രാജീവ ്ചന്ദ്രശേഖർ 

 

file photo

Special Story

എൽഡിഎഫിൽ നിന്നകന്ന് ദളിത്, പിന്നാക്ക വിഭാഗങ്ങൾ

വ്യാപക കൂറുമാറ്റം എൻഡിഎയിലേക്ക്, ചേർത്തു നിർത്താൻ തന്ത്രങ്ങളുമായി യുഡിഎഫ്

Reena Varghese

ശരത് ഉമയനല്ലൂർ

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നിൽ കണ്ട് പ്രചരണ ജാഥകൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് എൽഡിഎഫ് നേതൃത്വം നൽകുന്നുണ്ടെങ്കിലും ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായിരുന്ന ദളിത്- പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ പിന്മാറ്റം ഇടത് കേന്ദ്രങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ വിശദീകരണവുമായി സിപിഎം നടത്തിയ ഗൃഹ സമ്പർക്ക പരിപാടികൾ പാളിയതും വലിയ തിരിച്ചടിയായി.

എൻഡിഎയുടെ ശക്തമായ മുന്നേറ്റം ഒരു കാലത്ത് ഇടതിന്‍റെ, പ്രത്യേകിച്ച് സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളായിരുന്ന ദളിത് മേഖലകളിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നതാണു വസ്തുത. പരമ്പരാഗതമായി എൽഡിഎഫിന് ലഭിച്ചിരുന്ന ഈ വോട്ട് ബാങ്കിലേക്ക് മറ്റു പാർട്ടികൾ കടന്നുകയറുന്നുണ്ട്.

ആദിവാസി ഗോത്ര നേതാക്കളായ സി.കെ. ജാനുവിന്‍റെയും ഗീതാനന്ദന്‍റെയും ദളിത് ആക്റ്റിവിസ്റ്റ് സണ്ണി എം കപിക്കാടിന്‍റെയും യുഡിഎഫ് ചായ്‍വിനെ ആശങ്കയോടെയാണ് ഇടത് നേതൃത്വം കാണുന്നത്. ഇടതു സഹയാത്രികരായിരുന്ന കവി സച്ചിദാദനന്ദനും സാഹിത്യകാരി സാറാ ജോസഫുമൊക്കെ തുടർഭരണം വേണ്ടെന്നു പറയുന്നതും പാർട്ടിയെ ഞെട്ടിച്ചു.

അതേസമയം സിപിഎമ്മിനോട്, പ്രത്യേകിച്ച് മുഖ്യമന്ത്രിയോട് ഏറെ അടുപ്പം പുലർത്തുന്ന ദളിത് സംഘടനാ നേതാവ് കേരള ദളിത് ഫെഡറേഷൻ (കെഡിഎഫ്) സംസ്ഥാന പ്രസഡന്‍റ് പി. രാമഭ്രൻ മാത്രമാണ്. അദ്ദേഹത്തിനൊപ്പം നിൽക്കുന്നവരുടെ പൂർണ പിന്തുണ എൽഡിഎഫിനാണ്. നിരവധി ദളിത് സംഘടകളുടെ നേതാവായ രാമഭദ്രൻ ഇപ്പോൾ കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറി കൂടിയാണ്.

ഗോത്ര വിഭാഗങ്ങളിൽ ശക്തമായ ഇടപെടൽ നടത്താൻ ശേഷിയുള്ളവരാണ് ജാനുവും ഗീതാനന്ദനും. ഭൂരിപക്ഷം പേരുമില്ലെങ്കിലും വലിയൊരു വിഭാഗത്തിന്‍റെ പിന്തുണ ഇപ്പോഴും ജാനുവിനുണ്ട് എന്നത് ഇടത് ചേരിയെ ദുർബലപ്പെടുത്തുന്നുണ്ട്. ഇതിനോടകം തന്നെ, നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശേരി സീറ്റുകൾ യുഡിഎഫിനോട് സി.കെ. ജാനു ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണതലത്തിലും പാർട്ടിയിലെ ഉയർന്ന തീരുമാനങ്ങൾ എടുക്കുന്ന കമ്മിറ്റികളിലും ദളിത്- പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന പരാതി ശക്തമാണ്. പ്രധാനപ്പെട്ട വകുപ്പുകളും പദവികളും സവർണ വിഭാഗങ്ങൾ കൈവശം വയ്ക്കുന്നു എന്ന വിമർശനം ദളിത് സംഘടനകൾ ഉന്നയിക്കുന്നുണ്ട്.

"അടിത്തട്ടിലെ വികസനം' എന്ന മുദ്രാവാക്യത്തിലൂടെയും ഹിന്ദുത്വ ഏകീകരണത്തിലൂടെയും പിന്നാക്ക വോട്ടുകളിൽ വലിയൊരു വിഹിതം പിടിച്ചെടുക്കാൻ ബിജെപിക്ക് സാധിക്കുന്നുണ്ട്. മുഖ്യധാരാ പാർട്ടികൾ തങ്ങളെ വോട്ട് ബാങ്കായി മാത്രം കാണുന്നു എന്ന തിരിച്ചറിവിൽ സ്വന്തമായി സംഘടിക്കുന്ന ദളിത് മുന്നേറ്റങ്ങൾ കേരളത്തിൽ ശക്തിപ്പെടുന്നു. ഇതിൽ ഏറിയ പങ്കും ഹിന്ദു ഐക്യവേദി പോലെയുള്ള സംഘപരിവാർ പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നു. അവർ എൻഡിഎയ്ക്ക് വോട്ടായി നിൽക്കാനാണ് സാധ്യത.

വിദ്യാഭ്യാസത്തിലൂടെയും വിദേശ ജോലികളിലൂടെയും ഈ വിഭാഗങ്ങളിൽ നിന്നുയർന്നു വന്ന പുതിയ മധ്യവർഗം പഴയ പാർട്ടി കൂറിനേക്കാൾ ഉപരിയായി തങ്ങളുടെ സാമുദായികവും സാമ്പത്തികവുമായ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നു. ഇടതുപക്ഷം തങ്ങളുടെ സ്വാഭാവിക വോട്ടർമാരായി കണ്ടിരുന്ന ഈ വിഭാഗങ്ങൾ ഇപ്പോൾ കൂടുതൽ ജാഗരൂകരാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഈ വിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കുക എന്നത് എൽഡിഎഫിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരിക്കും.

മുൻ ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതം കണക്കിലെടുത്താൽ സാമൂഹ്യ- രാഷ്‌ട്രീയ രംഗത്തെ ഏകദേശ മാറ്റം കാണാനാകും. ഏതാണ്ട് 50%ലേറെ വോട്ടുകൾ യുഡിഎഫിലേക്കും എൻഡിഎയിലേക്കും വഴിമാറുന്നു. ഈഴവ വിഭാഗ‌ത്തിലെ 45%ലധികം വോട്ടുകൾ എൻഡിഎ വലിയ രീതിയിൽ പിടിച്ചെടുക്കുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങളിലും ബിജെപിയുടെ സ്വാധീനം വർധിക്കുന്നു.

പിന്നാക്ക വിഭാഗങ്ങളിലെ ഒരു വിഭാഗം വോട്ടർമാർ മോദി സർക്കാരിന്‍റെ ക്ഷേമ പദ്ധതികളിലും ഹിന്ദുത്വ രാഷ്‌ട്രീയത്തിലും ആകൃഷ്ടരായി എൻഡിഎയിലേക്ക് മാറുന്നു. പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ ഈ മാറ്റം വൻതോതിൽ പ്രകടമാണ്. രാജീവ് ചന്ദ്രശേഖർ ബിജെപി പ്രസിഡന്‍റായതിനു ശേഷം ആ പാർട്ടിയിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്നെ പരസ്യമായി പറയുന്നു.

ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സമയങ്ങളിൽ ദളിത് വോട്ടുകളുടെ ഒരു പ്രധാന പങ്കു പരമ്പരാഗതമായി യുഡിഎഫിലേക്ക് പോകാറുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം ഈ പ്രവണത കണ്ടു. എന്നാൽ ഇക്കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ എൻഡിഎയിലേക്കാണ് പോയതെന്നാണ് വിലയിരുത്തൽ. ആലപ്പുഴ, കൊല്ലം പോലെയുള്ള ജില്ലകളിലെ പാർട്ടി ഗ്രാമങ്ങൾ എന്ന് സിപിഎം വിശേഷിപ്പിക്കപ്പെടുന്ന ഇടങ്ങളിൽ പോലും വോട്ട് വിഹിതം കുറയുന്നത് ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നു. സംവരണ മണ്ഡലങ്ങളിൽ മുൻപുണ്ടായിരുന്ന അപ്രമാദിത്വം എൽഡിഎഫിന് നഷ്ടമാകുന്നു.

മഹാത്മാ അയ്യങ്കാളിയെപ്പോലെയുള്ള നേതാക്കളെ ഹിന്ദുത്വ ഐക്കണുകളായി അവതരിപ്പിക്കുന്നത് ആ വിഭാഗത്തിലെ യുവാക്കളെ ആകർഷിക്കാൻ കാരണമാകുന്നു. ദളിത് സംഘടനകൾ ഉന്നയിക്കുന്ന പ്രധാന പരാതി തങ്ങൾക്ക് മന്ത്രിസഭയിലും ബോർഡ്, കോർപ്പറേഷനുകളിലും അർഹമായ സീറ്റുകൾ ലഭിക്കുന്നില്ല എന്നതാണ്. എന്നാൽ, കേന്ദ്രത്തിൽ ബിജെപി പിന്നാക്ക, ദളിത് വിഭാഗങ്ങൾക്കു സുപ്രധാന പദവികളിലടക്കം കാര്യമായ ഇടം നൽകുന്നുമുണ്ട്.

പുലയ സമുദായത്തിന് നിർണായക സ്വാധീനമുള്ള കുന്നത്തുനാട്, പുന്നപ്ര- വയലാർ മേഖലകൾ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ വോട്ട് ചോർച്ച ഇടതുപക്ഷത്തിന് വലിയ ഭീഷണിയാണ്. എൽഡിഎഫ് വോട്ടുകൾ ചോരുന്നത് നേരിട്ട് ഗുണകരമാകുന്നത് ഒന്നുകിൽ യുഡിഎഫിന്‍റെ തിരിച്ചുവരവിനോ അല്ലെങ്കിൽ ബിജെപിയുടെ വോട്ട് വിഹിതം വർധിക്കാനോ ആണ് വഴിയൊരുക്കുക.

"വീടുവീടാന്തരമുള്ള' ജനസമ്പർക്കം കൊണ്ട് പാർട്ടിയിൽ നിന്ന് അകന്നുപോയവരെ തിരികെ എത്തിക്കാൻ ബ്രാഞ്ച് തലം മുതൽ സ്ക്വാഡ് പ്രവർത്തനങ്ങൾ സിപിഎം ശക്തമാക്കിയിട്ടുണ്ട്. പാർട്ടി കേഡർമാർ വീടുകളിൽ നേരിട്ടെത്തി സർക്കാരിന്‍റെ ക്ഷേമപദ്ധതികൾ വിശദീകരിക്കുകയും പരാതികൾ കേൾക്കുകയും ചെയ്യുന്നു. പക്ഷേ, ജനങ്ങളുടെ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരങ്ങൾ നൽകാൻ സിപിഎം നേതാക്കൾക്കു കഴിയുന്നില്ല.

നേരത്തേ യുഡിഎഫും എൽഡിഎഫും നേരിട്ട് ഏറ്റുമുട്ടിയിരുന്ന പല മണ്ഡലങ്ങളിലും എൻഡിഎ പിന്നാക്ക വോട്ടുകൾ പിടിക്കുന്നതോടെ മത്സരം ത്രികോണമാകും. ഇത് എൽഡിഎഫിന്‍റെ വിജയസാധ്യതയുള്ള പല സീറ്റുകളിലും അപ്രതീക്ഷിത തോൽവികൾക്ക് കാരണമായേക്കാം.

കേരളത്തിലെ പട്ടികജാതി, പട്ടികവർഗ സംവരണ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് ഉണ്ടായിരുന്ന മേധാവിത്വം ഭീഷണിയിലാണ്. ദളിത് വോട്ടുകൾ ഭിന്നിച്ചു പോകുന്നത് ഈ മണ്ഡലങ്ങൾ നിലനിർത്താൻ എൽഡിഎഫ് ഏറെ വിയർക്കേണ്ടി വരും. മൂന്നാറിൽ കഴിഞ്ഞ ദിവസം സിപിഎം എംഎൽഎയായിരുന്ന എസ്. രാജേന്ദ്രനെയും സിപിഐ നേതാവായിരുന്ന ഗുരുനാഥനെയും സ്വീകരിക്കാൻ ബിജെപി സംഘടിപ്പിച്ച റാലിയിലേക്ക് എത്തിയ തോട്ടം തൊഴിലാളികൾ തന്നെയാണ് അതിന് ഉദാഹരണം.

ഫോൺവിളിച്ചിട്ട് എടുത്തില്ല, അന്വേഷിച്ചെത്തിയ ആൺസുഹൃത്ത് കണ്ടത് തൂങ്ങി നിൽക്കുന്ന ചിന്നുവിനെ; അന്വേഷണം തുടങ്ങി

ശബരിമല സ്വർണക്കൊള്ള: മൂന്നു പേരുടെ അറസ്റ്റ് ഉടനുണ്ടായേക്കും

സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു, ആദ്യഗഡു ഫെബ്രുവരിയിൽ

"ഒരു സംസ്ഥാനത്തും എസ്ഐആർ നടപടികൾ തടസപ്പെടാൻ അനുവദിക്കില്ല": സുപ്രീംകോടതി

ബിജെപി സ്വീകരണത്തിനിടെ ട്രെയിനെടുത്തു, ഓടിക്കയറി മേയർ; പിറകെ ഓടി കൗൺസിലർമാർ | Video