ഉയർന്ന മാർക്ക് പ്രതീക്ഷിച്ച വിദ്യാർഥി. പക്ഷേ ആ കുട്ടിക്ക് ഡോ. എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിൽ നിന്ന് കിട്ടിയത് 100ന് കേവലം 9 മാർക്ക്. ഉത്തരക്കടലാസിന്‍റെ പകർപ്പിന് പണമടച്ചു. പകർപ്പ് കിട്ടിയപ്പോഴാണ് രസം- മാർക്ക് 96! ഈ 96 മാർക്ക് അധ്യാപകൻ എടുത്തെഴുതിയപ്പോൾ 9 ആയിപ്പോയി! എത്രമാത്രം "കാര്യക്ഷമത'യോടെയാണ് ഈ സർവകലാശാല വിദ്യാർഥികളെ സമീപിക്കുന്നത് എന്നതിന് വേറൊരു ഉദാഹരണം വേണോ? ഇത് ഒറ്റപ്പെട്ടതല്ല എന്നും അറിയുക.
മറ്റൊരുദാഹരണം - എം ടെക്കിന് മികച്ച മാർക്ക് പ്രതീക്ഷിച്ച വിദ്യാർഥികൾ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ഈ വിദ്യാർഥികളുടെ ഫലം തടഞ്ഞുവച്ചതായി അറിയിപ്പ്. അന്വേഷിച്ചു ചെന്നപ്പോഴാണ് കാര്യം മനസിലാവുന്നത്- ഉത്തരക്കടലാസ് കാണാനില്ല! അതങ്ങനെ വിട്ടുകൊടുക്കാൻ വിദ്യാർഥികൾ തയാറായില്ല. അന്വേഷിച്ചപ്പോൾ, ഈ സർവകലാശാലയ്ക്കു കീഴിലെ ഏറ്റവും മികച്ച കോളെജിലെ അധ്യാപകരാണ് പ്രതികൾ. കോളെജിൽ വച്ച് പരീക്ഷാപേപ്പർ നോക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ, പേപ്പർ നോക്കേണ്ട അധ്യാപകർ ഇതിന്‍റെ ചമുതലയുള്ള ക്യാംപ് ഓഫിസറായ അധ്യാപകരെ സോപ്പിടും! അവർ അതിന് വഴങ്ങുന്നതോടെ നിയമവിരുദ്ധമായി വീട്ടിൽ കൊണ്ടുപോയി പേപ്പർ നോക്കാൻ അനുമതി നൽകും. അങ്ങനെ, നോക്കാൻ കൊണ്ടുപോയപ്പോഴാണ് കൈമോശം വന്നത്. കെഎസ്ആർടിസി ബസിൽ തിരക്കായതിനാൽ സീറ്റു കിട്ടിയില്ല, അങ്ങനെ നിൽക്കുമ്പോൾ സീറ്റിലിരുന്ന ആളിന്‍റെ കൈയിൽ ഉത്തരക്കടലാസ് അടങ്ങിയ കെട്ട് കൈമാറിയെന്നും ബസിൽ നിന്നിറങ്ങാൻ നേരം അത് വാങ്ങാൻ മറന്നുപോയെന്നുമാണ് ഇതിന് സർവകലാശാലയ്ക്ക് കിട്ടിയ വിശദീകരണം.
ഒരു അധ്യാപികയ്ക്ക് എങ്ങനെ ഇത്ര നിസംഗയായി വിശദീകരണം നൽകാനാവും എന്നതാണ് മനസിലാവാത്തത്. ആ അധ്യാപികയുടെ മകന്‍റെയോ മകളുടെയോ ഉത്തരക്കടലസായിരുന്നു ഇതെങ്കിൽ ഇത്ര അലക്ഷ്യമായി കൈകാര്യം ചെയ്യുമായിരുന്നോ? അങ്ങനെയെങ്കിൽ അവർ എന്തു ചെയ്യുമായിരുന്നു? ഇവിടെ ഉത്തരക്കടലാസ് കോളെജിലിരുന്ന് നോക്കണമെന്ന വ്യവസ്ഥ തെറ്റിച്ച് വീട്ടിൽ കൊടുത്തുവിട്ടവർക്കെതിരേ ഒരു നടപടിയുമില്ല. പരീക്ഷാ പേപ്പർ കൊണ്ടുപോയത് താത്കാലിക അധ്യാപിക ആയതിനാൽ അവരെ പിരിച്ചുവിട്ട് സർവകലാശാല തടിതപ്പി. ഇതിന്‍റെ ഫലം, പഠിച്ച് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടമായി!
ഇതിത്രയും എഴുതാൻ കാരണം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ്. ഒരു ഉത്തരക്കടലാസിന്‍റെ വീഡിയോ ദൃശ്യത്തിനൊപ്പം ശബ്ദവുമുണ്ട്. ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മെക്കാനിക്കൽ ഫ്ലൂയിഡ് പേപ്പറിന് 100ൽ 29 മാർക്ക്. ജയിക്കാൻ വേണ്ടത് 40 മാർക്ക്. ആ പേപ്പറിൽ ശരിയായ ഉത്തരങ്ങൾ നോക്കാത്തത് വിദ്യാർഥി കാട്ടിത്തരുന്നുണ്ട്. അതിനൊന്നും സ്വാഭാവികമായും മാർക്കും ഇട്ടിട്ടില്ല. 14 മാർക്കിന്‍റെ ഒരു ചോദ്യത്തിനും 3 മാർക്കിന്‍റെ 3 ചോദ്യത്തിനും വിദ്യാർഥി ഉത്തരം എഴുതിയിട്ടുണ്ടെങ്കിലും ഒരു മാർക്കു പോലും നൽകിയിട്ടില്ല. ശരിയായ ഉത്തരമാണെന്നാണ് വിദ്യാർഥി ചൂണ്ടിക്കാട്ടുന്നത്. ആ വീഡിയോ കാണുമ്പോൾ നല്ല മാർക്ക് കിട്ടേണ്ട ഉത്തരക്കടലാസാണ് ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തതെന്ന് വ്യക്തം. രണ്ടു പേരാണ് ഓരോ ഉത്തരക്കടലാസും നോക്കുന്നതെന്നാണ് കെടിയു പറയുന്നത്. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കേണ്ടതുണ്ട്. തൃശൂർ ജില്ലയിലെ ഒരു സ്വാശ്രയ എൻജിനീയറിങ് കോളെജിലെ അധ്യാപകരാണ് ഈ പരീക്ഷാ പേപ്പർ നോക്കിയതെന്നാണ് വിവരം. ഈ വീഡിയോ വൈറലായതോടെ സിൻഡിക്കേറ്റ് അംഗം ഉൾപ്പെടെ ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. റീവാല്യുവേഷന് അപേക്ഷിച്ചിട്ടും കാര്യമില്ലെന്ന് ഈ വിദ്യാർഥി പറയുന്നു. കാരണം, സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം വന്ന ശേഷമേ പുനർ മൂല്യനിർണയത്തിന്‍റെ ഫലം പുറത്തുവരൂ എന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. പുനർ മൂല്യനിർണയത്തിനും സപ്ലിമെന്‍ററി പരീക്ഷയ്ക്കും 1,500 രൂപയിലേറെ ഫീസടയ്ക്കണമെന്നും ഓർക്കണം.
സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളെജുകളിലെ വിദ്യാർഥികളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ സമാനമായ മറ്റൊരു കുറിപ്പും വൈറലാണ്. രണ്ടാം സെമസ്റ്ററിൽ ഫിസിക്സും ബിസിഎംഇയും സപ്ലിമെന്‍ററി വന്നപ്പോൾ എഴുതി. അതിന്‍റെ ഫലം വന്നില്ല. അന്വേഷിച്ചപ്പോൾ അധികൃതർ പറയുന്നു: "മോനേ, നിന്‍റെ ഉത്തരക്കടലാസുകൾ കാണാനില്ല. ഫിസിക്സ് ജയിപ്പിച്ചുവിടാം, ബിസിഎംഇ ഒന്നൂടെ എഴുത്'. ഇതും ശരിയാണെന്ന് വിശ്വസിക്കേണ്ടി വന്നിരിക്കുകയാണ്.
രണ്ടുമൂന്നുകൊല്ലം മുമ്പാണ് - ബി ടെക് ഏഴാം സെമസ്റ്റർ പരീക്ഷയിൽ "സ്ട്രക്ചറൽ അനാലിസിസ്' പേപ്പറിന് മാത്രമായി തോറ്റ 2 വിദ്യാർഥിനികൾക്ക് 24 മാർക്കും 22 മാർക്കുമാണ് ലഭിച്ചത്. പുനഃപരിശോധനയിൽ മാർക്ക് 17ഉം 10ഉം ആയി കുറഞ്ഞു. ഉത്തരക്കടലാസിന്‍റെ പകർപ്പ് പരിശോധിച്ച വിദ്യാർഥിനികൾ ലോകായുക്തയെ സമീപിച്ചു. ലോകായുക്തയുടെ നിർദേശാനുസരണം പരാതി പരിശോധിക്കാൻ സർവകലാശാല റിവ്യൂ കമ്മിറ്റിയെ ചുമതലപ്പടുത്തി. ബോർഡ് ചെയർമാൻ നിയോഗിച്ച പരിചയ സമ്പന്നരായ അധ്യാപകരെക്കൊണ്ട് വീണ്ടും മൂല്യനിർണയം ചെയ്തപ്പോൾ 17 മാർക്ക് 76 ആയും 10 മാർക്ക് 46 ആയും ഉയർന്നു! ഇക്കാര്യത്തിൽ 100 ശതമാനം വീഴ്ച സർവകലാശാലയുടേതായിട്ടും ഉത്തരക്കടലാസ് പുനഃപരിശോധിക്കുന്നതിന് 5,000 രൂപവീതം ഈടാക്കാൻ മറന്നില്ല!
അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സാങ്കേതിക സർവകലാശാല അധികൃതർ സമ്മതിക്കുന്നു. പുനർ മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ സംഭവങ്ങൾ സമീപകാലത്ത് സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ ഉണ്ടായിട്ടുണ്ട്. അതിനാൽ വീഴ്ച്ച വരുത്തുന്ന അധ്യാപകർക്കെതിരേ പിഴ അടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കുന്നു.
ശ്രീഹരിയെ ഓർമയില്ലേ? ഇതേ സർവകലാശാല "ചതിച്ച'വരിൽ ഒരാൾ. 5 കൊല്ലം മുമ്പാണത്. ഇതേ പംക്തിയിൽ ശ്രീഹരിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. കൊല്ലം ടികെഎം എൻജിനീയറിങ് കോളെജിൽ പഠിച്ച ശ്രീഹരിക്ക് ഓരോ സെമസ്റ്ററിലും കിട്ടിയ പോയിന്‍റ് (10ന്) ചുവടെ:1-9.3, 2-9.63, 3-9.69, 4-9.13, 5-8.85, അവസാന സെമസ്റ്റർ - 9.58 അങ്ങനെ 9.19 സ്കോറോടെ ശ്രീഹരി പാസായത് വലിയൊരു പോരാട്ടത്തിനൊടുവിലാണ്.
അഞ്ചാം സെമസ്റ്ററിലെ "ഡൈനാമിക്സ് ഒഫ് മെക്കാനിക്സി'ൽ തോറ്റു എന്നായിരുന്നു ഫലം.500 രൂപ മുടക്കി പരീക്ഷാ പേപ്പർ പകർപ്പെടുത്തു.അത് നോക്കിയ അധ്യാപകർ മികച്ച മാർക്ക് ലഭിക്കേണ്ടതാണെന്ന് ഉറപ്പിച്ചുപറഞ്ഞു. പക്ഷെ, പുനഃപരിശോധനയിലും ശ്രീഹരി തോറ്റെന്നായിരുന്നു ഫലം. പാവപ്പെട്ട കുടുംബത്തിലെ അംഗമായതിനാൽ കോടതിയിൽ പോകാൻ പണമില്ലായിരുന്നു.അത്തവണ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ. കെ.ടി. ജലീൽ നടപ്പാക്കിയ പരിഷ്കാരമായ അദാലത്തിൽ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു. നേരത്തെ സമാനമായ സംഭവം ഉണ്ടായപ്പോൾ ഹൈക്കോടതി നിർദേശപ്രകാരം ഒരു സമിതിയെ നിയോഗിച്ചിരുന്നു. അവിടെയും അതുപോലെ പരിചയസമ്പന്നരായ അധ്യാപകരുടെ സമിതിയെ നിയോഗിച്ച് ഒരിക്കൽക്കൂടി ആ ഉത്തരക്കടലാസ് പരിശോധിക്കാൻ അദാലത്ത് തീരുമാനിച്ചു. സർക്കാർ കോളെജിലെ മികച്ച ആ അധ്യാപകർ പരിശോധിച്ചതോടെ ശ്രീഹരി ജയിച്ചു. അതോടെ, നേരത്തെ പരീക്ഷാ പേപ്പർ നോക്കിയ അധ്യാപകർക്കെതിരേ നടപടി വരുമെന്നായപ്പോൾ അന്ന് ഉണ്ടാക്കിയ രാഷ്‌ട്രീയ കോലാഹലങ്ങൾ കേരളം മറന്നിട്ടുണ്ടാവില്ല.
ഇപ്പോൾ ശ്രീഹരി അധ്യാപകനാണ്. 8 തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ എഴുതി. അതിൽ രണ്ടെണ്ണത്തിൽ രണ്ടാം റാങ്കോടെയും മറ്റുള്ളവയിൽ നിയമനം ലഭിക്കും വിധവും റാങ്ക് ലിസ്റ്റിലുണ്ട്. ഇനി അധ്യാപക ജീവിതം തന്നെയാണെന്നും മറ്റ് ജോലികൾക്ക് പോകില്ലെന്നും അദ്ദേഹം പറയുന്നു. ഉത്തരക്കടലാസ് ശരിയാം വിധത്തിൽ നോക്കുന്ന, കൃത്യമായി മാർക്ക് നൽകുന്ന മാതൃകാ അധ്യാപകനായി മാറാൻ ശ്രീഹരിക്കാവട്ടെ!
ഒരു കാര്യംകൂടി: സാങ്കേതിക സർവകലാശാല എന്നാണ് പേരെങ്കിലും ഉത്തരക്കടലാസ് നോക്കുന്നതിനും മാർക്കിടുന്നതിലും അത് കൂട്ടിയിടുന്നതിലും ആധുനിക സംവിധാനങ്ങൾ ഇവിടെ ഇല്ലെന്ന് പറയാതെ നിവൃത്തിയില്ല. ആരോഗ്യ സർവകലാശാല ഉൾപ്പെടെ സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിൽ ഇതെങ്ങനെയാണെന്ന് അധികൃതർ പഠിക്കണം. അവിടെ ഒരു ചോദ്യത്തിന് മാർക്കിട്ടില്ലെങ്കിൽ "എന്തുകൊണ്ട് മാർക്ക് രേഖപ്പെടുത്തിയില്ല' എന്നു ചോദിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത്. ഒരു പേപ്പർ മൂല്യനിർണയത്തിനെടുത്താൽ നിശ്ചിത സമയം കഴിഞ്ഞേ അടുത്തത് എടുക്കാനാവൂ. അതുകൊണ്ട് "ഒഴപ്പി' ഉത്തരക്കടലാസ് "ചറപറാ' നോക്കാനൊന്നും പറ്റില്ല.
ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇന്ത്യയ്ക്ക് മാതൃകയാണ്. വിദ്യാർഥികൾക്ക് എക്കാലത്തും പ്രചോദനവുമാണ്. എന്നാൽ, കുറേനാളായി അദ്ദേഹത്തിന്‍റെ പേരിലുള്ള സർവകലാശാലയിൽ വിസി ഉൾപ്പെടെയുള്ളവരുടെ നിയമനം തരംതാണ രാഷ്‌ട്രീയക്കളിയുടെ ഭാഗമായിരിക്കുന്നു. മിടുക്കരായ വിദ്യാർഥികളെ ഉപദ്രവിക്കുന്നതിൽ ഏറ്റവും മുന്നിൽനിൽക്കുകയാണ് ഈ സർവകലാശാല. ആ സാഹചര്യത്തിൽ അബ്ദുൾ കലാമിന്‍റെ പേരിന് അപമാനകരമായി മാറുന്ന സ്ഥിതി ഒഴിവാക്കാനുള്ള വകതിരിവ് അധികൃതരുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നു.