പ്രകാശ് രാജ്, നാസർ, മോഹൻലാൽ എന്നിവർ ഇരുവർ സിനിമയിൽ | സി.എൻ. അണ്ണാ ദുരൈ, എം. കരുണാനിധി, എംജിആർ
File
അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പരാജയവും ടിവികെയെ അധികാരത്തിൽ നിന്ന് അകറ്റാൻ ഡിഎംകെയുമായി സഖ്യം തേടിയ നീക്കവും പാർട്ടിയെ വീണ്ടും രണ്ട് വിഭാഗങ്ങളാക്കി. കരുണാനിധി-എംജിആർ പിളർപ്പിൽ നിന്നാരംഭിച്ച് ജാനകി-ജയലളിത, പനീർസെൽവം-ശശികല, പളനിസ്വാമി-ഷൺമുഖം വരെ നീളുന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങളുടെ കഥ.
സ്വന്തം ലേഖകൻ
തമിഴക രാഷ്‌ട്രീയത്തില്‍ അര നൂറ്റാണ്ടിലേറെയായി നിര്‍ണായക ശക്തിയാണ് അണ്ണാ ഡിഎംകെ. എന്നാല്‍, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 164 സീറ്റുകളില്‍ ആകെ ജയിച്ചത് 47 സീറ്റുകളിൽ മാത്രമാണ്. 2021ല്‍ പാര്‍ട്ടിക്ക് 66 എംഎല്‍എമാര്‍ ഉണ്ടായിരുന്നു.
ദയനീയ പരാജയത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍ ഇപ്പോള്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരികയും ചെയ്തിരിക്കുന്നു. വിജയ് നേതൃത്വം നൽകുന്ന ടിവികെയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ പാർട്ടിയിലെ ഒരു വിഭാഗം ഡിഎംകെയുമായി സഖ്യത്തിനു ശ്രമിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പ്രധാന കാരണം. മറുപക്ഷം നിയമസഭയിൽ ടിവികെയെ പിന്തുണയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇരുവറിൽ മോഹൻലാൽ, പ്രകാശ് രാജ് | എം. കരുണാനിധി, എം.ജി. രാമചന്ദ്രൻ
1972ല്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിലെ (ഡിഎംകെ) പിളര്‍പ്പില്‍ നിന്നാണ് അണ്ണാ ഡിഎംകെ പിറന്നത്. പാര്‍ട്ടിയുടെ സാമ്പത്തിക കാര്യങ്ങളെ ചോദ്യം ചെയ്യുകയും അഴിമതി ആരോപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അന്ന് ഡിഎംകെ ട്രഷററും നടനുമായിരുന്ന എം.ജി. രാമചന്ദ്രനെ (എംജിആര്‍) പുറത്താക്കി.
എംജിആറും ഡിഎംകെ നേതാവ് എം. കരുണാനിധിയും തമ്മിലുള്ള വ്യക്തിപരമായ ശത്രുതയാണ് പുറത്താക്കലിനുള്ള പ്രധാന കാരണമെന്നും പറയപ്പെടുന്നു. ഇതിനെ ആസ്പദമാക്കിയാണ് മണിരത്നം 'ഇരുവർ' എന്ന വിഖ്യാത ചലച്ചിത്രം ഒരുക്കിയത്. ഇതിൽ എം. കരുണാനിധിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തെ പ്രകാശ് രാജ് കൈകാര്യം ചെയ്തപ്പോൾ മലയാളികളുടെ മോഹൻലാലാണ് എംജിആർ ആയത്. ഇരുവരുടെയും രാഷ്ട്രീയഗുരുവും തമിഴ് രാഷ്ട്രീയത്തിലെ അതികായനും ഡിഎംകെ സ്ഥാപകനുമായി സി.എൻ. അണ്ണാ ദുരൈയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി നാസറും എത്തി.
അണ്ണാ ദുരൈയുടെ പേര് ചേർത്ത്, അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പേരിലാണ് എംജിആര്‍ ആദ്യം പാർട്ടി രൂപീകരിക്കുന്നത്. പിന്നീട് ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, അഥവാ എഐഎഡിഎംകെ എന്നു പുനർ നാമകരണം ചെയ്തു. നടന്‍ എന്ന നിലയില്‍ എംജിആറിനുണ്ടായിരുന്ന ആരാധകരെ ഉപയോഗപ്പെടുത്തി പാര്‍ട്ടി 1977-ലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി.
ഐശ്വര്യ റായ്, ഗൗതമി | എംജിആറിനൊപ്പം ജയലളിതയും ജാനകിയും
1987 ഡിസംബറില്‍ എംജിആറിന്‍റെ മരണത്തോടെ പാര്‍ട്ടിയില്‍ ആദ്യത്തെ പ്രധാന പിന്തുടര്‍ച്ചാവകാശ പോരാട്ടം ആരംഭിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ ജാനകി രാമചന്ദ്രനും അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ അനുയായിയും നടിയുമായ ജെ. ജയലളിതയും തമ്മിലായിരുന്നു പോരാട്ടം. ഇരുവർ സിനിമയിൽ ഗൗതമിയും ഐശ്വര്യ റായിയുമാണ് ജാനകിയെയും ജയലളിതയെയും ഓർമിപ്പിക്കുന്ന കഥാപാത്രങ്ങളായിരിക്കുന്നത്.
ജാനകി - ജയലളിത തർക്കത്തിനിടെ തമിഴ്‌നാട് സംസ്ഥാന നിയമസഭ പിരിച്ചുവിടുകയും, 1988 ജനുവരി 30ന് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതുവരെ 23 ദിവസം ജാനകി മുഖ്യമന്ത്രിയായിരിക്കുകയും ചെയ്തു. എംജിആറിന്‍റെ മൃതദേഹം വഹിക്കുന്ന വാഹനത്തിൽ നിന്ന് ജയലളിതയെ തള്ളിപ്പുറത്താക്കുന്നതു പോലുള്ള സംഭവങ്ങളും അന്നുണ്ടായിരുന്നു.
എംജിആറിന്‍റെ മരണശേഷം പാര്‍ട്ടിയില്‍ ജയലളിത, ജാനകി എന്നിവരെ പിന്തുണയ്ക്കുന്ന രണ്ട് വിഭാഗങ്ങളും തമ്മില്‍ തര്‍ക്കം തുടര്‍ന്നതോടെ, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയുടെ 'രണ്ടില' ചിഹ്നം മരവിപ്പിച്ചു. 1989ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു വിഭാഗങ്ങള്‍ക്കും കനത്ത നഷ്ടം സംഭവിക്കുകയും ഡിഎംകെ വീണ്ടും അധികാരത്തില്‍ വരുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, ജാനകി രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിച്ചു. 1989 ഫെബ്രുവരിയില്‍ ജയലളിത വിഭാഗത്തിലേക്ക് ജാനകി നേതൃത്വം കൊടുത്ത വിഭാഗം ലയിക്കുകയും ചെയ്തു. അതോടെ ജയലളിതയ്ക്ക് പാർട്ടി ചിഹ്നം തിരിച്ചുകിട്ടി.
ജയലളിതയുടെ ചിത്രത്തിനു മുന്നിൽ ഒ. പനീർസെൽവം | തോഴി ശശികലയ്ക്കൊപ്പം ജയലളിത
2016 ഡിസംബറില്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് അവരുടെ സഹായി, പിന്‍ഗാമി, പാര്‍ട്ടിയിലെ ഒരു പരിചയ സമ്പന്നന്‍ എന്നിവര്‍ ഉള്‍പ്പെട്ട ത്രികോണ മത്സരമാണ് അരങ്ങേറിയത്. ജയലളിതയുടെ മരണത്തെത്തുടര്‍ന്നു ഡിസംബര്‍ ആറിന് ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി. ഡിസംബര്‍ 29ന് എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ ജയലളിതയുടെ അടുത്ത സഹായിയായിരുന്ന വി.കെ. ശശികലയെ പാര്‍ട്ടിയുടെ താത്കാലിക ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.
2017 ഫെബ്രുവരി അഞ്ചിന് ശശികലയെ എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുത്തു. അതോടെ അവര്‍ക്ക് മുഖ്യമന്ത്രിയാകാന്‍ വഴിയൊരുങ്ങി. ഫെബ്രുവരി ഏഴിന്, പനീര്‍സെല്‍വത്തെ പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തു നിന്ന് പുറത്താക്കി. ദിവസങ്ങള്‍ക്കു ശേഷം അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല കുറ്റക്കാരിയാണെന്നു കണ്ടെത്തിയതോടെ അവർ ജയിലിലായി.
കീഴടങ്ങുന്നതിനു മുൻപ് ശശികല പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിക്കുകയും എടപ്പാടി കെ. പളനിസ്വാമിയെ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തു. തന്‍റെ അനന്തരവനും ജയലളിതയുടെ വളർത്തുമകനുമായ ടി.ടി.വി. ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. പനീര്‍സെല്‍വം, പളനിസ്വാമി വിഭാഗങ്ങള്‍ 2017 ഓഗസ്റ്റില്‍ ലയിച്ചു. ശശികലയെയും ദിനകരനെയും മാറ്റിനിര്‍ത്തി. പനീര്‍സെല്‍വം ഉപമുഖ്യമന്ത്രിയായി, പളനിസ്വാമി മുഖ്യമന്ത്രിയായും തുടര്‍ന്നു. പിന്നീട് ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
എടപ്പാടി കെ. പളനിസ്വാമി | സി.വി. ഷൺമുഖം
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ദയനീയമായി പരാജയപ്പെട്ടെങ്കിലും പളനിസ്വാമി പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനായി. പാര്‍ട്ടിയില്‍ രണ്ടു പേര്‍ നേതൃത്വം നല്‍കുന്ന സംവിധാനം അദ്ദേഹം നിര്‍ത്തലാക്കി. ജനറല്‍ സെക്രട്ടറിയായി അധികാരം പിടിച്ചെടുക്കുകയും ചെയ്തു.
ഇത് പനീര്‍സെല്‍വത്തെ പുറത്താക്കുന്നതിലേക്ക് നയിച്ചു. 2026 ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്ക് മുമ്പ് പനീര്‍സെല്‍വം എംഎല്‍എ സ്ഥാനം രാജിവച്ച് ഡിഎംകെയില്‍ ചേര്‍ന്നു.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു ശേഷം എഐഎഡിഎംകെ ഇപ്പോള്‍ വീണ്ടും ആഭ്യന്തരത്തര്‍ക്കം നേരിടുകയാണ്, അതാകട്ടെ പാര്‍ട്ടിയെ രണ്ട് വിഭാഗങ്ങളായി വിഭജിക്കുന്ന തലത്തിലേക്കും എത്തിച്ചിരിക്കുന്നു.
പളനിസ്വാമി നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗം ഡിഎംകെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചെന്നാണ് മുൻമന്ത്രി സി.വി. ഷൺമുഖം ആരോപിക്കുന്നത്. ഷൺമുഖം പക്ഷം ടിവികെയെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎംകെയെ എതിർത്തുകൊണ്ട് രൂപീകരിച്ച പാർട്ടിയാണ് അണ്ണാ ഡിഎംകെ എന്നും, ഡിഎംകെയുടെ പിന്തുണ സ്വീകരിച്ചാൽ അണ്ണാ ഡിഎംകെ ഇല്ലാതാകുമെന്നുമാണ് ഷൺമുഖം വാദിക്കുന്നത്.