ദേശീയ ജലപാതകളിലൂടെ മുന്നോട്ടൊഴുകുന്ന സുസ്ഥിര ലോജിസ്റ്റിക്സ്
ട്രക്കുകളിൽ കൊണ്ടുപോകുന്നതിനു പകരം ചരക്കുകൾ ബാർജുകളിൽ ഒഴുകിനീങ്ങുന്നു; ലോജിസ്റ്റിക് ഇടനാഴികൾ ഹൈവേകൾക്കു പകരം നദികളിലൂടെ കുതിക്കുന്നു; വ്യാപാരം വികസിക്കുമ്പോഴും കാർബൺ പാദമുദ്രകൾ ചുരുങ്ങുന്നു – അത്തരമൊരു ഭാവി ഇന്ത്യയെ സങ്കൽപ്പിച്ചു നോക്കൂ. ആ ഭാവി വെറും ഭാവനയല്ല; നമ്മുടെ കൈയെത്തും ദൂരത്താണത്. ഇന്ത്യ വികസിതവും അക്ഷരാർഥത്തിൽ സ്വയംപര്യാപ്തവുമാകണമെങ്കിൽ, ഉൾനാടൻ ജലഗതാഗതം (ഐഡബ്ല്യുടി) സുസ്ഥിര ലോജിസ്റ്റിക്സ് വിപ്ലവത്തിന്‍റെ അച്ചുതണ്ടായി മാറണം.
നദികൾ 4,000 വർഷമായി ഇന്ത്യയുടെ വ്യാപാരത്തിന്‍റെ വാഹകരായിരുന്നു. അവ ലോഥലിനെ റോമുമായും, ബംഗാളിനെ ബർമയുമായും, അസമിനെ തെക്കുകിഴക്കൻ ഏഷ്യയുടെ മറ്റു ഭാഗങ്ങളുമായും കൂട്ടിയിണക്കി. എന്നിരുന്നാലും, വേഗതയുടെയും ഉരുക്കിന്‍റെയും തിളക്കവുമായെത്തിയ റോഡുകളും റെയ്‌ൽവേകളും നദികളെ പിന്തള്ളി മുന്നോട്ടുവന്നു. ഇന്ന്, കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും സാമ്പത്തിക സമ്മർദങ്ങളുടെയും കാലഘട്ടത്തിൽ, കാറ്റു വീണ്ടും മാറിവീശുകയാണ്. ഓർമകളോടുള്ള ഇഷ്ടം കൊണ്ടല്ല; മറിച്ച്, ആവശ്യകതയാൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഉൾനാടൻ ജലപാതകൾക്കു നയപരമായ അഭൂതപൂർവ ശ്രദ്ധ ലഭിച്ചു. ദേശീയ ജലപാതകളിലൂടെയുള്ള ചരക്കുനീക്കം 2013-14ലെ 18.1 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2024-25ൽ 145.84 ദശലക്ഷമായി ഉയർന്നു. പ്രവർത്തനച്ചെലവ് ഈ യുക്തിയെ ശരിവയ്ക്കുന്നു. ജലമാർഗം ടണ്ണിന് കിലോമീറ്ററിന് ₹1.20, റെയ്‌ൽ വഴി ₹1.40, റോഡ് മാർഗം ₹2.28 ആണ് ചെലവുവരുന്നത്. ജലപാതകൾ ലാഭകരവും ഇന്ധനക്ഷമവുമാണ്. റോഡ് മാർഗം ഒരു ടണ്ണിന് കിലോമീറ്ററിന് 0.0313 ലിറ്ററും റെയ്‌ൽ മാർഗം 0.0089 ലിറ്ററുമാണ് ഇന്ധനം ആവശ്യമെങ്കിൽ, ജലമാർഗം വേണ്ടത് 0.0048 ലിറ്റർ മാത്രം. ഏതു വിതരണശൃംഖലാ പരിപാലനത്തിന്‍റെയും കണ്ണു തുറപ്പിക്കുന്നതാണ് ഈ കണക്കുകൾ.
ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, നദികളിൽ ടൺ കിലോമീറ്ററിന്, ഹരിതഗൃഹ വാതക ബഹിർഗമനം റോഡുകളിലൂടെയുള്ളതിന്‍റെ അഞ്ചിലൊന്നു മാത്രമാണ് എന്നതാണ്. ഗംഗയിലോ ബ്രഹ്മപുത്രയിലോ സഞ്ചരിക്കുന്ന ഓരോ ബാർജും ചരക്കുകൾ കൊണ്ടുപോകുക മാത്രമല്ല, ഇന്ത്യയുടെ കാർബൺ മനഃസാക്ഷിയെ ശുദ്ധീകരിക്കുക കൂടിയാണ്.
2016ൽ ഇന്ത്യാ ഗവണ്മെന്‍റ് അംഗീകരിച്ച ദേശീയ ജലപാത-1ലെ ജൽ മാർഗ് വികാസ് പദ്ധതി ഗംഗ- ഭാഗീരഥി- ഹൂഗ്ലി നദീതടത്തിലെ ചരക്കുനീക്കത്തിൽ മാറ്റങ്ങൾ വരുത്തുകയാണ്. ദേശീയപാതാ ലോജിസ്റ്റിക്സ് മാനെജ്മെന്‍റ് ലിമിറ്റഡിന്‍റെ (എൻഎച്ച്എൽഎംഎൽ) പങ്കാളിത്തത്തോടെ വാരാണസി, സാഹിബ് ഗഞ്ജ് തുടങ്ങിയ ബഹുതല ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അതേസമയം, ഇന്ത്യൻ പോർട്ട് റെയ്‌ൽ ആൻഡ് റോപ്‌വേ കോർപ്പറേഷൻ ലിമിറ്റഡ് (ഐപിആർസിഎൽ), ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഡിഎഫ്സിസിഐഎൽ) എന്നിവ വഴിയുള്ള റെയ്‌ൽ ബന്ധങ്ങൾ കെട്ടിപ്പടുത്ത് നദി, റെയ്‌ൽ, റോഡ് എന്നിവയെ തടസമില്ലാതെ സംയോജിപ്പിക്കുന്നു. ദേശീയ ജലപാത- 2ൽ (ബ്രഹ്മപുത്ര നദി) ജോഗീഘോപ ഐഡബ്ല്യുടി ടെർമിനൽ ബഹുതല ലോജിസ്റ്റിക്സ് പാർക്കുമായി (എംഎംഎൽപി) ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ഇൻഡോ- ബംഗ്ലാദേശ് ഔപചാരിക പാത വഴി കൊൽക്കത്ത, ഹൽദിയ തുറമുഖങ്ങളെയും കൂട്ടിയിണക്കുന്നു.
ഐഡബ്ല്യുടിയുടെ സാധ്യതകൾ ഇതിനകം പ്രവർത്തനത്തിൽ ദൃശ്യമാണ്. പ്രധാനമന്ത്രി അടുത്തിടെ ഉദ്ഘാടനം ചെയ്ത അസമിലെ നുമാലിഗഢ് റിഫൈനറി ലിമിറ്റഡ് (എൻആർഎൽ) വിപുലീകരണ പദ്ധതി നോക്കാം. ഓവർ ഡൈമൻഷണൽ കാർഗോ (ഒഡിസി), ഓവർ വെയ്റ്റ് കാർഗോ (ഒഡബ്ല്യുസി) എന്നിവയുൾപ്പെടെ, എണ്ണ ശുദ്ധീകരണശാലയ്ക്കുള്ള ഭാരമേറിയ ഉപകരണങ്ങൾ ഐഡബ്ല്യുഎഐയുടെ മേൽനോട്ടത്തിൽ ഇൻഡോ- ബംഗ്ലാദേശ് ഔപചാരിക (ഐബിപി) പാത വഴിയും ബ്രഹ്മപുത്ര നദിയിലൂടെയുമാണ് എത്തിച്ചത്. തിരക്കേറിയ ഹൈവേകൾ ഒഴിവാക്കി, എൻആർൽ ജെട്ടിയിലേക്കു കാര്യക്ഷമമായും സുരക്ഷിതമായും നീങ്ങിയ 24 ചരക്കുകളും ഇതിൽ ഉൾപ്പെടുന്നു. അമിത ഭാരമുള്ള ചരക്കുകളിൽ റോഡ് ഗതാഗതത്തിന്‍റെ സങ്കീർണതകൾ ഇത് ഒഴിവാക്കുന്നു. നദീമാർഗമുള്ള ലോജിസ്റ്റിക്സ് പാരിസ്ഥിതികമായി പ്രായോഗികം മാത്രമല്ല, ചെലവു കാര്യക്ഷമത, സുരക്ഷ, സുസ്ഥിരത എന്നിവ സംയോജിപ്പിച്ച്, ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വ്യാവസായിക കയറ്റുമതികൾ കൈകാര്യം ചെയ്യാൻ പൂർണമായും പ്രാപ്തമാണെന്നും ഈ പ്രവർത്തനം കാണിച്ചുതന്നു.
വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇതു ഗൃഹാതുരത്വത്തിന്‍റെയോ രാജ്യത്തിന്‍റെ പെരുമയുടെയോ കാര്യമല്ല, ലാഭത്തെയും വിപണികളെയും കുറിച്ചുള്ളതാണ്. ബഹുതല കേന്ദ്രങ്ങൾ സജീവമാകുന്നതോടെ, ജലമാർഗമുള്ള ചരക്കു നീക്കം ചെലവു കുറഞ്ഞതും സംശുദ്ധവും വേഗതയേറിയതുമാകും. ആഗോള നിക്ഷേപകർ കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, പാരിസ്ഥിതിക ആഘാതത്തിന്‍റെ അടിസ്ഥാനത്തിലും വിതരണ ശൃംഖലകളെ വിലയിരുത്തുന്ന ലോകത്ത്, നദീഗതാഗതത്തിലേക്കു മാറുന്നതു തന്ത്രപരമായ മുൻഗണന നൽകുന്നു. കാർബൺ ചട്ടങ്ങൾ പാലിക്കൽ പ്രധാന ഘടകമായി മാറിയിരിക്കുന്നു. ഇത് ഉൾനാടൻ ജലപാതകളെ ആധുനിക ലോജിസ്റ്റിക്സിന്, മികച്ചതും സുസ്ഥിരവുമായ തെരഞ്ഞെടുപ്പാക്കി മാറ്റുന്നു. ജലമാർഗമുള്ള ചരക്കുനീക്കത്തിലൂടെ, കുറഞ്ഞ ചെലവ് എന്ന നേട്ടത്തിനൊപ്പം, മികച്ച പാരിസ്ഥിതിക- സാമൂഹ്യ- ഭരണനിർവഹണ (ഇഎസ്ജി) യോഗ്യതകൾ എന്ന നേട്ടവും കൈവരും.
ഇവിടെ യഥാർഥ സാമൂഹ്യമെച്ചം കൂടിയുണ്ട്. ട്രക്കുകൾ കുറയുമ്പോൾ അപകടങ്ങൾ കുറയുന്നു; റോഡ് അറ്റകുറ്റപ്പണിയുടെ സമ്മർദം കുറയുന്നു; വായു മലിനീകരണം കുറയുന്നു. ഒപ്പം, കൂടുതൽ സ്ഥിരതയുള്ള ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കൈവരുന്നു. ഒരിക്കൽ കടത്തു ഗതാഗതത്തെയോ ചെറുകിട വ്യാപാരത്തെയോ ആശ്രയിച്ചിരുന്ന പല നദീതീര സമൂഹങ്ങൾക്കും ലോജിസ്റ്റിക്സ് പിന്തുണ, കൈകാര്യം ചെയ്യൽ, സംഭരണം, ഉൾനാടൻ തുറമുഖ സേവനങ്ങൾ എന്നിവയിൽ പുതിയ ലക്ഷ്യം കണ്ടെത്താൻ കഴിയും. ഇതു പുണ്യപ്രവൃത്തിയല്ല, സാമാന്യബുദ്ധി വീണ്ടെടുക്കുന്ന കച്ചവടമാണ്.
തീർച്ചയായും പ്രതിസന്ധികൾ ഇപ്പോഴും നിലനിൽക്കുന്നു. കാലാവസ്ഥാ വ്യതിയാനം നദീസഞ്ചാരത്തെ ബാധിക്കുന്നു. ചില പ്രദേശങ്ങളിൽ നിരന്തരമായ ഡ്രെഡ്ജിങ് ആവശ്യമാണ്. കപ്പലുകളുടെ എണ്ണം പരിമിതമാണ്. സംസ്ഥാനങ്ങൾ, തുറമുഖങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലുടനീളം സ്ഥാപനപരമായ ഏകോപനം വെല്ലുവിളിയാണ്. എന്നാൽ, ഗവണ്മെന്‍റ് നേരിട്ട് ഇവയിൽ ഇടപെടുകയാണ്. ആദ്യന്തമുള്ള ഡ്രെഡ്ജിങ്, ബഹുതല കേന്ദ്രങ്ങൾ വികസിപ്പിക്കൽ, ഉൾനാടൻ യാനപാത്രാ നിയമം പോലുള്ള നയങ്ങൾ സ്ഥാപിക്കൽ, ദേശീയ ജലപാതകളിൽ സ്വകാര്യ ജെട്ടികൾക്ക് അനുമതി, "ഹരിത് നൗക' പ്രകാരം പാരിസ്ഥിതിക മാനദണ്ഡങ്ങൾ കൂടുതൽ പാലിക്കുന്നതിലൂടെ മേഖലയെ സംശുദ്ധവും ഹരിതവുമാക്കൽ എന്നിവയെല്ലാം ഇതിന്‍റെ ഭാഗമാണ്. സിഎആർ-ഡി (കാർഗോ ഡേറ്റ പോർട്ടൽ), ജൽയാൻ ആൻഡ് നാവിക്, ജൽ സമൃദ്ധി, പിഎഎൻഐ (പാനി), നൗദർശിക (നാഷണൽ റിവർ ട്രാഫിക് ആൻഡ് നാവിഗേഷൻ സിസ്റ്റം) പോർട്ടലുകളും വെസൽ ട്രാക്കിങ് സിസ്റ്റങ്ങളും പോലുള്ള ഡിജിറ്റൽ സങ്കേതങ്ങൾ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും തടസങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
ആഗോളതലത്തിൽ മാതൃക വ്യക്തം. ഡാന്യൂബ്, റൈൻ നദികൾ യൂറോപ്പിന്‍റെ പ്രധാന ചരക്കുവാഹകരാണ്. കൂടുതൽ സഞ്ചാരയോഗ്യമായ നദികളുടെ സമ്പന്നമായ ശൃംഖലയുള്ള ഇന്ത്യക്ക് ഈ മേഖലയിൽ സവിശേഷ സ്ഥാനമുണ്ട്. 2070ഓടെ നെറ്റ്- സീറോ എന്ന ലക്ഷ്യം ഇന്ത്യ ഗൗരവമായി പിന്തുടരുമ്പോൾ, ജലപാതകൾ താത്കാലിക മാർഗമല്ല; അനിവാര്യമാണ്. കാര്യക്ഷമത, ലാഭം, പരിസ്ഥിതി എന്നീ എല്ലാ മാനദണ്ഡങ്ങളിലും അവ വിജയിക്കുന്നു. കണക്കുകൾ ശരിയാണ്; കാലാവസ്ഥാപരമായ വാദം അലംഘനീയമാണ്; കൂടാതെ, സാംസ്കാരികപരമായ യുക്തി നിഷേധിക്കാനാകാത്തതും.
ഒക്റ്റോബറിൽ മുംബൈയിൽ നടന്ന ""ഇന്ത്യ സമുദ്രവാരം- 2025''ൽ, ആഗോള- പ്രാദേശിക നയരൂപീകരണ വിദഗ്ധർ വലിയതും വളർന്നുവരുന്നതുമായ ലോജിസ്റ്റിക്സ് പ്രമുഖർ, ഗവണ്മെന്‍റുകൾ, നിക്ഷേപകർ, സമുദ്ര വിദഗ്ധർ, പരിസ്ഥിതി പ്രവർത്തകർ, ഗവേഷകർ എന്നിവർ ആശയങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഗംഗ, ബ്രഹ്മപുത്ര, മറ്റു ജലപാതകൾ എന്നിവയ്ക്കു കൂടുതൽ ഹരിതാഭവും കാര്യക്ഷമവുമായ ഇന്ത്യയുടെ അടിത്തറയായി മാറാൻ കഴിയുന്നത് എങ്ങനെയെന്ന് ഇതു വ്യക്തമാക്കും. ചരക്കു ഗതാഗതത്തെ കേന്ദ്രീകരിച്ചുള്ള നദീഗതാഗതത്തിന്‍റെ ഭാവി പ്രദർശിപ്പിക്കും.
നദികളാണു നമ്മുടെ നാഗരികത കെട്ടിപ്പടുത്തത്. നമ്മുടെ സമ്പന്നമായ പൈതൃകം സ്വീകരിച്ചും ആഗോളതലത്തിലെ മികച്ച രീതികൾ സമന്വയിപ്പിച്ചും പുനരുജ്ജീവിപ്പിച്ചതും ആധുനികവത്കരിച്ചതുമായ ഉൾനാടൻ ജലഗതാഗത സംവിധാനത്തിലൂടെ സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ ഇന്ത്യ സജ്ജമാണ്. ഗതിവേഗം നമുക്കൊപ്പമാണ്. നമുക്ക് അനുകൂലമായ ആ പ്രവാഹമിപ്പോൾ ഹരിത ലോജിസ്റ്റിക്സിന്‍റെ ഭാവിയിലേക്ക് ഇന്ത്യയെ നയിക്കുന്ന കരുത്തായി മാറുന്നു.