരാജ്യങ്ങളോടു തീർത്തുകൊണ്ടിരിക്കുന്ന ഇറാൻ, ആഗോള എണ്ണ വ്യാപാരം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെ ഫുജൈറയെ ഇനിയും ലക്ഷ്യമിടാനുള്ള സാധ്യതയും വർധിക്കുകയാണ്.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്